ന്യുഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക നയത്തിനെതിരേയും കേന്ദ്ര സര്‍ക്കാരിന്റെ മതം, വംശീയത തുടങ്ങിയവയിലുള്ള അമിത താല്‍പര്യത്തെയും കടന്നാക്രമിച്ച് യു.എസ് സാമ്പത്തിക വിദഗ്ധന്‍ സ്റ്റീവ് ഹാങ്ക്. പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ലാണ് സ്റ്റീവ് ഹാങ്ക് കേന്ദ്ര സര്‍ക്കാരിനെതിരേ തുറന്നടിച്ചത്.
ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല അപ്ലൈഡ് എക്കണോമിക്‌സ് അധ്യാപകനായ ഹാങ്ക്, മുന്‍ യു.എസ് പ്രസിഡന്റ് റൊണാള്‍ഡ് റീഗന്റ് സാമ്പത്തിക ഉപദേശക സമിതി അംഗമായിരുന്നു.
2020ല്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച അഞ്ച് ശതമാനത്തിലെത്തിക്കാന്‍ പാടുപെടേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. 2020ല്‍ വളര്‍ച്ച അഞ്ച് ശതമാനത്തില്‍ എത്തിക്കാന്‍ തന്നെ ഇന്ത്യ കഷ്ടപ്പെടും. കഴിഞ്ഞ പാദങ്ങളിലെ തുടര്‍ച്ചയായ ഇടിവ് സൂചിപ്പിക്കുന്നത് ഇതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഫലപ്രദമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ താല്‍പര്യം കാണിക്കുന്നില്ല. മതം, വംശീയത എന്നിവയിലാണ് സര്‍ക്കാറിന് താല്‍പര്യം. അപകടം പിടിച്ച കോക്ടെയില്‍ ആണ് സര്‍ക്കാര്‍ പരീക്ഷിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ പൊലിസ് രാജ് എന്ന നിലയിലേക്കാണ് ഇന്ത്യ പോകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യയില്‍ വായ്പയെടുക്കുന്നവരുടെ എണ്ണം കൂടുന്നു. തിരിച്ചടവ് കുറയുന്നു. ബാങ്കുകളില്‍ കിട്ടാക്കടം പെരുകുകയുമാണ്. വായ്പാ ഇടപാടുകള്‍ ചുരുങ്ങിയതാണ് ഇന്ത്യയിലെ സാമ്പത്തിക മാന്ദ്യത്തിന്റെ ഒരു കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആറ് വര്‍ഷത്തെ ഏറ്റവും വലിയ ജി.ഡി.പി ഇടിവിലാണ് ഇന്ത്യ. എന്നിട്ടും ലോകത്തെ അതിവേഗ വളര്‍ച്ചയുള്ള രാജ്യമാണ് തങ്ങളെന്നാണ് ഇന്ത്യ അവകാശപ്പെടുന്നതെന്നും അദ്ദേഹം പരിഹസിച്ചു. ഗ്രാമീണ മേഖലയിലെ കുടുംബങ്ങളിലെ സാമ്പത്തിക പ്രശ്നവും തൊഴിലവസരങ്ങള്‍ ഇല്ലാതായതുമാണ് ഇന്ത്യയെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Be the first to comment