ഒറ്റരാത്രിയിലെ പെരുമഴ ബാക്കിയാക്കിയ ഉരുൾപാച്ചിലിൽ അനാഥരാക്കപ്പെട്ട ഒരുപാട് മനുഷ്യർക്ക് അന്തിയുറങ്ങാനുള്ള സ്‌നേഹഭവനങ്ങൾക്ക് വയനാട്ടിൽ ശിലയിട്ടു. ദുരന്തം ജീവിതത്തിൽ ഇരുൾവീഴ്ത്തി എട്ട് മാസങ്ങൾക്കുശേഷമാണ് വീടെന്ന സ്വപ്‌നത്തിലേക്കുള്ള ചുവടുവയ്പ്പെങ്കിലും അതിജീവനത്തിന്റെ വിജയഗാഥ തന്നെയാണിത്. ചേർത്തുപിടിക്കലിന്റെ, കരുതലിന്റെ, കനിവിന്റെയൊക്കെ സ്‌നേഹസ്പർശമുണ്ട് ഈ ശിലയിൽ. ഇന്നലെ വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയനാണ് കൽപ്പറ്റക്കടുത്ത എൽസ്റ്റൺ എസ്‌റ്റേറ്റിൽ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്കുള്ള പട്ടണസമുച്ചയത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്. ഇനിയൊരിക്കലും തിരികെ കിട്ടില്ലെന്ന് കരുതിയ പഴയജീവിതം പതുക്കെയെങ്കിലും തിരിച്ചുവരുന്നതിന്റെ ആശ്വാസമുഖങ്ങളായിരുന്നു ശിലാസ്ഥാപന സദസിൽ കാണാനായത്. മുണ്ടക്കൈയിലും ചൂരൽമലയിലും പുഞ്ചിരിമട്ടത്തും ജീവിച്ചപോലെത്തന്നെ അതേ അയൽക്കാരും സുഹൃത്തുക്കളുമായി ടൗൺഷിപ്പിലും വേർപിരിയാതെ ഒന്നിച്ചുജീവിക്കാൻ സാധിക്കുമെന്ന വലിയൊരു സൗഹൃദ സ്വപ്‌നത്തിനുകൂടിയാണ് മുഖ്യമന്ത്രി ഇന്നലെ ശിലപാകിയത്.
ശിലാസ്ഥാപന ചടങ്ങിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയ കേന്ദ്ര അവഗണനയെ നിസാരമായി കാണാനാവില്ല. ഒരു ഫെഡറൽ സംവിധാനം നിലനിൽക്കുന്ന രാജ്യത്ത് ബി.ജെ.പി നിയന്ത്രിക്കുന്ന മോദിസർക്കാർ വയനാട്ടിലെ ദുരിതബാധിതരുടെ കാര്യത്തിൽ കൈക്കൊണ്ട നിലപാട് മനുഷ്യത്വപരമല്ലെന്ന കാര്യത്തിൽ തർക്കമില്ല. ദുരന്തമുണ്ടായതിന്റെ പത്താംനാൾ, മോദി വയനാട് സന്ദർശിച്ച് ദുരന്ത തീവ്രത കണ്ടറിഞ്ഞതാണ്. ‘ഒപ്പമുണ്ട്’ എന്ന് പ്രഖ്യാപിച്ചാണ് അദ്ദേഹം തിരിച്ചുപോയത്. എന്നാൽ കേന്ദ്രസർക്കാരിൽനിന്ന് ആശ്വാസത്തിന്റെ കണികപോലുമുണ്ടായില്ല എന്നത് ഖേദകരം തന്നെയാണ്. അതിതീവ്ര ദുരന്തമുണ്ടായാൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് കേന്ദ്രസർക്കാർ അർഹിക്കുന്ന നഷ്ടപരിഹാരം നൽകുന്നതാണ് പതിവ്. ഉരുൾപൊട്ടലുണ്ടായത് ജൂലൈ 30ന് ആണെങ്കിൽ, ഓഗസ്റ്റ് 17നുതന്നെ കേരളം ആദ്യത്തെ മെമ്മോറാണ്ടം കേന്ദ്രത്തിന് നൽകി. വിദഗ്ധർ തയാറാക്കിയ വിശദ പി.ഡി.എൻ.എ റിപ്പോർട്ടും നിശ്ചിത കാലാവധിക്കുമുൻപ് സമർപ്പിച്ചു. എന്നാൽ കേന്ദ്രസർക്കാരിൽനിന്ന് ഇനിയും സഹായം ലഭ്യമായിട്ടില്ലെന്നതാണ് വസ്തുത. കോടതികളുടെ രൂക്ഷവിമർശനത്തിനൊടുവിൽ കേന്ദ്രം അനുവദിച്ച തുകയാകട്ടെ വായ്പാ കണക്കിലുമാണ്. എങ്കിലും അവഗണനയിലും ആശ്വാസമാകുന്ന യഥാർഥ കേരള സ്‌റ്റോറി കാണാതിരുന്നുകൂടാ.
