”
പശ്ചിമഘട്ടത്തിലെ മഴക്കാടുകളെയും ജൈവവൈവിധ്യങ്ങളെയും അതീവ ദുര്‍ബലമാക്കിയതിനുപിന്നാലെ അറബിക്കടലിനെ ലക്ഷ്യമാക്കി നീങ്ങുകയാണ് ഭരണകൂടം. ആഗോളതാപനമുള്‍പ്പെടെയുള്ള ഗുരുതര കാലാവസ്ഥാവ്യതിയാനങ്ങള്‍ മനുഷ്യരാശിക്കുമേല്‍ കടുത്ത ആശങ്ക വിതയ്ക്കുന്നതിനിടെ അവശേഷിക്കുന്ന കടല്‍തീരങ്ങളും കുഴിച്ചെടുത്ത് പണമാക്കാനുള്ള ആര്‍ത്തിയിലാണ് കേന്ദ്രസര്‍ക്കാര്‍.
കേന്ദ്രസര്‍ക്കാരിന്റെ സമുദ്ര സമ്പദ്‌വ്യവസ്ഥ(ബ്ലു എക്കോണമി) നയത്തിന്റെ ഭാഗമായി കേരളമുള്‍പ്പെടെയുള്ള തീരമേഖലയില്‍നിന്ന് ധാതുഖനനത്തിന് സ്വകാര്യ കുത്തകകള്‍ക്ക് ടെണ്ടര്‍ നല്‍കാനുള്ള നടപടിക്കെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കടല്‍ഖനനത്തിനെതിരേ കടലോരമക്കളും മത്സ്യത്തൊഴിലാളികളും ഇന്നലെ സംസ്ഥാന വ്യാപക ഹര്‍ത്താല്‍ ആചരിച്ചു. തങ്ങളുടെ അതിജീവനം തകര്‍ക്കുന്നതിനെതിരേ മാത്രമല്ല, പ്രകൃതിയുടെ സംരക്ഷണത്തിനുകൂടിയാണ് മത്സ്യത്തൊഴിലാളികള്‍ സമരരംഗത്തിറങ്ങിയത്. അവരുടെ ആവലാതികള്‍ കേള്‍ക്കാനും പരിഹരിക്കാനും ഭരണകൂടം തയാറാവേണ്ടതുണ്ട്. തീരമേഖലയില്‍ ആശങ്കയുടെ കൊടുങ്കാറ്റ് വീശിയ ഖനനനടപടികളില്‍ പുനര്‍ചിന്തനത്തിന് കേന്ദ്രസര്‍ക്കാര്‍ തയാറാവണം.
ഗുജറാത്തിലെ പോര്‍ബന്ദര്‍ മേഖലയിലെ മൂന്ന് ബ്ലോക്കുകളില്‍നിന്ന് ചുണ്ണാമ്പും ചെളിയും കേരളത്തിലെ കൊല്ലത്തെ മൂന്ന് ബ്ലോക്കുകളില്‍നിന്ന് നിര്‍മാണ ആവശ്യത്തിനുള്ള കടല്‍മണല്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ്സമൂഹത്തിലെ ഏഴു ബ്ലോക്കുകളില്‍നിന്ന് പൊളിമെറ്റാലിക് നൊഡ്യൂള്‍സ് എന്നറിയപ്പെടുന്ന ധാതുക്കളും കൊബാള്‍ട്ടും വന്‍തോതില്‍ ഖനനം ചെയ്‌തെടുക്കുക എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി. കേരളത്തില്‍ കൊല്ലത്തെ മൂന്നു ബ്ലോക്കുകളില്‍ ആദ്യഘട്ടത്തില്‍ ഖനനം നടത്താനും പിന്നീട് സംസ്ഥാനത്തിന്റെ മറ്റു തീരങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കാനുമാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. കേരളത്തില്‍ അഞ്ച് സെക്ടറുകളിലായി ഏതാണ്ട് 745 ദശലക്ഷം ടണ്‍ കടല്‍മണല്‍ നിക്ഷേപമുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ കൊല്ലത്തെ മൂന്നു ബ്ലോക്കുകളില്‍പെട്ട 242 