അരീക്കല്‍ ഇബ്റാഹീം മുസ്ലിയാര്‍ സൂക്ഷമതയുടെ നേരര്‍ത്ഥമായിരുന്നു

  സി. കെ മുഹമ്മദ് റാശിദ് കുട്ടശ്ശേരി

 

ജ്ഞാന സൗരഭ്യതയുടെ സകല ഭാവങ്ങളും ആവാഹിച്ചെടുത്ത് ലാളിത്യത്തിന്‍റെ തണല്‍ വഴികളില്‍ ജീവിതം കഴിച്ചു കൂട്ടിയ പണ്ഡിത ഭിഷഗ്വരനായിരുന്നു കടത്തനാട്ടിലെ രണ്ടാം അരീക്കല്‍ എന്നറിയപ്പെട്ട ശൈഖുനാ അരീക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍. അറിവു നല്‍കിയ ലാളിത്യത്തിന്‍റെ പുഞ്ചിരിക്കും  നിരത്തുകളില്‍ എളിയവരില്‍ എളിയവനായി ജീവിതം നയിച്ച ചെറിയ അരീക്കല്‍ ജ്യേഷ്ട സഹോദരനെ പോലെ തന്നെ  ജനഹൃദയങ്ങളില്‍ വന്‍ സ്വീകാര്യത നേടിയെടുക്കുകയുണ്ടായി..

വര്‍ഷങ്ങളോളം ചടഞ്ഞിരുന്ന് പഠിച്ചെടുത്ത അറിവിന്‍റെ ധന്യമായ ബഹിര്‍സ്ഫുരണങ്ങള്‍ സ്വജീവിതത്തില്‍ വസന്തം പരത്തുന്നതോടൊപ്പം അജ്ഞതയില്‍ തളച്ചിട്ട ജീവിതങ്ങള്‍ക്ക് നډയുടെ പ്രകാശം നല്‍കുന്നത് കൂടിയായിരുന്നു. ലാളിത്യവും താഴ്മയും മുഖമുദ്രയാക്കിയതിനാല്‍ തന്നെ ഭൗതികതയുടെ കറ പുരളാത്ത ആത്മീയതയുടെ തെളിഞ്ഞ വഴികളില്‍ ജീവിതം സമര്‍പ്പിക്കാന്‍ മഹാന് സാധ്യമാവുകയുണ്ടായി.

ജനനം, പഠനം, അധ്യാപനം

വൈജ്ഞാനിക പ്രസരണ രംഗത്ത് പൊന്നാനിയെപ്പോലെ ഒരു കാലത്ത് ഏറെ പ്രശോഭിതമായി നിന്ന പ്രദേശമായിരുന്നു നാദാപുരം. അതിനാല്‍ തന്നെയാണ് രണ്ടാം പൊന്നാനിയെന്ന വിളിപ്പേര് നാദാപുരത്തിന് ലഭിച്ചതും ഇസ്ലാമിക ജ്ഞാനത്തിന്‍റെ വടവൃക്ഷങ്ങളായി പന്തലിച്ചു നിന്ന ഇവിടുത്തെ പണ്ഡിത പ്രഭുക്കള്‍ തന്നെയായിരുന്നു വടക്കന്‍ മലബാറിലെ വൈജ്ഞാനിക മേഖലയെ പുഷ്കലമാക്കിയത്.

പ്പിക്കല്‍, കിഴക്കയില്‍ ,പടിഞ്ഞാറയില്‍, മേനക്കോത്ത് , കീഴന തുടങ്ങിയ പണ്ഡിത തറവാട്ടുകളിലെ പ്രതിഭാശാലികളായ പണ്ഡിതډാരുടെ ഹൃദയ വെളിച്ചമാണ് യഥാര്‍ത്ഥത്തില്‍ നാദാപുരത്തിനു വൈജ്ഞാനിക പ്രസരണ രംഗത്ത് മേല്‍വിലാസ മുണ്ടാക്കി നല്‍കിയത്. ഇത്തരം പണ്ഡിത കുടുംബങ്ങളിലെപ്രധാന തറവാട്ടുമുറ്റം തന്നെയായിരുന്നു അരീക്കല്‍ കുടുംബത്തിന്‍റേതും. ഇവിടെയാണ് അരീക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍ ജډം കൊള്ളുന്നത്.അരീക്കല്‍ അഹ്മദ് മുസ്ലിയാര്‍, ആയിശ എന്നിവരാണ് മഹാന്‍റെ മാതാപിതാക്കള്‍.

