ആ മാപ്പ് വാർത്തയേക്കാൾ മലയാളി മനസിൽ ആശ്വാസവും ആഹ്ലാദവും നിറച്ച ഒരു വാർത്ത സമീപകാലത്ത് കേട്ടത് ചുരുക്കമായിരിക്കും. പാലക്കാട്ടെ ആനക്കര സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയുടെ മനസ്താപത്തിന്റെ വാർത്തയ്ക്ക് അത്രയേറെ വൈകാരികതയുണ്ട്. അതുകേട്ട് കണ്ണുനിറഞ്ഞതും ആശ്വാസതീരത്തെത്തിയതും പതിനേഴുകാരന്റെ മാതാപിതാക്കളും അധ്യാപക സമൂഹവും മാത്രമല്ല, കേരള മനസാക്ഷിയൊട്ടുക്കാണ്. ഒരു നിമിഷത്തിന്റെ ക്രോധത്തിൽ പിറന്ന ജൽപനങ്ങളായി മാറിയിരിക്കുകയാണ്, തെറ്റ് ഏറ്റുപറഞ്ഞതോടെ ആ കുട്ടിയുടെ വാക്കുകൾ. മാപ്പു കൊടുക്കാം നമുക്കും. ആ സ്കൂളിൽ തന്നെ നല്ല വിദ്യാർഥിയായി, നല്ല പാഠങ്ങൾ പഠിച്ച്, നല്ല പൗരനായി അവൻ വളരട്ടെ.
മൊബൈൽ ഫോൺ വാങ്ങിവച്ചതിന്റെ പേരിലായിരുന്നു പ്രിൻസിപ്പലിന് നേരെ വിദ്യാർഥിയുടെ വധഭീഷണി. “പുറത്തുകിട്ടിയാൽ കൊന്നിടും’ എന്ന ആ വാക്കുകൾ ഞെട്ടലോടെയാണ് കേരളം കേട്ടത്. ആ കൊലവിളിയിൽ ഉള്ളംപിടഞ്ഞത് ഓരോ അമ്മമാരുടേയുമാണ്. അറിയാതെ പോലും നോവേറും ഒരു വാക്ക് തങ്ങളുടെ കുഞ്ഞുങ്ങളിൽ നിന്നും ഉയരരുതെന്ന് ആഗ്രഹിക്കുന്നവരാണ് മാതാപിതാക്കൾ. അതിനാൽ ആനക്കരയിൽ നിന്നും കേട്ടത് ഉള്ളം പൊള്ളിച്ചുവെന്നത് പരമാർഥം.
പ്രിൻസിപ്പലിന്റെ മുറിയിൽ നടന്ന ഈ സംഭാഷണവും ദൃശ്യങ്ങളും സമൂഹമാധ്യമ ചുമരുകളിൽ പ്രദർശിപ്പിച്ചവർ ആരാണെങ്കിലും അവരുടെ മനോനില ആ കുട്ടിയുടെ വാക്കുകളേക്കാൾ വഴിപിഴച്ചതെന്ന് പറയാതെ വയ്യ. വലിയ ജാഗ്രത പുലർത്തേണ്ടിടത്താണ് ഈ വൻ വീഴ്ച. പരിഷ്കൃത സമൂഹമെന്ന് അഭിമാനിക്കുമ്പോഴും കുട്ടികളോടുള്ള സമീപനത്തിൽ ഇനിയുമേറെ മാറാനുണ്ട് ഓർമിപ്പിക്കുന്നതാണ് വൈറലായ ഈ വിഡിയോ ദൃശ്യം. സംഭവത്തിൽ ഹയർ സെക്കൻഡറി ജോയിന്റെ് ഡയരക്ടർ സ്കൂൾ അധികൃതരോട് വിശദീകരണം തേടിയിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രിയും വിഷയത്തിൽ ഇടപെട്ടു. കുട്ടികളെ ശിക്ഷിച്ച് മാത്രം പരിഹരിക്കാവുന്നതല്ല ഇത്തരം പ്രവണതകൾ എന്ന മന്ത്രി ശിവൻ കുട്ടിയുടെ വീക്ഷണം പ്രസക്തമാണ്. ബാലാവകാശ കമ്മിഷന്റെ മുമ്പിലും വിഷയം എത്തിയിട്ടുണ്ട്. വിഡിയോ പുറത്തുവന്നതിൽ അധ്യാപകർക്കെതിരേ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനമാണ് ഉയരുന്നത്.