ചതുരശ്ര കിലോമീറ്റര്‍ പരിധിയില്‍ നിന്നായി ഏതാണ്ട് 302 ദശലക്ഷം ടണ്‍ മണല്‍ ഖനനത്തിനാണ് ടെണ്ടര്‍ വിളിക്കാന്‍ തീരുമാനിച്ചത്. ഫലത്തില്‍ കൊല്ലത്തെ പരപ്പ് എന്ന ഏറ്റവും കൂടുതല്‍ മത്സ്യ ഉല്‍പാദനക്ഷമതയുണ്ടെന്ന് കണ്ടെത്തിയ മേഖല അപ്പാടെ കുഴിച്ചു കോരുമെന്ന് ചുരുക്കം. അതോടെ, ഈ മേഖല കേന്ദ്രീകരിച്ച് ഉപജീവനം തേടുന്ന ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികള്‍, അനുബന്ധ തൊഴില്‍മേഖലയിലുള്ളവര്‍ എന്നിവരുടെ അന്നം മുടങ്ങും. മത്സ്യങ്ങളുടെ പ്രജനന-വളര്‍ച്ചാമേഖല ഇല്ലാതാകും. ചെറു-സൂക്ഷ്മ ജീവികളുടെ നാശം സംഭവിക്കുന്നതോടെ വലിയ മത്സ്യങ്ങള്‍ ഭക്ഷ്യപ്രതിസന്ധി നേരിടും. ആഴത്തിലുള്ള ഖനനം മൂലം, തീരമേഖല തേടിവരുന്ന പ്രത്യേകയിനം മത്സ്യങ്ങള്‍ ലഭിക്കാതാവും. ഇതോടൊപ്പം നിലവില്‍ കടലോരം നേരിടുന്ന തീരശോഷണം ഇരട്ടിയാകുമെന്നും വിവിധ സ്ഥാപനങ്ങള്‍ നടത്തിയ പഠനങ്ങളില്‍ വ്യക്തമാക്കുന്നു.
നേരത്തെ തീരമേഖലയ്ക്കുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്കുകൂടി പങ്കുവയ്ക്കുന്നതായിരുന്നു. എന്നാല്‍, അതെല്ലാം പൊളിച്ചെഴുതി തോന്നുംപോലെ കടലും തീരവും കുത്തകകള്‍ക്ക് പതിച്ചുനല്‍കാന്‍ കഴിയുംവിധമുള്ള നിയമഭേദഗതി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നു. അതിന്റെ മറപിടിച്ചാണ് ഇത്തരത്തില്‍ ഖനനാനുമതി നല്‍കുന്നത്. നിര്‍മാണമേഖലയില്‍ മണലുള്‍പ്പെടെയുള്ള സാമഗ്രികളുടെ ലഭ്യതക്കുറവ് അനുദിനം വര്‍ധിച്ചുവരുന്നു എന്നത് ചൂണ്ടിക്കാട്ടി തീരഖനനത്തെ ന്യായീകരിക്കുന്നവരുണ്ട്. നിര്‍മാണസാമഗ്രികളുടെ കുറവ് സമൂഹത്തിലെ എല്ലാ മേഖലയെയും വല്ലാതെ പ്രയാസപ്പെടുത്തുന്നുമുണ്ട്. എന്നാല്‍, നിര്‍മാണപ്രവൃത്തികള്‍ക്ക് കടല്‍മണല്‍ ഉപയോഗിക്കാമെന്ന കണക്കുകൂട്ടലില്‍ ഇത്തരം കൊടിയ പ്രകൃതിചൂഷണത്തെ അനുകൂലിക്കാനാകില്ല. നിര്‍മാണമേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ പുതിയവ കണ്ടെത്തുകയോ ആണ് വേണ്ടത്. പാറ പൊട്ടിക്കുന്നതും കടല്‍ കുഴിച്ച് മണലെടുക്കുന്നതും ഒരുപോലെ അപകടകരമാണ്. ആവര്‍ത്തിക്കുന്ന വന്‍ദുരന്തങ്ങള്‍ക്ക് മൂകസാക്ഷിയായിട്ടും എന്തുകൊണ്ടാണ് പിന്നെയും ഖനനത്തെക്കുറിച്ച് ആവേശത്തോടെ സംസാരിക്കാന്‍ പലര്‍ക്കും കഴിയുന്നത്.
