തെല്‍ അവീവ്: ഒക്ടോബര്‍ ഒന്നിന് ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കാന്‍ ഇസ്‌റാഈല്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. പേര് വെളിപെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇസ്‌റാഈല്‍ മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇറാന്റെ ഭാഗത്തു നിന്ന് ഏതെങ്കിലും വിധത്തിലുള്ള പ്രതികരണമുണ്ടായാല്‍ അതിനെതിരായ അക്രമണം വരെ പദ്ധതിയിട്ടുള്ളതാണ് ഒരുക്കങ്ങളെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
എന്നാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഇറാന്റെ എണ്ണ, ആണവശാലകളെ ഇസ്‌റാഈല്‍ ലക്ഷ്യമിടുമെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അങ്ങനെയുണ്ടായാല്‍ അത് മേഖലയെയാകെ ബാധിക്കുന്ന യുദ്ധമായി മാറിയേക്കുമെന്നും ആശങ്കയുണ്ട്.
ഇറാന്‍ ആക്രമണത്തിന് പിന്നാലെ ഉടന്‍ ഇസ്‌റാഈല്‍ തിരിച്ചടിയുണ്ടാവുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും ഇതുവരെ നീക്കങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതേസമയം, ആക്രമണം നടത്തുന്നത് സംബന്ധിച്ച ഇസ്‌റാഈല്‍ യു.എസുമായി നിരന്തരം ചര്‍ച്ച നടത്തുന്നുണ്ട്.
അതിനിടെ, ഇറാനെ ആക്രമിക്കാനുള്ള ഇസ്‌റാഈലിന്റെ പദ്ധതി യു.എസില്‍ നിന്നും ചോര്‍ന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. യു.എസ് രഹസ്യാന്വേഷണ വിഭാഗത്തില്‍നിന്നാണ് രേഖകള്‍ ചോര്‍ന്നത്. ഇതുസംബന്ധിച്ച് യു.എസ് അന്വേഷണം ആരംഭിച്ചുവെന്നും സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു.
ഒക്ടോബര്‍ 15, 16 തീയതികളില്‍ തയാറാക്കിയ രേഖകളാണ് ചോര്‍ന്നത്. വെള്ളിയാഴ്ച മുതല്‍ ഈ രേഖകള്‍ ടെലിഗ്രാമിലൂടെ പുറത്തുവിട്ടിരുന്നു. മിഡില്‍ ഈസ്റ്റ് സ്‌പെക്ടേറ്റര്‍ എന്ന അക്കൗണ്ടിലൂടെയാണ് രേഖകള്‍ ചോര്‍ന്നത്. അതിരഹസ്യ സ്വഭാവമുള്ള രേഖകളെന്ന് പറയുന്ന വിവരങ്ങളാണ് ചോര്‍ന്നത്. യു.എസിന് പുറമെ സഖ്യകക്ഷികളായ ആസ്‌ത്രേലിയ, കാനഡ, ന്യൂസിലന്‍ഡ്, യു.കെ തുടങ്ങിയ രാജ്യങ്ങള്‍ക്ക് മാത്രമേ രേഖകളെക്കുറിച്ച് വിവരമുള്ളൂവെന്ന സൂചനകളും വന്നിരുന്നു. നേരത്തെ യു.എസ് ഇസ്രായേലില്‍ താഡ് എയര്‍ ഡിഫന്‍സ് സിസ്റ്റം വിന്യസിച്ചിരുന്നു. രാജ്യത്തിന് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായാണ് എയര്‍ ഡിഫന്‍സ് സിസ്റ്റം വിന്യസിച്ചത്.
Be the first to comment