ഓരോ ദിവസവും അവസാനത്തോടടുക്കുമ്പോള്‍ ഡിസംബര്‍ 6-ന്‍റെ കറുത്ത കുത്തുകള്‍ കൂടുതല്‍ കരിവാളിച്ച് കൊണ്ടിരിക്കുകയാണ്.ശാന്തിയുടെയും സമാധാനത്തിന്‍റെയും സുന്ദര സൗഖ്യമായി നിലകൊണ്ടിരുന്ന ബാബരിയുടെ ചരിത്രങ്ങളില്‍ പതിഞ്ഞ ആ കറ, മത തീവ്രവാദത്തിന്‍റെ മൃഗീയ മനസ്സുകളെയും അണിയറയില്‍ അവരുടെ ആയുധങ്ങള്‍ അണച്ചു കൊടുക്കുന്ന നീതി പീഢത്തിന്‍റെയും ചിത്രങ്ങള്‍ കൂടുതല്‍ വ്യക്തമാക്കുന്നു.നാലര നൂറ്റാണ്ടുകാലം മുസ്ലിം ഉമ്മത്തിന്‍റെ നെറ്റിത്തടം ചേര്‍ത്തുവെച്ച ആ വഖ്ഫ് ഭൂമിക തീവ്ര ഹിന്ദുക്കള്‍ക്ക് തീറെഴുതികൊടുത്തത് ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ മാറിടത്തിലേക്ക് വിഷം കയറ്റിവെക്കുന്നതിനു സമാനമാണ്.ചരിത്രം ധ്വംസനം ആദ്യം നടത്തുകയും ശേഷം വര്‍ഗ്ഗീയത സൃഷ്ടിക്കുകയും ചെയ്തു കൊണ്ടായിരുന്നു ബാബരി ധ്വംസനത്തിന് തുടക്കം കുറിച്ചത്.എന്നാല്‍ യഥാര്‍ത്ഥത്തില്‍ കള്ളങ്ങള്‍ കൊണ്ട് കുഴി തോണ്ടുകയായിരുന്നു വര്‍ഗ്ഗീയ വാദികള്‍.
പള്ളിയുടെ മേലുള്ള അവകാശവാദം ബാബരിയില്‍ മാത്രം ഒതുങ്ങിയില്ല.ഇന്നും അത് തുടര്‍ന്നു കൊണ്ടിരിക്കുന്നു.ബാബരിയുടെ അതേ സ്ഥിതിയാണ് മധുരയിലെ ഷാഹി മസ്ജിദിനും സംഭവിച്ചിരിക്കുന്നത്.പള്ളി സ്ഥിതിചെയ്യുന്ന സ്ഥലത്താണ് ശ്രീകൃഷ്ണന്‍ ജനിച്ചതെന്നും അവിടെ അമ്പലം തകര്‍ത്തുകൊണ്ടാണ് പള്ളി നിര്‍മ്മിച്ചതെന്നും വര്‍ഗ്ഗീയ വാദികള്‍ ഉന്നയിക്കുന്നു.മത ഭ്രാന്ത് തലക്ക് പിടിച്ച് കൊണ്ടുള്ള ഇത്തരം ആരോപണങ്ങള്‍ ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കുകയാണ്.തികച്ചും അടിസ്ഥാന രഹിതവും മനസാക്ഷിക്ക് നിരക്കാത്തതുമായ ഇത്തരം ആരോപണങ്ങള്‍ തീര്‍ച്ചയായും എതിര്‍ക്കപ്പെടേണ്ടതു തന്നെയാണ്.
ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത് പോലോത്ത വിഷയങ്ങള്‍ വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്നത് പോലെ തന്നെ ബാബരി മസ്ജിദിന്‍റെ കാര്യത്തില്‍ ഉന്നയിച്ച വിധിയും ആവര്‍ത്തിക്കപ്പെടുകയാണിന്ന്.അയോധ്യയില്‍ ഏക്കര്‍ കണക്കിന് വഖ്ഫ് ഭൂമിയാണ് അന്യാധീനപ്പെട്ടത്.അതിന് പകരമായി മുസ് ലിംകള്‍ക്ക് ലഭിച്ചത് അയോധ്യയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ ദൂരെ ധാനിപ്പൂരില്‍ കേവലം അഞ്ച് ഏക്കര്‍ ഭൂമിയാണ്.വഖ്ഫിന്ന് വിട്ടുകൊടുത്ത വസ്തു നല്‍കിയ ആള്‍ എന്തിനുവേണ്ടിയാണോ അത് നല്‍കിയത് അതിന് വേണ്ടി മാത്രം ഉപയോഗപ്പെടുത്താന്‍ സാധിക്കുന്ന പ്രക്രിയയാണ് വഖ്ഫ് എന്നുള്ളത്.ആരാധനാലയങ്ങള്‍ക്ക് വേണ്ടിയും സാമൂഹിക പുരോഗതിക്ക് വേണ്ടിയും പരലോക മോക്ഷം ലക്ഷ്യം വെച്ച് കൊണ്ടുള്ള പ്രാര്‍ത്ഥനകള്‍ നടത്തുന്നവര്‍ക്ക് പ്രതിഫലം നല്‍കുന്നതിന് വേണ്ടിയുമൊക്കെ വഖ്ഫ് ചെയ്യാറുണ്ട്.ഒരു മതത്തിന്‍റെ സംരക്ഷണമെന്നോളം അവകള്‍ പരിരക്ഷിക്കപ്പെടേണ്ടതു തന്നെ.
