കണ്ണിയത്ത് ഉസ്താദ്ഃ ജ്ഞാനസപര്യയുടെ ആത്മീയ സൗരഭ്യം

ആഷിഖ് പി പയ്യനാട്

മാനവജീവിതത്തിന്‍റെ ചുറ്റുപാടുകളെയും കാലഘട്ടത്തിന്‍റെ ഭാവങ്ങളെയും വിവേചിച്ച് കേരളീയ മുസ്ലിം ചരിത്രത്തില്‍ തുല്ല്യതയില്ലാത്ത അറിവിന്‍റെ ആഴം കണ്ട ആത്മീയാചാര്യരായിരുന്നു മര്‍ഹൂം റഈസുല്‍ മുഹഖിഖീന്‍ കണ്ണിയത്ത് അഹ്മദ് മുസ്ലിയാര്‍.ആത്മീയതയുടെ നിസ്തുല്ല്യതയില്‍ പൂത്തുനിന്ന ഉസ്താദുല്‍ അസാതിദീന്‍റെ സ്മരണകള്‍ നിറഞ്ഞു നില്‍ക്കുന്ന മാസമാണ് റബീഉല്‍ ആഖിര്‍.
പരിശുദ്ധ ഇസ്ലാമിന്‍റെ വെള്ളി പ്രഭയുമായി ഹിജ്റ 21 ല്‍ കേരളത്തിലെത്തിയ മാലിക് ബ്നു ദീനാര്‍(റ)ന്‍റെ ശേഷം ഇസ്ലാമിക പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച സഹോദര പുത്രന്‍ മാലിക് ബ്നു ഹബീബ്(റ)എന്നവരിലേക്ക് ചെന്നെത്തുന്നതാണ് കണ്ണിയത്തുസ്താദിന്‍റെ പിതൃപരമ്പര.മരുക്കാട്ടു പറമ്പില്‍ ഉണ്ണിമൊയ്തീന്‍ മകന്‍ അവറാന്‍ കുട്ടി മൊല്ലചങ്ങാര സ്വദേശി ചുള്ളിക്കാട്ടില്‍ അബ്ദുര്‍ റഹ്മാന്‍ മകള്‍ ഖദീജ എന്നവരുടെ ദാമ്പത്യവല്ലരിയിലാണ് 1900-ജനുവരി 17 ന് കണ്ണിയത്ത് അഹ്മദ് മുസ്ലിയാരുടെ ജനനം.ജന്മദേശമായ തോട്ടക്കാട്ടെ പ്രമുഖ ഭൂവുടമയും സൂഫീവര്യനുമായ മഹാന്‍റെ പിതാവും അവിടുത്തെ കുടുംബ പരമ്പരയിലെ മുഴുവന്‍ അംഗങ്ങളും ആത്മീയതയാല്‍ മികച്ചു നിന്നവരായിരുന്നു.
ബാല്യദശയുടെ മധു നുകരുന്നതിനു മുമ്പേ പിതാവ് ഇഹലോകവാസം വെടിഞ്ഞതു കാരണം പിതൃസഹോദരന്‍ ഉണ്ണിമൊയ്തീന്‍ എന്നവരുടെ തണലില്‍ ജീവിതം മുന്നോട്ട് നീക്കിയ മഹാന്‍റെ ജീവിത സാഹചര്യങ്ങള്‍ കൂടുതല്‍ ദുസ്സഹമായിരുന്നു.ഏറെ വൈകാതെ പിതൃസഹോദരന്‍ ഉണ്ണിമൊയ്തീനും മരണമടഞ്ഞതോടെ പ്രമുഖ പണ്ഡിതനും സാത്വികനുമായ ഉണ്ണിമൊയ്തീന്‍റെ ജ്യേഷ്ടന്‍ അബ്ദുര്‍ റഹ്മാന്‍റെ സാന്നിദ്ധ്യത്തില്‍ മഹാന്‍ ജീവിതത്തിന്‍റെ മധു നുകര്‍ന്നു.

