ബെയ്‌റൂത്ത്: ലബനാനില്‍ കരയാക്രമണം തുടങ്ങി ഇസ്‌റാഈല്‍. ആക്രമണം ചില ലക്ഷ്യങ്ങളില്‍ പരിമിതപ്പെടുത്തുമെന്ന അവകാശവാദവുമായി സൈനികര്‍ ലബനാനിലേക്ക് പ്രവേശിച്ചു. ഹിസ്ബുല്ലയെ ലക്ഷ്യമിട്ടുകൊണ്ടുള്ള പരിമിതമായ ആക്രമണമെന്നാണ് സൈന്യം അറിയിക്കുന്നത്. ഹിസ്ബുല്ല കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നിയന്ത്രിതവും കേന്ദ്രീകൃതവുമായ കരയുദ്ധം ആരംഭിച്ചതായി സൈന്യം പ്രസ്താവനയില്‍ പറയുന്നു. കരയുദ്ധം ഉടന്‍ ആരംഭിക്കുമെന്ന് ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് ആവര്‍ത്തിച്ചതിന് പിന്നാലെയാണ് സൈന്യം ലബനാന്‍ മേഖലയിലേക്ക് പ്രവേശിച്ചത്.
ഇസ്‌റാഈല്‍ ഏത് നിമിഷവും കരയുദ്ധത്തിന് തുടക്കമിടുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ലബനാന്‍ അതിര്‍ത്തി മേഖലയില്‍ ഇസ്‌റാഈല്‍ വന്‍തോതിലുള്ള സൈനിക വിന്യാസം നടത്തുകയും ചെയ്തിരുന്നു. 2006ന് ശേഷം ലബനാനില്‍ ആദ്യമായാണ് ഇസ്‌റാഈല്‍ കരയാക്രമണം നടത്തുന്നത്.
അതേസമയം, കരയാക്രമണം നേരിടാന്‍ തയാറെന്ന് ഹിസ്ബുല്ല പ്രതികരിച്ചു. ഇസ്‌റാഈലിന് അവരുടെ ലക്ഷ്യം നേടാനാകില്ലെന്നും ഇസ്‌റാഈല്‍ സൈന്യം ലബനാനില്‍ കയറിയാല്‍ നേരിടുമെന്നും തങ്ങളുടെ സേന ഒരുക്കമാണെന്നും ഹിസ്ബുല്ല ഉപമേധാവി നായിം ഖാസിം ആണ് ഇക്കാര്യം പറഞ്ഞു. ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റുല്ല കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ശേഷം ഇതാദ്യമായാണ് ഹിസ്ബുല്ല നേതൃത്വം പ്രസ്താവന ഇറക്കുന്നത്. 1981 ലെ മാതൃകയില്‍ ഹിസ്ബുല്ലയെ സഹായിക്കാന്‍ ലബനാനിലേക്ക് ഇറാന്‍ സൈന്യത്തെ അയക്കാന്‍ തീരുമാനിച്ചെന്ന വാര്‍ത്തയ്ക്കു പിന്നാലെയാണ് ഹിസ്ബുല്ലയുടെ പ്രതികരണം. ആക്രമണം രൂക്ഷമായ തെക്കന്‍ ലബനാനില്‍ സൈന്യത്തെ വിന്യസിക്കാന്‍ ഒരുക്കമാണെന്ന് ലബനാന്‍ ഇടക്കാല പ്രധാനമന്ത്രി മീഖാതിയും അറിയിച്ചു.
അതിനിടെ ബെയ്‌റൂത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ ഇസ്‌റാഈല്‍ വ്യോമാക്രണവും നടത്തി. താമസക്കാരോട് ഒഴിഞ്ഞുമാറാന്‍ ഉത്തരവിട്ടതിന് ശേഷമായിരുന്നു ആക്രമണം. തിങ്കളാഴ്ച ലബനാനിലുണ്ടായ ആക്രമണത്തില്‍ 95 പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലബനാനില്‍ ഇതുവരെ 1208 പേര്‍ കൊല്ലപ്പെട്ടതായാണ് പുറത്തു വന്ന കണക്കുകള്‍.
മൂന്ന് രാജ്യങ്ങളില്‍ ഒരേസമയം ആക്രമണവുമായി മുന്നോട്ട് പോവുകയാണ് ഇസ്‌റാഈല്‍. ഗസ്സയിലും സിറിയയിലും ശക്തമായ ആക്രമണം സയണിസ്റ്റുകളുടെ ഭാഗത്ത് നിന്ന് നടക്കുന്നുണ്ട്. ദമാസ്‌കസില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ കുറഞ്ഞത് മൂന്ന് പേര്‍ കൊല്ലപ്പെടുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സിറിയന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു. മെസെഹിന്റെ സമീപപ്രദേശത്തുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ പ്രാദേശിക പത്രപ്രവര്‍ത്തകന്‍ സഫാ അഹ്മദും ഉള്‍പ്പെടുന്നുവെന്ന് അല്‍ മയാദീന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തെക്കുറിച്ച് ഐഡിഎഫ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
Be the first to comment