വിദ്യാർഥികൾ ക്ലാസ് മുറികളിൽ മൊബൈൽ ഫോൺ കൊണ്ടുവരുന്നത് പൊതുവിദ്യാഭ്യാസ വകുപ്പ് നിരോധിച്ചതാണ്. എങ്കിലും മുതിർന്ന ക്ലാസുകളിലെ കുട്ടികൾ ഒളിച്ചും മറ്റും മൊബൈൽ ഫോൺ കൊണ്ടുവരാറുണ്ടെന്നത് വാസ്തവമാണ്. ആനക്കര സ്കൂളിലെ പി.ടി.എ തീരുമാന പ്രകാരമാണ് കുട്ടിയിൽ നിന്ന് ഫോൺ പിടിച്ചുവാങ്ങി പ്രിൻസിപ്പലിന്റെ പക്കൽ സൂക്ഷിച്ചത്. രക്ഷിതാക്കളെ വിളിച്ചുവരുത്തി അവരുടെ പക്കൽ ഫോൺ കൊടുക്കലാണ് പതിവ്. എന്നാൽ ഫോൺ പിടിച്ചെടുത്തപ്പോൾ വിദ്യാർഥി പ്രിൻസിപ്പലിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. കുട്ടിയും പ്രിൻസിപ്പലും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ ദൃശ്യങ്ങൾ ഒരു അധ്യാപകൻ മൊബൈലിൽ പകർത്തി. ഇത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നത് വലിയ തെറ്റ് മാത്രമല്ല, നിയമലംഘനം കൂടിയാണ് എന്ന് അറിയാത്തവരാണോ നമ്മുടെ അധ്യാപക സമൂഹം.
ബാലനീതി നിയമം (ജുവനൈൽ ജസ്റ്റിസ് കെയർ ആൻഡ് പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ആക്ട് 2015) നിലവിലുള്ള നാടാണിത്. ബാലനീതി നിമയത്തിലെ 74ാം വകുപ്പിൽ പറയുന്നത് കുട്ടികളുടെ സ്വകാര്യത മാനിക്കണമെന്നാണ്. ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട കുട്ടികളുടേതാകട്ടെ, കരുതലും സംരക്ഷണവും ആവശ്യമായവരുടേതാകട്ടെ സ്വകാര്യത പാലിക്കപ്പെടുക തന്നെ വേണം. കുട്ടികൾ കുറ്റകൃത്യത്തിൽ ഏർപ്പെട്ടാൽ തന്നെ അവരെ പ്രതി എന്നും നമ്മുടെ നിയമസംഹിത വിശേഷിപ്പിക്കുന്നില്ല. 18 വയസ്സു വരെയുള്ളവർ ഈ നിയമപ്രകാരം സുരക്ഷിതത്തിന് അർഹരാണ്. എന്നാൽ ആ 17 വയസുകാരന്റെ ആക്രോശവും വികാരപ്രകടനവുമെല്ലാം ലോകം മുഴുവൻ കണ്ടു. ആ അപക്വ മനസിന്റെ ഉടമയെ സമൂഹത്തിൽ വലിയ തെറ്റുകാരനും ക്രിമിനലുമൊക്കെയായി ചിത്രീകരിക്കപ്പെട്ടു. തെറ്റ് ബോധ്യമായി പ്രിൻസിപ്പലിനോട് മാപ്പ് പറയാനും തുടർന്ന് പഠിക്കാനും ആഗ്രഹം പ്രകടിപ്പിച്ച ആ കുട്ടി മനസ് കാണാൻ ഗുരുക്കൻമാർക്ക് കഴിഞ്ഞില്ല എന്നത് ഖേദകരം തന്നെയാണ്.
