‘അസ്സലാമു അലൈക്കും’- ഭീകരാക്രമണ ശേഷമുള്ള ആദ്യ പാര്‍ലമെന്റ് യോഗത്തില്‍ സമാധാന സന്ദേശം കൈമാറി ജസിന്ത

ക്രൈസ്റ്റ് ചര്‍ച്ച്: ഭീകരാക്രമണത്തിന്റെ ഇരകള്‍ക്കു ഐക്യദാര്‍ഢ്യമായി തട്ടമണിഞ്ഞെത്തി ലോകത്തിന്റെ മനം കവര്‍ന്ന ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്ത ആര്‍ഡന്‍ തന്റെ നിലപാട് വ്യക്തമാക്കി വീണ്ടും. ഭീകരാക്രമണ ശേഷം നടക്കുന്ന ആദ്യ പാര്‍ലമെന്റ് യോഗത്തില്‍ സഹകാരികളെ അസ്സലാമു അലൈക്കും (നിങ്ങള്‍ക്ക് ഏവര്‍ക്കും ദൈവത്തിന്റെ രക്ഷയും സമാധാനവും ഉണ്ടാവട്ടെ) എന്ന് അഭിസംബോധന ചെയ്താണ് ജസിന്ത തന്റെ നിലപാട് വ്യക്തമാക്കിയത്. 50 പേരുടെ ജീവനെടുത്ത ഭീകരനെ പേരില്ലാത്തവന്‍ എന്നാണ് അവര്‍ വിശേഷിപ്പിച്ചത്.

‘ഭീകരാക്രമണത്തില്‍ മരണപ്പെട്ട ഇരകളുടെ പേരാണ് ലോകം വിളിച്ചുപറയേണ്ടത്. അക്രമിയുടെ പേരല്ല’- അവര്‍ പറഞ്ഞു. ന്യൂസിലന്‍ഡ് നിയമത്തിന്റെ സര്‍വ്വശക്തിയും ഉപയോഗിച്ച് അക്രമം നടത്തിയയാളെ നേരിടുമെന്ന് ജസിന്ത ആക്രമണത്തിന്റെ ഇരകള്‍ക്ക് ഉറപ്പു നല്‍കി.

‘അവന്‍ ഒരു ഭീകരനാണ്. കൊടും കുറ്റവാളിയാണ്. അവന്റെ പേര് ഞാന്‍ ഉച്ചരിക്കുന്നത് ഒരിക്കലും നിങ്ങള്‍ കേള്‍ക്കില്ല. ഭീകരന്റെ പേരല്ല, ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ പേര് ഉച്ചരിക്കണമെന്ന് ഞാന്‍ നിങ്ങളോട് അപേക്ഷിക്കുകയാണ്’- അവര്‍ പറഞ്ഞു.

അതിനിടെ, തനിക്ക് അഭിഭാഷകന്‍ വേണ്ടെന്നും സ്വയം വാദിച്ചുകൊള്ളാമെന്നുമുള്ള തീവ്രവാദി ബ്രെണ്ടന്‍ ടെറന്റിന്റെ നിലപാടില്‍ ആശങ്കയുണ്ടെന്ന് ജസിണ്ട കഴിഞ്ഞദിവസം മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ടെറന്റ് അയാളുടെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ പ്രചരിപ്പിക്കാനുള്ള അവസരമായി ഇതിനെ മുതലെടുക്കുമോയെന്നാണ് തന്റെ ആശങ്കയെന്നും അവര്‍ വിശദീകരിച്ചിരുന്നു.

അതാണ് അയാള്‍ ലക്ഷ്യമിടുന്നതെങ്കില്‍ മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ പ്രചരിപ്പിക്കില്ലെന്നാണ് താന്‍ കരുതുന്നതെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.

കഴിഞ്ഞവെള്ളിയാഴ്ചയാണ് ലോകത്തെ ഞെട്ടിച്ച ക്രൈസ്റ്റ്ചര്‍ച്ച് ഭീകരാക്രമണം നടന്നത്. രണ്ടു മുസ്‌ലിം പള്ളികളിലായി സ്ത്രീകളും കുട്ടികളും ഉള്‍പെടെ 50 പേര്‍ കൊല്ലപ്പെട്ടു. നിരപരാധികളുടെ ജീവനെടുക്കുന്നതിന് മുമ്പ് ബ്രെണ്ടന്‍ ടെറന്റ് ഫേസ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. ഡിലീറ്റ് ചെയ്യപ്പെട്ട തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ മെഷീന്‍ ഗണ്ണുകളുടെ ചിത്രങ്ങളും, തന്റെ പ്രവൃത്തികളെ നീതീകരിക്കുന്ന മാനിഫെസ്റ്റോയും ഇയാള്‍ നേരത്തെ പങ്കു വെച്ചിരുന്നു. ആക്രമണത്തിനു മുമ്പ് മാനിഫെസ്റ്റോ പ്രധാനമന്ത്രി ഉള്‍പെടെ മുപ്പതു പേര്‍ക്ക് ഇയാളഅ# മെയില്‍ ചെയ്യുകയും ചെയ്തിരുന്നു.

74 പേജുകളുള്ള മാനിഫെസ്റ്റോ കുടിയേറ്റ, ഇസ്‌ലാം വിരുദ്ധതയെ പറ്റിയാണ് പറയുന്നത്. മുസ്‌ലിങ്ങള്‍ക്കിടയില്‍ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കേണ്ടതിന്റെയും, ഇസ്‌ലാം മത വിശ്വാസികള്‍ക്കെതിരെ നടത്തേണ്ട ആക്രമണങ്ങളെ പറ്റിയും ഇയാള്‍ തന്റെ മാനിഫെസ്റ്റോയില്‍ വാചാലനാകുന്നുണ്ട്.

About Ahlussunna Online 1304 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*