ബ്രസീലിയ: ആമസോണ്‍ കാടുകള്‍ക്ക് തീപിടിച്ച സാഹചര്യത്തില്‍ രാജ്യത്തെ കാര്‍ഷിക ഭൂമി ഉള്‍പ്പെടെയുള്ളവയില്‍ തീയിടുന്നതിന് ബ്രസീല്‍ സര്‍ക്കാരിന്റെ നിരോധനം. ഇതുസംബന്ധിച്ച ഉത്തരവില്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സനാരോ ഒപ്പുവച്ചു. ആഗോള പ്രതിഷേധത്തിന് കാരണമായ ആമസോണ്‍ തീപിടിത്തം ഭാവിയില്‍ ഒഴിവാക്കാന്‍ രാജ്യം ശക്തമായ നീക്കത്തിലാണ്.
ലോകത്തിലെ ഏറ്റവും വലിയ മഴക്കാടുകളെയാണ് തീ വിഴുങ്ങിയത്. ആഗോള കാലാവസ്ഥയെപോലും ഗുരുതരമായി ബാധിക്കുന്നതാണ് തീപിടിത്തം. ഇക്കാര്യത്തില്‍ ബ്രസീല്‍ സര്‍ക്കാര്‍ സ്വീകരിച്ച അലസ നടപടി വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഇതേതുടര്‍ന്നാണ് ശക്തമായ നീക്കവുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്. ബ്രസീലുമായുള്ള നയതന്ത്ര ബന്ധത്തിന് പുനരാലോചിക്കുമെന്ന തരത്തിലുള്ള നിലപാട് യൂറോപ്യന്‍ യൂനിയന്‍ സ്വീകരിച്ചതോടെ വ്യാപാര മേഖലയില്‍ പോലും തിരിച്ചടി നേരിട്ടേക്കുമെന്ന ആശങ്കയിലാണ് അവര്‍.
തുടര്‍ന്നാണ് കാര്‍ഷിക വൃത്തിക്കായി ഭൂമി ഒരുക്കുന്നതിന്റെ ഭാഗമായി കാട് കത്തിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. വനവല്‍ക്കരണ നടപടികളില്‍ സജീവമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
ഇതിനിടയില്‍ സര്‍ക്കാരിനെതിരേയും പ്രസിഡന്റ് ബോല്സനാരോക്കെതിരേയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശം പിന്‍വലിക്കണമെന്ന് ബ്രസീല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാക്രോണ്‍ തന്റെ പരാമര്‍ശം പിന്‍വലിക്കുകയാണെങ്കില്‍ ജി-7 രാജ്യങ്ങള്‍ നല്കുന്ന 20 മില്യന്‍ ഡോളറിന്റെ സാമ്പത്തിക സഹായം സ്വീകരിക്കുമെന്ന് ബ്രസീല്‍ അറിയിച്ചിരുന്നു
Be the first to comment