കറുപ്പിനോട് എന്തിന് വെറുപ്പ്

വരിക്കാശേരി മനയുടെ പൂമുഖത്തിട്ട ചാരുകസേരയിലിരുന്നാണ് ജാതികേരളം ഇപ്പോഴും കാഴ്ചകള്‍ കാണുന്നതും പലതും മനനം ചെയ്യുന്നതും. ആ പൂമുഖം വിട്ടിറങ്ങാന്‍ ഉടലോ മനസോ അനുവദിക്കാതെ ചടഞ്ഞുകൂടിയിരിക്കുകയാണ് ഇന്നാട്ടിലെ സാംസ്‌കാരികനായകരും കലാകാരന്മാരും രാഷ്ട്രീയ തമ്പ്രാക്കന്മാരും അടങ്ങിയ ഒരു പെരുംകൂട്ടം. ആ കൂട്ടത്തിലെ ഒടുവിലത്തെ ശബ്ദമാണ് കലാമണ്ഡലം സത്യഭാമ എന്ന നര്‍ത്തകി. അവര്‍ക്കു പിറകിലായി കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജ് പ്രിന്‍സിപ്പല്‍ ബിനൂജ ജോസഫും കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മുൻ ഡയരക്ടര്‍ ശങ്കര്‍മോഹനും നടന്‍ സുരേഷ്‌ഗോപിയും ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ അഹന്തയോടെ വരിനില്‍പ്പുണ്ട്. നിറംകൊണ്ടും ജാതികൊണ്ടും ഏറ്റ മുറിവില്‍നിന്ന് ചോരകിനിഞ്ഞ് ഇപ്പുറത്തുമുണ്ട്, പൊരിവെയിലത്തെ വരിയില്‍ അതിലേറെപ്പേര്‍,  അതില്‍ ഒടുവിലത്തെയാള്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ എന്ന നര്‍ത്തകനാണ്. തൊട്ടുപിറകില്‍ ജാസി ഗിഫ്റ്റ് എന്ന ഗായകനുണ്ട്. അതിനും പിറകില്‍ സി.പി.എം നേതാവ് എം.എം മണിയും നടന്‍ വിനായകനും ഗായകരായ സയനോര ഫിലിപ്പും പ്രസീത ചാലക്കുടിയും പുഷ്പവതിയുമുണ്ട്. അതിര്‍ത്തിയൊന്നുകടന്നാല്‍ ടി.എം കൃഷ്ണയെന്ന വിശ്രുത സംഗീതജ്ഞനെയും ഈ വരിയില്‍ കാണാം. പിന്നെയും പുറകോട്ടുപോയാല്‍ പേരോ മുഖമോ തെളിയാത്ത എണ്ണിയാലൊടുങ്ങാത്ത വേറെയും മനുഷ്യരെ കാണാം. ചാതുര്‍വര്‍ണ്യവും ബ്രാഹ്മണ്യവുമൊക്കെ നാടുനീങ്ങിയെന്നു വലിയവായില്‍ പറയാമെന്നല്ലാതെ ‘നവോത്ഥാന’ കേരളത്തിന്റെ ഉള്ള് ഇക്കാലത്തും ജാതി, മത, വര്‍ണ ചിന്തകളാല്‍ തിടംവച്ചുകിടക്കുക തന്നെയാണ്.
അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ഡോ. ആര്‍.എല്‍.വി രാമകൃഷ്ണനെതിരേ  കലാമണ്ഡലം സത്യഭാമയുടെ നാവില്‍നിന്നു വന്നതും വംശവെറിയുടെ പുളിച്ചുതികട്ടല്‍തന്നെ. ആര്‍.എല്‍.വി രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് യോഗ്യനല്ലെന്നുമായിരുന്നു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സത്യഭാമ പറഞ്ഞത്. നല്ല സൗന്ദര്യമുള്ള ആണ്‍പിള്ളേര്‍ ഉണ്ടെന്നും ഇവനെ കണ്ടാല്‍ ദൈവം പോലും, പെറ്റ തള്ളപോലും സഹിക്കില്ലെന്നുമുള്ള വിഷം വമിക്കുന്ന വാക്കുകളാണ് സത്യഭാമയില്‍നിന്നുണ്ടായത്. സംഭവം വിവാദമായിട്ടും വിഷംതീണ്ടിയ വാക്കുകള്‍ തിരിച്ചെടുക്കാനോ ഖേദം പ്രകടിപ്പിക്കാനോ അവര്‍ തയാറായില്ലെന്നതാണ് അതിലേറെ ഞെട്ടിക്കുന്നത്. സത്യഭാമയെപ്പോലൊരു അധ്യാപികയ്ക്കു കീഴില്‍ നൃത്തം അഭ്യസിക്കുന്ന കുട്ടികളെക്കുറിച്ചോര്‍ക്കുമ്പോഴും അതേ ആധിതന്നെ. കഴിവേറെയുണ്ടായിട്ടും തൊലിവെളുപ്പില്ലെന്ന ഒറ്റക്കാരണത്താല്‍ എത്ര കുട്ടികളെ ഇവര്‍ നിഷ്‌കരുണം പുറത്തുനിര്‍ത്തിയിരിക്കും. അത്രമേൽ വെറുക്കപ്പെടേണ്ട, അകറ്റിനിർത്തേണ്ട നിറമാണ് കറുപ്പ് എന്നത് മനുവാദത്തോളം പോന്നൊരു അശ്ലീല കാഴ്ചപ്പാടാണ്. മോഹിനിയാട്ടത്തില്‍ ഡോക്ടറേറ്റ് നേടിയ, അധ്യാപനരംഗത്തും കലാരംഗത്തും കാലങ്ങളായി വിസ്മയച്ചുവടുകള്‍ തീര്‍ക്കുന്ന ഡോ. ആര്‍.എല്‍.വി രാമകൃഷ്ണന്‍ എന്ന പ്രതിഭയെ സ്വകാര്യസംഭാഷണത്തിലല്ല, ഒരു ചാനലിനു മുന്നിലാണ് സത്യഭാമ വംശീയാധിക്ഷേപം നടത്തിയത്. ആ മൈക്കുകള്‍ക്കു മുന്നിലാണ് കൂസലില്ലാതെ വീണ്ടും വീണ്ടും സ്വയം ന്യായീകരിക്കുന്നത്.
ഗായകനും സംഗീതസംവിധായകനുമായ ഡോ. ജാസിഗിഫ്റ്റിനും ദിവസങ്ങള്‍ക്കുമുമ്പ് സമാന അനുഭവമുണ്ടായി. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജ് ഡേയ്ക്ക് മുഖ്യാതിഥിയായെത്തിയ ജാസി ഗിഫ്റ്റിനെ പാടാന്‍ അനുവദിക്കാതെ പ്രിന്‍സിപ്പല്‍ ബിനൂജ ജോസഫ് മൈക്ക് പിടിച്ചുവാങ്ങുകയായിരുന്നു. യേശുദാസോ എം.ജി ശ്രീകുമാറോ മറ്റോ ആയിരുന്നു ഈ വേദിയിലെങ്കില്‍ മൈക്ക് പിടിച്ചുവാങ്ങാനുള്ള ധാര്‍ഷ്ട്യവും ധൈര്യവും ആ പ്രിന്‍സിപ്പലിനുണ്ടാകുമായിരുന്നോ? അപ്പോള്‍ നിറം തന്നെയാണ് അവിടെയും പ്രശ്‌നം.
മാസങ്ങള്‍ക്കുമുമ്പ് ഒരു രാഷ്ട്രീയ കക്ഷിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ മുന്‍മന്ത്രി എം.എം മണിയെ ചിമ്പാന്‍സി എന്ന് ആക്ഷേപിച്ചത് സാക്ഷരകേരളം മറന്നുകാണില്ല. ദിവസങ്ങള്‍ക്കു മുമ്പ് അരീക്കോട് ചെമ്രക്കോട്ടൂരിലെ ഫുട്‌ബോള്‍ മൈതാനത്ത് ഐവറി കോസ്റ്റ് താരം ഹസന്‍ ജൂനിയറിനെ കാണികളില്‍ ചിലര്‍ കരിങ്കുരങ്ങ് എന്ന് അധിക്ഷേപിച്ചതും മൈതാനത്തിറങ്ങി കൂട്ടമായി ആക്രമിച്ചതും നമ്മള്‍ കണ്ടതാണ്. കറുത്തവരോടും ദലിതരോടും ഭിന്നശേഷിക്കാരോടും നമ്മില്‍ പലരും പുലര്‍ത്തുന്ന തൊട്ടുകൂടായ്മയും ക്രൂരപരിഹാസങ്ങളും ചികിത്സ തേടേണ്ട മനോവൈകല്യം തന്നെയാണ്. ഒറ്റപ്പെട്ടതെന്നോ കേരളത്തില്‍ മാത്രം സംഭവിക്കുന്നതെന്നോ പറഞ്ഞ് ഈ വർണവെറിയെ ചുരുക്കേണ്ടതില്ല.
