‘അമേരിക്കന്‍ ബ്രാന്‍ഡ് ആഗോളതലത്തില്‍ തന്നെ വെറും വേസ്റ്റ് ആയി’ ഇന്ത്യക്കെതിരായ തീരുവ യുദ്ധത്തില്‍ ട്രംപിനെതിരെ ആഞ്ഞടിച്ച് യു.എസ് ദേശീയ സുരക്ഷാ മുന്‍ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍

https://www.suprabhaatham.com/details/435239?link=us-india-trade-war-jake-sullivan-slams-trumps-tariff-policy-warns-of-growing-india-china-ties12

വാഷിങ്ടണ്‍ : ഇന്ത്യക്കെതിരായ തീരുവ യുദ്ധത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി യു.എസ് ദേശീയ സുരക്ഷാ മുന്‍ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍. ‘ആഗോളതലത്തില്‍ അമേരിക്കയുടെ പ്രതിച്ഛായ തന്നെ നഷ്ടപ്പെടുകയാണ്’ എന്ന് അദ്ദേഹം തുറന്നടിച്ചു.  ട്രംപിന്റെ ഈ തീരുവ നീക്കം ന്യൂഡല്‍ഹിയെ ചൈനയുമായി കൂടുതല്‍ അടുപ്പിക്കാനേ ഉപകരിക്കൂ എന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.

‘അമേരിക്കന്‍ ബ്രാന്‍ഡ് ആഗോള തലത്തില്‍ തന്നെ തകര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇന്ത്യയെ നോക്കൂ. ട്രംപ് അവര്‍ക്കെതിരെ വന്‍ വ്യാപാര ആക്രമണം നടത്തിയിട്ടുണ്ട്. ഇപ്പോള്‍ ഇന്ത്യ ചിന്തിക്കുന്നു, ഛെ, അമേരിക്കയ്ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍  ചൈനയുമായി ചേരണമെന്ന്,’ ദി ബള്‍വാര്‍ക്ക് പോഡ്കാസ്റ്റ് വിത്ത് ടിം മില്ലറില്‍ സള്ളിവന്‍ പറഞ്ഞു.

‘പല രാജ്യങ്ങളിലും ജനപ്രീതിയില്‍ അമേരിക്കയെക്കാള്‍ മുന്നിലാണ് ചൈന. നിരവധി യു.എസ് സഖ്യകക്ഷികളും പങ്കാളികളും വരെ ഇപ്പോള്‍ വാഷിങ്ടണിനെ വിശ്വസനീയ പങ്കാളി എന്നതിനേക്കാള്‍ ‘ഒരു വലിയ തടസ്സം സൃഷ്ടിക്കുന്നയാള്‍’ എന്ന രീതിയില്‍ ആണ് കാണുന്നത്. – അദ്ദേഹം കുറ്റപ്പെടുത്തി. 

ഒരു വര്‍ഷം മുമ്പ് അങ്ങനെയായിരുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യു.എസ് ബ്രാന്‍ഡ് എന്ന പ്രതിച്ഛായ തന്നെ ഇല്ലാതാവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ഉത്തരവാദിത്തമുള്ള കളിക്കാരനെപ്പോലെയാണ് ചൈന കാണപ്പെടുന്നതെന്നും ബെയ്ജിങ്ങിനെ വാഷിങ്ടണുമായി താരതമ്യപ്പെടുത്തി അദ്ദേഹം പറഞ്ഞു. 

 ട്രംപിന്റെ താരിഫ് ആക്രമണം കാരണം ഇന്ത്യ ചൈനക്കൊപ്പം ചേര്‍ന്നെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ഇന്ത്യയുമായി അടുത്ത ബന്ധം ഉറപ്പിക്കാനുള്ള യുഎസിന്റെ വര്‍ഷങ്ങളായുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ അപകടത്തിലായെന്നും സള്ളിവന്‍ തുറന്നടിച്ചു.

”ഇന്ത്യയുമായി ആഴമേറിയതും കൂടുതല്‍ സുസ്ഥിരവുമായ ബന്ധം കെട്ടിപ്പടുക്കാന്‍ നമ്മള്‍ ഉഭയകക്ഷി അടിസ്ഥാനത്തില്‍ സ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു നമ്മള്‍. എന്നാല്‍ ഈ താരിഫ് കാരണം ഇന്ത്യ ഇപ്പോള്‍ ചൈനയുമായി ബന്ധം സ്ഥാപിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു – അദ്ദേഹം പറഞ്ഞു. 

ഇന്ത്യക്കെതിരെയുള്ള തീരുവ യുദ്ധത്തില്‍ യുഎസിന് മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സംഘടനയിലെ മുന്‍ യുഎസ് അംബാസിഡര്‍ നിക്കി ഹേലിയും നേരത്തെ രംഗത്തെത്തിയിരുന്നു. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധം തകര്‍ച്ചയുടെ വക്കിലാണെന്ന് ആശങ്ക പ്രകടിപ്പിച്ച അവര്‍ ആഗോള ശക്തിയാകാന്‍ ആഗ്രഹിക്കുന്ന ചൈനയെ നിയന്ത്രിക്കണമെങ്കില്‍ ഇന്ത്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. 

രണ്ട് ഘട്ടങ്ങളിലായിട്ടാണ് ട്രംപ് ഇന്ത്യക്ക് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയത്. ജൂലൈ 30 ന് ആദ്യം 25 ശതമാനം തീരുവ പ്രഖ്യാപിച്ചു. ആഗസ്റ്റ് ഏഴിനാണ് അധിക 25 ശതമാനം പ്രഖ്യാപിച്ചത്.

About Ahlussunna Online 1459 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*