ലണ്ടൻ: കശ്മീർ വിഷയത്തിൽ നിലപാട് വ്യക്തമാക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസെൻ. ഇന്ത്യയും പാകിസ്താനും തമ്മിലുള്ളത് ഉഭയകക്ഷി വിഷയമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു. കശ്മീർ പ്രശ്നത്തിന് ചർച്ചയിലൂടെ പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ടെലിഫോൺ ചർച്ചയിലാണ് ബോറിസ് ജോൺസെൻ നിലപാട് വ്യക്തമാക്കിയതെന്ന് അദ്ദേഹത്തിന്‍റെ വക്താവ് അറിയിച്ചു.
“കശ്മീർ വിഷയത്തിൽ ബ്രിട്ടീഷ്, ഇന്ത്യൻ പ്രധാനമന്ത്രിമാർ തമ്മിൽ ടെലിഫോൺ ചർച്ച നടത്തിയിരുന്നു. നിലവിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു. ഉഭയകക്ഷി ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്നാണ് ബ്രിട്ടന്‍റെ നിലപാട്. വിഷയത്തിന്‍റെ പ്രധാന്യം കണക്കിലെടുത്താണ് ചർച്ച നടത്തേണ്ടത്. “-വക്താവ് പറഞ്ഞു.
കശ്മീർ വിഷയത്തിൽ മധ്യസ്ഥ വാഗ്ദാനവുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തിയതിന് പിന്നാലെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. കശ്മീരിലേത് സങ്കീർണ സാഹചര്യമാണെന്നും മധ്യസ്ഥക്ക് തയാറാണെന്നും ട്രംപ് പറഞ്ഞിരുന്നു.
ഇന്ത്യയും പാകിസ്താനും കശ്മീർ പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കണമെന്നും യു.എസ് മാധ്യമമായ എൻ.ബി.സി ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് ആവശ്യപ്പെട്ടിരുന്നു.
Be the first to comment