ഉരുൾ തകർത്തവരുടെ ജാതിയോ മതമോ രാഷ്ട്രീയമോ നിറമോ നോക്കാതെ എട്ട് മാസമായി അതിജീവനത്തിനായി കേരളം കൈകോർക്കുകയായിരുന്നു. ഇതിനേറ്റവും വലിയ തെളിവാണ് സർക്കാർ ശിലയിടും മുമ്പ് അവിടെ ഉയർന്ന സ്‌നേഹഭവനങ്ങൾ. സർക്കാരിനുമുമ്പെ സഹജീവികൾക്ക് സമസ്തയും കെ.എം.സി.സിയും വിവിധ ഫൗണ്ടേഷനുകൾ ഉൾപ്പെടെയുള്ള സന്നദ്ധ, സമുദായ സംഘടനകളും 103 വീടുകളാണ് വയനാട്ടിൽ നിർമിച്ചിരിക്കുന്നത്. പല വീടുകളും അതിജീവിതർക്ക് കൈമാറുകയോ നിർമാണത്തിന്റെ അവസാന ഘട്ടത്തിലോ ആണ്. വെള്ളമുണ്ട കട്ടയാട് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ലാഘടകത്തിന്റെ നേതൃത്വത്തിൽ മൂന്ന് വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്. തൃക്കൈപ്പറ്റയിൽ സമസ്തയുടെ തമിഴ്‌നാട് ഘടകത്തിന്റെ 15 വീടുകളുടെയും കമ്യൂണിറ്റി ഹാളിൻ്റെയും നിർമാണം ഉടൻ പൂർത്തിയാകും. ഇതിന് പുറമെ വീടുകൾ പ്രഖ്യാപിച്ച പല മത-രാഷ്ട്രീയ-സാമൂഹിക സംഘടനകളും പ്രഖ്യാപിക്കപ്പെട്ട വീടുകളുടെ നിർമാണത്തിലേക്ക് കടന്നിട്ടുണ്ട്. ഇവയൊക്കെ കാണുമ്പോൾ ഒന്നുറപ്പിക്കാം; ദുരന്തബാധിതർക്കൊപ്പം ഇനിയുമുണ്ടാകും കാരുണ്യത്തിന്റെ കൈകോർക്കൽ എന്ന് .
402 കുടുംബങ്ങൾക്കാണ് മേപ്പാടിയിൽ സർക്കാർ വാസസ്ഥലം ഒരുക്കുന്നത്. വാസയോഗ്യമാണെങ്കിലും ദുരന്തമേഖലയിൽ ഒറ്റപ്പെട്ടുപോയ 73 കുടുംബങ്ങളെക്കൂടി ഉൾപ്പെടുത്തിയാണ് ടൗൺഷിപ്പ് നിർമിക്കുന്നത്. ഒന്നാംഘട്ട പട്ടികയിൽ താമസസ്ഥലം പൂർണമായും നഷ്ടമായി മറ്റെവിടെയും വീടില്ലാത്ത 242 കുടുംബങ്ങളാണുള്ളത്. വാസയോഗ്യമല്ലാത്ത ഇടങ്ങളിൽ വീടുള്ളവരാണ് രണ്ടാംഘട്ട പട്ടിക എ ലിസ്റ്റിലുള്ള 87 കുടുംബങ്ങൾ. ദുരന്തമേഖലയിൽ ഒറ്റപ്പെട്ട കുടുംബങ്ങളെ നിശ്ചയിച്ച ബി ലിസ്റ്റിൽ അപ്പീൽ സ്വീകരിക്കാനുള്ള അവസരവും നൽകിയിട്ടുണ്ട്.
