ഇന്ത്യന്‍ ഇസ്ലാമിക ചരിത്രത്തിലെ പ്രധാന അദ്ധ്യായമാണ് ഇമാം അബ്ദുല്‍ ഹഖ് ദഹ്ലവി(റ). ഇന്ത്യയില്‍ തിരുവരുളുകളുടെ വളര്‍ച്ചയിലും വ്യാപനത്തിലും മുഖ്യ പങ്ക് വഹിച്ച മഹാനവറുകളാണ് ഭാരതീയ മുസ്ലിം ഉമ്മത്തിന് ഹദീസിനെ കൂടുതലായി പരിചയപ്പെടുത്തിക്കൊടുത്തത്. ഹദീസ് വിജ്ഞാനീയങ്ങള്‍ അത്ര പരിചിതമല്ലാത്ത ഇന്ത്യന്‍ സമൂഹത്തില്‍ ഹദീസ് മേഖലക്ക് അനുയോജ്യമായ പരിതസ്ഥിതിയും അനുഗുണമായ സാഹചര്യവും സൃഷ്ടിച്ചെടുക്കുന്നതില്‍ മഹാന്‍ വഹിച്ച പങ്ക് നിസ്തുല്യമാണ്. ഇന്ത്യയില്‍ വിശുദ്ധ ഹദീസിന്‍റെ പുനരുജ്ജീവനത്തിന് കാര്‍മികത്വം വഹിച്ച മഹാന്‍ തഫ്സീര്‍, ഫിഖ്ഹ്, അഖീദ, ഭാഷാ ശാസ്ത്രം, തത്വ ശാസ്ത്രം തുടങ്ങിയ വിവിധങ്ങളായ വിജ്ഞാന ശാഖകളില്‍ സുത്യര്‍ഹമായ സേവനങ്ങള്‍ അനുഷ്ടിച്ചിട്ടുണ്ട്. കൂടാതെ അറബിയിലും പേര്‍ഷ്യനിലുമായി അനവധി മൂല്യവത്തായ ഗ്രന്ഥങ്ങളുടെ കര്‍ത്താവ് കൂടിയാണ് ഇമാം അബ്ദുല്‍ ഹഖ് ദഹ്ലവി.
ഇസ്ലാമിക ചരിത്രത്താളുകളില്‍ ഭുവനപ്രശസ്തനായ ഹദീസ് പണ്ഡിതനും നിപുണനായ സാഹിത്യ കാരനുമായ സൈഫുദ്ദീന്‍ ഇബ്നു അസ്സെഫി അദ്ദഹ്ലവിയുടെ മകനായി ഹിജ്റ 958(എ.ഡി 1951) മുഹറം മാസത്തിലാണ് ദഹ്ലവി(റ)ജനിക്കുന്നത്. ചരിത്ര പ്രസിദ്ധ ചക്രവര്‍ത്തിയായിരുന്ന ശേര്‍ഷാഹ് സൂരിയുടെ കാലഘട്ടത്തില്‍ ദല്‍ഹിയിലായിരുന്നു മഹാന്‍ ജനിച്ചത്. അദ്ദേഹത്തിന്‍റെ പിതാവ് സൈഫുദ്ദീന്‍ ദഹ്ലവി അക്കാലത്തെ പണ്ഡിതന്മാരില്‍ പ്രമുഖരായിരുന്നു. മാത്രമല്ല ഹദീസ് രംഗത്തും സാഹിത്യ മേഖലയിലും ഒട്ടേറെ ഗ്രന്ഥങ്ങളും മഹാന്‍ രചിച്ചിട്ടുണ്ട്. മഹാനായ ഹാഫിള് ദഹബിയുടെ ഹദീസ് ഗ്രന്ഥമായ അല്‍ കാശിഫിന് മികച്ചൊരു വ്യാഖ്യാന മെഴുതാന്‍ മഹാന് സാധിച്ചിട്ടുണ്ട്. കൂടാതെ 500 പദ്യങ്ങളുളള സില്‍സിലത്തുല്‍ വിസാല്‍ എന്ന കവിതാ സമാഹാരത്തിന്‍റെ കര്‍ത്താവ് കൂടിയാണദ്ദേഹം.
