റഹ്മാനിയ്യ കടമേരി
തെന്നിന്ത്യയിലെ മത-ഭൗതിക സമന്വയ വിദ്യാഭ്യാസ രംഗത്തെ സുന്ദര സാന്നിധ്യമാണ് കടമേരി റഹ്മാനിയ്യ. വടക്കേ മലബാറിലെ വടകര താലൂക്കില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം നിഷ്കാമ കര്‍മ്മിയും സൂഫീവര്യനുമായിരുന്ന ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്ലിയാരുടെ മഹനീയ നേതൃത്വത്തിന് കീഴിലാണ് 1972-ല്‍ പിറവി കൊണ്ടത്. കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിച്ചുകൊണ്ട് പ്രതികരിക്കാനുതകുന്ന ഒരു പറ്റം പണ്ഡിതന്മാരെ വാര്‍ത്തെടുക്കുകയെന്ന മഹനീയ ലക്ഷ്യത്തോടു കൂടിയാണ് ചീക്കിലോട്ടോര്‍ ഇറങ്ങിപ്പുറപ്പെട്ടത്. ആത്മാര്‍ത്ഥതയും നിഷ്കളങ്കതയും കൈമുതലാക്കിയുള്ള മഹാന്റെ പ്രവര്‍ത്തനങ്ങളാണ് റഹ്മാനിയ്യക്ക് അടിത്തറ പാകിയത്. ഒട്ടേറെ പ്രതിസന്ധികള്‍ ചീക്കിലോട്ടോര്ക്ക് മുമ്പില്‍ രൂപപ്പെട്ടുവെങ്കിലും അവകളെയെല്ലാം പരിശ്രമങ്ങള്‍ കൊണ്ട് മറി കടക്കുകയായിരുന്നു മഹാനവര്കള്.
സമന്വയ വിദ്യാഭ്യാസത്തിന്റെ വഴികള്‍ മുസ്ലിം കൈരളിക്ക് പരിചയപ്പെടുത്തിയ തറവാട്ടു മുറ്റമാണ് കടമേരി റഹ്മാനിയ്യ. നീണ്ട് നാലര പതിറ്റാണ്ടായി കേരളക്കരയില്‍ മത-ഭൗതിക സമന്വയത്തിന്റെ മേഖലകളില്‍ പുത്തന്‍ ചുവടുവെപ്പുകളുമായി നിറഞ്ഞു നില്‍ക്കുകയാണ് റഹ്മാനിയ്യ. പാരമ്പര്യത്തിന്റെ തനിമ കാത്തുസൂക്ഷിക്കുന്നതിലും പരിഷ്കരണ ചിന്താഗതികളെ പ്രതിരോധിക്കുന്നതിലും റഹ്മാനിയ്യയുടെ സന്തതികള്‍ മുസ്ലിം കേരളത്തിന്റെ ആശയും പ്രതീക്ഷയുമായി നിലകൊള്ളുകയാണ്. സമൂഹം ഏറെ പ്രതീകഷയോടു കൂടിയാണ് ഇന്ന് റഹ്മാനിയ്യയെയും റഹ്മാനികളെയും നോക്കിക്കാണുന്നത്.
1972-ല്‍ തുടങ്ങിയ റഹ്മാനിയ്യക്ക് കീഴില്‍ ഇന്ന് ഒട്ടേറെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സ്ഥാപന സമുച്ചയങ്ങള്‍ കേരളത്തിലെ മതവിദ്യാഭ്യാസ ഭൂമികയില്‍ സക്രിയ ചരിതങ്ങള്‍ രചിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്. അറബിക് കോളേജിനു പുറമെ ബോര്‍ഡിംഗ് മദ്രസ, ആര്.എ.സി ഹൈസ്ക്കൂള്, അഗതി വിദ്യാ കേന്ദ്രം, കമ്പ്യൂട്ടര്‍ അക്കാദമി, ഹയര്‍ സെക്കണ്ടറി സ്കൂള്‍, പബ്ലിക് സ്കൂള്‍, വനിതാ കോളേജ്, ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ ഒട്ടനവധി സ്ഥാപനങ്ങള്‍ക്കൊണ്ട് നിറഞ്ഞു നില്‍ക്കുന്നതാണ് റഹ്മാനിയ്യ കാമ്പസ്.