പാണ്ഡിത്യം കൊണ്ട് ജനമനസ്സുകളില്‍ ഏറെ സ്വാധീനം നേടിയ തികഞ്ഞവ്യക്തിത്വത്തിനുടമയായിരുന്നു പിതാവ് അഹ്മദ് മുസ്ലിയാര്‍. നിരവധി മഹല്ലുകളുടെ ഖാളി സ്ഥാനം ഏറ്റെടുക്കേണ്ടി വന്നതിനാല്‍ തന്നെ പലവിധ പ്രശ്നങ്ങളുടെയും ഭാണ്ഡക്കെട്ടഴിച്ചു വയ്ക്കാന്‍ ജനങ്ങള്‍ എത്തിച്ചേര്‍ന്നത് അരീക്കല്‍ തറവാട്ടിലേക്കായിരുന്നു.

കുടുംബസമേതം ഉള്‍പ്രദേശമായ മുയിപ്പോത്തേക്ക് മാറിത്താമസിച്ചതോടെ നിര്‍ജീവമായിക്കിടന്നിരുന്ന പ്രസ്തുത പ്രദേശത്തെ ദീനീ മേഖലയെ ഊര്‍ജസ്വലമാക്കാന്‍ അഹ്മദ് മുസ്ലിയാര്‍ക്ക് സാധ്യമാവുകയുണ്ടായി. ഇത്തരമൊരു ജീവിതത്തിന്‍റെ നേര്‍ പകര്‍പ്പ് തന്നെയായിരുന്നു ശൈഖുനാ അരീക്കലിലും കാണാന്‍ കഴിഞ്ഞത്.

മഹാജ്ഞാനിയായ സ്വന്തം പിതാവില്‍ നിന്ന് തന്നെയായിരുന്നു ശൈഖുനാ പ്രാഥമിക  ജ്ഞാനം അനുഭവിച്ചറിഞ്ഞത്. ആത്മീയ ലോകത്ത് വിടര്‍ന്നു നിന്ന പിതാവിന്‍റെ ശിക്ഷണം  ഉസ്താദിന്‍റെ മുന്നോട്ടുളള പ്രായണങ്ങള്‍ക്ക് കൂടുതല്‍ ശക്തിയും ഉള്‍ക്കരുത്തും പകര്‍ന്നു നല്‍കുകയുണ്ടായി.

മീസാനടക്കമുളള ചെറിയ കിതാബുകള്‍ പിതാവില്‍ നിന്നും ഗ്രഹിച്ചെടുത്ത ചെറുവണ്ണൂര്‍, നാദാപുരം, പാറക്കടവ്, തളിപ്പറമ്പ്, ചേരാപുരം, വള്ള്യാട് എന്നിവിടങ്ങളിലെ ദര്‍സുകളില്‍ ചേരുകയും ജ്ഞാന സമുദ്രത്തിലേക്ക് ആഴ്ന്നിറങ്ങുകയും ചെയ്തു. ശേഷം കല്ലുങ്ങല്‍ ദര്‍സില്‍ പഠനം നടത്തുകയും അവിടെ നിന്ന് ബിരുദ പഠനത്തിനായി പട്ടിക്കാട് ജാമിഅഃ നൂരിയ്യയിലെ പ്രഥമ ബാച്ചില്‍ അംഗത്വം നേടുകയും ചെയ്തു.

