മനാമ: നാട്ടില്‍ നിന്നും ബഹ്‌റൈനിലേക്കുള്ള ടിക്കറ്റ് നിരക്ക് ഗള്‍ഫ് എയര്‍ കുറച്ചു. നിലവില്‍ കോഴിക്കോട് നിന്ന് 174 ദിനാര്‍, കൊച്ചിയില്‍നിന്ന് 172 ദിനാര്‍ എന്നിങ്ങിനെയാണ് ഗള്‍ഫ് എയറിന്റെ ടിക്കറ്റ് നിരക്ക്.

ഇത് എയര്‍ ഇന്ത്യയേക്കാള്‍ കുറഞ്ഞ നിരക്കാണെന്നും 200 ദിനാറോളമാണ് എയര്‍ ഇന്ത്യ ഇപ്പോള്‍ ഈടാക്കുന്നതെന്നും ട്രാവല്‍സ് മേഖലയിലുള്ളവര്‍ ഇവിടെ സുപ്രഭാതത്തോട് പറഞ്ഞു.

ദുബൈ വഴി ബഹ്‌റൈനിലേക്ക് എമിറേറ്റ്സ്, ഫ്‌ലൈദുബൈ എന്നിവ കുറഞ്ഞ നിരക്കില്‍ യാത്രക്കാരെ കൊണ്ടുവരാന്‍ തുടങ്ങിയതോടെയാണ് ഗള്‍ഫ് എയറും ടിക്കറ്റ് നിരക്ക് കുറച്ചതെന്നാണ് കരുതുന്നത്.

സമീപ ദിവസങ്ങളില്‍ ഗള്‍ഫ് എയറിന്റെ നിരക്ക് കോഴിക്കോട് നിന്ന് 252 ദിനാറും കൊച്ചിയില്‍നിന്ന് 248 ദിനാറുമായിരുന്നു.

എയര്‍ ബബ്ള്‍ പ്രകാരമുള്ള വിമാനങ്ങളില്‍ അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്നുവെന്ന ആക്ഷേപം ശക്തമായപ്പോള്‍ ഗള്‍ഫ് എയര്‍ ഈടാക്കിയിരുന്നത് 400 ദിനാറിന് മുകളിലായിരുന്നു. ഇതാണിപ്പോള്‍ 200 ദിനാറിന് താഴേക്ക് കുറച്ചിരിക്കുന്നത്. കേരളത്തോടൊപ്പം ഇന്ത്യയിലെ മറ്റു നഗരങ്ങളില്‍നിന്നുള്ള നിരക്കുകളിലും കുറവ് വരുത്തിയിട്ടുണ്ട്.

അതേ സമയം എമിറേറ്റ്സിനു പിറകെ, ഫ്‌ലൈദുബൈ ഇന്ത്യയില്‍നിന്ന് കുറഞ്ഞ നിരക്കില്‍ യാത്രക്കാരെ കൊണ്ടുവരാന്‍ തുടങ്ങിയെങ്കിലും ദുബൈ വഴിയുള്ള യാത്രക്കാര്‍ക്ക് ദുബൈ വിസ വേണമെന്ന നിബന്ധന യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. അതേ സമയം ബഹ്‌റൈനിലേക്കുള്ള എമിറേറ്റ്‌സ് യാത്രക്കാര്‍ക്ക് ദുബൈ വിസയുടെ ആവശ്യമില്ല.

എങ്കിലും 96 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് പി.സി.ആര്‍ ടെസ്റ്റ് നെഗറ്റിവ് ഫലം കയ്യില്‍ കരുതണമെന്ന നിബന്ധന ദുബൈവഴിയുള്ള എല്ലാ വിമാന കന്പനികളും നിര്‍ബന്ധമാക്കിയിട്ടുണ്ട്.

കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് നാട്ടിലേക്കുപോയ പ്രവാസികളില്‍ നിരവധി പേര്‍ ഇനിയും തിരിച്ചെത്താനുണ്ട്. ഇവര്‍ക്ക് ഗള്‍ഫ് എയറിന്റെ പുതിയ നിരക്ക് വലിയ ആശ്വാസമാണ്.

അതേ സമയം ബഹ്‌റൈനിലെത്തുന്ന യാത്രക്കാര്‍ രണ്ടു ഘട്ടങ്ങളിലായി നടത്തേണ്ട കൊവിഡ് ടെസ്റ്റുകള്‍ക്കായി 30 ദിനാര്‍ വീതം എയര്‍പോര്‍ട്ടില്‍ അടക്കണമെന്ന നിര്‍ദേശത്തിന് മാറ്റമൊന്നുമില്ല. ഇപ്രകാരം 60 ദിനാര്‍ എയര്‍പോര്‍ട്ടില്‍ അടച്ചാല്‍ മാത്രമേ യാത്രക്കാരെ പുറത്തുകടക്കാന്‍ അനുവദിക്കുകയുള്ളൂ.

Be the first to comment