തെഹ്‌റാന്‍: കഴിഞ്ഞ ദിവസനേരിട്ട് ആക്രമണങ്ങള്‍ക്ക് തിരിച്ചടിക്കാന്‍ കോപ്പു കൂട്ടുന്ന ഇസ്‌റാഈലിന് താക്കീതുമായി ഇറാന്‍. ഇപ്പോള്‍ നടത്തിയത് വെറും സാമ്പിള്‍ മാത്രമാണെന്നും തിരിച്ചടിക്കാന്‍ മുതിര്‍ന്നാല്‍ ശരിയായ മറുപടി നല്‍കുമെന്നുമാണ് മുന്നറിയിപ്പ്.
ഇസ്‌റാഈലിന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പരിമിതമായ തോതില്‍ മാത്രമാണ് മിസൈല്‍ ആക്രമണം നടത്തിയത്. എന്നാല്‍, ഇസ്‌റാഈല്‍ പ്രത്യാക്രമണം നടത്തിയാല്‍ വലിയ രീതിയിലുള്ള തിരിച്ചടിയുണ്ടാവും- മേജര്‍ ജനറല്‍ മുഹമ്മദ് ബാഗരി പറഞ്ഞു. ഇസ്‌റാഈലിന്റെ മിലിറ്ററി ഇന്‍ഫ്രാസ്‌ടെക്ചര്‍, മൊസാദ് രഹസ്യാന്വേഷണ കേന്ദ്രം, നേവാറ്റിം എയര്‍ബേസ്, ഹാറ്റ്‌സോര്‍ എയര്‍ബേസ്, റഡാര്‍ ഇന്‍സ്റ്റലേഷനുകള്‍ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്മാഈല്‍ ഹനിയ്യ, ഹസന്‍ നസ്‌റുല്ല, അബ്ബാസ് നില്‍ഫോര്‍ഷന്‍ എന്നിവരെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരമാണ് തങ്ങള്‍ ചെയ്യുന്നതെന്നും ഇറാന്‍ അറിയിച്ചു.
ഇസ്മാഈല്‍ ഹനിയ്യയുടെ കൊലപാതകത്തിന് ശേഷം ഞങ്ങള്‍ സംയമനം പാലിക്കുകയായിരുന്നു. തുടര്‍ന്ന് ഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കണമെന്ന് അമേരിക്കയില്‍ ഉള്ളവരോടും യുറോപ്യന്‍ രാജ്യങ്ങളുടെ പ്രതിനിധികളോടും നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. ഹസന്‍ നസ്‌റുല്ലയുടെയും കമാന്‍ഡര്‍ നില്‍ഫോര്‍ഷന്റേയും കൊലപാതകങ്ങള്‍ തിരിച്ചടി അനിവാര്യമാക്കി- സൈനിക മേധാവി പറഞ്ഞു.
കഴിഞ്ഞ രാത്രിയായിരുന്നു ഇസ്‌റാഈലിന് നേരയുള്ള ഇറാന്റെ മിസൈല്‍ ആക്രമണം. 180ലധികം മിസൈലുകളാണ് ഇറാന്‍ അയച്ചത്. ഇസ്രായേലിനുനേരെ ഇറാന്‍ മിസൈല്‍ ആക്രമണത്തിനു തയാറെടുക്കുന്നതായി അമേരിക്ക മുന്നറിയിപ്പ് നല്‍കിയതിനു തൊട്ടുപിന്നാലെയാണ് ഇറാന്റെ അപ്രതീക്ഷിത തിരിച്ചടിയുണ്ടായത്.
Be the first to comment