യൂറോപ്പ്: ഒരു മൂന്നാം ലോക മഹായുദ്ധത്തിനുള്ള സാധ്യതകളെ കുറിച്ച ആശങ്കകള്‍ വ്യാപിക്കുന്നതോടൊപ്പം ആണവ യുദ്ധത്തിന്റെ നിഴലിലാണ് യൂറോപ്പ്. തങ്ങളുടെ ആണവനയം റഷ്യ തിരുത്തിയതിന് പിന്നാലെയാണ് യൂറോപ്പ് ആണവയുദ്ധത്തിന്റെ ഭീതിയിലാഴ്ന്നിരിക്കുന്നത്. ഭക്ഷണമുള്‍പെടെ അവശ്യ സാധനങ്ങള്‍ തയ്യാറാക്കി വെക്കാന്‍ പല രാജ്യങ്ങളും തങ്ങളുടെ പൗരന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.
ചൊവ്വാഴ്ചയാണ് തങ്ങളുടെ അണ്വായുധങ്ങള്‍ ഉപയോഗിക്കാനുള്ള നയങ്ങള്‍ മയപ്പെടുത്തി പുടിന്‍ ഉത്തരവിറക്കിയത്. ഇതിന് പിന്നാലെ ഉക്രൈന്‍ അമേരിക്കന്‍ നിര്‍മിത മിസൈലുകള്‍ റഷ്യയ്ക്ക് നേരെ പ്രയോഗിച്ചതും നാറ്റോ രാജ്യങ്ങളടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളെ വിറപ്പിച്ചിട്ടുണ്ട്.
പല യൂറോപ്യന്‍ രാജ്യങ്ങളും തങ്ങളുടെ പൗരന്‍മാര്‍ക്ക് എങ്ങനെ ആണവയുദ്ധത്തെ നേരിടാം എന്നത് കുറിച്ച് ലഘുലേഖകളും കൈമാറിയിതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആണവയുദ്ധത്തിന്റെ മുന്നറിയിപ്പ് വന്നാല്‍ ഉടന്‍ സുരക്ഷിതമായ ഇടത്ത് അഭയം തേടാനാണ് സ്വീഡന്‍ തങ്ങളുടെ പൗരന്മാരോട് പറയുന്നത്. ഓരോ വീടുകളിലേക്കും സ്വീഡന്‍ ഇതിനോടകം യുദ്ധത്തെ നേരിടാനുള്ള മുന്‍കരുതലുകള്‍ കുറിച്ച ലഘുലേഖകള്‍ അയച്ചുകഴിഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അഞ്ച് തവണയാണ് സ്വീഡന്‍ ഇത്തരം ലഘുലേഖ രാജ്യത്തിലെ എല്ല വീടുകളിലേക്കും അയക്കുന്നത്.
ഒരു സമ്പൂര്‍ണ സായുധ യുദ്ധത്തിനായി ഒരാഴ്ച തയ്യാറെടുത്തിരിക്കാനാണ് പൗരന്മാരോട് നോര്‍വേ അറിയിക്കുന്നത്. രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും ഇ-മെയില്‍ അയച്ചാണ് ഡെന്‍മാര്‍ക്ക് യുദ്ധത്തിക്കുറിച്ച് ജാഗരൂകരാവാന്‍ മുന്നറിയിപ്പ് നല്‍കിയത്. യുദ്ധം പ്രഖ്യാപിച്ചാല്‍ മൂന്ന് ദിവസത്തേക്കുള്ള ഭക്ഷണവും വെള്ളവും മരുന്നും കരുതാന്‍ മെയിലില്‍ പറയുന്നുണ്ട്. ഏത് സംഭവങ്ങളും പ്രശ്‌നങ്ങളും നേരിടാന്‍ സജ്ജരായിരിക്കുകയാണ് തങ്ങളെന്ന് ഔദ്യോഗിക ഓണ്‍ലൈന്‍ ബ്രോഷറില്‍ ഫിന്‍ലന്‍ഡ് കുറിച്ചു. കഴിഞ്ഞ വര്‍ഷമാണ് യു.എസ് നയിക്കുന്ന നാറ്റോ മിലിറ്ററി സംഘത്തില്‍ ഫിന്‍ലന്‍ഡ് അംഗമായത്. സ്വീഡന്‍ ഈ വര്‍ഷം മാര്‍ച്ചിലാണ് ഗ്രൂപ്പില്‍ അംഗമാവുന്നത്.
