ശൈഖുനാ കെ.വി മുഹമ്മദ് മുസ്ലിയാര്‍ നിസ്തുല്യനായ പണ്ഡിത ജ്യോതിസ്സ്

കെ. ഉനൈസ് വളാഞ്ചേരി

 

മുസ്ലിം കൈരളിയുടെ നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്ക് വഹിക്കുകയും വിജ്ഞാന വീഥിയിലെ താരകമായി ജ്വലിച്ചു നില്‍ക്കുകയും ചെയ്ത പണ്ഡിത ജ്യോതിസ്സായിരുന്നു ശൈഖുനാ കെ.വി മുഹമ്മദ് മുസ്ലിയാര്‍(ന.മ). കേരള മുസ്ലിമിന്‍റെ ആദര്‍ശ മുന്നേറ്റങ്ങള്‍ക്ക് മുന്‍പന്തിയില്‍ നില്‍ക്കുകയും ബിദ്അത്തിന്‍റെ വിഷബീജങ്ങള്‍ സമൂഹത്തില്‍ നിന്ന് ഉച്ഛാടനം ചെയ്യാന്‍ വേണ്ടി ശക്തമായി പ്രവര്‍ത്തിക്കുകയും ചെയ്ത മഹത് വ്യക്തിത്വമായിരുന്നു അദ്ദേഹം.  സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സെക്രട്ടറി സ്ഥാനം മുതല്‍ പല ഉന്നത സ്ഥാനങ്ങള്‍ വരെ  വഹിച്ചിരുന്ന ആ പണ്ഡിത വരേണ്യര്‍ ആത്മീയ ഔന്നത്വത്തിന്‍റെ വിഹായസ്സില്‍ വിരാജിക്കുകയായിരുന്നു. ആത്മീയതയും അറിവും, വിളക്കും വെളിച്ചവുമായി കാലത്തിന്‍റെ കണ്ണാടിയില്‍ നാളെയെ നോക്കികണ്ട് ഇരുളടഞ്ഞ വാതായനങ്ങളില്‍ വെള്ളി വെളിച്ചം വീശിയ മഹാന്‍റെ തൂലികാനിപുണതയും വാക് വൈഭവവും കൈരളിക്ക് മറക്കാന്‍ സാധ്യമല്ല.

1915 ല്‍ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കില്‍ അഹ്മദ്-ആമിന ദമ്പതികളുടെ പുത്രനായിട്ടാണ് ശൈഖുന ജനിച്ചത്. പ്രാഥമിക പഠനം ഓത്തുപളളിയിലായിരുന്നു. ശേഷം വല്ലപ്പുഴ ജൂമുഅത്ത് പളളിയിലെ മുദരിസായിരുന്ന അബ്ദുല്ല മുസ്ലിയാരുടെ കീഴില്‍ ഒരു വര്‍ഷത്തെ പഠനത്തിനു ശേഷം കര്‍ഷകനായിരുന്ന പിതാവിനെ സഹായിച്ച് വീട്ടില്‍ കഴിഞ്ഞു കൂടി. തഥവസരത്തിലാണ് തന്‍റെ ബന്ധുകൂടിയീയിരുന്ന ആലി മുസ്ലിയാരുടെ നിര്‍ദേശപ്രകാരം ചങ്ങരംകുളത്തുളള പളളിക്കര ജുമുഅത്ത് പള്ളിയിലെ ദര്‍സില്‍ ചേരുന്നത്. സ്വാതികനും സൂഫിവര്യനുമായ കോക്കൂര്‍ഞ്ഞാലില്‍ മുഹമ്മദ് മുസ്ലിയാരായിരുന്നു അവിടത്തെ മുദരിസ്സ്. അദ്ദേഹത്തിന്‍റെ കീഴില്‍ സ്വര്‍ഫ്, നഹ്വ് വിഷയങ്ങളില്‍ പ്രാവീണ്യം നേടി.

ശേഷം വേങ്ങരക്കടുത്തുളള അരീക്കുളം ജുമത്തുപളളി ദര്‍സിലും പിന്നീട് കുറെക്കാലം ഓടക്കല്‍ കോയക്കുട്ടി മുസ്ലിയാരുടെ കീഴിലും പഠനം നടത്തി. മഹാനായ കൂട്ടിലങ്ങാടി ബാപ്പു മുസ്ലിയാര്‍ മുദരിസായിരുന്ന പനങ്ങാട്ടൂര്‍ ജൂമുഅത്ത് പളളിയിലെ ദര്‍സിലായിരുന്നു പിന്നെ പഠനം തുടര്‍ന്നത്. പഠനകാലത്ത് തന്നെ വൈജ്ഞാനിക രംഗത്തും ദീനീ പ്രവര്‍ത്തനരംഗത്തും നിപുണത കൈവരിച്ച മഹാന്‍ പനങ്ങാട്ടൂരില്‍ ഓതിക്കൊണ്ടിരിക്കെ താമരശ്ശേരി കെടവൂര്‍ നിവാസികള്‍ ആവശ്യപ്പെട്ടതനുസരിച്ച് കെടവൂര്‍ പളളിയില്‍ മുദരിസായി. മൂന്ന് വര്‍ഷത്തെ പഠനത്തിന് ശേഷം വാവാട് പരപ്പന്‍പൊയില്‍ പള്ളിയില്‍ പത്തുവര്‍ഷത്തോളം സേവനം ചെയ്തു. 50 ല്‍ പരം വിദ്യാര്‍ത്ഥിക്കളുണ്ടായിരുന്ന ആ ദര്‍സ് 1952 ല്‍ അവസാനിപ്പിച്ചു.

