ന്യൂഡല്‍ഹി: ഉന്നാവോ കേസില്‍ വിചാരണകള്‍ ഇനി ഡല്‍ഹിയില്‍ നടത്തണമെന്ന് സുപ്രികോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഉത്തരവിട്ടു. പെണ്‍കുട്ടി സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടത് ഉള്‍പ്പെടെയുള്ള അഞ്ച് കേസുകളുടെ വിചാരണകളാണ് ഡല്‍ഹിയില്‍ നടത്തണമെന്ന് സുപ്രികോടതി ഉത്തരവിട്ടത്. കേസില്‍ എല്ലാ ദിവസവും വാദം കേള്‍ക്കണം. ഇതിനായി പ്രത്യേക ജഡ്ജിയെ നിയമിക്കണമെന്നും വിചാരണ 45 ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നും സുപ്രിംകോടതി ഉത്തരവില്‍ പറയുന്നു. അതേസമയം പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും ദൈനംദിന ചെലവുകള്‍ക്ക് 25 ലക്ഷം രൂപ നല്കാന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.
ഉത്തര്‍പ്രദേശ് പൊലിസിന്റെ സുരക്ഷ ഒരുതരത്തിലും അംഗാകരിക്കാനാകില്ലെന്ന് നിരീക്ഷിച്ച സുപ്രിംകോടതി പെണ്‍കുട്ടിക്കും കുടുംബത്തിനും സിആര്‍പിഎഫ് സുരക്ഷ നല്‍കണമെന്നും നിര്‍ദേശിച്ചു. നേരത്തെ 10 പേരടങ്ങിയ യു.പി പൊലിസ് സംഘമാണ് പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും സരക്ഷയ്ക്കായി നിയോഗിച്ചിരുന്നത്. എന്നാല്‍ ഇതില്‍ ഏഴുപേര്‍ ജോലിയില്‍നിന്ന് മാറിനില്‍ക്കുകയായിരുന്നു. മൂന്നുപേര്‍ മാത്രമാണ് സുരക്ഷാ ചുമതല നിര്‍വഹിച്ചിരുന്നത്. ഇതു ചൂണ്ടിക്കാട്ടിയാണ് സി.ആര്.പി.എഫ് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടത്.
അതേസമയം യോഗി ആദിത്യനാഥ് സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണ് സുപ്രിംകോടതി ഉത്തരവ്. വിചാരണ ഉത്തര്‍പ്രദേശിന് പുറത്തേക്ക് കൊണ്ടുപോയതടക്കം യു.പി പൊലിസിന്റെ സുരക്ഷ വേണ്ടെന്നു വച്ചതും യോഗിയുടെ സംസ്ഥാനത്ത് ഇരയ്ക്കു നീതി ലഭിക്കാത്തതിനാലാണ്.
പീഡന- വാഹനാപകട കേസ് അന്വേഷിക്കുന്ന സി.ബി.ഐ സംഘത്തിന്റെ മേധാവി സുപ്രിംകോടതിയില്‍ ഹാജരായി. സി.ബി.ഐ ജോയിന്റ് ഡയറക്ടര്‍ സമ്പത്ത് മീണ ആണ് സുപ്രിംകോടതിയില്‍ ഹാജരായത്. സംഭവത്തില്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് രൂക്ഷവിമര്‍ശനം ഉന്നയിച്ചു. എന്താണ് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നതെന്ന് ചോദിച്ച സുപ്രിംകോടതി ഇരയായ പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് രണ്ട് മണിക്കൂറിനകം അറിയിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് വേണമെങ്കില്‍ എയിംസിലേക്ക് മാറ്റാമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച് കുടുംബത്തോട് സംസാരിക്കാന്‍ അമിക്കസ് ക്യൂറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
നാലു കേസില്‍ കുറ്റപത്രം നല്‍കിയിട്ടും വിചാരണ എന്തുകൊണ്ട് തുടങ്ങിയില്ലെന്ന് സി.ബി.ഐയോട് ചോദിച്ചു. അതിനിടെ പെണ്‍കുട്ടിയുടെ സുരക്ഷാ ഉദ്യോഗസ്ഥരായ മൂന്നുപേരെ പുറത്താക്കി. പെണ്‍കുട്ടിയെ വിമാനമാര്‍ഗം ഡെല്‍ഹിയിലെത്തിക്കാന്‍ കഴിയുമോ എന്ന് അറിയിക്കണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു. അതേസമയം വാഹനാപകട സംഭവത്തില്‍ ഏഴു ദിവസത്തിനിടെ അന്വേഷണം തീര്‍ക്കണമെന്നും സുപ്രിംകോടതി അറിയിച്ചു.
