ശാസ്ത്ര-സാങ്കേതിക രംഗത്തെ ലോകത്തിന്റെ വളര്‍ച്ചയിന്ന് ദ്രുതഗതിയിലാണ്. നവംനമ്യമായ കണ്ടുപിടിത്തങ്ങള്‍ മനുഷ്യനെ പരതന്ത്രനും ജീവിതത്തെ കൂടുതല്‍ സുഖപ്രദവും അനായാസകരവുമാക്കിത്തീര്‍ക്കുകയും ചെയ്തിരിക്കുന്നു. ശാസ്ത്രീയ പുരോഗതിയും സാങ്കേതിക വളര്‍ച്ചയും പടിഞ്ഞാറിന്റെ മാത്രം സംഭാവനയായി പരിചയപ്പെടുത്തുമ്പോള്‍ ശാസ്ത്ര ലോകത്തെ നക്ഷത്രങ്ങളായി തിളങ്ങിയിരുന്ന മുസ്ലിം പ്രതിഭകളുടെ സേവനങ്ങളിവിടെ വിസ്മരിക്കപ്പെടുന്നു. മുസ്ലിംകള്‍ ശാസ്ത്ര വിരോധികളും അക്ഷരവൈരികളുമായി ചിത്രീകരിക്കപ്പെടുന്നു. പല സമുദായങ്ങളുടെയും മതങ്ങളുടെയും സംഭാവന ശാസ്ത്രലോകത്തിന് ലഭിച്ചിട്ടുണ്ട്. ഇതില്‍ മുഖ്യ പങ്ക് മുസ്ലിംകളുടെയും ഖുര്‍ആനിന്റേതുമാണെന്ന യാഥാര്‍ത്ഥ്യം തിരശ്ശീലകള്‍ക്കു പിന്നിലെന്നപോല്‍ ഇന്നും മറഞ്ഞ് കിടക്കുന്നു. ആ യാഥാര്‍ത്ഥ്യം ഇന്നിന്റെ യുവ സമൂഹം മനസ്സിലാക്കേണ്ടതുണ്ട്.
ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഏകാന്തത തുടിക്കുന്ന ഹിറയുടെ ഗര്‍ഭത്തിലാണ് ഇസ്ലാമിക ജ്ഞാന വിപ്ലവം പിറവിയെടുക്കുന്നത്. തിരുമേനിയുടെ വിമലീകരണ ശബ്ദം അതിന് മാറ്റ് കൂട്ടുമാറ് കൊച്ചുകുടിലുകളില്‍ വരെ മുഴങ്ങികേട്ടു. കാലാന്തരേണ ആ പ്രവാഹത്തിന് ശക്തി കൂടി. അതിനിടെ ജീവാര്‍പ്പണത്തിന്റെ മകുടങ്ങാളായ അബൂബകറും (റ) ഉമറും (റ) കടന്നുവന്നതോടെ ജ്ഞാന ചക്രവാളങ്ങള്‍ തുറക്കപ്പെട്ടു. മാനുഷ്യകത്തിന്റെ അന്ത്യം വരെ അഭിമാന ശബ്ദവുമായി വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചു.അങ്ങനെ ലോകമാകെ ജ്ഞാനത്തിന്‍ വേരുകള്‍ പടര്‍ന്നു പന്തലിച്ചു. അങ്ങനെയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മനുഷ്യന്ന് പോലും ആത്മാര്‍ത്ഥതയോടെ ഉള്‍ക്കൊള്ളാനും അനുവര്‍ത്തിക്കാനും ആസ്വദിക്കാനും കഴിയുന്ന സിദ്ധാന്തങ്ങള്‍ വരെ ഉരിത്തിരിഞ്ഞ് വന്നത്.
