കായിക ലോകത്തിന് പുതിയ സീന്‍ സമ്മാനിച്ച് 33ാമത് ഒളിംപിക്സിന് പാരിസില്‍ തുടക്കം

പാരിസില്‍ നിന്ന് ആല്‍ബിന്‍ ബേബി

പാരിസിലെ സീന്‍ നദിക്കരക്കും കായിക ലോകത്തിനും പുതിയ സീന്‍ സമ്മാനിച്ച് 33മത് ഒളിംപിക്സിന് പാരിസില്‍ തുടക്കം. ചരിത്രത്തിലാദ്യമായി വേദിക്ക് പുറത്തു നടത്തുന്ന ഉദ്ഘാടന ചടങ്ങായതിനാല്‍ പാരിസിന്റെ നെഞ്ചിനെ പകുത്തൊഴുകുന്ന സീന്‍ നദിയിലൂടെയായിരുന്നു വിവിധ ടീമുകളുടെ മാര്‍ച്ച് പാസ്റ്റ് നടന്നത്. മേളയില്‍ പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങളെയും പ്രതിനിധീകരിച്ച് സീനിന്റെ ഓളങ്ങളെ തെന്നി മാറ്റി ബോട്ടിലായിരുന്നു കാണികള്‍ക്ക് മുന്നിലെത്തിയത്. സീനിലൂടെ ഒഴുകിയെത്തിയ താരങ്ങളെ വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ചു. തുടര്‍ന്ന് പ്രത്യേകം ഒരുക്കിയ വേദിയില്‍ സംഗീത വിരുന്നും നടന്നായിരുന്നു 33 മത് ഒളിംപിക്സിന് ഔദ്യോഗിത തുടക്കമായത്.

 സെന്‍ നദിക്കരയിലെ മനുഷ്യസാഗരത്തേയും ഈഫല്‍ ടവറിനേയും സാക്ഷി നിര്‍ത്തി 33 മത് ഒളിംപിക്സ് മാമാങ്കത്തിന് തിരിതെളിഞ്ഞപ്പോള്‍ ലോകം അഞ്ച് വലയത്തിലേക്ക് ചുരുങ്ങി. ഇനിയുള്ള 16 ദിനങ്ങള്‍ പാരീസില്‍ കായികക്കുതിപ്പിന്റെ പുതിയ ചരിത്രങ്ങള്‍ തെളിയും. ഇന്നലെ രാത്രി 7.30ന് (ഇന്ത്യന്‍ സമയം രാത്രി 11) സെന്‍ നദിയിലൂടെ 80 ബോട്ടുകളിലായി കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റ്. ഈഫല്‍ ടവറിന് മുന്നിലെ സെന്‍ നദിക്കരയിലുള്ള ട്രൊക്കാദിറോ ഗാര്‍ഡനില്‍ മാര്‍ച്ച്പാസ്റ്റ് അവസാനിച്ചു. പിന്നെ ലോകത്തിന്റെ ഏറ്റവും വലിയ കായികോത്സവത്തിന്റെ ദീപം തെളിഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ 78 താരങ്ങള്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തു. 12 കായിക ഇനങ്ങളിലെ താരങ്ങളാണ് ഇന്ത്യയ്ക്കായി മാര്‍ച്ച് പാസ്റ്റിലടക്കം പങ്കെടുത്തത്. ടെന്നിസ് താരം എ ശരത് കമലും ബാഡ്മിന്റണ്‍ താരം പി.വി സിന്ധുവും ദേശീയ പതാകയേന്തി.