ഇന്ന് കേസ് പരിഗണിക്കവെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് സി.ബി.ഐക്കു വേണ്ടി ഹാജരായത്. കേസന്വേഷിക്കുന്ന സി.ബി.ഐ സംഘവുമായി ഇന്നു തന്നെ, ഫോണിലൂടെയെങ്കിലും ബന്ധപ്പെടണമെന്നും കോടതി അദ്ദേഹത്തിന് നിര്‍ദേശം നല്കി. ഇന്ന് തന്നെ വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു കോടതി ആദ്യം പറഞ്ഞത്. എന്നാല്‍, ഇന്നു തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിലെ ഒഴിവുകഴിവ് തുഷാര്‍ മേത്ത കോടതിയെ ബോധിപ്പിക്കുകയായിരുന്നു. കേസ് അല്‍പ്പസമയം കഴിഞ്ഞ് വീണ്ടും പരിഗണിക്കും. ഇന്ന് കേസ് പരിഗണിക്കവെ വിചാരണ ഉത്തര്‍പ്രദേശിന് പുറത്ത് ഡല്‍ഹിയിലേക്ക് മാറ്റുമെന്ന സൂചനയും കോടതി നല്കി.
അപകടം സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത സ്വമേധയാ ഹരജിയായി സ്വീകരിച്ചാണ് വിഷയം കോടതി ഏറ്റെടുത്തത്. അങ്ങേയറ്റം കലുഷിതമായ സാഹചര്യമാണിതെന്നായിരുന്നു വിഷയത്തോട് ചീഫ്ജസ്റ്റിസ് പ്രതികരിച്ചത്. ഇരയുടെയും കുടുംബത്തിന്റെയും സുരക്ഷ ഉറപ്പാക്കുന്നത് സംബന്ധിച്ച് ഇന്ന് തന്നെ ഉത്തരവിടുമെന്നും ചീഫ്ജസ്റ്റിസ് സൂചിപ്പിച്ചു. എന്നാല്‍ കത്ത് ലഭിച്ചിട്ടും താന്‍ നടപടിയെടുത്തില്ലെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച ചീഫ്ജസ്റ്റിസ്, ചൊവ്വാഴ്ച മാത്രമാണ് കത്തിനെ കുറിച്ചറിഞ്ഞതെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ കത്ത് ഗൗരവത്തിലെടുത്ത് നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.
അപകടം ഉണ്ടാവുന്നതിന് രണ്ടാഴ്ച മുന്‍പ്, ഈ മാസം 12ന് പെണ്‍കുട്ടിയുടെ കുടുംബം അയച്ച കത്ത് ചീഫ്ജസ്റ്റിസിന് മുന്‍പാകെ എത്തിയിരുന്നില്ല. വൈകാരികമായ ഭാഷയില്‍ ഗൗരവത്തോടെ ഹിന്ദിയില്‍ എഴുതിയ കത്ത് മാധ്യമങ്ങളിലൂടെ ചൊവ്വാഴ്ച പുറത്തുവന്നതോടെയാണ് എം.എല്‍.എ തുടര്‍ച്ചയായ വധഭീഷണിമുഴക്കിയതുള്പ്പെടെയുള്ള കത്തിലെ വിവരങ്ങള്‍ പുറംലോകം അറിഞ്ഞത്. മാധ്യമങ്ങളിലൂടെയാണ് ചീഫ്ജസ്റ്റിസും ഇക്കാര്യം അറിഞ്ഞത്. കത്തയച്ച് കൃത്യം പതിനാറാമത്തെ ദിവസം പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിച്ച് അവര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെ മാധ്യമവാര്‍ത്തകള്‍ പരിഗണിച്ച് ചീഫ്ജസ്റ്റിസ്, സുപ്രിംകോടതി രജിസ്ട്രാര്‍ ജനറലില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. എന്തുകൊണ്ടാണ് കത്ത് ഇതുവരെ തനിക്കു ലഭിക്കാത്തതെന്ന് രജിസ്ട്രാറോട് ചോദിച്ച ചീഫ്ജസ്റ്റിസ്, ഇക്കാര്യത്തില്‍ അടിയന്തരമായി റിപ്പോര്‍ട്ട് വേണമെന്നും ആവശ്യപ്പെട്ടു.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്ക്ക് പുറമെ അലഹബാദ് ഹൈകോടതി ചീഫ് ജസ്റ്റിസിനും ഇരയുടെ അമ്മ, സഹോദരി, അമ്മായി എന്നിവര്‍ കത്തയച്ചിരുന്നു. ബി.ജെ.പി എം.എല്‍.എയുടെയും കൂട്ടുപ്രതികളുടെയും ഭീഷണി നേരിടുന്നതായി വീഡിയോദൃശ്യം സഹിതമാണ് കത്തയച്ചത്. തുടര്‍ച്ചയായി വധഭീഷണിയും സമ്മര്‍ദ്ധവും പൊലിസിന്റെ നിസഹകരണവും ബലാല്‍സംഗത്തെ കുറിച്ചുമാണ് കത്തില്‍ സൂചിപ്പിച്ചിരുന്നത്.
Be the first to comment