ഇറാഖിലെ സുപ്രസിദ്ധ നഗരമായ അല്‍ മൗസിലിന് കിഴക്കുള്ള നീനവയിലേക്കാണ് യൂനുസ് (അ) നിയുക്തനായത്. അദ്ദേഹം നീനവാ ദേശവാസികളെ അല്ലാഹുവിലേക്ക് ക്ഷണിച്ചു. പക്ഷേ അവര്‍ അദ്ദേഹത്തെ കളവാക്കുകയും അവരുടെ അധമ മനോഗതിയില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തു. നീണ്ട കാലത്തെ പ്രബോധനം ഏശാതിരുന്നപ്പോള്‍ അല്ലാഹുവിന്‍റെ വഹ്യ് പ്രകാരം മൂന്ന് ദിവസത്തിനകം ഉډൂല ശിക്ഷ വരുമെന്നദ്ദേഹം ജനങ്ങളെ അറിയിച്ചു. എന്നിട്ടും നാട്ടുകാര്‍ക്ക് മാറ്റം വരാത്തത് കണ്ടപ്പോള്‍ അവരോട് പറയാതെയും അല്ലാഹുവിന്‍റെ അനുമതിയില്ലാതെയും നാടുവിട്ട് കപ്പല്‍ കയറി. ഖുര്‍ആന്‍ പറയുന്നു: “യൂനുസ് നബിയും ദൈവ ദൂതരില്‍ ഒരാള്‍ തന്നെ, ഭാരം നിറച്ച ജലയാനത്തിലേക്ക് താന്‍ ഒളിച്ചോടിയ സന്ദര്‍ഭം സ്മരണീയമത്രെ. അങ്ങനെ സഹയാത്രികരുമായി താന്‍ നറുക്കെടുപ്പില്‍ പങ്കാളിയാവുകയും പരാജയപ്പെടുകയും ചെയ്തു. എന്നിട്ട് ആക്ഷേപാര്‍ഹനാകവെ ആ മത്സ്യം തന്നെ വിഴുങ്ങി” (സ്വാഫാത്ത് 139?142).
യൂനുസ് നബി (അ) നാട് വിട്ടകന്നപ്പോള്‍ നാട്ടുകാര്‍ ഭയചകിതരാവുകയും ശിക്ഷ വന്നെത്തുമെന്ന് ഭയക്കുകയും ചെയ്തു. അനന്തരം അവര്‍ ഖേദിച്ചു മടങ്ങി. ഖുര്‍ആന്‍ പറയുന്നു: “എന്നാല്‍ ഒരു നാട്ടുകാരും സത്യവിശ്വാസം വരിക്കുകയും അങ്ങനെ തങ്ങളുടെ വിശ്വാസം അവര്‍ക്ക് ഉപകാരപ്രദമാവുകയും ചെയ്യാത്തതെന്തുകൊണ്ടാണ് ? യൂനുസ് നബിയുടെ സമുദായത്തിനൊഴികെ?. ശിക്ഷ വരുമെന്ന് കണ്ട് വിശ്വാസം സ്വീകരിച്ചപ്പോള്‍ നാം ഇഹലോകത്തെ ഹീന ശിക്ഷ അവരില്‍ നിന്ന് ഒഴിവാക്കിക്കൊടുക്കുകയും ഒരവധി വരെ അവര്‍ക്ക് സുഖ വിഭവങ്ങള്‍ നല്‍കുകയും ചെയ്തു” (യൂനുസ് 98).
മത്സ്യ വയറ്റില്‍ അകപ്പെട്ട യൂനുസ് നബി അല്ലാഹുവിനെ വാഴ്ത്തിക്കൊണ്ടിരുന്നു. ഖുര്‍ആന്‍ വ്യക്തമാക്കുന്നു: “അല്ലാഹുവിന്‍റെ മഹത്വ പ്രകീര്‍ത്തനകരിലുള്‍പ്പെട്ടിരുന്നില്ലെങ്കില്‍ പുനരുദ്ധാന നാള്‍വരെ താന്‍ അതിന്‍റെ വയറ്റില്‍ തന്നെ കഴിഞ്ഞു കൂടേണ്ടി വരുമായിരുന്നു. എന്നിട്ട് രോഗിയായി നാമദ്ദേഹത്തെ വെളിയിലേക്ക് തള്ളുകയും തനിക്ക് മീതെ ചുരക്കച്ചെടി മുളപ്പിക്കുകയും ചെയ്തു. ഒരു ലക്ഷമോ അതിലുപരിയോ വരുന്ന ഒരു ജനസഞ്ചയത്തിലേക്ക് അദ്ദേഹത്തെ നാം ദൂതനാക്കുകയും അവര്‍ സത്യവിശ്വാസം കൈക്കൊള്ളുകയും ഒരു നിശ്ചിത കാലം വരെ അവര്‍ക്കു നാം സുഖജീവിതം നല്‍കുകയുമുണ്ടായി” (സ്വാഫാത്ത് 143?147). യൂനുസ് നബിയുടെ സ്രേഷ്ഠതയെപ്പറ്റി അബൂ ഹുറൈറയെ തൊട്ട് നിവേദനം: നബി (സ) പറഞ്ഞു: “യൂനുസുബ്നു മതായേക്കാള്‍ ശ്രേഷ്ഠനാണ് ഞാനെന്ന് പറയല്‍ ഒരാള്‍ക്കും യോജിച്ചതല്ല” (ബുഖാരി/കിതാബുല്‍ അമ്പിയാഅ്).
Be the first to comment