സർക്കാർ വേട്ടക്കാർക്കൊപ്പമോ?

ഓരോ ദിവസവും ചീഞ്ഞുനാറുന്ന കഥകളാണ് മലയാള ചലച്ചിത്ര ലോകത്തുനിന്ന് കേട്ടുകൊണ്ടിരിക്കുന്നത്. സിനിമാമേഖലയിൽ മാത്രമല്ല, സംസ്ഥാന രാഷ്ട്രീയത്തിലും ഇതുണ്ടാക്കുന്ന കോളിളക്കങ്ങൾ ചെറുതല്ല. കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തെ മലീമസമാക്കുന്ന ദുരനുഭവങ്ങളുടെ തുറന്നുപറച്ചിലിൽ ഞെട്ടിയിരിക്കുകയാണ് മലയാളികൾ. ചലച്ചിത്ര മേഖലയിലെ പ്രശ്‌നങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിലെ ഇനിയും പുറത്തുവരാത്ത ഞെട്ടിക്കുന്ന വിവരങ്ങളിൽ ചിലതുതന്നെയാണ് ക്രൂര ലൈംഗിക പീഡനത്തിനിരയായ ചലച്ചിത്ര പ്രവർത്തകരായവർ മാധ്യമങ്ങൾക്ക് മുമ്പിൽ തുറന്നുപറയുന്നത്. താരങ്ങളായും താരരാജാക്കൻമാരായും മാധ്യമങ്ങൾ പ്രതിഷ്ഠിച്ച ചിലർ ലൈംഗിക വൈകൃതങ്ങളാൽ കാട്ടിക്കൂട്ടിയ കഥകൾ കേട്ട് ലജ്ജിക്കുകയാണ് സാക്ഷര കേരളം. എന്നിട്ടും എന്തു ചെയ്യണമെന്നറിയാതെ ഇരുട്ടിൽതപ്പുന്ന കേരള സർക്കാരിന്റെ നടപടികളാണ് അതിലേറെ ആശ്ചര്യകരവും ഖേദകരവും. 
ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങി പരിഷ്‌കൃതസമൂഹം തലകുനിക്കുന്ന വകുപ്പുകളിൽ സി.പി.എം എം.എൽ.എയെ പൊലിസ് പ്രതിചേർത്തിട്ടും മൗനം തുടരുന്ന സാംസ്‌കാരിക മന്ത്രിയും സർക്കാരും നൽകുന്ന വിപൽസന്ദേശം ആശങ്കയുളവാക്കുന്നതാണ്. ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടും ചലച്ചിത്ര നയരൂപീകരണ സമിതിയിൽനിന്നുപോലും എം. മുകേഷ് എം.എൽ.എയെ മാറ്റാൻ സർക്കാർ തയാറാകാത്തതിന് എന്ത് ന്യായീകരണമാണുള്ളത്? യോഗ്യത ചോദ്യം ചെയ്യപ്പെട്ടിട്ടും എം.എൽ.എ സ്ഥാനത്തുനിന്ന് മുകേഷിന്റെ രാജി ആവശ്യപ്പെടാതിരിക്കാൻ രാഷ്ട്രീയ അവസരവാദത്തെ കൂട്ടുപിടിക്കുന്ന സി.പി.എം നിലപാട് കാലത്തിന്റെ ചുവരെഴുത്ത് കാണാതിരിക്കലാണ്.  ഒരു സംവിധാനത്തിന്റെയാകെ ഉദ്ദേശ്യശുദ്ധിയെ സംശയമുനയിൽ നിർത്താനല്ലാതെ മറ്റെന്തുഗുണമാണ് മുകേഷിനെ നയരൂപീകരണ സമിതിയിൽ നിലനിർത്തിയാൽ കിട്ടാൻ പോകുന്നത്? ഇക്കാര്യത്തിൽ സി.പി.ഐ നേതാക്കളുടെ വാക്കുകൾക്കെങ്കിലും സി.പി.എം ചെവികൊടുക്കാൻ തയാറാകണം. 