വെജ്ഞാനിക രംഗത്തെ നിറസാന്നിദ്ധ്യമായിരുന്ന മഹാനായ അബ്ദുല്‍ ഹഖ്(റ) അറിയപ്പെട്ട ഹദീസ് വിശാരദനും പ്രാഗത്ഭ്യം തെളിയിച്ച പണ്ഡിതനുമായിരുന്നു. വിജ്ഞാന മേഖലയിലേക്ക് പ്രഥമമായി കാല്‍ വെപ്പ് നടത്തുന്നത് സ്വന്തം പിതാവില്‍ നിന്നായിരുന്നു. ചെറുപ്പത്തില്‍ തന്നെ പാരായണ ശാസ്ത്രത്തിന്‍റെ അടിസ്ഥാനത്തില്‍ വിശുദ്ധ ഖുര്‍ആന്‍ കൃത്യമായി പാരായണം ചെയ്യാന്‍ പഠിച്ചു. പിന്നീട് അറബി ഭാഷയും അനുബന്ധ വിഷയങ്ങളും കരഗതമാക്കി. സ്വപിതാവില്‍ നിന്നും മറ്റ് പ്രഗത്ഭരായ ഇന്ത്യന്‍ പണ്ഡിതډാരില്‍ നിന്നും വിജ്ഞാനത്തിന്‍റെ മധു നുകര്‍ന്നതിനു ശേഷം അദ്ദേഹം ആര്‍ജിച്ചെടുത്ത വിജ്ഞാന സമ്പത്തിനെ വിജ്ഞാന കുതുകുകളായ വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്ന് കൊടുക്കാന്‍ ഡല്‍ഹി കേന്ദ്രീകൃതമാക്കി അദ്ധ്യാപനത്തില്‍ മുഴുകി.
എന്നാല്‍ വിജ്ഞാനത്തോടുളള അധമ്യമായ ആഗ്രഹവും ഹദീസിനോടുളള അടങ്ങാത്ത വാജ്ജയും കാരണം വീണ്ടും വിദ്യ നുകരാന്‍ മഹാനായ അബ്ദുല്‍ ഹഖ് (റ) തീരുമാനിച്ചു അപ്രകാരം തന്‍റെ മുപ്പത്തിയെട്ടാം വയസ്സില്‍ (ഹി.996)ല്‍ അദ്ദേഹം ഉപരിപഠനാര്‍ത്ഥം ഹിജാസിലേക്ക് യാത്രതിരിച്ചു. എന്നാല്‍ ഹിജാസിലേക്കുളള യാത്രക്കിടയില്‍ കുറച്ച് കാലം ഗുജറാത്തിലെ പ്രസിദ്ധ ഹദീസ് പണ്ഡിതനായ ഇമാം വജീഹുദ്ദീന്‍ ഗുജറാത്തി(റ) യില്‍ നിന്നും വിദ്യനുകരുകയും മഹാന്‍റെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു.
ശേഷം മക്കയിലെത്തിയ ദഹ്ലവി(റ) അനവധി ഹദീസ് പണ്ഡിതډാരില്‍ നിന്നും വിദ്യനുകരുകയും അവരുടെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. മാത്രമല്ല, അനവധി പണ്ഡിതന്മാരോട് സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്തു. വിശിഷ്ട ഹദീസ് ഗ്രന്ഥങ്ങളായ മഹാനായ ഇമാം ബുഖാരി(റ) ന്‍റെ സ്വഹീഹുല്‍ ബുഖാരിയും മുസ്ലിം(റ)ന്‍റെ സ്വഹീഹ് മുസ്ലിമും ഇമാം ഖത്തീബുത്വിബ്രീസിയുടെ മിശ്കാത്തുല്‍ മസാബീഹും അവിടെ വെച്ച് ഗഹനമായി പഠിക്കുകയും അവയില്‍ കൂടുതല്‍ അവഗാഹം നേടുകയും ചെയ്തു.
