‘ഇത് ഇസ്ലാമിക ഗ്രാമം, ഇവിടെ അമുസ്ലിംകള്‍ക്ക് പ്രവേശനമില്ല’ എന്ന ബോര്‍ഡുകള്‍ മലപ്പുറത്തുണ്ട്’; ജില്ലയ്‌ക്കെതിരെ നുണക്കഥയുമായി എഴുത്തുകാരന്‍, പരാതി നല്‍കി യൂത്ത് ലീഗ്

കോഴിക്കോട്: മലപ്പുറം ജില്ലയ്‌ക്കെതിരേ നുണക്കഥയുമായി സംഘ്പരിവാര്‍ സഹയാത്രികനായ എഴുത്തുകാരന്‍ സന്ദീപ് ബാലകൃഷ്ണ്‍. ഇത് ഇസ്ലാമിക ഗ്രാമം, ഇവിടെ ശരീഅത്ത് നിയമം, അമുസ്ലിംകള്‍ക്ക് പ്രവേശനമില്ല എന്നെല്ലാം എഴുതിയ കൂറ്റന്‍ ബോര്‍ഡുകള്‍ മലപ്പുറത്തുണ്ടെന്നുള്‍പ്പെടെയുള്ള കല്ലുവച്ച നുണകളാണ് ജില്ലയ്‌ക്കെതിരെ സന്ദീപ് ബാലകൃഷ്ണന്‍ പറഞ്ഞിരിക്കുന്നത്. മലപ്പുറം ജില്ലയെയും ഇവിടത്തെ ജനങ്ങളെയും അപകീര്‍ത്തിപ്പെടുത്തു വിധം TRS Clips എന്ന യൂട്യൂബ് ചാനലില്‍ ആണ് ധര്‍മ ഡിസ്പാച്ച് ചീഫ് എഡിറ്ററും സംഘ്പരിവാര്‍ ചരിത്രകാരനുമായ സന്ദീപ് ബാലകൃഷ്ണന്‍ പച്ചക്കള്ളം പ്രചരിപ്പിച്ചത്.  ഇന്ത്യന്‍ മുസ്ലിംകളെ കുറിച്ചുള്ള യാഥാര്‍ത്ഥ്യം ചര്‍ച്ച ചെയ്യുന്നു എന്ന തലക്കെട്ടോടെ 12.03.2024ന് യൂട്യൂബില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് വിവാദ പരാമര്‍ശം നടത്തുന്നത്.
കേരളത്തിലെ മലപ്പുറത്ത് ഒരു ഗ്രാമമുണ്ട്. ആ ഗ്രാമത്തില്‍ പ്രവേശിക്കുമ്പോള്‍ കൂറ്റന്‍ ബോര്‍ഡ് കാണാം. ഇതൊരു ഇസ്‌ലാമിക ഗ്രാമമാണ്. ഇസ്‌ലാമിക നിയമമാണ് ഇവിടെ പ്രാബല്യത്തിലുള്ളത് എന്നാണ് അതില്‍ എഴുതിയത്. മുസ്ലിംകളല്ലാത്തവര്‍ ഇവിടേക്ക് വരുന്നത് നിരുത്സാഹപ്പെടുത്തുന്നു. ഇന്ത്യന്‍ ഭരണഘടനയ്ക്ക് കീഴിലുള്ള സ്ഥലത്ത്, ഇന്ത്യന്‍ മണ്ണിലാണ് ഈ ബോര്‍ഡുള്ളത്. ചരിത്രം മനസ്സാലാക്കാതെ നിങ്ങള്‍ എങ്ങനെ ഇത് വിശദീകരിക്കും. എന്നാണ് സന്ദീപ് അഭിമുഖത്തില്‍ ആരോപിക്കുന്നത്. അഭിമുഖത്തിന്റെ ക്ലിപ്പ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലടക്കം വ്യാപകമായി സംഘ്പരിവാര്‍ പ്രചരിപ്പിച്ച് വരികയാണ്. അതേസമയം, പ്രസ്തുത ഗ്രാമം എവിടെയാണെന്നോ ഈ ഗ്രാമത്തിന്റെ പേര് എന്താണെന്നോ ഇദ്ദേഹത്തിന് പറയാന്‍ കഴിയുന്നില്ല.