 വിവാദങ്ങളുടെ തുടക്കംമുതലെ സാംസ്‌കാരിക മന്ത്രിയിൽനിന്ന് കേട്ടുകൊണ്ടിരുന്ന പ്രതികരണങ്ങളും നിലപാടുകളും സാംസ്‌കാരിക കേരളം ഒട്ടും ആഗ്രഹിച്ചിരുന്നതല്ലെന്ന് പറയാതെ വയ്യ. അത് ഇപ്പോഴും തുടരുന്നത് നിരാശാജനകമാണ്. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടുമെന്ന് ആവർത്തിച്ച മുഖ്യമന്ത്രിയുടെയും സാംസ്‌കാരിക മന്ത്രിയുടെയും ആത്മവിശ്വാസം ഇരകളുടെ നിസഹായത തന്നെയായിരുന്നു. ഇത് ഒരു ഇടതുപക്ഷ സർക്കാരിന് ഭൂഷണമാണോ എന്നും പരിശോധിക്കപ്പെടേണ്ടതാണ്. 
  നാലര വർഷം മുമ്പ് അഴിഞ്ഞുവീഴേണ്ട വെള്ളിത്തിരയിലെ പൊയ്മുഖങ്ങളാണ് ഇപ്പോൾ വീണുടഞ്ഞുകൊണ്ടിരിക്കുന്നത്. 2017ൽ കൊച്ചിയിൽ യുവനടി അക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് സിനിമാമേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാൻ സർക്കാർ ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. ഒരു കോടിയിലേറെ രൂപ ചെലവഴിച്ചാണ് കമ്മിറ്റി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്. 2019 ഡിസംബറിലായിരുന്നു ഈ റിപ്പോർട്ട് സമർപ്പണം. സിനിമാമേഖലകളിലെ സ്ത്രീകൾ അവസരങ്ങൾക്കുവേണ്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാകുന്നുവെന്നും തൊഴിലിൽനിന്ന് പുറത്താകുമെന്ന് ഭയന്നാണ് ഇത് പുറത്തുപറയാത്തതെന്നുമാണ് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിന്റെ അന്തഃസത്ത. ലൈംഗിക ചൂഷണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ മാത്രമല്ല, ആരൊക്കെയാണ് പീഡകർ എന്നും പരിഹാര നിർദേശങ്ങളും അക്കമിട്ട് നിരത്തിയ റിപ്പോർട്ടിൻമേലാണ് സർക്കാർ നാലര വർഷം അടയിരുന്നത്. വേട്ടക്കാർക്ക് വർധിത ആത്മവിശ്വാസവും ഇരകൾക്ക് കൂടുതൽ പീഡനവുമല്ലാതെ മറ്റെന്താണ് ഇതുകൊണ്ട് സാധ്യമായത്. ഹേമ കമ്മിറ്റി സ്ത്രീപീഡകരെന്ന് അക്കമിട്ട് നിരത്തിയവർ ആരൊക്കെ എന്ന് ഇപ്പോഴും നമുക്കറിയില്ല. ഇത് മറച്ചുവെച്ച് റിപ്പോർട്ട് പുറത്തുവിട്ടതിലൂടെ സർക്കാർ ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്തവർക്ക് കുടപിടിക്കുകയാണ് ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത്. 
