പരിഷ്കൃതര്‍; നവ സമൂഹം ഇന്ന് ഏറ്റവും കൂടുതല്‍ ഊറ്റം കൊള്ളുന്നത് ഈ വാക്കിന്‍റെ പേരിലാണ്. ന്യൂജനറേഷന്‍റെ മുഴുവന്‍ കര്‍മ്മങ്ങളും പരിഷ്കൃതമാണ് എന്നാണ് വെപ്പ്. പാശ്ചാത്യന്‍ കോലങ്ങളാണ് റോള്‍മോഡല്‍. കൗമാരവും യുവത്വവും അതില്‍ വലിയ ആകൃഷ്ടരാണ്. ചില (അ) പരിഷ്കൃത പ്രവര്‍ത്തനങ്ങള്‍ വിരോധിക്കുന്നവരോട് ഇവര്‍ പറയുന്നത് ഇത്രമാത്രം ‘ഈ കാലം ഇങ്ങനെയൊക്കെയാണ്! ഈ ഫാഷനുകളോടാണ് ഈ സമൂഹത്തിന് പാഷന്‍!!’
എന്‍ജോയ് എന്ന ഇംഗ്ലീഷ് വാക്കിനര്‍ത്ഥം ആസ്വദിക്കുക, ആനന്ദിക്കുക തുടങ്ങിയവയാണ്. പരിഷ്കൃത സമൂഹത്തിന്‍റെ മക്കള്‍ ഈ വാക്കുപയോഗിക്കുക കാമ്പസിനകത്തു വെച്ചായിരിക്കും. കാരണം അവരുടെ ടൈം അതാണല്ലോ. ജീവിതം ആസ്വദിക്കുക എന്നുള്ളത് നിരുത്സാഹപ്പെടുത്തേണ്ടതല്ല. പക്ഷേ, ആസ്വാദനത്തിന്‍റെ റൂട്ട് മാറുമ്പോള്‍ നിരുത്സാഹപ്പെടുത്തുക മാത്രമല്ല, തടയപ്പെടേണ്ടതുമാണ്. ഇതിന്‍റെ പേരില്‍ പുതു തലമുറയെ ഒറ്റയടിക്ക് കുറ്റം പറയാനാവില്ല. കാമ്പസ് ഇങ്ങനെയാണ്, ഇങ്ങനെയൊക്കെയാവണം എന്ന് മിസ്സണ്ടര്‍സ്റ്റാണ്ടിംഗ് നല്‍കുന്ന ദൃശ്യ മാധ്യമത്തിന്‍റെ ചില ദുഷിച്ച വശങ്ങളെയാണ് ആദ്യം കുറ്റം പറയേണ്ടത്.
എന്തിനാണ് കാമ്പസുകളില്‍ പോകുന്നത്? ഉത്തരം സിമ്പിള്‍. വിദ്യ അഭ്യസിക്കാന്‍, സംസ്ക്കാരമുള്ളവരാകാന്‍, പ്രബുദ്ധരാവാന്‍ അല്ലെങ്കില്‍ പ്രൊഫഷണലുകളാകാന്‍. എന്നിട്ടോ നേടുന്നത് അതുവരെ പ്രശ്നങ്ങളൊന്നുമില്ലാത്തവന്‍ ഉണ്ടാക്കാത്ത പുകിലില്ല. പതിനാറു വയസ്സിനു ശേഷമാണ് തിന്മ എന്താണോ അതിനെ നന്മയായി കാണുന്ന സമൂഹം ഉദയം ചെയ്യുന്നത്. നല്ല മാര്‍ക്കോടെ പ്ലസ് ടൂ പാസ്സായവന്‍ സപ്ലിക്കൂമ്പാരങ്ങളിലൂടെ ഡിഗ്രി മൂന്നു വര്‍ഷം തികയ്ക്കുന്നു.
മക്കളെ കാമ്പസുകളില്‍ വിടുന്ന പല മാതാപിതാക്കള്‍ക്കും ഇന്ന് വലിയ ഉത്കണ്ഠയാണ്. മക്കള്‍ ജീവിതം കളറാക്കുമ്പോള്‍ തങ്ങളുടെ മുഖച്ഛായ ബ്ലാക്ക് ആന്‍റ് വൈറ്റ് ആകുമോ? പക്ഷേ, അപ്പോഴും അവര്‍ അഭിമാനത്തോടെ പറയുന്നുണ്ടാവും എന്‍റെ മകന്‍/മകള്‍ ഇന്ന കോളേജിലാണ്. എങ്കിലും മക്കള്‍ ഇങ്ങനെ നടക്കണം, ഇങ്ങനെ കാമ്പസില്‍ ജീവിക്കണം എന്ന് പഠിപ്പിക്കുന്ന പ്രബുദ്ധതയുടെ അന്തകന്മാരായ ചില മാതാപിതാക്കള്‍ നിലവിലെ അവസ്ഥ വരെ എന്തെങ്കിലും സംഭവിച്ചാല്‍ തലയില്‍ കൈവെച്ച് പൊട്ടിക്കരയും. എന്നാല്‍ ഒരുപക്ഷേ നാളെ ഇതിന്‍റെ പേരില്‍ അഭിമാനിക്കുന്ന മാതാപിതാക്കള്‍ ഉണ്ടാവില്ല എന്ന് പറയാനാവില്ല. സമൂഹത്തിന്‍റെ വിദ്യാഭ്യാസ കാഴ്ചപ്പാടുകള്‍ വ്യക്തമായിട്ടും കാമ്പസുകളില്‍ മൂല്യച്ഛ്യുതിയും വികേന്ദ്രീകരണവും നടന്നിട്ടുണ്ട്. അപ്പോഴും അവര്‍ ഉറക്കെ പറയുന്നുണ്ടാകും, അവരാണ് പരിഷ്കാരികള്‍ എന്ന്!
