വാഷിങ്ടണ്‍: ഇറാന്‍ ആക്രമണം തുടര്‍ന്നാല്‍ അവരുടെ സാംസ്‌കാരികകേന്ദ്രങ്ങളെയും ആക്രമിക്കുമെന്ന് യു.എസ് പ്രസിഡന്റ് ട്രംപ്. ഇത് യുദ്ധക്കുറ്റമാകില്ലേയെന്ന ചോദ്യത്തിന് അവര്‍ക്ക് നമ്മുടെ ആളുകളെ കൊല്ലാനും നാടന്‍ ബോംബുകളുപയോഗിച്ച് നമ്മുടെ ആളുകളെ ഉപദ്രവിക്കാനും പറ്റുമെങ്കില്‍ അവരുടെ സാംസ്‌കാരിക കേന്ദ്രങ്ങളെ നമുക്ക് തൊടാന്‍ പറ്റില്ല എന്നു പറയുന്നതില്‍ എന്തു ന്യായമാണുള്ളത്- ട്രംപ് ചോദിച്ചു.
അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും ഇറാനെതിരായ ആക്രമണങ്ങളെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ പറഞ്ഞിരുന്നു.
അതേസമയം ഒരു രാജ്യത്തിന്റെ സാംസ്‌കാരികകേന്ദ്രങ്ങള്‍ ആക്രമിക്കുന്നത് യു.എന്‍ രക്ഷാസമിതിയുടെ 2347 പ്രമേയമനുസരിച്ച് യുദ്ധക്കുറ്റമാകുമെന്ന് ജോര്‍ജ് ഡബ്ലിയു ബുഷിന്റെ ഭരണകാലത്ത് നാറ്റോയില്‍ യു.എസ് അംബാസഡറായിരുന്ന നിക്കോളാസ് ബണ്‍സ് പറഞ്ഞു. സാധാരണക്കാരെയും സാംസ്‌കാരികകേന്ദ്രങ്ങളും ആക്രമിക്കുക ഭീകരരാണെന്നും അത് യുദ്ധക്കുറ്റമാണെന്നും സെനറ്റര്‍ ക്രിസ് മര്‍ഫിയും ചൂണ്ടിക്കാട്ടി.
എതിര്‍ത്ത് ബ്രിട്ടണ്‍
ഇറാനിലെ സാംസ്‌കാരിക കേന്ദ്രങ്ങളെ ആക്രമിക്കുന്നതിനോട് യോജിപ്പില്ലെന്ന് യു.എസിന്റെ സഖ്യരാജ്യമായ ബ്രിട്ടന്‍. ട്രംപിനെ നേരിട്ട് വിമര്‍ശിച്ചില്ലെങ്കിലും ബ്രിട്ടന്‍ ഇത്തരമൊരു നടപടിയെ പിന്തുണയ്ക്കുന്നില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ വക്താവ് ജെയിംസ് സ്ലാക് വ്യക്തമാക്കി.
ട്രംപിന്റെ വാക്കുകള്‍ യുദ്ധക്കുറ്റമാണ്. ഇത്തരം നടപടി അന്താരാഷ്ട്ര ഉടമ്പടികള്‍ക്കെതിരാണ്. പക്ഷേ അദ്ദേഹമത് ഞായറാഴ്ചയും ആവര്‍ത്തിച്ചു. അന്താരാഷ്ട്ര കണ്‍വന്‍ഷനുകള്‍ സാംസ്‌കാരിക പൈതൃകങ്ങള്‍ നശിപ്പിക്കുന്നതിനെ തടയുന്നു. അതേസമയം യു.എസുമായി ബ്രിട്ടന് ഉറ്റ സൗഹൃദമാണുള്ളതെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
Be the first to comment