സർക്കാരിന് മുമ്പിലുള്ള ഏറ്റവും വലിയ വെല്ലുവിളി പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുക എന്നത് തന്നെയാണ്. ഓരോ ദിവസവും എണ്ണയിട്ട യന്ത്രംപോലെ സർക്കാർ സംവിധാനങ്ങൾ പ്രവർത്തിച്ചാൽ മാത്രമേ ലക്ഷ്യത്തിലെത്തിച്ചേരാനാകൂ. വീടു മാത്രമല്ല, ദുരന്തബാധിതരുടെ സമഗ്ര പുനരധിവാസമെന്ന വലിയ കടമ്പയും കേരളത്തിന് മുമ്പിലുണ്ട്. 2,221 കോടി രൂപയാണ് പുനരധിവാസത്തിനു വേണ്ടത്. കേന്ദ്രസഹായം ഇനിയും ലഭിച്ചില്ലെങ്കിൽ പദ്ധതിയെ പ്രതികൂലമായി ബാധിക്കും. ഇതിനുള്ള ഇടപെടലുകൾ രാഷ്ട്രീയഭേദമന്യേ ഉണ്ടാവേണ്ടതുണ്ട്.
ടൗൺഷിപ്പിനുള്ള ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ചുള്ള ആശങ്കയും നിയമക്കുരുക്കും തീർന്നിട്ടില്ല. ഇതിന്റെ കുരുക്കഴിക്കലാണ് ആദ്യം വേണ്ടത്. എൽസ്റ്റൺ എസ്‌റ്റേറ്റ് ഏറ്റെടുക്കാമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു. ഹൈക്കോടതിയിൽ തീർപ്പുവന്നാലും വീണ്ടും ഉന്നത നീതിപീഠത്തിലേക്ക് നിയമവഴി നീണ്ടേക്കാം. ഇതെല്ലാം മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങളിലൂടെയായിരിക്കണം സർക്കാർ നീങ്ങേണ്ടത്. ഇനിയും കാത്തിരിക്കാൻ ദുരിതബാധിതർക്കാവില്ല. വാടക വീട്ടിൽനിന്ന് സ്വന്തം വീടിന്റെ സ്വാതന്ത്ര്യത്തിലേക്കും ആശ്വാസത്തിലേക്കും അവർക്ക് എത്രയും പെട്ടെന്ന് മാറണം. എങ്കിലേ ഉരുൾ നിശ്ചലമാക്കിയ ജീവിതം ചലിച്ചുതുടങ്ങൂ. പലർക്കും പുതിയ തൊഴിൽ കണ്ടെത്തണം, തുടർപഠനം നടക്കണം. ഇതൊക്കെ നിർവഹിക്കണമെങ്കിൽ ആദ്യം വേണ്ടത്, ഒരു വീടിന്റെ തണലാണ്.
സുമനസുകളുടെ സഹായത്തോടെ ഒരുമയുള്ള കേരളം വളരെ വേഗത്തിൽ പ്രതിബന്ധങ്ങൾ അതിജീവിക്കുക തന്നെ ചെയ്യും. പ്രതിസന്ധിയുടെ മുന്നിൽ തളർന്നിരിക്കലല്ല, അതിജീവനത്തിന്റെ വഴികൾ തേടുകയാണ് ഒരു പരിഷ്‌കൃത സമൂഹത്തിന്റെ കടമയെന്ന് തെളിയിക്കുകയാണ് വയനാട്ടിലെ ശിലാസ്ഥാപനം.
2024 ജൂലൈ 30ന് മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ഉരുൾപൊട്ടലിൽ നാനൂറിലേറെ പേരാണ് മരിച്ചത്. 32 പേർ ഇപ്പോഴും മണ്ണടരുകൾക്ക് താഴെ ജീവനറ്റുകിടക്കുകയാണ്. ഏത് ദുരന്തമുഖത്തുനിന്നും കേരളം അതിജീവിക്കുമെന്ന ഉണർത്തുപാട്ടാണ് ഇന്നലെ വയനാട്ടിൽനിന്ന് നമ്മൾ ഒരിക്കൽകൂടി കേട്ടത്.
Be the first to comment