വിജ്ഞാനത്തിന്‍റെ വാതായനങ്ങള്‍ കണ്ണിയത്തുസ്താദിന്‍റെ നേരെ തുറന്നു കൊടുത്തത് അബ്ദുര്‍ റഹ്മാന്‍ മുസ്ലിയാരായിരുന്നു.1912 ല്‍ മഹാനെ വാഴക്കാട്ടെ ദാറുല്‍ ഉലൂമില്‍ ചേര്‍ത്തത് മുതല്‍ മഹാന്‍ പുതിയ പാതകളിലൂടെ സഞ്ചാരം നടത്തുകയായിരുന്നു.കുടുംബ സാഹചര്യങ്ങള്‍ കൂടുതല്‍ ദാരിദ്ര്യത്തിന്‍റെ നടുവിലാണെങ്കിലും മഹാനവര്‍കള്‍ ദര്‍സിലെ സ്ഥിരസാന്നിദ്ധ്യമായിരുന്നു.കുടുംബത്തിന്‍റെ പ്രാരാബ്ധങ്ങളും ജീവിത ചുറ്റുപാടുകളും ജ്ഞാനസപര്യക്ക് വിഘാതമാവാതെ തന്നെ മഹാന്‍ കാത്തുസൂക്ഷിച്ചു.ഇടക്കാലത്ത് ദാറുല്‍ ഉലൂമില്‍ നിന്നും ഊരകം പള്ളി ദര്‍സില്‍ ചേര്‍ന്നെങ്കിലും ഏറെ വൈകാതെ തന്നെ തിരിച്ചു പോന്നു.
അതിനിടെ കൊയപ്പത്തൊടി കുടുംബത്തിലെ ചില വിദ്യാര്‍ത്ഥികള്‍ക്ക് ഒരു നായര്‍ അദ്ധ്യാപകന്‍ ഇംഗ്ലീഷും മലയാളവും ഹോം ട്യൂഷന്‍ എടുത്തിരുന്നു.അവിടെ വെച്ചാണ് രണ്ട് ഭാഷകളിലും മഹാന്‍ നൈപുണ്യം നേടിയത്.രണ്ട് ഭാഷകളിലും മഹാന്‍ നേടിയ കഴിവ് അപാരമായിരുന്നു.
അനന്തമായ ജ്ഞാനത്തിന്‍റെ ഗിരിശൃംഖങ്ങള്‍ മഹാന്‍ കീഴടക്കിയത് ചുരുങ്ങിയ കാലത്തെ ദര്‍സീ വിദ്യയില്‍ നിന്നായിരുന്നു.ജ്ഞാനത്തിന്‍റെ ഒരുപാട് മേഖലകള്‍ സ്വായത്തമാക്കിയ മഹാന്‍റെ പ്രധാന ഗുരു ചെറുശ്ശേരി അഹമ്മദ് മുസ്ലിയാരായിരുന്നു.1922 ല്‍ വേലൂരില്‍ നിന്നും പറിച്ചു നടപ്പെട്ട ചെറുശ്ശേരിയെന്ന ജ്ഞാനസൗഗന്ധികം കേരളത്തിലാകെ പ്രഭ ചൊരിഞ്ഞു.
വിദ്യാര്‍ത്ഥി കാലത്തിന് തിരശ്ശീലയിട്ടത് ദാറുല്‍ ഉലൂമില്‍ നിന്നാണെങ്കിലും ഇടക്കാലത്ത് പെരുമണ്ണ , മൊറയൂര്‍ , നെല്ലിപ്പറമ്പ് എന്നിവിടങ്ങളിലും അദ്ധേഹം വിദ്യ അഭ്യസിച്ചിരുന്നു.ശേഷം,ദാറുല്‍ ഉലൂമില്‍ ആദ്യം രണ്ടാം മുദരിസായും പിന്നീട് പ്രധാന മുദരിസായും കണ്ണിയത്തുസ്താദ് സേവനം നടത്തി.പില്‍ക്കാലത്ത് കേരളത്തിലുദയം കൊണ്ട ഒട്ടനവധി പണ്ഡിതമഹത്തുക്കള്‍ അദ്ധേഹത്തിന്‍റെ ശിഷ്യ്രന്മാരായി കടന്നു വന്നു.