പരിഷ്കരണത്തിന്‍റെ മറ്റൊരു മേഖലയാണ് വേഷവിധാനം. ഒരു കാലത്ത് ശരീരം മറച്ചവരെയാണ് നാം സംസ്ക്കാരമുള്ളവരെന്ന് വിളിച്ചിരുന്നതെങ്കില്‍ ഇന്ന് അത് മറക്കാതെ മറക്കുന്നവരെയാണ് സംസ്ക്കാരികളെന്ന് വിളിക്കുന്നത്. ഇതില്‍ സ്ത്രീയാണ് ഏറ്റവും വലിയ പിഴവ്, പാരമ്പര്യ വേഷത്തിന് ശോഷണം സംഭവിച്ചു എന്നതിനെ ഇങ്ങനെ സംഗ്രഹിക്കാം പ്രായം ചെന്ന ഉമ്മമാര്‍ പുറത്തിറങ്ങുമ്പോള്‍ പര്‍ദ്ദയും മഫ്തയും ഒരു ഷാളും പിന്നെ ഒരു കുടയും. ആ ഉമ്മയുടെ മകള്‍ കുടയും ഷാളും ഒഴിവാക്കി. അവരുടെ മകള്‍ മഫ്തക്കും പര്‍ദ്ദക്കും പകരം തട്ടവും മറ്റൊരു വസ്ത്രവുമാക്കി. അവരുടെയും മക്കള്‍ നിശാവസ്ത്രങ്ങള്‍ പകലിലിട്ടു നടക്കാന്‍ വെമ്പല്‍ കൊള്ളുന്നു. ഇവിടുത്തെ വിരോധാഭാസം എന്തെന്നാല്‍ മാറുന്ന കാലത്ത് തെറ്റായ വസ്ത്രധാരണയെ പിന്തുണക്കാത്തവന്‍ പഴഞ്ചന്‍, പരിഷ്ക്കാരമില്ലാത്തവന്‍ എല്ലാത്തിനുമുപരി അവര്‍ കൂട്ടുകാര്‍ക്കിടയില്‍ ഒറ്റപ്പെട്ടു പോവുന്ന അവസ്ഥ. പുരുഷന്മാരെ സംബന്ധിച്ചിടത്തോളം ഒരു ടീഷര്‍ട്ടും ബോക്സറും ഷൂവുമാണ് പ്രധാന വേഷം. അത് ധരിച്ചാലേ അവന്‍ നവ സമൂഹത്തെ പ്രതിനിധാനം ചെയ്യുന്നവനാവൂ.
വസ്ത്രത്തിനും വിദ്യാഭ്യാസത്തിനും മാത്രമല്ല, ലൈംഗികതയുടെയും ഭക്ഷണ രീതിയുടെയും കാഴ്ചപ്പാടുകള്‍ പാശ്ചാത്യവല്‍ക്കരിക്കപ്പെട്ടിട്ടുണ്ട്. പാശ്ചാത്യന്‍റെ തെറ്റായ വശങ്ങളെ സ്വാഗതമോതി അതിനെ അഭിമാന സ്ഥാനമാക്കി പര്‍വ്വതീകരിച്ച് നടക്കുന്നവന്‍ തീര്‍ച്ചയായും വിചിന്തനം ചെയ്യേണ്ടതുണ്ട്. നന്മയെന്ത് തിന്മയെന്ത് എന്ന് ബാലപാഠം പോലുമറിയാത്ത ഈ ‘പരിഷ്കൃത’ സമൂഹം നമ്മെ കൊണ്ടുപോകുന്നത് അധര്‍മ്മ വഴിയിലേക്കാണ്. പാശ്ചാത്യന്‍ ചെയ്യുന്നതാണ് ശരി, അവരുടെ കര്‍മ്മങ്ങളാണ് പരിഷ്കാരം എന്ന് കരുതുന്നവര്‍ ഒന്ന് മനസ്സിലാക്കുക; അവര്‍ സ്വയം കുഴി തോണ്ടിക്കൊണ്ടിരിക്കുകയാണ്.
Be the first to comment