അക്കാലത്ത് മക്കയിലെ പ്രശസ്തരായ ഹദീസ് പണ്ഡിതډാരായിരുന്ന വലിയ്യുളളാഹില്‍ മുത്തഖി, അലി ജാറുല്ലാഹില്‍ ളഹീറ എന്നിവരായിരുന്നു ഇമാം അവറുകളുടെ മക്കയിലെ പ്രധാന ഗുരുവര്യര്‍. പിന്നീട് മദീനയിലേക്ക് പോവുകയും അഹ്മദ് ബ്നു മുഹമ്മദ് ബ്നു മുഹമ്മദ് അബുല്‍ ഹസ്മില്‍ മദനി, ശൈഖ് ഹമീദുദ്ദീന്‍ ബിന്‍ അബ്ദുല്ലാഹിസ്സിന്ദി തുടങ്ങിയ ഹദീസ് വിശാരദډാരില്‍ നിന്ന് ശിഷ്യത്വം സ്വീകരിക്കുകയും ഇജാസത്ത് നേടുകയും ചെയ്തു.
നാല് വര്‍ഷം(ഹി.1996-1000)നീണ്ട് നിന്ന ഹദീസ് മേഖലയിലെ ഉപരിപഠനത്തിനു ശേഷം എ.ഡി: 1593 ല്‍ മഹാനായ ദഹ്ലവി(റ) ഇന്ത്യയില്‍ തിരിച്ചെത്തി. പിന്നീടങ്ങോട്ട് ഇന്ത്യയില്‍ ഹദീസ് മേഖലക്ക് അവിസ്മരണീയ അദ്ധ്യായം തുന്നിച്ചേര്‍ക്കുകയായിരുന്നു അദ്ദേഹം.പ്രഥമമായി, വിശുദ്ധമായ തിരുവരുളുകളെ ജനമനങ്ങളിലെത്തിക്കാന്‍ ഒരു പാഠശാല സ്ഥാപിച്ചു. അക്കാലത്ത് മതകീയ വിജ്ഞാനീയങ്ങളെ കൈമാറ്റം ചൈതിരുന്ന പാരമ്പര്യ രീതിയില്‍ നിന്ന് വിഭിന്നമായ അദ്ധ്യാപന രീതിയായിരുന്നു പ്രസ്തുതു പാഠശാലയില്‍ അദ്ദേഹം സ്വീരകരിച്ചിരുന്നത്.
പണ്ഡിതന്മാരുടെയും വിജ്ഞാന കുതുകിളുടെയും പ്രധാന അവലംബവും ആശ്രയവുമായിരുന്നു മഹാനായ അബ്ദുല്‍ ഹഖ് ദഹ്ലവിയുടെ വൈജ്ഞാനിക കേന്ദ്രം. ഇന്ത്യയുടെ നാനാഭാഗങ്ങളില്‍ നിന്നും അറിവന്യേഷികളായി വിദ്യര്‍ത്ഥികള്‍ അദ്ദേഹത്തിന്‍റെ പാഠശാലയിലേക്കൊഴുകി. അതിനു ശേഷം അല്‍ മുഹദ്ദിസ് അദ്ദഹ്ലവി എന്ന അപരനാമത്തിലായിരുന്നു മഹാന്‍ വിശ്രുതമായത്.
രചനാ മേഖലയില്‍ മൂല്യവത്തായ ചലനങ്ങള്‍ സൃഷ്ടിച്ച അനവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവ് കൂടിയാണ് അബ്ദുല്‍ ഹഖ് ദഹ്ലവി(റ). രചനാ രംഗത്ത് അപാരമായ നൈപുണ്യം ഉണ്ടായിരുന്ന അദ്ദേഹം അറബി ഭാഷയിലും പേര്‍ഷ്യനിലുമായി നൂറോളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. മാത്രമല്ല, അറബിയില്‍ നിന്ന് പേര്‍ഷ്യന്‍ ഭാഷയിലേക്കും തിരിച്ചും ധാരാളം ഗ്രന്ഥങ്ങള്‍ മഹാന്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. വിവര്‍ത്തന രംഗത്ത് അദ്ദേഹത്തിന് പ്രത്യേക സിദ്ധി തന്നെ ഉണ്ടായിരുന്നു. തഫ്സീര്‍, ഹദീസ്, അഖീദ, മന്‍ത്വിഖ്, താരീഖ്, നഹ്വ് എന്നിങ്ങനെ അനവധി ശാസ്ത്രശാഖകളിലും അദ്ദേഹം തന്‍റെ രചനാ വിലാസം രേഖപ്പെടുത്തിയിട്ടുണ്ട്. മഹാന്‍റെ ഗ്രന്ഥങ്ങളില്‍ കൂടുതലായി ലഭ്യമായിട്ടുളളത് ഹദീസ് മേഖലയില്‍ തന്നെയാണ്. ഹദീസ് മേഖലയിലെ മഹാന്‍റെ പ്രധാന ഗ്രന്ഥങ്ങള്‍ ഇവയാണ്.