സേവനസന്നദ്ധതയില്‍ നില കൊണ്ട മഹാന്‍ 1934 ല്‍ കണ്ണൂര്‍ ജില്ലയിലെ മാട്ടൂലില്‍ പള്ളി ദര്‍സ് ആരംംഭിച്ചു.ശൈഖുനാ ശംസുല്‍ ഉലമാ ഇ കെ അബൂബക്കര്‍ മുസ്ലിയാര്‍ എന്ന ജ്ഞാനകുലപതി കണ്ണിയത്തുസ്താദില്‍ നിന്ന് ജ്ഞാനം നുകര്‍ന്നത് മാട്ടൂലില്‍ വെച്ചായിരുന്നു.വിജ്ഞാന സപര്യയില്‍ ജീവിതം മാറ്റി വെച്ചപ്പോയും ഒരു ചെറിയ ഇടവേളയില്‍ മഹാന്‍ മരക്കച്ചവടത്തിലേക്കും ശ്രദ്ധ തിരിച്ചിരുന്നു.ജീവിതത്തിന്‍റെ നീക്കുപോക്കുകള്‍ക്കിടയില്‍ അനാവശ്യങ്ങള്‍ കടന്നു വരുന്നത് മഹാന്‍ ഭയന്നു.തെറ്റുകള്‍ ആരില്‍ നിന്ന് കണ്ടാലും മുഖം നോക്കാതെ പ്രതികരിച്ച മഹാന്‍ സൂക്ഷമതയുടെ ഒരു വലിയ അടയാളമായിരുന്നു.സത്യസന്ധതയും,വിനയവും മഹാന്‍റെ പ്രത്യേകതകളില്‍ പ്രധാനമായിരുന്നു.ജീവിതത്തില്‍ ഒരുപാട് സാമ്പത്തിക വിനിമയം നടത്തിയ മഹാന്‍ സത്യസന്ധത വച്ചു പുലര്‍ത്തിയിരുന്നു.വില്‍ക്കാന്‍ വേണ്ടി മാറ്റി വെച്ച മരത്തിന്‍റെ ന്യൂനതകള്‍ തുറന്നു പറയുന്ന പ്രകൃതക്കാരനായ കണ്ണിയത്തുസ്താദിന് ഒരിക്കലും കച്ചവടത്തില്‍ ലാഭം കൊയ്യാന്‍ സാധിച്ചിട്ടില്ല. നഷ്ടങ്ങള്‍ മാത്രം സമ്മാനിച്ച മരക്കച്ചവടത്തില്‍ നിന്നും മഹാന്‍ പിന്മാറി.

മാട്ടൂലിലെ മഹത്തരമായ മുദര്‍രിസ് ജീവിതത്തിന് അന്ത്യം കുറിച്ച് ചരിത്ര പ്രസിദ്ധമായ പൊന്നാനി ജുമാമസ്ജിദില്‍ മുദര്‍രിസായി.മണ്ണെണ്ണ വിളക്കിന്‍റെ ഓരത്തിരുന്ന് മഹാന്‍ പ്രസരിപ്പിച്ച ജ്ഞാനത്തിന്‍റെ മധുനുകര്‍ന്നവര്‍ അനവധിയാണ്.പില്‍ക്കാലത്ത് കേരള ചരിത്രത്തില്‍ വിപ്ലവം തീര്‍ത്ത പണ്ഡിതന്മാരെല്ലാം കണ്ണിയത്തുസ്താദെന്ന മഹത് വ്യക്തിയുടെ ശിഷ്യത്വം സ്വീകരിച്ചവരാണ്.


