അബൂദബി: ഇന്ന് (ജനുവരി 22) ഉച്ചയ്ക്ക് ശേഷം അബൂദബി നിരത്തില്‍ സൈനികവാഹനങ്ങളും ഹെലികോപ്ടറും കണ്ടേക്കാമെന്നും പക്ഷേ ഞെട്ടേണ്ടെന്നും അത് മൊബൈല്‍ കാമറയില്‍ പകര്‍ത്തേണ്ടെന്നും മുന്നറിയിപ്പ്. ഇന്ന് ഉച്ചയ്ക്ക് ശേഷം മുസഫയില്‍ അബൂദബി പൊലിസ് സൈനിക യൂണിറ്റുകളും ഹെലികോപ്റ്ററുകളും ഉള്‍പ്പെടുന്ന ഫീല്‍ഡ് അഭ്യാസം നടത്തുമെന്നും അതിനാലാണ് സൈനികവാഹനങ്ങളും ഹെലികോപ്ടറും നിരത്തുകളില്‍ കാണുന്നതെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം, മിലിട്ടറി വാഹനങ്ങളും ഹെലികോപ്ടറുകളും മറ്റ് സൈനികസങ്കേതങ്ങളും ചിത്രങ്ങള്‍ എടുക്കുന്നതില്‍ നിന്ന് പൊതുജനങ്ങള്‍ വിട്ടുനില്‍ക്കുകയും പ്രദേശത്ത് നിന്ന് അകലം പാലിക്കുകയും വേണമെന്നും അറിയിപ്പില്‍ പറയുന്നു. പൊലിസ് യൂണിറ്റുകള്‍ക്ക് പൊതുജനങ്ങള്‍ വഴിമാറുകയും ചെയ്യണമെന്ന് അബൂദബി പൊലിസ് സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു. ‘ഷീല്‍ഡ് ഓഫ് ദി നേഷന്‍ 2’ ഓപ്പറേഷന്റെ ഭാഗമായാണ് ഈ അഭ്യാസപ്രകടനങ്ങള്‍.
ആഭ്യന്തര മന്ത്രാലയം, ദേശീയ അടിയന്തരാവസ്ഥ വിഭാഗം, ദുരന്തനിവാരണ അതോറിറ്റി (Ministry of Interior, the National Emergency, Crisis and Disaster Management Authority) എന്നിവയുമായി സഹകരിച്ചാണ് അബൂദബി പൊലിസിന്റെ പരിശീലനം.
സമാന അഭ്യാസങ്ങള്‍ നേരത്തെ ഉമ്മുല്‍ ഖുവൈനിലെയും റാസല്‍ഖൈമയിലെയും പൊലിസ് നടത്തിയിരുന്നു. ഇന്നലെ (ചൊവ്വാഴ്ച) നടത്തിയ പരിശീലന പരിപാടിയുടെ സുരക്ഷയും ഫലപ്രാപ്തിയും ഉറപ്പാക്കുന്നതിന് പൊതുജനങ്ങളോട് സഹകരിക്കാനും യൂണിറ്റുകള്‍ക്ക് സ്വതന്ത്രമായി കടന്നുപോകാന്‍ അനുവദിക്കാനും അഭ്യര്‍ത്ഥിക്കുകയുംചെയ്തിരുന്നു.
Be the first to comment