വിശ്വവൈജ്ഞാനിക ചരിത്രത്തില്‍ നക്ഷത്രത്തുല്യം പങ്ക് വഹിച്ചവരായിരുന്നു മുസ്ലിം ശാസ്ത്ര വിശാരദന്മാര്‍. പടിഞ്ഞാറില്‍ ധൈഷണിക മുന്നേറ്റത്തിന്റെ ചാലക ശക്തികള്‍ ഉടലെടുക്കുന്നതിന് മുമ്പ് തന്നെ ജ്ഞാനത്തെളിച്ചവുമായി കടന്നുവന്നവരാണിവര്‍. ഒരുകാലത്തെ ഉത്ഥാന ശ്രേണിയുടെ വിധാതാക്കളും ശില്‍പികളുമായിരുന്നു മുസ്ലിം ശാസ്ത്ര വിശാരദന്മാര്‍.
ഇസ്ലാമിക ലോകത്തെ ബഗ്ദാദിന്റെയും സ്‌പെയിനിന്റെയും സംസ്‌കാരിക ഭൂമിയില്‍ ജ്ഞാന സ്പര്‍ശത്തിന്റെ ലാഞ്ചനകള്‍ ദൃശ്യമാണ്. ആസ്‌ട്രോലാബുകളില്‍ വിസ്മയം നെയ്തും അലമാലകളില്‍ ഇതിഹാസങ്ങള്‍ രചിച്ചും അതിജീവിച്ചവര്‍ കേവലം മായാജാലങ്ങള്‍ക്കുമുമ്പില്‍ വിസ്മൃതരാവുന്നതാണ് ഇന്നിന്റെ അവസ്ഥ. പകരം ചോരണ വിദഗ്ധരെയോ തസ്‌കരവീരന്മാരെയോ ശാസ്ത്രസാങ്കേതിക പുരോഗതികളുടെ മസ്തകത്തിലിരുത്തി സംപൂജ്യരായി കാണാന്‍ ലോകം വെമ്പല്‍ കൊള്ളുന്നു. ഇവിടെയാണ് വൈജ്ഞാനിക ലോകത്തെ താരങ്ങളായിരുന്ന മുസ്ലിം പ്രതിഭകളെ സ്മരിക്കേണ്ടത്. കാരണം,ആത്മികതയെന്നും ഭൗതികതയെന്നും ദ്വിപക്ഷങ്ങള്‍ക്ക് പ്രാധാന്യമില്ലാതിരുന്ന കാലത്ത് ജ്ഞാനം വിശ്വാസിയുടെ നഷ്ടപ്പെട്ട സമ്പാദ്യമായിട്ടാണ് ഗണിക്കപ്പെട്ടിരുന്നത്. അതിനാല്‍ ഒരു ഭാഗത്ത് ഇമാം ശാഫി, ഹനഫി, മാലികി, ഹമ്പലി തുടങ്ങിയവരുടെയും മറുവശത്ത് ഇമാം റാസി, അലിയ്യുത്ത്വബ്‌രി, ഇബ്‌നു സീന, ഫാറാബി, ഇബ്‌നു റുശ്ദ് തുടങ്ങിയവരുടെയും രംഗപ്രവേശം ജ്ഞാന ചകവാളങ്ങളില്‍ വന്‍വികാസം വരുത്തിവെച്ചു.
ഇന്ന് ശാസ്ത്രത്തിന്റെ ഈറ്റില്ലവും പോറ്റില്ലവുമായി ഘോഷിക്കപ്പോടുന്ന യൂറോപ്പിനോ പാശ്ചാത്യ രാഷ്ട്രങ്ങള്‍ക്കോ അന്ന് വിവേകമുണ്ടായിരുന്നില്ല, എന്നല്ല ശരാശരി ശരീരശുദ്ധി വരുത്താനുള്ള ബോധം പോലും അവര്‍ക്കുണ്ടായിരുന്നില്ല. ഇത്തരുണത്തില്‍ മുസ്ലിംകള്‍ നിലകൊണ്ടത് വിശ്വസംസ്‌കൃതിയുടെ ഉത്തുംഗതിയിലായിരുന്നു.