 ഉച്ചക്ക് ശേഷമായിരുന്നു ചിണുങ്ങിപ്പെയ്യുന്ന മഴ പാരിസിന് മേല്‍ വര്‍ഷിച്ചു തുടങ്ങിയത്. കഴിഞ്ഞ ദിവസം കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ടായിരുന്നു ഉദ്ഘാടന ദിവസം പാരിസില്‍ മഴയുണ്ടാകുമെന്ന്, എങ്കിലും ഉദ്ഘാടന ചടങ്ങില്‍ മാറ്റുമുണ്ടാകില്ലെന്നായിരുന്നു അറിയിപ്പ് ലഭിച്ചത്. അതിനാല്‍ സീന്‍ നദിക്കരയില്‍ ആദ്യം സ്ഥാനം പിടിക്കണമെന്ന ലക്ഷ്യത്തോടെ നേരത്തെ തന്നെ താമസ സ്ഥലത്തുനിന്ന് പാരിസിലേക്ക് പുറപ്പെട്ടു. പുറപ്പെട്ടപ്പോഴായിരുന്നു മെട്രോ സ്റ്റേഷനലും റെയില്‍വേ സ്റ്റേഷനിലും വന്‍ ജനക്കൂട്ടം. കാര്യമെന്താണെന്നരിയാതെ ആദ്യം അന്തിച്ചു നിന്നെങ്കിലും പിന്നീട് മനസിലായി സ്പീഡ് ട്രെയിനില്‍ അക്രമം നടന്നതിനാല്‍ പല ട്രെയിനുകളും റദ്ദാക്കിയതാണെന്നും പലതും വഴി തിരിച്ചുവിടുകയും ചെയ്തിട്ടുമുണ്ടെന്ന കാര്യം. ഒടുവില്‍ തിക്കിയും തിരക്കിയും സീന്‍ നദിക്കരയിലെത്തി. അവിടെയെത്തിയപ്പോള്‍ ശരിക്കും സീനായിരുന്നു. ലോകത്തിന്റെ നാനാ ദിക്കില്‍നിന്നുമുള്ളവര്‍ ഒരുമിച്ച് കൂടിയപ്പോള്‍ സീന്‍ നദിക്കരയില്‍ മനുഷ്യ സാഗരം രൂപപ്പെട്ടിരുന്നു. നാനാ ജാതിയും വര്‍ണവും വര്‍ഗവും ഒരുമിച്ച് കൂടിയപ്പോള്‍ ആ സാഗരത്തിന് മാരിവില്ലിന്റെ വര്‍ണത്തേക്കാള്‍ ചന്തം തോന്നി. ഈഫലിന് താഴെയായി അതിഥികളെ വരവേല്‍ക്കാന്‍ റെഡ് കാര്‍പറ്റ് റെഡിയായി നില്‍ക്കുന്നു.

ഉദ്ഘാടന ചടങ്ങിന് മുന്‍പായി സീന്‍ നദിയില്‍ പൊലിസ് റോന്തു ചുറ്റുന്നുണ്ടായിരുന്നു. വി.ഐ.പികളും താരങ്ങളും നദിയിലൂടെ സഞ്ചരിക്കുന്നതിനാല്‍ സുരക്ഷ ഉറപ്പാക്കുന്നതായിരുന്നു ഇത്. വൈകുന്നേരം 6.30 കഴിഞ്ഞപ്പോഴേക്കും വേദിയിലേക്ക് ആളുകള്‍ എത്തിത്തുടങ്ങി. വി.വി.ഐ.പികളും ലോകത്തിലെ പ്രധാന താരങ്ങളും എത്തിയതോടെ ഈഫല്‍ ടവറിന് തൊട്ടടുത്തായി മറ്റൊരു ലോകാത്ഭുതം രൂപപ്പെട്ടു. സെര്‍ബിയന്‍ താരം നൊവാക് ദ്യോകോ, ടെന്നീസ് റാണി സെറീന വില്യംസ്, ഉസൈന്‍ ബോള്‍ട്ട് അങ്ങനെ നീളുന്നനിര….. അതെ, 33മത് ഒളിംപിക്സിന് ഔദ്യോഗിക തുടക്കമായിരിക്കുന്നു.

About Ahlussunna Online 1268 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*