നമ്മുടെ കുട്ടികളുടെ അപകടകരമായ മൊബൈൽ അഡിക്ഷന്റെ ദുരന്തം കൂടിയാണ് ആനക്കര സ്കൂളിൽ സംഭവിച്ചതും. കുറച്ചു നിമിഷങ്ങൾ പോലും മൊബൈൽ ഫോണിൽ നിന്ന് മാറി നിൽക്കാൻ പറ്റാത്ത തരത്തിൽ കൗമാരങ്ങൾ മാറിയിട്ടുണ്ടെന്നത് വസ്തുതയാണ്. സ്കൂൾ വിട്ടുവന്നാലുടൻ മാതാപിതാക്കളുടെ ഫോൺ കൈയിലെടുത്ത് സാമൂഹമാധ്യമങ്ങളിലും ഗെയിമുകളിലും തിരയുന്നവരാണ് ഇന്നത്തെ കുട്ടികളിൽ ഏറെ പേരും. ഫോൺ ബലമായി വാങ്ങിയതിന് ആത്മഹത്യ ചെയ്ത കുട്ടികളുടെ കഥയും നമ്മൾ ഞെട്ടലോടെ കേട്ടു. മൊബൈൽ വാങ്ങിയതിന് അമ്മയുടെ തലക്കടിച്ച് വീഴ്ത്തിയ സംഭവം ഈയടുത്താണ് നടന്നത്.കുട്ടികളുടെ മൊബൈൽ ഫോൺ അമിതോപയോഗം തടയാൻ മാർഗമെന്തെന്നറിയാൻ മാനസികരോഗ വിദഗ്ധരെ സമീപിക്കുന്നവരുടെ എണ്ണം കൂടിയിരിക്കുകയാണ്. സ്മാർട് ഫോണുകൾ നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായതിനാൽ, അവയെ കുട്ടികളിൽ നിന്ന് പൂർണമായും അകറ്റി നിർത്തുക എളുപ്പമല്ല. എങ്കിലും ഭക്ഷണ സമയങ്ങളിലോ പഠനസമയങ്ങളിലോ ഉറങ്ങേണ്ട സമയത്തോ കളിക്കേണ്ട സമയത്തോ മൊബൈൽ ഫോൺ ഉപയോഗം നിരുത്സാഹപ്പെടുത്താനുളള ജാഗ്രതയെങ്കിലും വീട്ടകങ്ങളിൽ ഉണ്ടാകേണ്ടിയിരിക്കുന്നു. മൊബൈൽ ഒരു ഉപകരണമാണ്. അത് നമ്മുടെ ജീവിതത്തെ നിയന്ത്രിക്കാൻ അനുവദിക്കരുത്. കുട്ടികളെ മൊബൈലിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവൽക്കരിക്കാൻ ഇനിയും വൈകരുത്. അത് മാനവികതയുടെ പാഠങ്ങൾക്കൊപ്പമായിരിക്കണമെന്നതും മറന്നുപോകരുത്.
വീട്ടുപരിസരത്തെന്നല്ല, സ്കൂളുകളിലും കളിസ്ഥലങ്ങൾ ചുരുങ്ങുകയാണിപ്പോൾ. സ്കൂളുകളിലെ കളിയിടങ്ങൾ വിജനമാണിപ്പോൾ. വർണാഭമായ കലോത്സവങ്ങൾ അരങ്ങേറുമെങ്കിലും നാമമാത്ര വിദ്യാർഥികൾ മാത്രമാണ് പങ്കാളികളാകുന്നത്. കേരളത്തിൽ ലഹരി പദാർഥങ്ങളുടെ ഉപയോഗവും വിതരണവും വർധിക്കുന്നതിന്റെ ആശങ്കാജനകമായ വാർത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള ലഹരിമാഫിയ സംഘങ്ങളുടെ വലവിരിക്കൽ മാതാപിതാക്കളുടെ ആധിക്ക് ഏറ്റുകയാണ്. ഇതിനു പുറമെയാണ് ദൃശ്യ, സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന അക്രമ ദൃശ്യങ്ങൾ കുട്ടികളുടെ മനസിനെ സ്വാധീനിക്കുന്നതും. പുഷ്പ സിനിമയിലെ ദൃശ്യങ്ങൾ അനുകരിച്ച് ജൂനിയർ വിദ്യാർഥിയെ റാഗ് ചെയ്ത് ദൃശ്യങ്ങൾ പകർത്തിയത് നമ്മുടെ നാട്ടിലാണ്. വിദ്യാർഥി സമൂഹം നേരിടുന്ന അതീവഗുരുതര സാമൂഹിക പ്രശ്നങ്ങളെ നാടിനെയാകെ അണിനിരത്തി നേരിടുമെന്നാണ് സർക്കാർ പ്രഖ്യാപനം. എന്നാൽ പ്രഖ്യാപനത്തിനപ്പുറം എന്തൊക്കെ യാഥാർഥമായി എന്ന പരിശോധന നടത്തേണ്ടിയിരിക്കുന്നു. ഇല്ലെങ്കിൽ ആനക്കരകൾ ഇനിയും ആവർത്തിക്കും. ക്ലാസ് മുറികളിൽ നിന്നും ഇനി ആക്രോശങ്ങളുയരുത്. സ്നേഹാക്ഷരങ്ങൾ പങ്കുവച്ച് വളരട്ടെ നമ്മുടെ കൗമാരങ്ങൾ.
Be the first to comment