ഇമാം ഗസ്സാലി(റ) ആധ്യാത്മിക ജീവിതത്തിലെ സുകൃത സൂനം

   കെ. ഉനൈസ് വളാഞ്ചേരി

 

ലോക ചരിത്രത്തിന്‍റെ ഇന്നലെകളില്‍ പരിഷ്ക്കാരങ്ങളുടെ വീരോതിഹാസം രചിച്ച് വ്യക്തി പ്രഭാവം കൊണ്ടും വൈജ്ഞാനിക വിപ്ലവം കൊണ്ടും വിസ്മയം തീര്‍ത്ത ചുരുക്കം ചില നിസ്വാര്‍ത്ഥ പണ്ഡിത വരേണ്യരില്‍ പ്രധാനിയും ജന ഹൃദയങ്ങളില്‍ ഏറെ വ്യതിരക്തത പുലര്‍ത്തിയ ഒരു മഹാ പ്രതിഭയുമായിരുന്നു ഹുജ്ജതുല്‍ ഇസ്ലാം മുഹമ്മദുബ്നു അഹ്മദില്‍ ഗസ്സാലി(റ).

ഹിജ്റ 450 ല്‍ ഇറാഖിലെ തൂസ് പട്ടണത്തിലാണ് ഇമാം ഗസ്സാലി(റ) ജനിച്ചത്. മുഹമ്മദ് എന്നാണ് പിതാവിന്‍റെ നാമം. അദ്ദേഹം അറിയപ്പെട്ട വിഷാരദനും സൂഫിയുമായിരുന്നു. സ്വന്തം അധ്വാനത്തിലൂടെ ലഭ്യമാകുന്ന വരുമാനം കൊണ്ട് മാത്രമായിരുന്നു അദ്ദേഹം ജീവിതം നയിച്ചിരുന്നത്. നൂല്‍ നൂല്‍ക്കലായിരുന്നു അദ്ദേഹത്തിന്‍റെ പ്രധാന തൊഴില്‍. കര്‍മ്മശാസ്ത്ര പണ്ഡിതډാരുടെയും സൂഫിയാക്കളുടെയും ഉപദേശ സദസ്സുകളില്‍ പങ്കെടുത്ത് അവരുമായി സൗഹൃദം പങ്കിടുക അദ്ദേഹത്തിന്‍റെ പതിവായിരുന്നു.

ഇത്തരത്തിലുള്ള സദസ്സുകളില്‍ പങ്കെടുക്കുമ്പോള്‍ തനിക്കും അതുപോലൊരു മകനുണ്ടാകാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുമായിരുന്നു. അദ്ദേഹത്തിന്‍റെ ജീവിതത്തിലെ വലിയ ആഗ്രഹവും അഭിലാഷവുമായിരുന്നു അത്. നിരന്തര പ്രാര്‍ത്ഥനയുടെ ഫലമായിട്ടാവാം അദ്ദേഹത്തിന്‍റെ ആഗ്രഹ സാഫല്യമായി കൊതിച്ചതു പോലുള്ള ഒരു സന്താനം പിറന്നു. വാത്സല്യ നിധിയായ പിതാവ് തന്‍റെ അന്ത്യ നിമിഷങ്ങളില്‍ തന്‍റെ പക്കലുണ്ടായിരുന്ന തുച്ഛം നാണയത്തുട്ടുകള്‍ സൂഫിയായ തന്‍റെ സുഹൃത്തിനെ ഏല്‍പ്പിച്ച് തന്‍റെ രണ്ട് മക്കളെയും വളര്‍ത്താന്‍ വസ്വിയത്ത് ചെയ്തു.

കുട്ടികളെ ഏറ്റെടുത്ത സുഹൃത്ത് ഇരു സന്താനങ്ങളെയും നല്ല നിലയില്‍ പരിപാലിച്ചു വളര്‍ത്തി. അവരുടെ വളര്‍ച്ചക്കു വേണ്ടി മുഴുവന്‍ സൗകര്യങ്ങളും ചെയ്തുകൊടുത്തു. തന്‍റെ സുഹൃത്ത് ഏല്‍പ്പിച്ച സമ്പത്ത് തീര്‍ന്നപ്പോള്‍ അദ്ദേഹം രണ്ടുപേരെയും വിളിച്ചു പറഞ്ഞു. ‘നിങ്ങളുടെ പിതാവ് നിങ്ങള്‍ക്കായി അനന്തരമാക്കിത്തന്നത് മുഴുവന്‍ തീര്‍ന്നിരിക്കുന്നു. ഞാനാണെങ്കില്‍ ഒരു ദരിദ്രനുമാണ്. അതുകൊണ്ട് ഏതെങ്കിലും ഒരു മദ്രസയില്‍ വിദ്യ അഭ്യസിച്ചുകൊള്ളുക. എന്നാല്‍ നിങ്ങളുടെ ഭക്ഷണ ചെലവെങ്കിലും അതിലൂടെ നേടാനാവും’.