തൊഴില്‍ മേഖലകളിലെ ഉദ്ധാനത്തിന്‍റെ വഴിവിളക്കായി ഗള്‍ഫ് പണത്തെ പറയാറുണ്ട്.സമാനമായി ഇന്ത്യന്‍ മുസ്ലിംകളുടെ വളര്‍ച്ചയ്ക്ക് തണലാവേണ്ടത് വഖ്ഫ് സ്വത്തുക്കളാണ്.എന്നാല്‍ വഖ്ഫ് സ്വത്തുക്കളിലേക്കുള്ള നിയമനം പി.എ.സിക്ക് വിട്ടുകൊടുത്തതോടു കൂടി മുസ്ലിം ഉമ്മത്തിന്‍റെ കരണത്തടിച്ചിരിക്കുകയാണിന്ന് കേരള സര്‍ക്കാര്‍.കേരളത്തിലെ 29 വഖ്ഫ് സ്വത്തുക്കള്‍ പലരുടെയും കൈവശമാണെന്ന് കഴിഞ്ഞ വര്‍ഷത്തെ കണക്കില്‍ വ്യക്തമാകുന്നു.മതത്തിന്‍റെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം എന്തുകൊണ്ട് ദേവസ്വം ബോര്‍ഡിന്‍റെ കാര്യത്തിലായിക്കൂടാ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി മൗനം വിഴുങ്ങിയിരിക്കുകയാണ്.ദുരുപയോഗം ചെയ്തതോ അനതികൃതമായി കൈയ്യേറ്റം ചെയ്തതോ ആയ ഒട്ടനവധി വഖ്ഫ് സ്വത്തുക്കളാണ് ഇന്ന് അന്യാധീനപ്പെട്ടുകൊണ്ടിരിക്കുന്നത്.പരാതിക്കാരായ അഡ്വ: റഊഫ് റഹീം,അസ്ഗര്‍ റഹീം എന്നിവര്‍ സമര്‍പ്പിച്ച ഹരജിയില്‍ അത്ഭുതപ്പെടുത്തുന്ന കണക്കുകളാണ് തെളിഞ്ഞത്.പശ്ചിമ ബംഗാളില്‍ മാത്രം 18,550 കോടി രൂപയുടെ വഖ്ഫ് സ്വത്തുക്കളാണ് കളങ്കപ്പെടുത്തിയിരിക്കുന്നത്.2013-ലെ വഖ്ഫ് ഭേതഗതി അനുസരിച്ച് സംസ്ഥാന വഖ്ഫ് ബോര്‍ഡിനോ വഖ്ഫ് ട്രൈബൂണലിനോ സ്വത്തുക്കള്‍ അനധികൃതമായി കൈക്കലാക്കിയവര്‍ക്കെതിരെ നിയമ നടപടികള്‍ക്ക് മുതിരാന്‍ അവകാശവും അധികാരവും ഉണ്ട്.എന്നാല്‍ അവയിലൊന്നിന് വേണ്ടി പോലും ഈ സമിതിയുടെ ശബ്ദമുയര്‍ന്നില്ല എന്നത് പരിതാപ ഇന്ത്യയുടെ വിശദീകരണമാണ്.അന്യാധീനപ്പെട്ടു പോവുന്ന ഓരോ വഖ്ഫ് സ്വത്തുക്കളും സൂചിപ്പിക്കുന്നത് ഒരു പൗരന്‍റെ അവകാശത്തിനു മേലുള്ള കൈകടത്തലാണ്.കാരണം വഖ്ഫിന്ന് മാത്രമായി വിട്ടുകൊടുക്കുന്നതാണ് ഓരോ വഖ്ഫ് സ്വത്തുക്കളും അവകള്‍ യഥാര്‍ത്ഥമായ ഉദ്ധേശത്തിനു വിധേയമാക്കുമ്പോള്‍ മാത്രമാണ് ഇന്ത്യന്‍ ഭരണഘടനക്കു നിരക്കുന്നതായി മാറൂ.വഖ്ഫ് സ്വത്തുക്കള്‍ സംരക്ഷിക്കേണ്ടത് ഓരോ ഇന്ത്യന്‍ പൗരന്‍റെയും ബാധ്യതയാണ്.അവകള്‍ സംരക്ഷിക്കപ്പെടാനുള്ള ജൈത്രയാത്രയിലെ മുന്‍നിര അങ്കമായി നമുക്ക് മുന്നേറാം.
Be the first to comment