വാഷിങ്ടണ്‍: ഇറാന്റെ ആണവകേന്ദ്രങ്ങളും എണ്ണപ്പാടങ്ങളും ലക്ഷ്യംവയ്ക്കില്ലെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു യു.എസ് പ്രസിഡന്റ് ജോ ബൈഡന് ഉറപ്പുനല്‍കിയതായി റിപ്പോര്‍ട്ട്. ഒക്ടോബര്‍ ഒന്നിന് നൂറിലധികം ബാലിസ്റ്റിക് മിസൈലുകള്‍ ഇസ്‌റാഈലിലേക്ക് തൊടുത്തുവിട്ടതിനു പകരമായി ഇറാനെ ഇസ്‌റാഈല്‍ ഏതുസമയവും ആക്രമിച്ചേക്കുമെന്ന സൂചനകള്‍ക്കിടെ വാഷിങ്ട്ടണ്‍ പോസ്റ്റാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഇറാന്റെ സൈനിക താവളങ്ങള്‍ മാത്രമാകും ഇസ്‌റാഈല്‍ ലക്ഷ്യംവയ്ക്കുകയെന്ന് ജോ ബൈഡനെ നെതന്യാഹു അറിയിച്ചതായാണ് വാര്‍ത്തയില്‍ പറയുന്നത്. ബുധനാഴ്ചയാണ് നെതന്യാഹുവും ബൈഡനും ഫോണില്‍ സംസാരിച്ചത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണച്ചൂടിലുള്ള യു.എസിലും പശ്ചിമേഷ്യയിലെ സംഭവവികാസങ്ങള്‍ പ്രധാന വിഷയമായതിനാല്‍ വോട്ടെടുപ്പ് നടക്കുന്ന നവംബര്‍ അഞ്ചിന് മുമ്പ് ഇറാനെ ഇസ്‌റാഈല്‍ ആക്രമിച്ചേക്കാനാണ് സാധ്യത.
ഞങ്ങള്‍ അമേരിക്കയുടെ അഭിപ്രായങ്ങള്‍ ശ്രദ്ധിക്കുന്നുവെന്നും പക്ഷേ, ദേശീയ താല്‍പ്പര്യങ്ങളെ അടിസ്ഥാനമാക്കിയാണ് അന്തിമ തീരുമാനങ്ങള്‍ എടുക്കുന്നതെന്നും വാഷിങ്ട്ടണ്‍ പോസ്റ്റിലെ റിപ്പോര്‍ട്ടിനോട് നെതന്യാഹുവിന്റെ ഓഫിസ് പ്രതികരിച്ചു. അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനമായ താഡ് ഇസ്‌റാഈലിന് നല്‍കാനുള്ള യു.എസ് തീരുമാനമാണ് നെതന്യാഹു നിലപാട് മയപ്പെടുത്താന്‍ കാരണമെന്നാണ് സൂചന.
ലോകത്തെ പ്രധാന എണ്ണ ഉല്‍പാദന രാജ്യങ്ങളിലൊന്നായ ഇറാനിലെ ഓയില്‍ കേന്ദ്രങ്ങളെ ആക്രമിക്കുന്നത് ഊര്‍ജ വില കുതിച്ചുയരാന്‍ കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കൂടാതെ ആണവശക്തിയായ ഇറാനെ ആക്രമിക്കുന്നത് പ്രവചിക്കാനാകാത്ത വിധത്തിലുള്ള രൂക്ഷമായ യുദ്ധത്തിലേക്ക് പശ്ചിമേഷ്യയെ കൊണ്ടെത്തിക്കുമെന്നും വിവിധ രാജ്യങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Be the first to comment