പട്ടിണി മാറ്റാന്‍ വേണ്ടി മാത്രം അവര്‍ മദ്രസയില്‍ വിദ്യാഭ്യാസം ആരംഭിച്ചു. ഇതേക്കുറിച്ച് ഇമാം ഗസ്സാലി പറയുന്നു, ‘ഞാന്‍ അല്ലാഹുവിന്‍റെ മാര്‍ഗ്ഗം കാംക്ഷിക്കാതെ വിദ്യ അഭ്യസിച്ചു. പക്ഷേ അത് അല്ലാഹുവിന് വേണ്ടിയല്ലാതെ ഭവിക്കാന്‍ കൂട്ടാക്കിയില്ല’.

തൂസിലേക്കുള്ള വഴി മധ്യേ നടന്ന ഒരു സംഭവം അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ ഒരു വഴിത്തിരിവായി. ഇതേക്കുറിച്ച് ഇമാം അസ്അദ്(റ) ഉദ്ദരിക്കുന്നു, ഇമാം ഗസ്സാലിയെ തൂസിലേക്കുള്ള യാത്രാമധ്യേ ഒരു സംഘം കൊള്ളക്കാര്‍ പിടികൂടി കൈവശമുണ്ടായിരുന്നതെല്ലാം തട്ടിയെടുത്തു. ഗസ്സാലി അവരെ പിന്തുടര്‍ന്നു. അവര്‍ അട്ടഹസിച്ചു. നാശം നീ തിരിച്ചു പോകൂ. അല്ലെങ്കില്‍ നിന്നെ കൊന്നു കളയും. നിങ്ങള്‍ക്കാവശ്യമുള്ളത് എടുക്കുക. ആ ഭാണ്ഡം എനിക്ക് തിരിച്ചു തരിക. കൊള്ളക്കാരന്‍ ചോദിച്ചു. ഇതിലെന്താണ്? ഇത് എന്‍റെ വിജ്ഞാനത്തിന്‍റെ ഭണ്ഡാരമാണ്. എന്‍റെ വിജ്ഞാനങ്ങളൊക്കെ അതിലാണ് ഞാന്‍ കുറിച്ചു വെച്ചിട്ടുള്ളത്. കൊള്ള സംഘം ചിരിച്ചുകൊണ്ട് പറഞ്ഞു, നീ അവയെക്കുറിച്ച് അറിവുള്ളവനാണെന്ന് എങ്ങനെ വാദിക്കും? ഈ വിജ്ഞാന ശേഖരം ഞങ്ങളെടുത്തപ്പോള്‍ നീ അജ്ഞനായി, വിഡ്ഢിയായി, പാമരനായി. അദ്ദേഹം അത് തിരിച്ചു നല്‍കാന്‍ ആവശ്യപ്പെട്ടു. പിന്നീട് അതിലുള്ള വിജ്ഞാന വിഭവങ്ങള്‍ അദ്ദേഹം നുകര്‍ന്നു, അത് മനഃപാഠമാക്കി. പ്രസ്തുത സംഭവം മഹാന്‍റെ ചരിത്രത്തില്‍ ഒരു നാഴികക്കല്ലായി മാറി, പ്രത്യേകിച്ച് വൈജ്ഞാനിക രംഗത്ത്.

 നൈസാബൂളിലേക്ക് പോയി മഹാനായ ഇമാമുല്‍ ഹറമൈനിയുടെ അടുത്തുനിന്ന്ാണ് ശേഷം അദ്ദേഹം വിജ്ഞാനം നുകര്‍ന്നത്. തത്വശാസ്ത്രവും തര്‍ക്ക ശാസ്ത്രവും അവയെ ഖണ്ഡിക്കാനുള്ള വാദങ്ങളും അദ്ദേഹം നന്നായി മനസ്സിലാക്കി. ഇമാമുല്‍ ഹറമൈനി തന്‍റെ അരുമ ശിഷ്യനായ ഇമാം ഗസ്സാലിയെക്കുറിച്ച് പറഞ്ഞു. ഗസ്സാലി വിജ്ഞാനത്തിന്‍റെ സാഗരമാണ്.