- ലമആത്തു തന്‍ഖീഹ്
മഹാനായ ഇമാം മുഹമ്മദ് ബിന്‍ അബ്ദുല്ലാഹില്‍ ഖത്തീബുത്തിബ്രീസി(റ) ന്‍റെ പ്രസിദ്ധ ഹദീസ് ക്രോഡികരണ ഗ്രന്ഥമായ മിശ്കാത്തുല്‍ മസാബീഹിന്‍റെ വ്യാഖ്യാന ഗ്രന്ഥമാണ് ലമആത്തു തന്‍ഖീഹ് ഫീ ശര്‍ഹി മിശ്കാത്തില്‍ മസാബീഹ്. രണ്ട് വാള്യങ്ങളിലായി രചിച്ച പ്രസ്തുത ഗ്രന്ഥം അറബി ഭാഷയിലാണ് വ്യഖ്യാനം നിര്‍വ്വഹിച്ചിട്ടുളളത്.
- അശിഅത്തുല്ലമആത്ത്
അബ്ദുല്‍ ഹഖ് (റ)ന്‍റെ പേര്‍ഷ്യന്‍ ഭാഷയിലുളള ഹദീസ് വ്യാഖ്യാന കൃതിയാണിത്. പ്രസ്തുത ഗ്രന്ഥവും മിശ്കാത്തിന്‍റെ വ്യാഖ്യാനമാണ്. ഹിജ്റ 1019 ലാണ് ഇതിന്‍റെ രചന ആരംഭിക്കുന്നത്. ഇന്ത്യയില്‍ വിരചിതമായ മിശ്കാത്തിന്‍റെ വ്യാഖ്യനങ്ങളില് നിന്നും തീര്‍ത്തും വ്യത്യസ്ഥമായ ഗ്രന്ഥമാണ് ശാഹ് (റ) ന്‍റെ അശിഅത്തുല്ലമആത്ത് ഫീ ശര്‍ഹില്‍ മിശ്ക്കാത്ത്.
- ജാമുഉല്‍ ബറക്കാത്ത്
മിശ്കാത്തുല്‍ മസാബീഹിന്‍റെ പേര്‍ഷ്യനിലെയും അറബിയിലെയും വ്യാഖ്യാനങ്ങളുടെ സംഗ്രഹ കൃതിയാണിത്. ജാമിഉല്‍ ബറക്കാത്ത് ഫീ മുന്‍തഖബി ശര്‍ഹില്‍ മിശ്കാത്ത് എന്ന നാമത്തില്‍ രണ്ട് വാള്യങ്ങളിലായിട്ടാണിത് സംഗ്രഹിച്ചിട്ടുളളത്.
- അസ്മാഉരിജാല്‍ വര്‍റുവാത്ത്
മിശ്കാത്തില്‍ പരാമര്‍ശിക്കപ്പെട്ട നിവേദക പരമ്പരയിലെ ഹദീസ് നിവേദകരെ കുറിച്ചാണ് ഈ ഗ്രന്ഥം. പ്രവാചകര്‍ (സ്വ)യുടെയും കുടുംബത്തിന്‍റെയും ഇസ്ലാമിക റിപ്പബ്ലിക്കിന്‍റെ ചതുര്‍ ഖലീഫമാരുടെയും ജീവിതവും ചരിത്രവും ഇതില്‍ ഉള്‍ചേര്‍ത്തിട്ടുണ്ട്.
