അയോധ്യ (ഉത്തര്‍പ്രദേശ്): അയോധ്യയില്‍ കര്‍സേവകര്‍ പൊളിച്ചുനീക്കിയ ബാബ്‌രി മസ്ജിദിന് പകരം മുസ്‌ലിം പള്ളി നിര്‍മിക്കാനായി അഞ്ച് സ്ഥലങ്ങള്‍ നിര്‍ദേശിച്ച് യു.പി സര്‍ക്കാര്‍. മസ്ജിദ് നില നിന്നിരുന്ന സ്ഥലത്ത് നിന്ന് 15 കിലോമീറ്റര്‍ പരിധിക്ക് പുറത്ത് മിര്‍സാപൂര്‍, ഷംസുദ്ദീന്‍പുര്‍, ചന്ദ്പുര്‍ എന്നിവിടങ്ങളിലാണ് അഞ്ച് സ്ഥലങ്ങള്‍ നിര്‍ദേശിച്ചത്. ക്ഷേത്രത്തിന് ചുറ്റും പഞ്ചാക്‌സി പരിക്രമ സ്ഥലമാണെന്നും അതിനാല്‍ 15 കിലോമീറ്റര്‍ ചുറ്റളവില്‍ പള്ളി പണിയാന്‍ കഴിയില്ലെന്നും യു.പി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
അയോധ്യ വിധിയില്‍ സുന്നി വഖഫ് ബോര്‍ഡിന് പള്ളി പണിയാന്‍ അഞ്ച് ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ കണ്ടെത്തി കൊടുക്കണമെന്ന് സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് സ്ഥലം കണ്ടെത്തി യു.പി സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചത്. പള്ളി നിര്‍മാണവും മറ്റ് പ്രശ്‌നങ്ങളും കൈകാര്യം ചെയ്യുന്നതിനായി ബോര്‍ഡ് ഒരു ട്രസ്റ്റ് രൂപീകരിച്ചു കഴിഞ്ഞാല്‍, സര്‍ക്കാര്‍ ഈ പ്ലോട്ടുകള്‍ ബോര്‍ഡിന് കൈമാറും.
1992ലാണ് കര്‍സേവകര്‍ ബാബ്‌രി മസ്ജിദ് പൊളിച്ചത്. ശ്രീരാമന്റെ ജന്മസ്ഥലത്താണ് പള്ളി സ്ഥിതി ചെയ്യുന്നതെന്നും മുഗള്‍ രാജാവായ ബാബര്‍ ക്ഷേത്രം പൊളിച്ചാണ് പള്ളി നിര്‍മിച്ചതെന്നും ആരോപിച്ചായിരുന്നു മസ്ജിദ് തകര്‍ത്തത്. 2019 നവംബര്‍ ഒമ്പതിനാണ് സുപ്രിം കോടതി വിധി പറഞ്ഞത്. പള്ളി പൊളിച്ചു നീക്കിയ സ്ഥലത്ത് ക്ഷേത്രം നിര്‍മിക്കാമെന്നും മുസ്‌ലിങ്ങള്‍ക്ക് പള്ളി നിര്‍മിക്കാനായി അയോധ്യയില്‍ അഞ്ച് ഏക്കര്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നുമായിരുന്നു വിധി.
അയോധ്യയില്‍ നാല് മാസത്തിനകം അംബര ചുംബിയായ രാമക്ഷേത്രം നിര്‍മിക്കുമെന്ന് ജാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. വേഗത്തില്‍ ക്ഷേത്ര നിര്‍മാണവുമായി മുന്നോട്ടു പോകാനുള്ള തീരുമാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.
Be the first to comment