ന്യൂഡല്‍ഹി: അയോധ്യാക്കേസ് പരിഗണിക്കുന്നതില്‍ നിന്നും ഭരണഘടനാബെഞ്ചിലെ ജസ്റ്റിസ് യുയു ലളിത് പിന്മാറി. ഭരണഘടനാബെഞ്ചില്‍ ഉള്‍പ്പെട്ടിരുന്ന ലളിതിനെതിരെ മുസ്ലിം സംഘടനയായ സുന്നി വഖഫ് ബോര്‍ഡാണ് എതിര്‍പ്പ് അറിയിച്ചത്. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ച് കേസ് പരിഗണിക്കുന്നതിനിടെ വഖഫ് ബോര്‍ഡിന്റെ അഭിഭാഷകനായ രാജീവ് ധവാനാണ് കോടതിയില്‍ ഇക്കാര്യം അറിയിച്ചത്.
അയോധ്യ കേസില്‍ നേരത്തെ യുപി മുഖ്യമന്ത്രിയായിയിരുന്ന കല്യാണ്‍ സിംഗിന് വേണ്ടി അന്ന് അഭിഭാഷകനായിരുന്ന ലളിത് ഹാജരായിട്ടുണ്ടെന്ന് രാജീവ് ധവാന്‍ കോടതിയെ അറിയിച്ചു. അതിന്റെ രേഖകളും അദ്ദേഹം ചീഫ് ജസ്റ്റിസിന് കൈമാറി. ഇതിന് പിന്നാലെ കേസ് കേള്‍ക്കുന്നതില്‍ നിന്നും താന്‍ പിന്മാറുകയാണെന്ന് ജസ്റ്റിസ് ലളിത് ചീഫ് ജസ്റ്റിസിനെ അറിയിച്ചു. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് ഈ മാസം 29 ലേക്ക് മാറ്റി ചീഫ് ജസ്റ്റിസ് ഉത്തരവ് പുറപ്പെടുവിച്ചു.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ്, ജസ്റ്റിസുമാരായ എസ്.എ. ബോബ്‌ഡെ, എന്‍.വി. രമണ, യു.യു. ലളിത്, ഡി.വൈ. ചന്ദ്രചൂഢ് എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാബെഞ്ചാണ് ചീഫ് ജസ്റ്റിസ് രൂപീകരിച്ചിരുന്നത്. മൂന്നംഗ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസുമാരായ അശോക് ഭൂഷന്‍, എസ്. അബ്ദുല്‍ നസീര്‍ എന്നിവരെ ഒഴിവാക്കി. ദീപക് മിശ്ര വിരമിക്കുകയും ചെയ്തു.
പരിഗണനാ വിഷയങ്ങള്‍ എന്തൊക്കെയാകുമെന്നതും നിര്‍ണായകമാണ്. അയോധ്യയിലെ 2.77 ഏക്കര്‍ തര്‍ക്കഭൂമി, സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡയ്ക്കും രാംലല്ലയ്ക്കുമായി വിഭജിച്ചു നല്‍കിയ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെയുളള അപ്പീലുകളാണു കോടതി പരിഗണിക്കുന്നത്.
Be the first to comment