ഐഹിക ജീവിതത്തെ പൂര്‍ണ്ണമായി ത്യജിച്ചു സൂക്ഷ്മതയോടെയും ഭയഭക്തിയോടെയും ജീവിതം മുന്നോട്ടു നയിച്ചു. ലളിതമായ വസ്ത്രങ്ങള്‍ മാത്രം ഉപയോഗിച്ചു. ഭക്ഷണവും വളരെ ലളിതമായിരുന്നു. അനാവശ്യമോ ആഢംബരമോ ആ ധന്യ ജീവിതത്തെ തൊട്ടു തീണ്ടിയിട്ടില്ല. മഹാനെക്കുറിച്ച് ഇമാം അസ്അദ്(റ) പറഞ്ഞു, ബുദ്ധിയുടെ പാരമ്യത പ്രാപിച്ചവനല്ലാതെ ഇമാം ഗസ്സാലിയുടെ ഔന്നിത്യത്തിലേക്കോ അദ്ദേഹത്തിന്‍റെ വൈജ്ഞാനിക വിഭവങ്ങളിലേക്കോ എത്തുക അസാധ്യമാണ്.

ഒരുപാട് കറാമത്തുകള്‍ക്കുടമയായ ഇമാം ഗസ്സാലി(റ)വിനെ കഴിയുന്നിടത്തൊക്കെ ബുദ്ധിമുട്ടാക്കുകയും ആക്ഷേപിക്കുകയും ചെയ്ത ഒരാളുണ്ടായിരുന്നു. ഒരിക്കല്‍ ഗസ്സാലി ഇമാം മുത്ത് നബിയെ സ്വപ്നത്തില്‍ ദര്‍ശിച്ചു. അബൂബക്കര്‍ സിദ്ദീഖ്(റ), ഉമര്‍(റ)വും പ്രവാചക സന്നിധിയിലുണ്ട്. ഇമാം അവറുകള്‍ അവരുടെ മുമ്പില്‍ നില്‍ക്കുകയാണ്. മഹാന്‍ പറഞ്ഞു, അല്ലാഹുവിന്‍റെ പ്രവാചകരേ, ഇവന്‍ (ബുദ്ധിമുട്ടിക്കുന്ന വ്യക്തി) എന്നെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു.

നബി കരീം ഒരു ചാട്ടവാര്‍ കൊണ്ടുവന്ന് അയാളെ അടിക്കാന്‍ കല്പിച്ചു. പിന്നീട് ഇയാള്‍ ഉറക്കത്തില്‍ നിന്നുണര്‍ന്നപ്പോള്‍ ചാട്ടവാറിന്‍റെ പാടുകള്‍ അയാളുടെ ശരീരത്തില്‍ പതിഞ്ഞു കാണാമായിരുന്നുവത്രെ. ഇതുപോലെ ധാരാളം സംഭവങ്ങള്‍ മഹാന്‍റെ ചരിത്രത്തില്‍ പ്രശോഭിതമായി ഉല്ലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്.

വിജ്ഞാനത്തിന്‍റെ തുളുമ്പാത്ത നിറകുടമായ ആ പണ്ഡിതന്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ അനവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. വിശ്വ പ്രസിദ്ധമായ ഇഹ്യാ ഉലൂമുദ്ദീനാണ് മഹാന്‍റെ ഏറ്റവും പ്രധാന ഗ്രന്ഥം. 457  ഓളം ഗ്രന്ഥങ്ങള്‍ രചിച്ച മഹാന്‍റെ 40 വാള്യങ്ങളുള്ള ബൃഹത്തായ തഫ്സീര്‍ കിട്ടാതെ പോയത് മുസ്ലിം ലോകത്തിനേറ്റ കനത്ത നഷ്ടമായി.

55 വര്‍ഷത്തെ ജീവിതത്തിന്‍റെ തിരശ്ശീലയെന്നോണം ഹിജ്റ 505 ജമാദുല്‍ ഉഖ്റ 14 ന് തിങ്കളാഴ്ച ആ സ്മര്യ പുരുഷന്‍ വഫാത്തായി. ഭൗതികമായ അസാന്നിധ്യത്തിലും കാലദേശാതിര്‍ വരമ്പുകള്‍ക്കതീതമായി മുസ്ലിം ഉമ്മത്തിന്‍റെ ആത്മീയ നിയന്ത്രണത്തിന് ചുക്കാന്‍ പിടിക്കുന്ന മഹാന്‍റെ ജീവിതവും സന്ദേശങ്ങളും നമ്മുടെ ജീവിതത്തിന്‍റെ വഴിയടയാളമാകാന്‍ നമുക്ക് സാധിക്കണം, നാഥന്‍ തുണക്കട്ടെ.

About Ahlussunna Online 1301 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*