മാര്‍ച്ച് 12ന് പോസ്റ്റ് ചെയ്ത വീഡിയോക്ക് ഇതിനകം ലക്ഷക്കണക്കിന് വ്യൂവേഴ്‌സിനെ ലഭിച്ചു. മലപ്പുറത്തെ കുറിച്ചുള്ള വ്യാജപ്രചാരണത്തെ വിമര്‍ശിച്ച് നിരവധിപേര്‍ വീഡിയോക്ക് താഴെ തന്നെ നിരവധി കമന്റും ഉണ്ട്. മലപ്പുറത്ത് അത്തരമൊരു ഗ്രാമമുണ്ടെന്ന് തെളിയിച്ചാല്‍ ഒരു ലക്ഷം രൂപ നല്‍കാമെന്ന് വെല്ലുവിളിയും കമന്റിലുണ്ട്.
അതിനിടെ, വിപിന്‍ വേണു ആഡ്‌സെകെ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ബീര്‍ബൈസപ്‌സിനെ ടാഗ് ചെയ്ത് സന്ദീപിന്റെ വാദങ്ങള്‍ വ്യാജമാണെന്ന് ഉണര്‍ത്തുന്നുണ്ട്. ഇതിന് റണ്‍വീര്‍ തന്നെ മറുപടിയും നല്‍കി. റണ്‍വീറിന്റെ മറുപടി ഇപ്രകാരമാണ്: 
‘സന്ദീപ് പറയുന്ന പല അഭിപ്രായത്തോടും എനിക്ക് യോജിപ്പില്ല. നിര്‍ഭാഗ്യവശാല്‍ പകുതി മാത്രം നല്‍കുന്നതാണ് സോഷ്യല്‍ മീഡിയയുടെ രീതി. എപ്പിസോഡ് മുഴുവനും ഞാനും സാറും തമ്മിലുള്ള സംവാദമാണ്. ഇതുപോലുള്ള കാഴ്ചപ്പാടുകളെ എതിര്‍ക്കാന്‍ കൂടുതല്‍ വാദപ്രതിവാദങ്ങള്‍ ഓണ്‍ലൈനില്‍ നടത്തേണ്ടതുണ്ട്. ആരും ബുദ്ധിമുട്ടുള്ള സംഭാഷണങ്ങള്‍ നടത്തിയില്ലെങ്കില്‍ നമ്മുടെ രാജ്യത്തിന്റെ ധ്രുവീകരണം തുടരും. നിര്‍ഭാഗ്യവശാല്‍ ഇതുപോലുള്ള ക്ലിപ്പുകള്‍ വിവാദ സംഭാഷണങ്ങള്‍ പോഡ്കാസ്റ്റില്‍ നടത്തുന്നതിന്റെ ഫലമാണ്. എല്ലാ മതങ്ങളോടും സ്‌നേഹം, എല്ലാ മനുഷ്യരോടും സ്‌നേഹം.
സംഭവത്തില്‍ സന്ദീപിനെതിരെ നിയമനടപടി ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് ശരീഫ് കുറ്റൂര്‍ പോലീസില്‍ പരാതി നല്‍കി. നുണ മെനഞ്ഞുണ്ടാക്കി അത് സാമൂഹ്യ മാധ്യമങ്ങളിലൂടെ രാജ്യമൊട്ടുക്കും പ്രചരിപ്പിച്ച് ഒരു ജില്ലയേയും ഒരു സമുദായത്തെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് യൂത്ത് ലീഗ് പരാതിയിലൂടെ ആവശ്യപ്പെട്ടു. വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്കെതിരെ യാതൊരു കാലതാമസവും കൂടാതെ സ്വമേധയാ തന്നെ കേസ് രജിസ്റ്റര്‍ ചെയ്ത് നിയമനടപടികളുമായി മുന്നോട്ട് പോകണമെന്ന സുപ്രീം കോടതി ഉത്തരവ് എല്ലാ സംസ്ഥാന സര്‍ക്കാറുകള്‍ക്കും ഇതിനകം നല്‍കിയിട്ടുണ്ട്. അത്‌കൊണ്ട് കേരള സംസ്ഥാനത്തെ ഒരു ജില്ലക്കെതിരെ നടത്തിയ ഈ പരാമര്‍ശത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

About Ahlussunna Online 1301 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*