ഹിറാ ഗുഹയില്‍ ധ്യാന നിമഗ്നനായിരിക്കെ നാട്ടുകാരുടെ അല്‍ അമീന്‍ -മുഹമ്മദ് എന്ന യുവാവ് നബിയായി മാറുകയാണ് സ്വല്ലല്ലാഹു അലൈഹി വസല്ലം. നാട്ടുകാരുടെ പ്രിയങ്കരന്‍ അവരെ എല്ലാവരെയും വിളിച്ച് കൂട്ടി, തുടര്‍ന്ന് ഒരു ചോദ്യം ഈ മലക്ക് പിന്നില്‍ ഒരു സംഘം ആളുകള്‍ നിങ്ങളെ ആക്രമിക്കാന്‍ വരുന്നുണ്ടെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ. അവര്‍ ഉറക്കെ പറഞ്ഞു അതെ, കാരണം നീ അല്‍ അമീനാണ്. പുഞ്ചിരി തൂകി ആ അല്‍ അമീന്‍ പറഞ്ഞു. ദൈവം ഏകനാണ് അവനെമാത്രം നിങ്ങള്‍ അരാധിക്കുക.
അതോടെ സത്യസന്ധന്‍ കള്ളനാവുകയാണ്. പ്രിയങ്കരന്‍ എല്ലാവര്‍ക്കും അപ്രിയനാവുകയാണ്. ഏമാന്‍മാര്‍ നബിയെ വധിക്കാന്‍ തന്ത്രങ്ങള്‍ മെനയുന്നു. ഇസ്ലാമിലേക്ക് ഒരാളേയും ആകര്‍ഷിക്കാതിരിക്കാന്‍ പരമാവധി ശ്രമിച്ചുകൊണ്ടിരിക്കുന്നു. പുറത്ത് നിന്ന് വരുന്നവരോട് മുഹമ്മദിനോട് അടുത്ത് പോവരുതെന്നും അല്‍ അമീനിനെ കുറിച്ച് ഒരുപാട് അപരാധങ്ങളും സമ്മാനിക്കുകയാണ്. വഴിയില്‍ തടസ്സമുണ്ടാക്കിയും നബിയെ തെറിവിളിച്ചും അവര്‍ മത്സരിക്കുകയാണ്.
പക്ഷെ അള്ളാഹുവിന്‍റെ വിധി മറിച്ചായിരുന്നു. കാരണം ഇസ്ലാം അവന്‍റെ മതമാണല്ലോ. അങ്ങനെ ഇസ്ലാം വളരാന്‍ തുടങ്ങി. ആദ്യമായി ഇസ്ലാം മതം വിശ്വസിച്ചത് മഹതിയായ ഖദീജ ബീവി (റ), പുരുഷന്‍മാരില്‍ അബൂബക്കര്‍ സിദ്ധീഖ് (റ) , കുട്ടികളില്‍ അലി (റ) അങ്ങനെ നീളുന്നു പട്ടിക. അഹങ്കാരികളും സകല തെമ്മാടിത്തരത്തിന്‍റെയും നേതാക്കന്‍മാരായിരുന്ന പ്രമാണിമാര്‍ നാട്ടുകാരെ ഉല്‍ഭോതിപ്പിച്ച് കൊണ്ടിരുന്നപ്പോള്‍ സ്വന്തം കാലിനടിയിലെ മണ്ണ് ഒലിച്ച് പോകുന്നത് അവരറിഞ്ഞില്ല.യാസിറും (റ) സുമയ്യയും (റ) അമ്മാറും (റ) ബിലാലും (റ) നീളുന്ന അടിമകളുടെ പട്ടിക, അശരണരുടെ പട്ടിക, താങ്ങും തണലുമില്ലാത്തവരായ ഒരുപറ്റം ആളുകള്‍ ലോകനേതാവിന്‍റെ അടുക്കലേക്ക് ചെല്ലുകയാണ്. ഇരുളിന്‍റെ മറവില്‍ തന്‍റെ നാഥനെ കണ്ണീര്‍ വാര്‍ത്ത് വിളിച്ചുകൊണ്ടിരിക്കുന്നു. വെള്ളത്തില്‍ മുങ്ങിത്താഴുന്നവന് ഒരു പിടിവള്ളി കിട്ടും പോലെയായിരുന്നു അവര്‍ക്ക് ഇസ്ലാം. മൃഗത്തിന് കിട്ടുന്ന പരിഗണന പോലും കിട്ടാതെ മനുഷ്യാവകാശങ്ങള്‍ പൂര്‍ണ്ണമായും ധ്വംസിക്കപ്പെട്ടിരുന്നവര്‍ ഇസ്ലാമിന്‍റെ മാറിടത്തിന്‍റെ ചൂടറിഞ്ഞപ്പോള്‍ വല്ലാത്ത അനുഭൂതിയായിരിക്കുന്നു. തങ്ങള്‍ക്ക് മനുഷ്യ പരിഗണന നല്‍കാന്‍ സമ്പത്തോ സൗന്ദര്യമോ നേതൃത്വമോ ഈ മതത്തില്‍ ആവശ്യമില്ലെന്ന് മനസ്സിലാക്കി ദിനംപ്രതി ആളുകള്‍ പ്രവഹിച്ചുകൊണ്ടിരിക്കുന്നു.
അതോടെ മുശ്രിക്കുകള്‍ വിശ്വാസികളെ പിന്തിരിപ്പിക്കാന്‍ പല ശ്രമങ്ങളും നടത്തി. നിരവധി പീഢനങ്ങള്‍ക്കിരയാക്കി. മുസ്ലിംകള്‍ വല്ലാത്തൊരു ബുദ്ധിമുട്ടിലായപ്പോള്‍ അല്ലാഹുവിന്‍റെ അനുമതിയോടെ ഇസ്ലാമിന്‍റെ വളര്‍ച്ചക്ക് അവരെല്ലാവരും മദീനയിലേക്ക് പലായനം ചെയ്തു. ആ ചരിത്ര സംഭവത്തെയാണ് ഹിജ്റ എന്ന് പറയുന്നത്.
സ്വാഗതമോതി മുഹാജിറുകള്‍ക് അന്‍സാറുകള്‍. ലോകത്തെവിടെയും കാണാത്ത ഒരു സൗഹൃദത്തിന് നാന്ദി കുറിക്കുകയാണ്. ഓരോ അന്‍സാറും ഓരോ മുഹാജിറിനെ കൊണ്ടുപോകുന്നു. രണ്ട് ഭാര്യമാരുള്ളവര്‍, രണ്ട് വീടുള്ളവര്‍ ഒന്നിനെ തന്‍റെ സഹോദരന് നല്‍കുകയാണ്. അങ്ങനെ അവിടെ സുന്ദരമായ ഒരു ഏകത്വം സംഭവിച്ചു. കൂടെ ഇസ്ലാമക അതിജീവനത്തിന് പുതിയൊരു നാള്‍ കുറിച്ചു. ആ ചരിത്ര സംഭവം പിന്നിട്ടിട്ട് 1444 വര്‍ഷം തികയുന്നു.
Be the first to comment