ജിദ്ദ: മദീന മേഖലയില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 35 ലേറെ മരണം. ഹിജ്‌റ റോഡില്‍ മദീനക്ക് 180 കിലോ മീറ്റര്‍ അകലെ അല്‍ അഖല്‍ ഗ്രാമത്തില്‍ ഇന്ത്യന്‍ സമയം രാത്രി 9.30ഓടെയാണ് അപകടം. മദീനയില്‍ നിന്ന് മക്കയിലേക്ക് പോകുന്ന ബസ് എതിരെ വന്ന മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഏഷ്യന്‍, സ്വദേശി പൗരന്‍മാരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ഇന്തോനേഷ്യന്‍ തീര്‍ഥാടകരാണ് ബസില്‍ കുടുതലുമെന്നാണ് അനൗദ്യോഗിക വിവരം.
അപകടത്തില്‍ ബസ് പൂര്‍ണമായും കത്തിനശിച്ചു. 50 പേര്‍ ബസിലുണ്ടായിരുന്നു. വിവിധ രാജ്യക്കാരായ ഉംറ തീര്‍ഥാടകരും ബസിലുണ്ടായിരുന്നു. അഞ്ച് പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരെ വാദി ഫറഅ്, അല്‍ഹംന ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. അപകടമുണ്ടായ ഉടനെ പരിസരത്തെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. സിവില്‍ ഡിഫന്‍സ്, പൊലീസ്, റോഡ് സുരക്ഷ വിഭാഗം രക്ഷാപ്രവര്‍ത്തനത്തിന് സ്ഥലത്തെത്തിയിരുന്നു. അപകടം സംബന്ധിച്ച് അന്വേഷണം തുടങ്ങി.
Be the first to comment