
സിഡ്‌നി: പായ്‌വഞ്ചിയില്‍ ഗോള്‍ഡന്‍ ഗ്ലോബ് മത്സരിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി. അഭിലാഷിനെ രക്ഷപ്പെടുത്തിയ വാര്‍ത്ത ഇന്ത്യന്‍ നാവികസേന ട്വിറ്ററില്‍ സ്ഥിരീകരിച്ചു. അഭിലാഷ് ടോമിയെഅഭിലാഷ് ടോമിയെ ആംസ്റ്റർഡാം ദ്വീപിലേക്കാകും മാറ്റുക. ആസ്‌ത്രേലിയന്‍ തീരമായ പെര്‍ത്തില്‍ നിന്ന് 3704 കിലോ മീറ്റര്‍ അകലെയാണ് അപകടത്തില്‍പെട്ട അഭിലാഷിന്റെ വഞ്ചി കണ്ടെത്തിയത്. ഇന്ത്യന്‍ തീരമായ കന്യാകുമാരിയില്‍ നിന്ന് 5020 കിലോ മീറ്റര്‍ അകലെയാണിത്. ഇന്ത്യന്‍ നാവിക സേനയുടെ പി8ഐ വിമാനമാണ് അഭിലാഷിന്റെ വഞ്ചി കണ്ടെത്തിയത്. ജൂലൈ ഒന്നിന് ഫ്രാന്‍സിലെ ‘ലെ സാബ്‌ലെ’ തുറമുഖത്ത് നിന്ന് ആരംഭിച്ച മത്സരത്തിന്റെ 83ാം ദിവസമാണ് അഭിലാഷ് ടോമി അപകടത്തില്‍പ്പെട്ടത്. ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ കൊടുങ്കാറ്റിലും കനത്ത തിരമാലകളിലുംപെട്ട് പായ്‌വഞ്ചിയായ ‘തുരീയ’ തകരുകയായിരുന്നു. 110 കിലോ മീറ്റര്‍ വേഗത്തില്‍ ആഞ്ഞടിച്ച കാറ്റില്‍ വഞ്ചിയുടെ മൂന്ന് പായ്മരങ്ങളും തകര്‍ന്നു. നിയന്ത്രണം നഷ്ടപ്പെട്ട ബോട്ടില്‍ വീണ് നടുവിന് പരുക്കേറ്റ അഭിലാഷ്, സഹായം അഭ്യര്‍ഥിച്ച് അപായ സന്ദേശം നല്‍കിയിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 30 പേര്‍ പങ്കെടുക്കുന്ന ഗോള്‍ഡന്‍ ഗ്ലോബ് മത്സരത്തില്‍ അഭിലാഷ് നിലവില്‍ മൂന്നാം സ്ഥാനത്തായിരുന്നു.
Be the first to comment