
ദുബൈ: ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് നാട്ടിലേക്കോ മറ്റെവിടേക്കെങ്കിലുമോ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന യുഎഇ നിവാസിയാണ് നിങ്ങള്‍ എങ്കില്‍ എത്രയും പെട്ടെന്ന് ടിക്കറ്റ് ബുക്ക് ചെയ്‌തോളൂ. ഇന്ത്യ, യുകെ, യുഎസ്, യൂറോപ്പ് തുടങ്ങിയ പ്രധാന രാജ്യങ്ങളിലേക്കുള്ള വിമാന നിരക്കുകള്‍ ഇതിനകം തന്നെ മുപ്പതു മുതല്‍ അമ്പതു ശതമാനം വരെ വര്‍ധിച്ചിട്ടുണ്ട്. ഓഗസ്റ്റ് അവസാനം വരെ വിമാനനിരക്കുകള്‍ കുറയാനിടയില്ലെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്.
ഈദ്, സ്‌കൂള്‍ അവധിക്കാലം, എയര്‍ലൈന്‍ കമ്പനികളിലെ വിമാനങ്ങളുടെ പരിമിതി, ആഗോളതലത്തില്‍ വിമാനങ്ങള്‍ ഡെലിവറി ചെയ്യാനെടുക്കുന്ന കാലതാമസം എന്നിവ കാരണം വിമാനനിരക്ക് തുടര്‍ച്ചയായി മുകളിലോട്ട് കുതിച്ചുകൊണ്ടിരിക്കുകയാണ്.
ഈദും സ്‌കൂള്‍ അവധിക്കാലവും കാരണം ഇക്കാലയളവില്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നും ഇക്കാരണത്താലാണ് നിരക്കുകള്‍ കുതിച്ചുയരുന്നും ഈസ്‌മൈട്രിപ്പിന്റെ സിഇഒയും സഹസ്ഥാപകനുമായ റികാന്ത് പിറ്റി പറഞ്ഞു.
‘സാധാരണയായി സ്‌കൂള്‍ അവധിക്കാലത്തോ ഈദ് സമയത്തോ വിമാന നിരക്ക് വര്‍ധനവ് വെവ്വേറെ സംഭവിക്കാറുണ്ട്, എന്നാല്‍ ഓവര്‍ലാപ്പ് ഡിമാന്‍ഡ് വര്‍ധിച്ചതിനാലാണ് ഇപ്പോള്‍ ടിക്കറ്റ് നിരക്ക് വില വര്‍ധിച്ചിരിക്കുന്നത്. നിരവധി യാത്രക്കാര്‍ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുമ്പോള്‍ മറ്റുള്ളവര്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ അവധിക്കാലം ചിലവഴിക്കാനാണ് ആഗ്രഹിക്കുന്നത്,’ അദ്ദേഹം വിശദീകരിച്ചു.
പിറ്റിയുടെ അഭിപ്രായത്തില്‍ റമദാന്‍ കാരണം ബിസിനസ് യാത്രകളില്‍ ഏകദേശം 30 ശതമാനം വരെ ഇടിവ് ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും റമദാനിലെ മൂന്നാം ആഴ്ച മുതല്‍ ഇത് വീണ്ടും ശക്തി പ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില ബിസിനസ്സ് യാത്രക്കാര്‍ അവരുടെ ജോലി യാത്രകളെ കുടുംബ അവധി ദിവസങ്ങളുമായി ഇണക്കിച്ചേര്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതും വിലവര്‍ധനവിന് കാരണമായേക്കും.
‘സീസണല്‍ കുടുംബ യാത്രകള്‍ക്ക് പുറമേ, സ്വിറ്റ്‌സര്‍ലന്‍ഡ്, ഇറ്റലി, തായ്‌ലന്‍ഡ്, സിംഗപ്പൂര്‍, മലേഷ്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ ജനപ്രിയ സ്ഥലങ്ങള്‍ക്കും ജോര്‍ജിയ, അര്‍മേനിയ പോലുള്ള സിഐഎസ് രാജ്യങ്ങളിലേക്കുമുള്ള ടിക്കറ്റിനുള്ള ഉയര്‍ന്ന ഡിമാന്‍ഡ് തുടരുകയാണ്,’ പിറ്റി പറഞ്ഞു.
വര്‍ധിച്ചുവരുന്ന നിരക്കുകള്‍ നികത്താന്‍ മിക്ക വിമാനക്കമ്പനികളും ശേഷി വര്‍ധിപ്പിക്കുകയാണ്. കാലക്രമേണ വിലനിര്‍ണ്ണയ സമ്മര്‍ദ്ദം ലഘൂകരിക്കുന്നതിനായി പുതിയ റൂട്ടുകളും അധിക വിമാനങ്ങളും അവതരിപ്പിക്കുന്നു. ഉദാഹരണത്തിന്, ന്യൂയോര്‍ക്കിലേക്കുള്ള ഇക്കണോമി നിരക്കുകള്‍ നിലവില്‍ 6,850 ദിര്‍ഹത്തിനും 8,850 ദിര്‍ഹത്തിനും ഇടയിലാണ്. വരുന്ന സെപ്റ്റംബറില്‍ ഇത് ഏകദേശം 3,030 ദിര്‍ഹമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുപോലെ തന്നെ ലണ്ടനിലേക്കുള്ള വിമാന ടിക്കറ്റു നിരക്ക് 4,500 ദിര്‍ഹത്തില്‍ നിന്ന് ഏകദേശം 2,260 ദിര്‍ഹമായി കുറയും.
ഡല്‍ഹിയിലേക്ക് 1,200 ദിര്‍ഹത്തിനും 1,500 ദിര്‍ഹത്തിനും ഇടയിലാകും വരുന്ന മാസങ്ങളിലെ ടിക്കറ്റു നിരക്ക്. മുംബൈയിലേക്ക് 1,100-1,400 ദിര്‍ഹത്തിന് ഇടയിലും കൊച്ചിയിലേക്ക് 1,000-1,300 ദിര്‍ഹത്തിനും ഇടയിലാകും ടിക്കറ്റുനിരക്ക്.
Be the first to comment