കടല്‍മണല്‍ ഖനനം അതീവ ഗുരുതര പാരിസ്ഥിതിക ആഘാതത്തിനിടയാക്കുമെന്ന പഠനങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഖനനം നടത്തുന്നതോടെ കടലിന്റെ അടിത്തട്ടിലെ പവിഴപ്പുറ്റുകളും മത്സ്യപ്രജനന കേന്ദ്രമെന്ന് കരുതുന്ന പാറപ്പാരുകളും നശിക്കുമെന്നാണ് കേരള സര്‍വകലാശാലയുടെ അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ് വിഭാഗം നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നത്. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം തീരമേഖലകളിലെ പവിഴപ്പുല്‍, തീരക്കടലിലെ ആഴങ്ങളിലുള്ള പവിഴപ്പുറ്റുകള്‍ എന്നിവ ഖനനത്തോടെ ഇല്ലാതായേക്കാം. കടലേരത്തെ പാറപ്പാരുകള്‍ ജൈവവൈവിധ്യ കേന്ദ്രങ്ങളാണെന്ന് ഇതിനകം കണ്ടെത്തിയതാണ്. ശരാശരി 60 മീറ്ററോളം ആഴത്തില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന ഖനനത്തോടെ ഇപ്പറഞ്ഞ കടല്‍സമ്പത്തും പ്രകൃതിയുടെ സ്വാഭാവിക ജൈവവേലിയും ഇല്ലാതാകും. ഖനനത്തിലൂടെ തീരത്തെ മണല്‍ത്തിട്ടകള്‍ ഇല്ലാതായാല്‍ വേലിയേറ്റമുള്‍പ്പെടെയുള്ള കടല്‍പ്രതിഭാസങ്ങല്‍ പരിധിവിടും. ഇതോടെ തീരത്തെ ജനവാസമേഖലകള്‍ വെള്ളത്തിനടിയിലാകാനും സാധ്യത ഏറെയാണ്.
ഇന്ത്യയുടെ എട്ട് ശതമാനത്തോളം വരുന്ന കടല്‍തീരമാണ് കേരളത്തിനുള്ളത്. അതേസമയം, മൊത്തം കടല്‍മത്സ്യം പിടിക്കുന്നതിന്റെ 20 ശതമാനത്തോളം കേരളത്തിന്റെ പങ്കാണ്. ഇതുതന്നെയാണ്, കടലിനെ ആശ്രയിച്ചുകഴിയുന്ന അനേകായിരം മത്സ്യത്തൊഴിലാളികളെയും അവരെ ആശ്രയിച്ച് ജീവിക്കുന്നവരെയും ആശങ്കയുടെ നടുക്കടലിലാക്കുന്നത്. രാജ്യത്തിന്റെ കയറ്റുമതി വരുമാനത്തിന്റെ വലിയ പങ്ക് മത്സ്യമേഖലയില്‍ നിന്നാണ്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിലും മത്സ്യമേഖല വലിയ സംഭാവന നല്‍കുന്നുണ്ട്. ഒരുവശത്ത് പ്രകൃതിയെ ചൂഷണം ചെയ്ത് പണമുണ്ടാക്കാന്‍ പദ്ധതിയിടുന്നവര്‍ ഇക്കാര്യങ്ങള്‍ മറന്നുപോകരുത്. കാരണം, കടലും തീരവും മീന്‍പിടിത്തവും മനുഷ്യന്റെ ആവാസവ്യവസ്ഥയുടെ അനിവാര്യഘടകങ്ങളാണ്. അതില്ലാതാക്കാന്‍ ശ്രമിക്കുന്നത് ആരായാലും അവര്‍ക്കെതിരേ ശക്തമായ ചെറുത്തുനില്‍പ്പ് നടത്തേണ്ടതുണ്ട്. കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരേ ജനങ്ങളുടെ വികാരം പ്രകടിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയണം. ഇക്കാര്യത്തിലെ മെല്ലെപ്പോക്ക് ജനങ്ങളോടുള്ള വഞ്ചനയായി വിലയിരുത്തപ്പെടും”
Be the first to comment