തിരുവനന്തപുരം: അങ്കണവാടിയില്‍ വീണ് കുഞ്ഞിന് പരുക്കേറ്റ സംഭവത്തില്‍ അധ്യാപികയേയും ഹെല്‍പ്പറേയും സസ്‌പെന്‍ഡ് ചെയ്തു. മാറനല്ലൂര്‍ എട്ടാം വാര്‍ഡ് അംഗണവാടി അധ്യാപിക ശുഭലക്ഷ്മിയെയും അങ്കണവാടി ഹെല്‍പ്പര്‍ ലതയെയും ആണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ ഇന്നലെ കേസെടുത്തിരുന്നു.
മാറനല്ലൂര്‍ പോങ്ങുംമൂട് ഷിബു നിവാസില്‍ രതീഷ്-സിന്ധു ദമ്പതികളുടെ മകള്‍ വൈഗയ്ക്കാണ് (3) പരുക്കേറ്റത്. വ്യാഴാഴ്ചയാണ് സംഭവം. വീഴ്ചയില്‍ സുഷുമ്‌നാനാഡിക്ക് ക്ഷതം സംഭവിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. മാറനല്ലൂര്‍ പഞ്ചായത്തിലെ ഓഫിസ് വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടിയില്‍ ആറ് കുഞ്ഞുങ്ങളാണ് പഠിക്കുന്നത്. ഇവരെ പരിചരിക്കാന്‍ ആയയും അധ്യാപികയുമുണ്ട്. അങ്കണവാടിയില്‍ വച്ച് വൈഗ വീണപ്പോള്‍ വേണ്ട പരിചരണം നല്‍കുകയോ വിവരം രക്ഷിതാക്കളെ അറിയിക്കുകയോ ചെയ്തില്ലെന്നാണ് ആരോപണം.
വൈഗ വീട്ടില്‍ എത്തിയ ഉടനെ നിര്‍ത്താതെ കരയുകയും ഛര്‍ദ്ദിക്കുകയും ചെയ്തു. ഇതേ അങ്കണവാടിയില്‍ പഠിക്കുന്ന വൈഗയുടെ സഹോദരനാണ് കുട്ടി വീണ വിവരം വീട്ടുകാരെ അറിയിച്ചത്. പരിശോധനയില്‍ തലയുടെ പിറകില്‍ കഴുത്തിനോട് ചേര്‍ന്ന ഭാഗത്ത് മുഴച്ചിരിക്കുന്നത് കണ്ടു. ഉടന്‍ രക്ഷിതാക്കള്‍ അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ വീണ വിവരം അറിയിക്കാന്‍ മറന്നുപോയെന്നായിരുന്നുവത്രേ അധികൃതര്‍ നല്‍കിയ മറുപടി. പിന്നീട് വീടിന് സമീപത്തെ ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തിയ ശേഷമാണ് കുഞ്ഞിനെ എസ്.എ.ടി.യിലേക്ക് മാറ്റിയത്.
ബാലാവകാശ കമ്മിഷന്‍ അംഗം ഡോ. എഫ് വില്‍സണ്‍ വൈകുന്നേരത്തോടെ എസ്.എ.ടി ആശുപത്രിയിലെത്തി കുട്ടിയുടെ മാതാപിതാക്കളില്‍ നിന്നും മൊഴിയെടുത്തു. പിന്നാലെയാണ് കേസെടുത്തത്. സംഭവത്തില്‍ അങ്കണവാടിഅധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
Be the first to comment