ജറൂസലേം: വടക്കന്‍ ഇസ്‌റാഈലിലെ ഏറ്റവും വലിയ ഊര്‍ജ പ്ലാന്റിനു നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം. നാശനഷ്ടം സംബന്ധിച്ച റിപ്പോര്‍ട്ടുകളില്ല. ഇസ്‌റാഈല്‍ മാധ്യമങ്ങളാണ് ആക്രമണം സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഹൈപര്‍സോണിക് മിസൈല്‍ ഉപയോഗിച്ചാണ് ഹൂതികള്‍ ആക്രമണം നടത്തിയത്. ഞായറാഴ്ച ഇസ്‌റാഈലിന്റെ ഗസ്സയിലെ വംശഹത്യയ്‌ക്കെതിരേ ആക്രമണം നടത്തിയതായി ഹൂതികള്‍ അറിയിച്ചിരുന്നു.
വടക്കന്‍ ഇസ്‌റാഈലിലെ ഹൈഫയിലെ ഊര്‍ജ നിലയത്തിനു നേരെയാണ് ആക്രമണം നടന്നത്. തെക്കന്‍ ഹൈഫയിലെ ഒറോട്ട് റാബിന്‍ വൈദ്യുതി നിലയത്തിനു നേരെ ആക്രമണം നടത്തിയെന്ന് ഹൂതി സൈനിക വക്താവ് യഹ്‌യ സരീയും സ്ഥിരീകരിച്ചു. മിസൈല്‍ ലക്ഷ്യസ്ഥാനത്ത് പതിച്ചതായും അദ്ദേഹം പറഞ്ഞു. മിസൈല്‍ തൊടുത്തുവിടുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഗസ്സയിലെ ആക്രമണം ഇസ്‌റാഈല്‍ നിര്‍ത്തുന്നതുവരെ ആക്രമണങ്ങള്‍ തുടരുമെന്ന് ഹൂതികള്‍ പറഞ്ഞു. ഇസ്‌റാഈല്‍ വ്യോമമേഖലയില്‍ പ്രവേശിക്കും മുന്‍പ് ഹൂതി മിസൈല്‍ തകര്‍ത്തെന്ന് ഇസ്‌റാഈല്‍ സൈന്യം അവകാശപ്പെട്ടു.
കഴിഞ്ഞ ദിവസം ചെങ്കടലില്‍ ഇസ്‌റാഈലുമായി ബന്ധപ്പെട്ട കാര്‍ഗോ കപ്പലും ഹൂതികള്‍ ആക്രമിച്ചിരുന്നു.
അതേസമയം, ഗസ്സയിലെ യുദ്ധക്കുറ്റത്തില്‍ ഏര്‍പ്പെട്ട പ്രതികള്‍ക്കെതിരേ ബ്രസീല്‍ നടപടി ശക്തിപ്പെടുത്തി. കുടുംബത്തൊടൊപ്പം വിനോദസഞ്ചാരത്തിനെത്തിയ ഇസ്‌റാഈല്‍ മുന്‍ സൈനികനെ യുദ്ധക്കുറ്റക്കേസില്‍ അറസ്റ്റ് ചെയ്യാന്‍ ബ്രസീല്‍ പൊലിസ് ശ്രമിച്ചു. ഇതിനിടെ രക്ഷപ്പെട്ട ഇയാള്‍ രാജ്യം വിട്ടെന്ന് പൊലിസ് പറഞ്ഞു. രാജ്യം വിടാന്‍ ബ്രസീലിലെ ഇസ്‌റാഈല്‍ എംബസിയാണ് മുന്‍ സൈനികനെ സഹായിച്ചത്. ഞായറാഴ്ച ഇസ്‌റാഈല്‍ വിദേശകാര്യ മന്ത്രാലയവും വാണിജ്യ വിമാനത്തില്‍ മുന്‍ സൈനികനെ രാജ്യം വിടാന്‍ സഹായിച്ചെന്ന് സ്ഥിരീകരിച്ചു. ബ്രസീലില്‍ ഇസ്‌റാഈല്‍ വിരുദ്ധ നീക്കമാണ് നടക്കുന്നതെന്നും ഇസ്‌റാഈല്‍ ആരോപിച്ചു.
സൈന്യവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കണമെന്നും ജനങ്ങളോട് ഇസ്‌റാഈല്‍ സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു. ഗസ്സയില്‍ അഞ്ചു വയസുള്ള ഫലസ്തീനി ബാലികയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ബ്രസീല്‍ യുദ്ധക്കുറ്റ അന്വേഷണം നടത്തിയത്.
ദി ഹിന്ദ് ഫൗണ്ടേഷനാണ് ഇസ്‌റാഈല്‍ സൈനികനെതിരേയുള്ള തെളിവ് വിഡിയോ സഹിതം പുറത്തുവിട്ടത്. നാട്ടുകാരുടെ വീടുകള്‍ സൈനികന്‍ തകര്‍ക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും ലഭിച്ചിരുന്നു.
Be the first to comment