
ന്യൂഡൽഹി: പൗരത്വ സമരത്തിന് നേതൃത്വം നൽകിയതിൻറെ പേരിൽ കലാപ ഗൂഢാലോചനാ കേസിൽപ്പെടുത്തി യു.എ.പി.എ ചുമത്തിയ ജെ.എൻ.യു മുൻ വിദ്യാർഥിനേതാവ് ഉമർ ഖാലിദിൻറെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. എതിർ സത്യവാങ്മൂലം സർപ്പിക്കാൻ ഡൽഹി പൊലീസ് കൂടുതൽ സമയം ആവശ്യപ്പെട്ടതോടെയാണ് ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കുന്നത് മാറ്റിയത്. ജൂലൈ 24ന് വീണ്ടും പരിഗണിക്കും. എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിൽ ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണ, ജസ്റ്റിസ് എം.എം. സുന്ദരേശ് എന്നിവർ അതൃപ്തി പ്രകടിപ്പിച്ചു.
രണ്ട് വര്‍ഷവും 11 മാസവുമായി ഒരാള്‍ ജയിലില്‍ കഴിയുകയാണ്. ഇതൊരു ജാമ്യാപേക്ഷയാണ്. എന്താണ് നിങ്ങള്‍ക്ക് എതിര്‍ സത്യവാങ്മൂലം നല്‍കാനുള്ളത്’ കൂടുതല്‍ സമയം ആവശ്യപ്പെട്ട പൊലീസ് നടപടിയെ എതിര്‍ത്ത് ഉമര്‍ ഖാലിദിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ചോദിച്ചു. ഡല്‍ഹി ഹൈകോടതി ജാമ്യം നിഷേധിച്ചതിനെതിരെയാണ് ഉമര്‍ ഖാലിദ് സുപ്രിംകോടതിയെ സമീപിച്ചിട്ടുള്ളത്.
ജാമ്യാപേക്ഷ മാറ്റിവെക്കാനുള്ള ആവശ്യം അംഗീകരിച്ച കോടതി ഈ വെള്ളിയാഴ്ച തന്നെ വീണ്ടും പരിഗണിക്കുമെന്നാണ് ആദ്യം പറഞ്ഞത്. എന്നാല്‍, അത് പോരെന്നും കൂടുതല്‍ സമയം വേണമെന്നും പൊലിസ് ആവശ്യപ്പെട്ടു. ഇതില്‍ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ടാണ് കോടതി ഹരജി 24ലേക്ക് മാറ്റിയത്. 24ന് പരിഗണിക്കുമ്പോള്‍ ഒന്നോ രണ്ടോ മിനിറ്റ് മാത്രമേ കേസിനായി എടുക്കൂവെന്നും കോടതി പൊലിസിനെ അറിയിച്ചു.
ഡല്‍ഹി വംശഹത്യയിലേക്ക് നയിച്ച സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തി എന്നാരോപിച്ച് 2020 സെപ്റ്റംബര്‍ 13നാണ് ഉമര്‍ഖാലിദിനെ അറസ്റ്റുചെയ്തത്. മതവികാരം വ്രണപ്പെടുത്തിയെന്നും രാജ്യതലസ്ഥാനത്ത് കലാപം അഴിച്ചുവിടാന്‍ ഗൂഢാലോചന നടത്തിയെന്നുമായിരുന്നു ആരോപണം. അന്നുമുതല്‍ ജയിലില്‍ കഴിയുകയായിരുന്നു. യു.എ.പി.എക്കൊപ്പം ആയുധനിയമത്തിലെ വകുപ്പുകള്‍ പ്രകാരവും കേസ് എടുത്തിട്ടുണ്ട്. അതിനിടെ, കഴിഞ്ഞ ഡിസംബറില്‍ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കര്‍ശന ഉപാധികളോടെ ഒരാഴ്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
Be the first to comment