ന്യുഡല്‍ഹി: കര്‍ഷകര്‍ തുടരുന്ന സമരം തീരുമാനത്തിലെത്താതെ അനന്തമായി നീളുന്നതില്‍ അതൃപ്തിയുമായി ആര്‍.എസ്.എസും. ഇത്തരത്തില്‍ സമരം മുന്നോട്ടുപോയാല്‍ അതു സര്‍ക്കാരിനെ ബാധിക്കുമെന്ന മുന്നറിയിപ്പാണ് ആര്‍.എസ്.എസ് കേന്ദ്ര സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്. കര്‍ഷക സമരം നീട്ടിക്കൊണ്ടുപോകരുതെന്നും പുതുവര്‍ഷത്തിനു മുമ്പുതന്നെ ഒത്തുതീര്‍പ്പാക്കണമെന്നുമുള്ള നിലപാട് സര്‍ക്കാരിനെ ആര്‍.എസ്.എസ് അറിയിച്ചതായും വാര്‍ത്തകളുണ്ട്. സര്‍ക്കാര്‍ പിന്നോട്ടില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന മുന്നറിയിപ്പുതന്നെയാണ് കര്‍ഷക സംഘടനകളുടെ മുന്നറിയിപ്പും.
റിപ്പബ്ളിക് ദിനാഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ക്കിടെ ഡല്‍ഹിയിലെ കര്‍ഷക പ്രക്ഷോഭം നീണ്ടുപോകുന്നത് സര്‍ക്കാരിനെ കുഴക്കുന്നുണ്ട്.
പല തന്ത്രങ്ങളും അവര്‍ പയറ്റുന്നുണ്ടെങ്കിലും ഒന്നും ഏശിയിട്ടില്ല.
എന്നാല്‍ പ്രക്ഷോഭം കൂടുതല്‍ ശക്തമാകുമ്പോഴും നിയമങ്ങളെ ഇന്നും പ്രധാനമന്ത്രി ന്യായീകരിച്ചു. ഒരുരാജ്യം ഒരു വിപണി എന്ന ലക്ഷ്യമാണ് സര്‍ക്കാരിന്റേതെന്നും കര്‍ഷകന് വേണ്ടിയാണ് പുതിയ മാറ്റങ്ങളെന്നും മഹാരാഷ്ട്രയില്‍ നിന്ന് ബംഗാളിലേക്കുള്ള കിസാന്‍ ട്രെയിന്‍ ഫ്ളാഗ് ഓഫ് ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. പുതുവര്‍ഷത്തിലേക്ക് സമരം കടക്കാതിരിക്കാന്‍ ചില വിട്ടുവീഴ്ചകള്‍ സര്‍ക്കാര്‍ വരുത്തിയേക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷക സംഘടനകളും. ഇക്കാര്യങ്ങളില്‍ ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ സര്‍ക്കാരിനുള്ളില്‍ ചര്‍ച്ചകള്‍ തുടരുകയാണ്.
അതേ സമയം കര്‍ഷകരുമായുള്ള സര്‍ക്കാരിന്റെ ചര്‍ച്ച മറ്റന്നാളത്തേക്ക് മാറ്റിവെച്ചിട്ടുണ്ട്. പുതുവര്‍ഷത്തിന് മുമ്പ് തന്നെ സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ വിട്ടുവീഴ്ചക്ക് തയ്യാറാകുമെന്ന പ്രതീക്ഷയിലാണ് കര്‍ഷക സംഘടനകളും.
നിയമങ്ങള്‍ പിന്‍വലിക്കുക, താങ്ങുവിലക്കായി നിയമപരമായ ഉറപ്പ്, സൗജന്യ വൈദ്യുതി ഉള്‍പ്പടെ നാല് ആവശ്യങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണ് സമരക്കാര്‍. നാളെ രാവിലെ ചര്‍ച്ചക്ക് വരാമെന്നായിരുന്നു സംഘടനാ നേതാക്കളുടെ നിലപാട്. കൂടിയാലോചനകള്‍ വേണ്ടതിനാല്‍ മറ്റന്നാള്‍ ഉച്ചക്ക് രണ്ടു മണിയിലേക്ക് ചര്‍ച്ച മാറ്റുകയാണെന്ന് കര്‍ഷക സംഘടനകളെ പിന്നീട് സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു.
Be the first to comment