ദുബൈ: പ്രവാസികൾക്ക് ആശ്വാസമായി ടിക്കറ്റ് നിരക്കിൽ കുറവ് വരുത്തി ഇന്ത്യൻ ബജറ്റ് വിമാനക്കമ്പനിയായ ഇൻഡിഗോ എയർലൈൻസ്. ഇന്ധന ചാർജ് കുറയ്ക്കാനുള്ള തീരുമാനമാണ് ടിക്കറ്റ് നിരക്ക് കുറയാൻ കാരണമായത്. ഡൽഹി, മുംബൈ, കേരളത്തിന്റെ ചില ഭാഗങ്ങളിലേക്ക് നിലവിൽ ടിക്കറ്റ് നിരക്ക് 400 ദിർഹത്തിൽ താഴെയായി.
ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ (എടിഎഫ്) വില അടുത്തിടെ കുറച്ചതിന് ശേഷം ഇന്ധന ചാർജ് നീക്കം ചെയ്യാനുള്ള തീരുമാനം വ്യാഴാഴ്ചയാണ് ബജറ്റ് എയർലൈൻ പ്രഖ്യാപിച്ചത്. ‘ഞങ്ങളുടെ നിരക്കുകളും അവയുടെ ഘടകങ്ങളും ക്രമീകരിക്കുന്നത് ഞങ്ങൾ തുടരുമെന്ന് എയർലൈൻ ഒരു പത്രക്കുറിപ്പിൽ പറഞ്ഞു.
ഇന്ധന നിരക്കുകൾ റദ്ദാക്കിയതിനാൽ ടിക്കറ്റ് നിരക്കിൽ 4 ശതമാനം വരെ കുറവുണ്ടായിട്ടുണ്ട്. 2023 ഒക്ടോബറിൽ ആണ് എല്ലാ ആഭ്യന്തര, അന്തർദേശീയ വിമാനങ്ങളിലും ഇന്ധന ചാർജ് വർധിപ്പിച്ചത്. തുടർച്ചയായി നാല് മാസത്തെ എടിഎഫ് വർദ്ധിപ്പിച്ചതിന് ശേഷം എയർലൈൻ ഓരോ ടിക്കറ്റിനും ഏകദേശം 15 ദിർഹം മുതൽ 50 ദിർഹം വരെ ഇന്ധന ചാർജ് ഈടാക്കാൻ തുടങ്ങി. നവംബർ മുതൽ തുടർച്ചയായി മൂന്ന് മാസം എടിഎഫ് വില കുറച്ചത് വിമാനക്കമ്പനികൾക്കും യാത്രക്കാർക്കും ആശ്വാസമായി.
Be the first to comment