സൈബര്‍ ഇടങ്ങളില്‍ വിപ്ലവാത്മകമായ ചലനങ്ങള്‍ നടത്തുന്ന നവ ലോകത്ത് മലയാളത്തില്‍ ഇസ്ലാമിന്‍റെ സമഗ്രമായ വായനക്കും പഠനത്തിനും സഹായകമാവുന്ന വെബ്സൈറ്റാണ് അഹ്ലുസ്സുന്ന ഓണ്‍ലൈന്‍ ഡോട്ട് കോം. ഇസ്ലാം, ചരിത്രം, ആദര്‍ശം, ഗവേഷണ പഠനം, ലോക ചലനങ്ങള്‍ തുടങ്ങിയ കാറ്റഗറിയിലൂടെ ഇസ്ലാമിന്‍റെ വിശ്വാസം, ആത്മീയം, ആചാരാനുഷ്ഠാനങ്ങള്‍ എന്നിവയും പ്രവാചകന്‍മാര്‍, സ്വഹാബാക്കള്‍, മഹോന്നതരായ വ്യക്തിത്വങ്ങള്‍ എന്നിവരുടെ ജീവിത ചരിത്രവും അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്‍റെ കൃത്യവും സ്പഷ്ടവുമായ ആശയാദര്‍ശങ്ങളും പഠനാര്‍ഹമായ ഗവേഷണ പ്രബന്ധങ്ങളും ഇസ്ലാമിക ലോകത്തിന്‍റെ സ്പന്ദനങ്ങളും ഉള്‍ചേര്‍ത്തതാണ് അഹ്ലുസ്സുന്ന ഓണ്‍ലൈന്‍ ഡോട്ട് കോം സംവിധാനിച്ചിരിക്കുന്നത്.

കൂടാതെ, ഉസ്റ ഓണ്‍ലൈന്‍, ദിറാസ ഓണ്‍ലൈന്‍, ഹിക്മ ഓണ്‍ലൈന്‍, ഹിദായ ഓണ്‍ലൈന്‍, മുസാഫിറ ഓണ്‍ലൈന്‍, മുവാജഹ ഓണ്‍ലൈന്‍ എന്നിങ്ങനെ ആറ് പംക്തികളിലൂടെ മുസ്ലിമിന്‍റെ കുടുംബത്തെയും പഠനത്തെയും ചിന്തയെയും ചെയ്തികളെയും യാത്രകളെയും ഇസ്ലാമിന്‍റെ ധാര്‍മിക പരിസരത്തിലൂടെ വഴിനടത്താനുതകുന്ന പഠനാര്‍ഹമായ ലേഖനങ്ങളും ഉള്‍ക്കൊള്ളുന്നതാണ് അഹ്ലുസ്സുന്ന ഓണ്‍ലൈന്‍ ഡോട്ട് കോം എന്ന വെബ് സൈറ്റ്.

ബഹ്‌ജത്തുല്‍ ഉലമ സ്റ്റുഡന്റ്‌ അസോസിയേഷന്‍

കടമേരി റഹ്മാനിയ്യ അറബിക് കോളേജിലെ  വിദ്യാര്‍ത്ഥി സംഘടനയാണ് ബഹ്ജത്തുല്‍ ഉലമ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍. വിവിധ സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കി സമുദായ നവോത്ഥാനത്തിന് തങ്ങളുടേതായ പങ്ക് വഹിക്കാന്‍ സംഘടനക്ക് കഴിഞ്ഞിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ സംഘടന സക്രിയമായി ഇടപെട്ടുകൊണ്ടിരിക്കുന്നു. മലയാളത്തിലെ പ്രഥമ അഹ്ലുസ്സുന്ന വെബ്സൈറ്റിന് സംഘടന നേതൃത്വം നല്‍കുന്നു. മൗലിക വായനയുടെ ഗൗരവം അറിയിക്കുന്ന നിരവധി പുസ്തകങ്ങള്‍ പുറത്തിറക്കുന്ന ബഹ്ജത്ത് പബ്ലിഷിംഗ് ബ്യൂറോ (ബി.പി.ബി), മത പ്രബോധനം, സാമൂഹ്യ സേവനം എന്നിവ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് പ്രൊപഗേഷന്‍ സെല്‍ (ഐ.പി.സി), പ്രസംഗ പ്രബന്ധ വിവര്‍ത്തന പരിശീലനങ്ങള്‍ക്കായി സാഹിത്യ സമാജം, പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കൈസഹായമായി വെല്‍ഫെയര്‍ സെല്‍, പുതിയ എഴുത്തുകാരെ സൃഷ്ടിക്കുന്നതിന് അല്‍ ബല്‍ജ (അറബി), അല്‍ ബഹ്ജ (മലയാളം), ദി ഗ്ലോറി (ഇംഗ്ലീഷ്), ബഹാര്‍ (ഉര്‍ദു) തുടങ്ങിയ വിവിധ ഭാഷകളിലെ കയ്യെഴുത്ത് മാഗസിനുകള്‍, ഇ-റിസോഴ്സ്, അതി ബൃഹത്തായ ഗ്രന്ഥാലയം, വായനശാല, തൊഴില്‍ പരിശീലന കേന്ദ്രം, പബ്ലിക് റിലേഷന്‍ എന്നീ സംരംഭങ്ങള്‍ സംഘടനക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട ചികിത്സ, സ്റ്റോര്‍ സൗകര്യങ്ങളും സംഘടന നല്‍കുന്നു.