പ്രസ്തുത ബാച്ചില്‍ നിന്നും പഠിച്ചിറങ്ങിയ പണ്ഡിത ശ്രേഷ്ടരില്‍ അവസാനമായി കാലയവനികയ്ക്കുളളില്‍ മറഞ്ഞത് ശൈഖുനയായിരുന്നു. ഉപരിപഠനത്തിനായി പട്ടിക്കാട് ജാമിഅയില്‍ എത്തിയപ്പോള്‍ പ്രവേശന അംഗത്വം ലഭിക്കാനായി നടത്തിയ ഇന്‍റര്‍വ്യൂവില്‍ ശൈഖുന നടത്തിയ പാണ്ഡിത്യപ്രകടനം കാരണം ഇന്‍റര്‍വ്യൂവിന് നേതൃത്വം നല്‍കിയ കോട്ടുമല ഉസ്താദ് പറഞ്ഞു: ആ കുട്ടിയെ വിട്ടോളൂ അവനെല്ലാമറിയുന്നവനാണ് ചെറുപ്പത്തിലെ നേടിയെടുത്ത അഗാധജ്ഞാനത്തിന്‍റെ അഴകാര്‍ന്ന പ്രകടനാമാണിവിടെ ദര്‍ശിക്കാനായത്.

പഠനകാലത്ത് ഏറെ ബുദ്ധിമുട്ടും പ്രയാസങ്ങളും സഹിച്ചു കൊണ്ടാണ് അവര്‍ ഉന്നതങ്ങളില്‍ എത്തിച്ചേര്‍ന്നത്. വലിയ സൗകര്യങ്ങളൊന്നുമില്ലാത്ത പഴയകാല പഠന ജീവിതത്തിലെ വേദനിക്കും നിമിഷങ്ങളിലൊക്കെയും ക്ഷമാപൂര്‍വ്വമുള്ള മുന്നേറ്റങ്ങള്‍ പിന്നീടുള്ള കാലത്തിനു ഗുണമായി ഭവിച്ചുവെന്നു  ശൈഖുന പറയാറുണ്ടായിരുന്നു.

മുസ്ലിമും തുര്‍മുദിയും കോട്ടുമല ഉസ്താദില്‍ നിന്നും മുവത്വ, ഹംദുല്ല, നസാഇ തുടങ്ങിയവ ശംസുല്‍ ഉലമയില്‍ നിന്നും ഓതിയ മഹാന്‍ പാനൂര്‍ തങ്ങള്‍, കീഴന ഓര്‍, കിഴക്കിയില്‍ ഓര്‍, ചെറിയ മുഹമ്മദ് മുസ്ലിയാര്‍ തുടങ്ങിയ ജ്ഞാനപ്രഭുക്കരുടെ ശിഷ്യത്വം സ്വീകരിക്കുകയും അവരില്‍ നിന്നെല്ലാം വ്യത്യസ്ത കിതാബുകള്‍ പഠിച്ചെടുക്കുകയും ചെയ്തു.

ജാമിഅ നൂരിയ്യയുടെ പ്രഥമ സനദ്ദാന സമ്മേളനത്തില്‍ വെല്ലൂര്‍ ബാഖിയാത്തിലെ അബൂബക്കര്‍ ഹസ്റത്ത്, ശംസുല്‍ ഉലമ, റഈസുല്‍ മുഹഖിഖീന്‍ കണ്ണിയ്യത്ത് ഉസ്താദ് എന്നിവരുടെ സാന്നിധ്യത്തില്‍ പി.എം.എസ്. എ പൂക്കോയ തങ്ങളില്‍ നിന്നാണ് ശൈഖുന സനദ് ഏറ്റുവാങ്ങിയത് . പ്രസ്തുത സമ്മേളനത്തില്‍ പങ്കെടുക്കാനായി പഴയ ജുബ്ബ ധരിച്ച് പുറപ്പെട്ട ശൈഖുനയോട് ഇതാണോ ധരിക്കുന്നതെന്ന് കണ്ടുനിന്നവര്‍ ചോദിച്ചപ്പോള്‍ അതിലെന്തിരിക്കുന്നുവെന്ന ലാളിത്യത്തിന്‍റെ പ്രത്യുത്തരമായിരുന്നു നല്‍കിയത്.