കേരളത്തലങ്ങോളമിങ്ങോളം അരനൂറ്റാണ്ടിലേറെ കാലം വിജ്ഞാന സൗഗന്ധികം പരത്തിയ മഹാന്‍ ആരോഗ്യപരമായ എല്ലാ അവശതകളെയും തരണം ചെയ്ത് മുന്നേറി.1941 മുതല്‍ 1944 വരെ മാട്ടൂലിലും ,1949 പൊന്നാനിയിലും, 1967 ല്‍ പട്ടിക്കാട് ജാമിഅ നൂരിയ്യയിലുമായി കേരളത്തിലങ്ങോളം ആയിരക്കണക്കിന് ശിഷ്യന്മാരെ മഹാന്‍ വാര്‍ത്തിയെടുത്തു അവിടുത്തെ ജ്ഞാനനിര്‍ഝരിയില്‍ നിന്ന് അറിവ് പകര്‍ന്നവര്‍ ഇന്ന് കേരളത്തില്‍ ആ പാതയില്‍ സജീവമായി നില കൊള്ളുന്നു. ശംസുല്‍ ഉലമാ ഇ കെ അബൂബക്കര്‍ ,മലയമ്മ അബൂബക്കര്‍ മുസ്ലിയാര്‍,അണ്ടോണ അബ്ദുല്ല മുസ്ലിയാര്‍ എന്നിങ്ങനെയുള്ള പ്രഗത്ഭരെല്ലാം മഹാന്‍റെ സംഭാവനകളാണ്.
ഗുരുനാഥന്മാരുടെ ഗുരുനാഥനായിരുന്നു മഹാനവര്‍കള്‍ എന്ന് ചരിത്രം പറഞ്ഞു തരുന്നു.എണ്ണിയാലൊടുങ്ങാത്ത ശിഷ്യഗണങ്ങളിലേക്ക് അറിവ് പരത്തിയ അവിടുത്തെ ജീവിതം അര്‍ത്ഥപൂര്‍ണ്ണമായിരുന്നു.അറിവിന്‍റെ ആഴക്കടല്‍ കണ്ട ആ ആത്മീയാചാര്യന്‍ ഒരു ചരിത്ര വിസ്മയമായിരുന്നു.ആ ജ്ഞാനത്തിന്‍റെ മധു നുകര്‍ന്നവര്‍ ഈ വിഷയത്തില്‍ ഒന്ന് കൂടി ശ്രദ്ധാപൂര്‍വ്വം ജീവിതം നയിച്ചു.

കേരളീയ സമൂഹത്തിന്ന് ആദര്‍ശ വിശുദ്ധി കാണിച്ചു തന്ന സമസ്തയുടെ ആദ്യകാല നേതാക്കളില്‍ ഒരാളായിരുന്നു മഹാന്‍.സമസ്തയുടെ പ്രാരംഭകാലത്ത് തന്‍റെ ഇരുപത്തി എട്ടാമത്തെ(28 മത്തെ മുശാവറാ മെമ്പറായി)വയസ്സില്‍ ദിനീ ഗോധയിലേക്ക് മഹാന്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.സമസ്തയുടെ ചരിത്രത്തില്‍ ഏറ്റവും നല്ല കാലഘട്ടമായി അതിനെ വായിക്കപ്പെടുന്നു.


