സര്‍വ്വ ലോകത്തിനും അനുഗ്രഹമായിട്ടല്ലാതെ നിങ്ങളെ നാം അയച്ചിട്ടില്ല (വിശുദ്ധ ഖുര്‍ആന്‍). ലോകാനുഗ്രഹിയായാണ് പ്രവാചകന്‍ മുഹമ്മദ് നബി (സ്വ) ഈ ലോകത്ത് ഭൂജാതനായത്. അജ്ഞതയും അന്ധകാരവും കൊള്ളയും കൊലയും ധാരാളമായി നടന്നതായ അവസരത്തിലാണ് ആറാം നൂറ്റാണ്ടിലെ അജ്ഞരായ ഒരു സമൂഹത്തെ സല്‍ പാന്താവിലേക്ക് എത്തിച്ച പ്രവാചകന്‍ ആ അവസരത്തില്‍ അരങ്ങേറിയ എല്ലാ അസമത്വങ്ങളെയും നീചപ്രവര്‍ത്തനങ്ങളെയും ആ സമൂഹത്തില്‍ നിന്നും തുടച്ചുനീക്കുകയായിരുന്നു. ഒരവസരത്തില്‍ ഇസ്ലാം എന്താണ് എന്ന് പോലും അറിയാതിരുന്ന പ്രവാചകന്‍ പ്രവാചകത്വത്തിന് ശേഷം വെറും 23 വര്‍ഷത്തെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി അറേബ്യന്‍ ജനതയെ സംസ്‌കാര സമ്പന്നരാക്കി മാറ്റിയത് ആരെയും അത്ഭുതപ്പെടുത്തുന്ന ഒരു വസ്തുതയാണ്. ക്രിസ്താബ്ദം 571 ഏപ്രില്‍ 21 ന് തിങ്കളാഴ്ച പ്രവാചന്‍ (സ്വ) ഭൂജാതനായപ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങള്‍ ആ തേജസ്സിന്റെ പ്രഭയാല്‍ പൂരിതമായി ഒരു പുതിയ മാറ്റത്തിന്റെ തുടക്കം കുറിക്കുകയായിരുന്നു.ലോക മാനവികതയുടെ വിമോചനത്തിന്റെ മണിമുഴക്കം ആയിരുന്നു അറേബ്യന്‍ മരുഭൂമിയില്‍ അന്ന് മുഴങ്ങിയത്. പ്രവാചകനെ ഗര്‍ഭം ധരിച്ചപ്പോള്‍ തന്റെ പിതാവ് അബ്ദുള്ള ഈ ലോകത്തോട് വിട പറഞ്ഞിരുന്നു. അങ്ങനെ തികച്ചും അനാഥനായി പിറന്ന് വീണ പ്രവാചകന്‍ തന്റെ വല്ല്യുപ്പയായ അബ്ദുല്‍ മുത്വലിബിന്റെ സംരക്ഷണത്തിലായി. തന്റെ 6ാം വയസ്സില്‍ മാതാവ് ആമിന ബീവി കൂടി ഈ ലോകത്തോട് വിട പറഞ്ഞപ്പോള്‍ പ്രവാചകന്‍ തീര്‍ത്തും അനാഥനായി മാറി. എട്ടാം വയസ്സില്‍ അബ്ദുല്‍ മുത്വലിബും വിടപറഞ്ഞപ്പോള്‍ അബൂത്വാലിബിന്റെ സംരക്ഷണത്തില്‍ വളരാന്‍ തുടങ്ങി. അനാഥ ബാലനായി ജനിച്ചു കൊണ്ട് ജഗനിയന്താവിന്റെ സംരക്ഷണത്തില്‍ വളര്‍ന്നു കൊണ്ട് പ്രതികൂല സാഹചര്യത്തോട് സധൈര്യം മുന്നേറിയ പ്രവാചക ജീവിതത്തിന്റെ വീരഗാഥ ഇവിടെ ആരംഭിക്കുകയായി. പ്രവാചകന്റെ ജനന സമയത്ത് നടന്ന ലോക നടുക്കത്തിന് ഹേതുവായ സംഭവങ്ങള്‍ മാറ്റത്തിന് വെമ്പല്‍ കൊള്ളുന്ന ലോകത്തിന്റെ ചിറകടിയുടെ പ്രാഥമിക സംരംഭങ്ങളായിരുന്നു. ഇരുപത്തഞ്ചാം വയസ്സില്‍ ഖദീജ (റ) യെ വിവാഹം ചെയ്ത പ്രവാചകന്‍ ആദ്യകാലങ്ങളില്‍ ഹിറാ ഗുഹയില്‍ പോകല്‍ പതിവായിരുന്നു.
ഒരു ദിവസം ഹിറാ ഗുഹയില്‍ ഇരിക്കുമ്പോള്‍ മലക്ക് ജിബ് രീല്‍ ഇറങ്ങി വന്ന് കൊണ്ട് ആജ്ഞാപിച്ചു. ഇഖ്‌റഅ് (നീ വായിക്കുക) പ്രവാചകന്‍ പറഞ്ഞു: എനിക്ക് വായിക്കാനറിയില്ല അപ്പോള്‍ മലക്ക് റസൂലിനെ വലിഞ്ഞു മുറുക്കിപ്പിടിച്ചു. റസൂല്‍ ഭയചകിതനായി. മലക്ക് വീണ്ടും വീണ്ടും കല്‍പ്പിച്ചു നീ വായിക്കുക അപ്പോഴൊക്കെ പ്രവാചകന്‍ പറഞ്ഞു എനിക്ക് വായിക്കാനറിയില്ല. ഉടന്‍ തന്നെ പ്രവാചകന്‍ ഭയത്തോടെ വീട്ടിലേക്ക് ചെന്നപ്പോള്‍ ഖദീജ (റ) ഉണ്ടായ സംഭവങ്ങള്‍ ചോദിച്ചറിഞ്ഞു. പ്രവാചകനെ സമാധാനിപ്പിച്ചു. ഇതായിരുന്നു വഹ് യിന്റെ തുടക്കം. അങ്ങനെ നാല്‍പതാം വയസ്സില്‍ തങ്ങള്‍ക്ക് പ്രവാചകത്വം ലഭിച്ചു. തുടര്‍ന്ന് ഹിജ്‌റക്ക് മുമ്പ് മക്കയില്‍ കഴിഞ്ഞ ഘട്ടത്തില്‍ മൂന്ന് വര്‍ഷത്തോളം രഹസ്യമായി ഇസ്ലാമിക പ്രചരണം നടത്തേണ്ടി വന്നു. പിന്നീട് പരസ്യ പ്രബോധനം തുടങ്ങിയപ്പോള്‍ തുച്ഛമായ നാല്‍പത് പേര്‍ മാത്രമേ ഇസ്ലാമില്‍ പ്രവേശിച്ചിരുന്നുള്ളൂ. ഈ പരസ്യ പ്രബോധനം ഖുറൈശികളെ അത്യധികം പരിഭ്രാന്തരാക്കി. ആദ്യമാദ്യം അവര്‍ പരിഹാസത്തിലൂടെയും മറ്റും ഇസ്സാമിനെ എതിര്‍ക്കാന്‍ തുടങ്ങി.
Be the first to comment