യൂറോപ്യരെ സംബന്ധിച്ചിടത്തോളം രോഗബാധയുള്ളവരെ മരണ സമാനമാക്കിയപ്പോള്‍ ബാധിത ഭാഗം മുറിച്ചുമാറ്റുകയെന്നല്ലാതെ ചികിത്സാ മുറകള്‍ മറ്റൊന്നുമുണ്ടായിരുന്നില്ല. ഇക്കാലത്താണ് പൗരസ്ത്യ ലോകത്ത് ചികിത്സയും പ്രതിവിധിയുമായി ഇമാം റാസി, ഇബ്‌നു സീന തുടങ്ങിയ വൈദ്യശാസ്ത്ര വിശാരദന്മാര്‍ കടന്നു വന്നത്. പില്‍ക്കാല വൈദ്യ ലോകത്തിന് ഇവര്‍ നല്‍കിയ സംഭാവന നിസ്തുല്യമാണ്.രോഗം മനുഷ്യ സാധാരണമായതിനാല്‍ വൈദ്യത്തില്‍ നിപുണത നേടിയ മുസ്ലിംകള്‍ ധാരാളമായിരുന്നു. അലിയ്യുബ്‌നു അബ്ബാസ്, ഇബ്‌നുല്‍ ഹൈസം, ഇബ്‌നു സുഹ്‌റ്, സഹ്‌റാവി,ഇബ്‌നു ഹസ്മ് എന്നിവരതില്‍ പ്രധാനികളാണ്.
അക്ഷരങ്ങളുടെ ലോകത്തുനിന്നും ഗണിതശാസ്ത്രത്തെ അക്കങ്ങളുടെ ലോകത്തേക്ക് കൊണ്ട് വന്നത് അറബികളായിരുന്നു.”അല്‍ഗരിതം” എന്ന പുതിയ വഴി തുറക്കുക വഴി ഈ രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച മുഹമ്മദ് ബ്‌നു ഖവാറസ്മി ഇവിടെ എന്നും ഒരണയാദീപമായ് അവശേഷിക്കുന്നു. ”ഹിസാബുല്‍ ജബ്‌രി വല്‍ മുഖാബം” എന്ന അദ്ദേഹത്തിന്റെ കൃതി പാശ്ചാത്യരെപ്പോലും ചിന്തിപ്പിക്കുന്നതാണ്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ച പേര്‍ഷ്യന്‍ ജ്ഞാനിയാണ് ഈ വിഷയത്തില്‍ മറ്റൊരു നായകന്‍. ”താരീഖുല്‍ ജലീലി”യാണ് പ്രധാനകൃതി. 771-ല്‍ ഇന്ത്യയില്‍ നിന്നു ലഭിച്ച ”സിദ്ധാന്ത” എന്ന സംസ്‌കൃത ഗ്രന്ഥം അറേബ്യന്‍ വാന-ഗണിത ശാസ്ത്രത്തില്‍ ഒരു വഴിത്തിരിവായി ഗണിക്കപ്പെടുന്നു. കാരണം മുഹമ്മദു ബ്‌നു ഇബ്രാഹീം അല്‍ഫസാരിയെന്ന മുസ്ലിം പണ്ഡിതന്‍ ഇതിന്റെ അറബി ഭാഷ്യം കൊണ്ടുവന്നതോടെ വന്‍ സ്വീകാര്യത ലഭിച്ചു. തല്‍ഫലം മുസ്ലിം ഗോള-ഗണിത ശാസ്ത്രത്തിന്റെ വളര്‍ച്ച ദ്രുതഗതി പ്രാപിച്ചു.