റഷ്യക്കുള്ളില്‍ യുഎസിന്റെ ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കാന്‍ യുക്രൈന് ദിവസങ്ങള്‍ക്ക് മുന്‍പാണ് അമേരിക്ക അനുമതി നല്‍കിയത്. റഷ്യയുടെ മുന്നറിയിപ്പ് അവഗണിച്ചാണ് ജോ ബൈഡന്‍ മിസൈലുകള്‍ ഉപയോഗിക്കാന്‍ ഉക്രൈന് അനുമതി നല്‍കിയത്. ഇതിന് പിന്നാലെയായിരുന്നു റഷ്യ തങ്ങളുടെ ആണവനയം തിരുത്തിയത്.
ഒരു ആണവശക്തിയുടെ പിന്തുണയോടെയുള്ള ഇതര രാജ്യത്തിന്റെ ആക്രമണം റഷ്യക്കെതിരായ സംയുക്ത ആക്രമണമായി കണക്കാക്കുമെന്നും അണ്വായുധം പ്രയോഗിക്കാന്‍ രാജ്യം നിര്‍ബന്ധിതമാവുമെന്നുമാണ് റഷ്യയുടെ പുതുക്കിയ ആണവനയത്തിലെ പ്രാധാന ഭാഗങ്ങളിലൊന്ന്.
കഴിഞ്ഞദിവസം റഷ്യയ്ക്ക് നേരെ ആറ് അമേരിക്കന്‍ നിര്‍മിത ദീര്‍ഘദൂര മിസൈലുകളാണ് (എടിഎസിഎംഎസ്) ഉക്രൈന്‍ പ്രയോഗിച്ചത്. മിസൈലുകള്‍ റഷ്യ നിര്‍വീര്യമാക്കി. അമേരിക്ക യുദ്ധത്തിലേക്ക് പ്രവേശിച്ചാല്‍ മൂന്നാം ലോകമഹായുദ്ധമെന്ന് റഷ്യന്‍ മുന്നറിയിപ്പിനിടെയാണ് അമേരിക്കയുടെ മിസൈല്‍ പ്രയോഗാനുവാദം. ബ്രയാന്‍സ്‌ക് മേഖലയിലായിരുന്നു ഉക്രൈന്‍ ആക്രമണം നടത്തിയത്. ഉപയോഗിച്ചത് അമേരിക്കന്‍ മിസൈലുകളാണോ എന്ന് ഉക്രൈന്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇവ അമേരിക്കന്‍ മിസൈലുകള്‍ തന്നെയാണെന്നാണ് റഷ്യയുടെ വാദം.
ഉക്രൈന് അമേരിക്കയുടെ ദീര്‍ഘദൂര മിസൈലുകള്‍ റഷ്യയില്‍ പ്രയോഗിക്കാന്‍ നല്‍കിയ അനുമതി യുദ്ധത്തിന്റെ ഗതി മാറ്റുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയിട്ടുണ്ട്. അമേരിക്കയുടേത് എരിതീയില്‍ എണ്ണയൊഴിക്കലാണെന്ന് യു.എസ് നീക്കത്തോട് പ്രതികരിക്കവെ ക്രൈംലിന്‍ അറിയിച്ചിരുന്നു.
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ സംഘര്‍ഷമാണ് ഉക്രൈനും റഷ്യയും തമ്മില്‍ 33 മാസം നീണ്ട യുദ്ധം. 60 ലക്ഷം പേര്‍ അഭയാര്‍ഥികളാക്കപ്പെട്ടു. ഉക്രൈന്‍ ജനത പകുതിയും അഭയാര്‍ഥികളായി. കരയാക്രമണത്തിന് പുടിന്‍ നിര്‍ദേശം നല്‍കിയ ശേഷമാണ് ഉക്രൈനില്‍ അഭയാര്‍ഥി പ്രവാഹം കൂടിയത്.
Be the first to comment