മൂന്ന് പതിറ്റാണ്ടിന്‍റെ സേവന സന്നദ്ധത നിറഞ്ഞ മഹാന്‍റെ ജീവിതം ഒരു അത്ഭുതമായിരുന്നു.സമസ്തക്ക് വേണ്ടി സഹിച്ച കഷ്ടതകളും യാതനകളും നിരവധിയണ്.കോടതിയുടെ അകത്തളത്തെക്ക് കയറേണ്ട ദുരവസ്ഥ വന്നു പോയെന്നു നാം കരുതിയെങ്കിലും റബ്ബിന്‍റെ അലംഘനീയമായ വിധി അതിനെ തളര്‍ത്തിക്കളഞ്ഞു.സമസ്തയുടെ ആര്‍ജ്ജവമുള്ള ശബ്ദമായി മാറിയ ശംസുല്‍ ഉലമയെന്ന ജ്ഞാനകുലപതിയെ കേരളത്തിന് സമര്‍പ്പിച്ചതും മഹാന്‍ തന്നെയായിരുന്നു.സമസ്തയുടെ ചരിത്രത്തിലെ ശൈഖാനിമാരായി അറിയപ്പെട്ടവരാണ് കണ്ണിയത് ഉസ്താദും ,ശൈഖുനാ ശംസുല്‍ ഉലമയും ഏറ്റവും വലിയ ഗുരു ശിഷ്യ ബന്ധത്തിന്‍റെ ഉദാഹരണങ്ങളായിരുന്നു അവരിരുവരും.
കണ്ണിയത്ത് എന്ന നാലക്ഷരത്തില്‍ അറിയപ്പെട്ട ശൈഖുനയുടെു ജീവിതം അറിവിന്‍റെയും ആത്മീയതയുടെയും സമന്വയമായിരുന്നു.അവ രണ്ടും ജീവിതത്തില്‍ പകര്‍ത്തിയ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വ വ്യക്തിത്വമായിരുന്നു. അതിനുതകുന്ന ഒരുപാട് കാര്യങ്ങള്‍ നമുക്ക് ചരിത്രരേഖകളില്‍ നിന്ന് ചികഞ്ഞെടുക്കാം.
കേരളീയ പരിസരത്തില്‍ ദുഃഖം തളം കെട്ടിയ ഒരു രാത്രിയായിരുന്നു 1993 ലെ ആ സെപ്തംബര്‍ 19 .തിങ്കളാഴ്ച രാവിന്‍റെ ധന്യമുഹൂര്‍ത്തത്തില്‍ റഈസുല്‍ മുഹഖിഖീന്‍ ഇഹലോകവാസം വെടിഞ്ഞു.ഒമ്പത് പതിറ്റാണ്ടിന്‍റെ ഓര്‍മമകള്‍ കുറിപ്പിലേക്ക് പകര്‍ത്തുമ്പോള്‍ അവിടുത്തെ ഓര്‍മ്മകള്‍ക്ക് ഭംഗിയേറുന്നു.കുറിച്ചിടുന്ന ജീവിത ചിത്രങ്ങള്‍ക്ക് നിറം നല്‍കാവാതെ മനസ്സ് പിറകോട്ട് വലിയുകയാണ്.
ഒരു സമൂഹത്തിന്‍റെ പ്രതീക്ഷകള്‍ക്ക് ജീവന്‍ നല്‍കിയ ആ മഹാപുരുഷനെ ആറടി മണ്ണിലേക്ക് എടുത്തു വെക്കുമ്പോള്‍ ഈറനണിഞ്ഞ ആറു ലക്ഷം കണ്ണുകള്‍ അവിടെ സന്നിഹിതമായിരുന്നു.ഹൃദയഭിത്തികളില്‍ തട്ടി കണ്ണുകള്‍ ഈറനണിഞ്ഞ് ചുണ്ടുകള്‍ വിതുമ്പുകയാണ്.മനസ്സില്‍ കണ്ണിയത്തെന്ന നാലക്ഷരം ഓര്‍മ്മകള്‍ക്ക് ജീവന്‍ നല്‍കി സ്മരണകള്‍ ചുരത്തുകയാണ്.നാഥാ,നാളെ സ്വര്‍ഗ്ഗീയ ലോകത്ത് അവരുടെ കൂടെ ഒരുമിച്ച് ഞങ്ങളെയും ചേര്‍ക്കേണമേ …ആമീന്‍

About Ahlussunna Online 1304 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*