  മറ്റേതൊരു മേഖലയിലും വനിതകൾക്ക് ജോലി ലഭിക്കാൻ എഴുത്തുപരീക്ഷയും അഭിമുഖവുമൊക്കെയാണ് മാനദണ്ഡമെങ്കിൽ സിനിമയിൽ ലൈംഗിക വിട്ടുവീഴ്ചയാണെന്ന ഹേമ കമ്മിറ്റിയുടെ കണ്ടെത്തൽ ഗൗരവമുള്ളതാണ്. വനിതകളെ ചൂഷണം ചെയ്യുന്നതിൽ സംവിധായകരും നിർമാതാക്കളും പ്രമുഖ നടൻമാരും പ്രൊഡക്ഷൻ കൺട്രാളർമാരുമുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 15 പേർ അടങ്ങുന്ന പുരുഷൻമാരുടെ ഒരു പവർഗ്രൂപ്പാണ് മലയാള സിനിമ  ഭരിക്കുന്നതെന്നും അവരുടെ അപ്രീതിക്ക് പാത്രമായാൽ വിലക്ക് നേരിടുമെന്നും മേഖലയിൽനിന്ന് പുറത്താകുമെന്നും റിപ്പോർട്ടിൽ പറയുന്നു. ചിത്രീകരണ സമയത്ത് വനിതകൾക്ക് ശൗചാലയവും വസ്ത്രം മാറാനുള്ള മുറിയും നിഷേധിക്കുന്നുണ്ടെന്നും കമ്മിറ്റി കണ്ടെത്തി. ഈ ആധുനിക കാലത്തും കേരളത്തിലെ ഒരു തൊഴിൽമേഖലയിൽ ഇത്രയും അപരിഷ്‌കൃത രീതികൾ നിലനിൽക്കുന്നുവെന്ന് തിരിച്ചറിഞ്ഞിട്ടും സർക്കാർ കണ്ണടിച്ചിരുന്നുവെന്നത് സങ്കടകരം തന്നെയാണ്. ഇതിനൊക്കെ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ഉത്തരം നൽകേണ്ടത് തന്നെയാണ്. 
 ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇനിയെങ്കിലും സർക്കാരിൽനിന്ന് ഫലപ്രദ ഇടപെടലുകളാണ് കേരളം പ്രതീക്ഷിക്കുന്നത്. സർക്കാർ  ഉറക്കംനടിക്കുമ്പോൾ ഇരകൾ തങ്ങൾക്ക് നേരിട്ട ദുരനുഭവങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നതാണ് കേരളം കാണുന്നത്. സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരേ ബംഗാൾ നടിയുടെ വെളിപ്പെടുത്തലാണ് അതിൽ ആദ്യത്തേത്. രഞ്ജിത്തിനെതിരേയുള്ള ആരോപണം ഉയർന്നപ്പോൾ രഞ്ജിത്ത് ഇന്ത്യ കണ്ട മികച്ച കലാകാരനാണെന്നായിരുന്നു സാംസ്‌കാരിക മന്ത്രിയുടെ പ്രതികരണം. പരാതി കിട്ടിയാൽ മാത്രം അന്വേഷിക്കാമെന്ന പതിവ് പല്ലവിയും കേട്ടു. ഒന്നല്ല ഒട്ടനവധി പരാതികൾ ഇപ്പോൾ അന്വേഷണ സംഘത്തിന് മുമ്പിലെത്തിയിട്ടുണ്ട്. അതിൽ പ്രമുഖരുണ്ട്, അല്ലാത്തവരുണ്ട്. രാഷ്ട്രീയക്കാരുണ്ട്, രാഷ്ട്രീയമില്ലാത്തവരുമുണ്ട്. കർശന വകുപ്പ് ചേർത്ത് കേസും രജിസ്റ്റർ ചെയ്തു. എന്നാൽ പ്രതികൾ അറസ്റ്റിലാകുമെന്ന പ്രതീതിയുളവാക്കാൻപോലും അന്വേഷണ സംഘത്തിന് ആകുന്നില്ല എന്നാണ് പ്രതിപക്ഷ ആരോപണം. സർക്കാർ ആരുടെ ഭാഗത്താണെന്ന് സിനിമാമേഖലയിലെ പീഡനത്തിനിരയായ വനിതകളിൽനിന്നു മാത്രമല്ല, ഓരോ മലയാളിയിൽനിന്നും ഉയരുന്ന ചോദ്യമാണ്. അതിന് തൃപ്തികരമായ ഉത്തരവും മാതൃകാപരമായ തിരുത്തലും മാത്രമേ ഉചിത പര്യവസാനത്തിന് ഇടം നൽകൂ. Read more at: https://www.suprabhaatham.com/editorial?id=219&link=

About Ahlussunna Online 1317 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*