ബംഗളൂരു: ഭൂരിപക്ഷ എം.എല്‍.എമാരുടെ പട്ടിക കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം സമര്‍പ്പിച്ചിട്ടും സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പിയെ ക്ഷണിച്ച് കര്‍ണാടക ഗവര്‍ണര്‍. കര്‍ണാടകയില്‍ 104 സീറ്റുകള്‍ നേടിയ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പിയുടെ നേതാവ് യെദ്യൂരപ്പയെയാണ് സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്. ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസത്തെ സമയം അനുവദിക്കുകയും ചെയ്തു.
ബി.ജെ.പിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചുകൊണ്ടുള്ള ഗവര്‍ണറുടെ കത്ത്
നാളെ രാവിലെ 9.30ന് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്യുമെന്ന് ബി.ജെ.പി ട്വീറ്റ് ചെയ്ത് പിന്‍വലിച്ചതിനു പിന്നാലെയാണ് ഔദ്യോഗികമായി പ്രഖ്യാപനമുണ്ടായിരിക്കുന്നത്. യെദ്യൂരപ്പയെ ക്ഷണിച്ചുകൊണ്ടുള്ള ഗവര്‍ണറുടെ കത്തും പുറത്തുവന്നു.
നാളെ തന്നെ യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഉണ്ടാവുമെന്ന് ബി.ജെ.പി അറിയിച്ചു.
കോണ്‍ഗ്രസ് നിയമനടപടിക്ക്
ഭൂരിപക്ഷം എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നറിയിച്ചിട്ടും സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കാത്ത നടപടിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങി കോണ്‍ഗ്രസ്. ഇന്നു തന്നെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ വീട്ടിലെത്തി കാണാനാണ് പദ്ധതി.
കോണ്‍ഗ്രസ് നേതാക്കളായ പി ചിദംബരം, കപില്‍ സിബല്‍, വിവേക് തന്‍ഖ, രണ്‍ദീപ് സര്‍ജുവേല എന്നിവര്‍ വാര്‍ത്താസമ്മേളനം നടത്തിയാണ് നിയമനടപടിക്കൊരുങ്ങുന്ന കാര്യം വ്യക്തമാക്കിയത്. യെദ്യൂരപ്പയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതായി കേട്ടുവെന്നും, ഇക്കാര്യത്തില്‍ ഉറപ്പില്ലെന്നും ഗവര്‍ണര്‍ നേരായ മാര്‍ഗത്തില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ മറ്റുനടപടികള്‍ സ്വീകരിക്കുമെന്നും ചിദംബരം നേരത്തെ പറഞ്ഞിരുന്നു.
Be the first to comment