ശാസ്ത്രീയ വൈജ്ഞാനിക ലോകത്തെ മുസ്ലിം ശാസ്ത്ര വിശാരദന്മാര്‍ നിരവധി ശാസ്ത്ര ശാഖകള്‍ക്ക് തുടക്കം കുറിച്ചു. ഇമാം റാസി, ഇബ്‌നുസീന,ഇബ്‌നു റുശ്ദ്, ഇബ്‌നു ഹൈഥം, ഇബ്‌നു ഖല്‍ദൂന്‍ തുടങ്ങിയവര്‍ അതില്‍ പ്രധാനികളാണ്.
മദ്ധ്യകാല പാശ്ചാത്യര്‍ റാസെസ് എന്ന് വിളിച്ച മുസ്ലിം ലോകം ദര്‍ശിച്ച ഏറ്റവും വലിയ വൈദ്യ ശാസ്ത്ര വിശാരദനും രസതന്ത്രജ്ഞനുമായിരുന്നു ഇമാം റാസി. യഥാര്‍ത്ഥ നാമം അബൂബക്കര്‍ മുഹമ്മദുബിന്‍ സകരിയ്യ അര്‍റാസി (865-930). പത്താം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ആധുനിക ടെഹ്‌റാറിനടുത്ത റയ്യിലായിരുന്നു ജീവിതം. അദ്ദേഹം അറിയപ്പെട്ട ഗണിത ശാസ്ത്രജ്ഞനും ഫിലോസഫറുമായിരുന്നു. നാല്‍പ്പതാം വയസ്സിലാണ് വൈദ്യശാസ്ത്ര പഠനങ്ങള്‍ക്കദ്ദേഹം തുടക്കം കുറിക്കുന്നത്. അതിന് ഒരു കാരണമുണ്ട്്, രസതന്ത്രജ്ഞനായി കഴിഞ്ഞ് കൂടുന്ന കാലത്ത് തന്റെ കണ്ണിനേറ്റ പരിക്ക് അദ്ദേഹത്തെ സാരമായി ബാധിച്ചു. ഇത് അദ്ദേഹത്തെ രോഗവിപാടനം പഠിക്കാന്‍ പ്രേരിപ്പിച്ചു. അങ്ങനെ ഫിസിഷ്യനായ അലിയ്യുത്ത്വബ്‌രിയെ അദ്ദേഹം സമീപിച്ചു.അവിടെ നിന്നുള്ള ജ്ഞാന പ്രവാഹം റാസിയുടെ ഭാവി നിര്‍ണ്ണയിക്കുകയായിരുന്നു.
ഇസ്ലാമിക ലോകം കണ്ട മറ്റൊരു സുപ്രസിദ്ധ ദാര്‍ശനികനും വൈദ്യശാസ്ത്ര വിശാരദനുമായിരുന്നു ഇബ്‌നു സീന. പടിഞ്ഞാറന്‍ അവിസെന്ന എന്ന് പുകള്‍പ്പെറ്റ അദ്ദേഹം യൂറോപ്പിന്റെ കണ്ണിലുണ്ണിയും മാര്‍ഗദര്‍ശകനുമാണ്. 980-ല്‍ മദ്ധേഷ്യയിലെ ബുഖാറക്കടുത്ത അഫ്ശാനിലാണ് ജനിച്ചത്. അസാധാരണ ബുദ്ധി വൈഭവത്തിനുടമയായിരുന്ന അദ്ദേഹത്തിന് ബാല്യത്തില്‍ കണ്ണില്‍ കാണുന്നതെന്തും വായിക്കുന്ന പ്രകൃതമായിരുന്നു. അത് ലഭിച്ചില്ലെങ്കില്‍ ലഭിക്കുന്നത് വരെ അന്വേഷിച്ച് കണ്ടുപിടുക്കും. ജന്മദേശമായ ബുഖാറയിലെ കലാലയത്തില്‍ പ്രാഥമിക പഠനം.തന്റെ പത്താം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. അതോട് കൂടെ ആവശ്യമായിവരുന്ന അറബി വ്യാകരണവും സാഹിത്യവും പഠിച്ചു.