പട്ടിക്കാട് നിന്നും പഠനം പൂര്‍ത്തിയാക്കിയതിനു ശേഷം തിരുവള്ളൂര്‍, കായണ്ണ, തെരുവംപറമ്പ്, കൈപ്രം, എടച്ചേരി, പാനൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ദര്‍സുമായി ശൈഖുന മുന്നോട്ടു പോയി.ശേഷം 1983 മുതല്‍ പ്രശസ്ത മതപാഠശാലയായ കടമേരി റഹ്മാനിയ്യ അറബിക് കോളേജില്‍ കേരളത്തിനകത്ത് നിന്നും പുറത്ത് നിന്നും ഇല്‍മിന്‍റെ മധു നുകരാനെത്തിയ ആയിരങ്ങള്‍ക്ക് അറിവ് പകര്‍ന്നു നല്‍കുകയായിരുന്നു മഹാന്‍.

വടകര മേഖലയിലെ വിവിധ സ്ഥലങ്ങളില്‍ ഖാളീ സ്ഥാനം ഭംഗിയായി നിര്‍വഹിക്കുന്നതോടൊപ്പം കടമേരിയുടെ വളക്കൂറുള്ള മണ്ണില്‍ അറിവ് വിതറാനെത്തിയ അരീക്കല്‍ ഉസ്താദ് സ്ഥാപനവുമായി പറിച്ചു മാറ്റാനാവാത്ത ആത്മബന്ധം സ്ഥാപിക്കുകയുണ്ടായി. റഹ് മാനിയ സ്ഥാപനങ്ങള്‍ക്കിടയില്‍ നിറഞ്ഞ് നിന്ന മഹാന്‍റെ സ്നേഹബന്ധം പ്രദേശവാസികളിലേക്കും പരന്നൊഴുകുകയായിരുന്നു.

ആത്മീയ മേഖലയില്‍ പ്രകാശം ചൊരിഞ്ഞ് ജ്ഞാനപ്രസരണ രംഗത്ത് നിലയ്ക്കാത്ത ആവേശം കാണിച്ച മഹാന്‍ മുസ്ലിം കൈരളിയുടെ ആദര്‍ശബോധത്തിന് കാവല്‍ നില്‍ക്കുന്ന ബഹുമാനപ്പെട്ട സമസ്തയുടെ മുശാവറ അംഗമായിരുന്നു. അതോടെ പണ്ഡിതന്‍മാര്‍ക്കിടയില്‍ ശ്രദ്ധേയനും കടത്തനാട്ടിലെ ദീനീ മേഖലയില്‍ ആശാകേന്ദ്രവുമായി മഹാന്‍ മാറുകയുണ്ടായി

ജനങ്ങള്‍ക്കിടയിലെ ലളിത സാന്നിധ്യം

കിതാബുകളുടെ അഗാധതയില്‍ നിന്നും പെറുക്കിയെടുത്ത ജ്ഞാന മുത്തുകളുപയോഗിച്ച് ദര്‍സില്‍ ചടഞ്ഞിരുന്ന് ജീവിതം നയിക്കുന്നതിനു പകരം ജനങ്ങളുടെ സകലമാന പ്രശ്നങ്ങളിലും ഇടപെട്ട് പരിഹാരം നല്‍കുകയും നډയുടെ വഴി കാണിച്ചു കൊടുക്കുകയപം ചെയ്യുന്ന പ്രകൃതമായിരുന്നു ശൈഖുനയുടേത്.

ദീനീ മേഖലയില്‍ നിറഞ്ഞുനിന്ന് സമൂഹത്തെ വഴി നടത്തിയതിനാല്‍ തന്നെ ജനഹൃദയങ്ങളില്‍ വലിയ സ്വാധീനം ചെലുത്താന്‍ സാധിക്കുകയുണ്ടായി. ഭൗതികതയുടെ ലാഞ്ഛനയില്‍ തെല്ലും വശീകരിക്കപ്പെടാതെ ഭൂമിയിലെ നല്ല അടിമയാവാനുള്ള ശ്രമങ്ങള്‍ മാത്രമായിരുന്നു ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിത്തിരിക്കുമ്പോഴും ശൈഖുനയ്ക്ക് ഉണ്ടായിരുന്നത്.