പ്രമുഖ സംഗീതജ്ഞന്‍ ടി.എം കൃഷ്ണയ്ക്ക് സംഗീത കലാനിധി പുരസ്‌കാരം നല്‍കുന്നതില്‍ വിയോജിപ്പുമായി ഗായികമാരായ രഞ്ജനി, ഗായത്രി എന്നിവരുള്‍പ്പെടെ രംഗത്തെത്തിയതും കലയിലെ വംശീയതയുടെ ദൃഷ്ടാന്തമാണ്. കര്‍ണാടക സംഗീതത്തെ തമിഴ് ബ്രാഹ്മണാധിപത്യത്തില്‍നിന്ന് വിമോചിപ്പിച്ച് ജനകീയമാക്കിയതാണ് കൃഷ്ണയോട് പാരമ്പര്യഗായകരില്‍ വെറുപ്പ് പടരാനിടയാക്കിയത്. ബ്രാഹ്മണിക്കല്‍ ആധിപത്യം എന്ന ആര്‍.എസ്.എസ് അജന്‍ഡ തന്നെയാണ് ഈ വിയോജിപ്പുകളുടെയെല്ലാം പിന്നില്‍ എന്ന് സൂക്ഷ്മമായി നിരീക്ഷിക്കുമ്പേള്‍ ബോധ്യമാവും. രാജ്യത്ത് ശക്തിപ്പെടുന്ന ഹിന്ദുത്വവാദമാണ് അതിന്റെ രാസത്വരകം. നിറം, ജാതി, മതം, സൗന്ദര്യം എന്നീ സംവര്‍ഗങ്ങളിലൂടെ മാത്രമാണ് ഇക്കാലത്തുപോലും ഒരാള്‍ മറ്റൊരാളെ അടയാളപ്പെടുത്തുന്നത്. ആ ജാതിമേല്‍ക്കോയ്മയില്‍ അഭിരമിക്കുന്നതുകൊണ്ടുമാത്രമാണ്, അടുത്ത ജന്മമെങ്കിലും ബ്രാഹ്മണകുലത്തിലാകണമെന്ന് നടനും രാഷ്ട്രീയനേതാവുമായ ഒരാള്‍ ലജ്ജയില്ലാതെ ആഗ്രഹിക്കുന്നത്. അതിന്റെ തുടര്‍ച്ചയാണ് ഇക്കഴിഞ്ഞ ആറ്റുകാല പൊങ്കാലയ്ക്കിടെ തിരുവിതാംകൂര്‍ രാജകുടുംബമെന്നപേരില്‍ ഗൗരി ലക്ഷ്മിഭായിയെയും മകന്‍ ആദിത്യവര്‍മയേയും തേരിലേറ്റി തിരുവനന്തപുരം നഗരം ചുറ്റിച്ച സംഭവം. രാജാധികാരം ജനാധിപത്യത്തിനു വഴിമാറിയെന്ന് നാമെല്ലാം ഉറച്ചുവിശ്വസിക്കുന്ന കേരളത്തിലാണ് തമ്പ്രാക്കളുടെ രഥയാത്രയും കൊട്ടും കുരവയുമായുള്ള അകമ്പടിയും നടന്നത്.
പൗരര്‍ പ്രജകളാകുന്ന കാഴ്ച ജനാധിപത്യത്തിന്റേതല്ല, രാജാധികാരത്തിന്റെ പുനരാനയനം മാത്രമാണ്. രാജ്യമൊട്ടുക്ക് ഹിന്ദുത്വശക്തികള്‍ ശ്രമിക്കുന്നതും ആ തേര്‍വാഴ്ചയ്ക്കുതന്നെ. അവിടെ ആര്‍.എല്‍.വി രാമകൃഷ്ണനും ജാസിഗിഫ്റ്റും എം.എം മണിയും പുറമ്പോക്കില്‍ തന്നെ തുടരുമെന്നുറപ്പ്.

About Ahlussunna Online 1311 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*