- ത്വരീഖുല്‍ ഇഫാദ
നബി കരീം (സ്വ) യുടെ വിശേഷണങ്ങളും സവിശേഷതകളും സ്വഭാവ സ്രേഷ്ടതകളും ഹദീസുകളുടെ വെളിച്ചത്തില്‍ വിശദമായി പ്രതിപാധിക്കുന്ന ഗ്രന്ഥമായ മജ്ദുദ്ദീന്‍ ഫിറോസാബാദിയുടെ സിഫ്റുസ്സആദയുടെ വ്യാഖ്യാനമാണ് ത്വരീഖുല്‍ ഇഫാദ ഫീ ശര്‍ഹി സിഫ്റുസ്സആദ.
ഉദ്യത ഗ്രന്ഥങ്ങള്‍ക്ക് പുറമെ ഹദീസ് നിദാന ശാസ്ത്രത്തെ വിശദമായി പരാമര്‍ശിക്കുന്ന മുഖദ്ദിമ ഫീ ഉസൂലുല്‍ ഹദീസ് എന്ന ഗ്രന്ഥവും മഹാന്‍റെ എഴുത്താണിയില്‍ വിരചിതമായ പ്രസിദ്ധ ഗ്രന്ഥമാണ്. പ്രസ്തുത ഗ്രന്ഥം മിശ്കാത്തുല്‍ മസാബീഹിന്‍റെ തുടക്കത്തില്‍ മുഖദ്ദിമത്തു മിശ്കാത്ത് എന്ന നാമത്തില്‍ വിശ്രുതമാണ്. ഇമാം അവറുകളുടെ മറ്റ് ഗ്രന്ഥങ്ങളാണ് തഹ്ഖീഖുല്‍ ഇശാറ ഇലാ തഅ്ലീമില്‍ ബിശാറയും രിസാലത്തുന്‍ ഫീ ലൈലത്തില്‍ ബറാഅയും
ഇവ കൂടാതെ പുണ്യ ദിവസങ്ങളെ കുറിച്ചെഴുതിയ മാസബത ബിസ്സുന്ന ഫീ അയ്യാമിസ്സന, നബി(സ്വ)യുടെ കത്തുകള്‍ പരാമര്‍ശിക്കുന്ന മക്തൂബിന്നബി(സ്വ), ആദ്യാത്മിക രംഗത്തെ ജാജ്വല്യ താരക്ം അബ്ദുല്‍ ഖാദിര്‍ ജീലാനി(റ)ന്‍റെ ഫുത്തൂഹാത്തുല്‍ ഗൈബിന്‍റെ വ്യാഖ്യാനമായ മിഫ്താഹുല്‍ ഫുതൂഹ് ലി ഫത്ഹി അബ് വാബുന്നൂസ് എന്ന ഗ്രന്ഥവും ഇമാമവറുകള്‍ രചിച്ച ഗ്രന്ഥങ്ങളില്‍ ചിലതാണ്. ഇവ കൂടാതെ ഹദീസ് മേഖലയില്‍ തന്നെ അനവധി ഗ്രന്ഥങ്ങളുടെ രചയിതാവുമാണ് മഹാനായ ഇമാം അബ്ദുല്‍ ഹഖ്(റ).
വിയോഗം
ഹദീസ് വിജ്ഞാനീയങ്ങള്‍ക്ക് ജാജ്വല്യമാനമായ സംഭാവനകളര്‍പ്പിക്കുകയും ഇന്ത്യയില്‍ ഹദീസ് പഠനങ്ങളെ പ്രചരിപ്പിക്കുകയും ചെയ്ത പണ്ഡിതനും ഗ്രന്ഥകാരനുമായ മഹാനായ മുഹദ്ദിസ് അബ്ദുല്‍ ഹഖ് ദഹ്ലവി(റ) ഹി.1052(എ.ഡി:1625) ന് വഫാത്തായി. ഡല്‍ഹിയില്‍ വെച്ച് മഹാന്‍റെ 94 ാം വയസ്സിലായിരുന്നു മഹാന്‍റെ വിയോഗം.
Be the first to comment