ഒരിക്കല്‍ നോമ്പുതുറ കഴിഞ്ഞ് പളളിക്കരികിലെത്തിയപ്പോള്‍ അയലത്തെ വീട്ടിലുള്ളതിനെക്കാള്‍ പ്രകാശം പള്ളിയിലെ ബള്‍ബുകള്‍ക്ക് ശൈഖുന ദര്‍ശിക്കുകയുണ്ടായി. കാര്യമന്വേഷിച്ചപ്പോള്‍ സ്റ്റപ് അപ് കാരണമാണ് പ്രകാശം വര്‍ധിക്കുന്നതെന്ന് ശൈഖുന അറിയുകയും ഉടനെ കൂടെയുണ്ടായിരുന്നവരോട് പറഞ്ഞു, അയല്‍പക്ക വീടുകളിലെ വൈദ്യുതി അപഹരിക്കലാണ്,ഇതൊരിക്കലും ചെയ്യാന്‍ പാടില്ല.

അപാരമായ തവക്കുലുമായി ജീവിതം നയിച്ച മഹാനായിരുന്നു ശൈഖുനാ. ഏഴു പെമക്കളും രണ്ട് ആമക്കളുമായി ചെറിയൊരു വീടകത്ത് ജീവിച്ച മഹാന്‍ തന്‍റെ പ്രശ്നങ്ങളും വേദനകളും ആരോടും പറയാന്‍ തയ്യാറായിരുന്നില്ല. ഒരു മകളുടെ കല്ല്യാണം പള്ളിയില്‍ നിന്ന് ഇങ്ങനെ പറഞ്ഞു : മകളുടെ കല്ല്യാണം നിശ്ചയിച്ചിട്ടുണ്ട്. അതങ്ങനെയങ്ങ്  നടന്ന്കൊള്ളും. തവക്കുലിന്‍റെ മൂര്‍ധന്യതയില്‍ ജീവിതം നിര്‍മിച്ചെടുക്കുകയായിരുന്നു മഹാന്‍.

വീടിനകത്തെയും പുറത്തെയും ജോലികള്‍ പലപ്പോഴും സ്വയം ചെയ്തു തീര്‍ക്കുകയും വീടിനടുത്തുള്ള വേലി സ്വയം കെട്ടി നിര്‍മിക്കുകയും ചെയ്യുന്ന ആത്മീയ ജീവിതത്തിന്‍റെ സൗമ്യഭാവം, പലപ്പോഴും ലാളിത്യം എന്ന വാക്കിനുള്‍കൊള്ളാനാകാത്ത ലളിത സമീപനമായിരുന്നു വച്ചുപുലര്‍ത്തിയിരുന്നത്.

എത്ര വലിയ രോഗങ്ങള്‍ ബാധിച്ചാലും ഹോസ്പിറ്റലില്‍ പോകുന്ന പതിവ് തുലോം വിരളമായിരുന്നു. അത്തരം രോഗങ്ങള്‍ക്കെല്ലാം ശമനം കണ്ടെത്തിയിരുന്നത് ദുആകളിലൂടെയും മന്ത്രങ്ങളിലൂടെയുമായിരുന്നു. അവയൊക്കെയും അത്ഭുത ഫലമുളവാക്കുകയും ചെയ്തു. ആരോഗ്യ സംരക്ഷണത്തിന് വലിയ പ്രാധാന്യം നല്‍കിയ ശൈഖുനാ പല ഭക്ഷണപഥാര്‍ത്ഥങ്ങളും ഉപേക്ഷിക്കുന്നതായിരുന്നു ജീവിതശൈലി.

നാവിന്‍തുമ്പത്ത് സദാസമയവും ദിക്റിന്‍റെ നനവുമായി ആത്മീയലോകത്ത് പരിലസിച്ച ശൈഖുനാ ആരാധനാ കര്‍മങ്ങളില്‍ അതീവ ശ്രദ്ധാലുവായിരുന്നു. അഞ്ച് വഖ്ത് നിസ്കാരവും ജമാഅത്തായി തന്നെ നിര്‍വഹിക്കണമെന്ന നിര്‍ബന്ധബുദ്ധി കാത്തുസൂക്ഷിച്ചതിനാല്‍ തന്നെ ജമാഅത്ത് കഴിഞ്ഞ് പള്ളിയിലെത്തുകയാണെങ്കില്‍ നിസ്കരിച്ചവരൈ കൂടെക്കൂട്ടി ജമാഅത്തായി നിസ്കരിക്കുമായിരുന്നു മഹാന്‍.