 

റഹ്മാനിയ്യ കടമേരി

തെന്നിന്ത്യയിലെ മത-ഭൗതിക സമന്വയ വിദ്യാഭ്യാസ രംഗത്തെ സുന്ദര സാന്നിധ്യമാണ് കടമേരി റഹ്മാനിയ്യ. വടക്കേ മലബാറിലെ വടകര താലൂക്കില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം നിഷ്കാമ കര്‍മ്മിയും സൂഫീവര്യനുമായിരുന്ന ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്ലിയാരുടെ മഹനീയ നേതൃത്വത്തിന് കീഴിലാണ് 1972-ല്‍ പിറവി കൊണ്ടത്. കാലത്തിന്‍റെ ചുവരെഴുത്തുകള്‍ വായിച്ചുകൊണ്ട് പ്രതികരിക്കാനുതകുന്ന ഒരു പറ്റം പണ്ഡിതന്മാരെ വാര്‍ത്തെടുക്കുകയെന്ന മഹനീയ ലക്ഷ്യത്തോടു കൂടിയാണ് ചീക്കിലോട്ടോര്‍ ഇറങ്ങിപ്പുറപ്പെട്ടത്. ആത്മാര്‍ത്ഥതയും നിഷ്കളങ്കതയും കൈമുതലാക്കിയുള്ള മഹാന്‍റെ പ്രവര്‍ത്തനങ്ങളാണ് റഹ്മാനിയ്യക്ക് അടിത്തറ പാകിയത്. ഒട്ടേറെ പ്രതിസന്ധികള്‍ ചീക്കിലോട്ടോര്‍ക്ക് മുമ്പില്‍ രൂപപ്പെട്ടുവെങ്കിലും അവകളെയെല്ലാം പരിശ്രമങ്ങള്‍ കൊണ്ട് മറി കടക്കുകയായിരുന്നു മഹാനവര്‍കള്‍.

സമന്വയ വിദ്യാഭ്യാസത്തിന്‍റെ വഴികള്‍ മുസ്ലിം കൈരളിക്ക് പരിചയപ്പെടുത്തിയ തറവാട്ടു മുറ്റമാണ് കടമേരി റഹ്മാനിയ്യ. നീണ്ട് നാലര പതിറ്റാണ്ടായി കേരളക്കരയില്‍ മത-ഭൗതിക സമന്വയത്തിന്‍റെ മേഖലകളില്‍ പുത്തന്‍ ചുവടുവെപ്പുകളുമായി നിറഞ്ഞു നില്‍ക്കുകയാണ് റഹ്മാനിയ്യ. പാരമ്പര്യത്തിന്‍റെ തനിമ കാത്തുസൂക്ഷിക്കുന്നതിലും പരിഷ്കരണ ചിന്താഗതികളെ പ്രതിരോധിക്കുന്നതിലും റഹ്മാനിയ്യയുടെ സന്തതികള്‍ മുസ്ലിം കേരളത്തിന്‍റെ ആശയും പ്രതീക്ഷയുമായി നിലകൊള്ളുകയാണ്. സമൂഹം ഏറെ പ്രതീകഷയോടു കൂടിയാണ് ഇന്ന് റഹ്മാനിയ്യയെയും റഹ്മാനികളെയും നോക്കിക്കാണുന്നത്.
1972-ല്‍ തുടങ്ങിയ റഹ്മാനിയ്യക്ക് കീഴില്‍ ഇന്ന് ഒട്ടേറെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സ്ഥാപന സമുച്ചയങ്ങള്‍ കേരളത്തിലെ മതവിദ്യാഭ്യാസ ഭൂമികയില്‍ സക്രിയ ചരിതങ്ങള്‍ രചിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്. അറബിക് കോളേജിനു പുറമെ ബോര്‍ഡിംഗ് മദ്രസ, ആര്‍.എ.സി ഹൈസ്ക്കൂള്‍, അഗതി വിദ്യാ കേന്ദ്രം, കമ്പ്യൂട്ടര്‍ അക്കാദമി, ഹയര്‍ സെക്കണ്ടറി സ്കൂള്‍, പബ്ലിക് സ്കൂള്‍, വനിതാ കോളേജ്, ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ ഒട്ടനവധി സ്ഥാപനങ്ങള്‍ക്കൊണ്ട് നിറഞ്ഞു നില്‍ക്കുന്നതാണ് റഹ്മാനിയ്യ കാമ്പസ്.