പതിനേഴാം വയസ്സില്‍ ചികിത്സാ രംഗത്ത് പ്രസിദ്ധിയാര്‍ജിച്ചു.വിശദമായ അന്വേഷണങ്ങളിലൂടെ രോഗത്തെയും രോഗിയെക്കുറിച്ചും പഠിക്കുകയും അതുവഴി ലഭിച്ച കാര്യങ്ങള്‍ കോര്‍ത്തിണക്കി സ്വന്തം സംഭാവനയുമായി കൂട്ടിയിണക്കി വിശകലനം ചെയ്ത ശേഷം പുതിയ നിയമങ്ങളിലെത്തിയ ശേഷമാണ് ഇബ്‌നു സീന ചികിത്സിച്ചത്. ഈ ചികിത്സാ രീതി മറ്റുള്ള വിശാരദന്മാരില്‍ നിന്നും വ്യതിരക്തനാക്കുന്നു. മതം, തത്വമീമാംസ, ഗോളശാസ്ത്രം, പ്രകൃതിതത്ത്വങ്ങള്‍, മെഡിസിന്‍,കാവ്യ രചന എന്നിവയുമായി ബന്ധപ്പെട്ട നൂറോളം കൃതി അദ്ദേഹം രചിച്ചിട്ടുണ്ട്.
ഹിജ്‌റ നാലാം നൂറ്റാണ്ടില്‍ ജീവിച്ച വിഖ്യാത ഊര്‍ജ തന്ത്രജ്ഞനാണ് അബു അലി അല്‍ഹസന്‍ ഇബ്‌നുല്‍ ഹൈഥം. പത്താം നൂറ്റാണ്ടിന്റെ രണ്ടാം പാതിയില്‍ ജനിച്ച ഇദ്ദേഹം ഇബ്‌നുസീനയുടെ സമകാലികനാണ്. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ അല്‍ ഹസന്‍ എന്നാണ് വിളിക്കപ്പെടുന്നത്. ഊര്‍ജ്ജ തന്ത്രത്തിനു പുറമെ ഗണിത ശാസ്ത്രം, വൈദ്യശാസ്ത്രം എന്നിവയിലും അദ്ദേഹത്തിന് പാണ്ഡിത്യമുണ്ടായിരുന്നു. എഴുപതോളം ഗ്രന്ഥങ്ങളുടെ രചയിതാവായ ഇബ്‌നു ഹൈഥം പ്രകാശ ശാസ്ത്രത്തിന്റെ പിതാവ് എന്ന നിലക്ക് പ്രസിദ്ധനാണ്. ടോളമി രണ്ടാമന്‍ എന്നറിയപ്പെടുന്ന അദ്ദേഹം ആധുനിക ശാസ്ത്ര ലോകത്ത് ഏറ്റവും കടപ്പാടുള്ള ഒരാളാണ്.
യഥാര്‍ത്ഥത്തില്‍ ഇന്ന് പാശ്ചാത്യ രാഷ്ട്രങ്ങള്‍ ആസ്വദിക്കുന്നത് മദ്ധ്യകാല മുസ്ലിംകള്‍ തുടങ്ങിവെച്ച ജ്ഞാന കലാരൂപങ്ങളാണ്. എന്നാല്‍ ആധുനിക ശാസ്ത്രം ഈ നഗ്ന യാഥാര്‍ത്ഥ്യത്തെ വക്രീകരിച്ച് ശാസ്ത്ര ലോകത്ത് നിന്നും നീക്കാന്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ ആധുനിക യൂറോപ്പിനെപ്പോലും വെല്ലുമാറ് ഒരു മഹാ വിസ്‌ഫോടനവുമായി കടന്നു വന്ന മുസ്ലിം പ്രതിഭകള്‍ ഒരു മഹത്തായ പൈതൃകത്തിന്റെ ഉടമകളായിരുന്നു വെന്ന് നമുക്ക് മനസ്സിലാക്കാം.
Be the first to comment