കാവ്യലോകത്തെ രണ്ടാം അരീക്കല്‍

സര്‍ഗ പാരമ്പര്യത്തിന്‍റെ സല്‍ഗുണങ്ങളടങ്ങിയ കുടുംബ പശ്ചാത്തലമായതിനാല്‍ തന്നെ പ്രസ്തുത മേഖലയില്‍നിന്ന് പിന്നോട്ട് നില്‍ക്കാനോ പിന്തിരിയാനോ ശൈഖുന തയ്യാറായിരുന്നില്ല. പഠനകാലത്ത് നേടിയെടുത്ത അറബി ഭാഷാ നൈപുണ്യം ഉപയോഗപ്പെടുത്തി കാവ്യലോകത്ത് ചിറകടിച്ചുയുരകയായിരുന്നു അദ്ധേഹം.

പിതാവ് അഹ്മദ് മുസ്ലിയാര്‍ തികഞ്ഞ സാഹിത്യകാരനും സര്‍ഗാത്മകത തുളുമ്പുന്ന പ്രഗത്ഭ വ്യക്തിത്വത്തിനുടമയായിരുന്നു. മലയാളത്തിലും അറബിയിലുമായി അദ്ധേഹത്തിന്‍റെ ഒരുപാട് രചനകള്‍ പ്രകാശിതമായിട്ടുണ്ട്. ആ പാരമ്പര്യം മുറുകെപ്പിടിച്ച് തന്നെയായിരുന്നു മഹാന്‍റെ മുന്നേറ്റവും.

കാവ്യശക്തി കൊണ്ട് അറബികള്‍ക്കിടയില്‍ പോലും പ്രശസ്തനായ ജ്യേഷ്ട സഹേദരന്‍ അബ്ദുറഹ്മാന്‍ മുസ്ലിയാരുടെ പിന്തുണ കൂടിയുണ്ടായപ്പോള്‍ കാവ്യരചനയില്‍ കൂടുതല്‍ കരുത്തും ശക് പകര്‍ന്നുകിട്ടുകയുണ്ടായി.

സഹോദരനുമായി പലപ്പോഴും കവിതാരൂപത്തില്‍ പരസ്പരം കത്തിടപാടുകള്‍ നടത്താറുണ്ടായിരുന്നു. ഒരിക്കല്‍ കത്ത് വായിച്ച് ജ്യേഷ്ടന്‍ മറുപടി എഴുതി അയ്യുഹല്‍ അഖുല്‍ അസീസ് ,വഖഫ്തു അലാ കിതാബത്തിക്കല്‍ വാഫിറ അശ്ആറുഹു സാത്ത..

(പ്രിയപ്പെട്ട സഹോദരാ..നിന്‍റെ എഴുത്തിന്‍റെ കാവ്യഭംഗി കണ്ട് ഞ്ാന്‍ അത്ഭുതപ്പെട്ട് പോയി..)

ഇത്രത്തോളം സൗന്ദര്യ വരികള്‍ക്ക് ജډം നല്‍കാന്‍ ശൈഖുനക്ക് സാധ്യമായിരുന്നു. ലോക മുസ്ലിങ്ങളുടെ പരിതാപകരമായ അവസ്ഥാ വിശേഷങ്ങള്‍ കവിതയിലൂടെ പ്രദര്‍ശിപ്പിക്കുന്നതിനോടൊപ്പം ഇസ് ലാമിനെ തകര്‍ക്കാന്‍ തുനിയുന്ന പുത്തന്‍വാദികളെ കുറിച്ചും കാലിക സംഭവ വികാസങ്ങളെ കുറിച്ചും ശൈഖുന കവിതകള്‍ രചിക്കാറുണ്ടായിരുന്നു.

പാവപ്പെട്ട ഇറാഖീ മുസ് ലിങ്ങളുടെ മേല്‍ അമേരിക്കന്‍ കിങ്കരന്‍മാര്‍ കാട്ടിക്കൂട്ടുന്ന ആക്രമങ്ങളെ കുറിച്ചും ഇറാഖീ ജനതയുടെ അവസ്ഥാന്തരങ്ങളെ തുറന്നു കാണിക്കുന്നതുമാണ് യാ ഹസ്റത്താ..എന്ന ശൈഖുനയുടെ കവിത.

ലൗ കുന്‍തു തന്‍ളുറു ലാ തറാ ഇല്ലാസിവാ/രീഖന്‍ അതത് മിന്‍ ഹാമിലാത്തിന്‍ ദിമാരി/ തുടങ്ങിയ വരികളില്‍ അമേരിക്കന്‍ ആയിരുന്ന ജോര്‍ജ് ബുഷും പരിവാരങ്ങളും ഇറാഖില്‍ ചെയ്തുകൂട്ടിയ അക്രമ പ്രവര്‍ത്തനങ്ങളെ അപലപിക്കുന്നതും ശക്തമായ പ്രധിഷേധം അറിയിക്കുന്നതുമാണ്.

കാശ്മീരില്‍ നടക്കുന്ന പ്രശ്നങ്ങളെ കുറിച്ചും അവിടുത്തെ ജീവിത വ്യവഹാരങ്ങളെ കുറിച്ചും ശൈഖുന തന്‍റെ കവിതയില്‍ പ്രതിപാധിച്ചിട്ടുണ്ട്.

യാ വൈഹ സുക്കാനിന്‍ ബി കാശ്മീരി ലഖൂ/

മാലാ യുവാസിലു അദന്‍മന്‍ ജറാനി..

തുടങ്ങിയ വരികള്‍ കാശ്മീര്‍ മലയോരങ്ങളിലെ രക്തം പുരണ്ട നിരത്തുകളെ കുറിച്ച് എഴുതിയതാണ്.

നാദാപുരത്ത് കലാപം പൊട്ടിപ്പുറപ്പെട്ടതിനെ കുറിച്ച് ശൈഖുന തന്‍റെ വശ്യ മനോഹരമായ വരികളിലൂടെ അപലപിക്കുകയുണ്ടായി.

അസഫന്‍ അലാമന്‍ ഫീ നവാഹീ ബലദത്തിന്‍/നാദാപുരം മിന്‍ ഇഖ് വത്തിന്‍ അബ്റാറീ..

മാത്രമല്ല, പോയകാലത്തിന്‍റെ നല്ല ഓര്‍മകളെ കുറിച്ചും വഴിമാറിയൊഴുകുന്ന ഇസ്ലാമിക മൂല്യങ്ങളെ കുറിച്ചും ശൈഖുന തന്‍റെ വരികളില്‍ ഇടം നല്‍കിയിട്ടുണ്ട്.

ഇങ്ങനെ കാവ്യ പ്രപഞ്ചത്തിലെ അതുല്യ പ്രതിഭയായി നിറഞ്ഞുനിന്ന മഹാന്‍റെ വരികള്‍ കൂടുതല്‍ പ്രകാശിതമാവാതെ പോയത് മലയാള മണ്ണിലെ അറബി കാവ്യലോകത്തിന് തീരാ നഷ്ടം തന്നെയാണ് .അന്നവാത്ത്വിബിരി ഫീ മനാഖിബില്‍ സയ്യിദില്‍ ജിഫ്രി എന്ന ഗ്രന്ഥം ശൈഖുനയുടെതാണ്.

ജീവിതം മുഴുവന്‍ ആത്മീയ വസന്തം പരത്തിയ മഹാന്‍ ജമാദുല്‍ ആഖിര്‍ 17(1432) (2011 മെയ് 21)ഇഹലോകവാസം വെടിഞ്ഞു.പരലോകത്തും അല്ലാഹു ഉന്നതിയിലാക്കട്ടെ ആമീന്‍

 

About Ahlussunna Online 1311 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*