ഇക്കാലത്താണ് സമസ്തയുടെ സജീവ പ്രവര്‍ത്തന രംഗത്തേക്ക് ഉസ്താദ് വരുന്നത്. 1955 മുതല്‍ സമസ്ത മുശാഅറ അംഗമായി .1956 മുതല്‍ അന്ത്യം വരെ സമസ്ത സെക്രട്ടറിയായിരുന്നു. കൂടാതെ സുന്നി യുവജന സംഘം പ്രസിഡന്‍റ്(1962), ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി, പ്രസിഡന്‍റ്, വിദ്യഭ്യാസ ബോര്‍ഡ് വൈസ് പ്രസിഡന്‍്, മുഅല്ലിം ക്ഷേമനിധി ചെയര്‍മാന്‍, സമസ്ത മലപ്പുറം ജില്ലാ പ്രസിഡന്‍റ്, എന്നീ പദവികള്‍ അലങ്കരിച്ചു. മഊനത്തുല്‍ ഇസ്ലാം അറബിക് കോളേജ്, ജാമിഅ നൂരിയ്യ പട്ടിക്കാട്, വളാഞ്ചേരി മര്‍ക്കസ്, ദാറുല്‍ ഹിദായ എടപ്പാള്‍ എന്നീ സ്ഥാപനങ്ങളുടെ അമരക്കാരനുമായിരുന്നു. കേരളത്തിലെ മതപ്രബോധന രംഗത്തെ മുന്നണി പോരാളിയായ ഉസ്താദ് പ്രതിസന്ധികളില്‍ പതറാത്ത മനക്കരുത്തുമായി സമൂഹത്തിന് നേതൃത്വം നല്‍കി. പ്രഭാഷണ മേഖലക്ക് പുതിയ രൂപവും ഭാവവും നല്‍കി പ്രബോധനരംഗത്ത് അവയെ നന്നായി ഉപയോഗിക്കുകയും മുസ്ലിം ഉമ്മത്തിന് ദിശാബോധം നല്‍കുകയും ചെയ്തു.

അദ്ദേഹത്തിന്‍റെ പ്രസംഗങ്ങള്‍, ചിലയിങ്ങളില്‍ ആദര്‍ശപരമായ പ്രഭാഷണ പരമ്പരകളായിരിക്കും. ചില പ്രദേശത്ത് പളളികളും മദ്‌റസകളും സ്ഥാപിക്കാനും  ഇസ്ലാമിക അന്തരീക്ഷം സൃഷ്ടിച്ചെടുക്കാനുമായിരിക്കും. കെ. വി ഉസ്താദിന്‍റെ അവതരണ ശൈലിയില്‍ ജനങ്ങളെ വിശിഷ്യ സുന്നി പ്രവര്‍ത്തകരെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കാനും അദ്ദേഹത്തിനു കഴിഞ്ഞിരന്നു. സ്റ്റേജില്‍ മാത്രമല്ല പേജിലും അദ്ദേഹം ജ്വലിച്ചു നിന്നു. പ്രസിദ്ധീകരണ രംഗത്ത് അദ്ദേഹം അര്‍പ്പിച്ച സേവനങ്ങള്‍ എന്നും സ്മരിക്കപ്പെടും.

അദ്ദേഹം ഒരു ഖുര്‍ആന്‍ വ്യാഖ്യാതാവ് കൂടിയായിരുന്നു. ബൃഹത്തും ആധികാരികവുമായ ഫത്ഹു റഹ്മാന്‍ ഫീ തഫ്സീരില്‍ ഖുര്‍ആന്‍ എന്ന പരിഭാഷാ വ്യാഖ്യാന ഗ്രന്ഥം കൈരളിക്ക് അഭിമാനിക്കാന്‍ വകനല്‍കുന്ന അതുല്യ നിധിയാണ്. ബിദഈ കക്ഷികളുടെ ആശയങ്ങള്‍ക്കും അവരുടെ ദുര്‍വ്യാഖ്യനങ്ങള്‍ക്കും ശക്തമായ മറുപടിയും സുന്നത്ത് ജമാഅത്തിന്‍റെ ആശയങ്ങളെ രേഖാസഹിതം അരക്കിട്ടുറപ്പിക്കുന്നതുമാണ് പ്രസ്തു ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥം.

അടുക്കും തോറും സ്നേഹവും ആദരവും വര്‍ദ്ധിപ്പിക്കുന്ന അനുപമ വ്യക്തിത്വത്തിന്‍റെ ഉടമയായിരുന്ന കെ. വി ഉസ്താദിന്‍റെ വിശ്രമമില്ലാത്ത ജീവിതം അറിവുകൊണ്ടും സേവനം കൊണ്ടും ധന്യമായിരുന്നു. 2000 ഏപ്രില്‍ 16 (1421 മുഹര്‍റം 11) ന് മഹാന്‍ നമ്മെ വിട്ട് പിരിഞ്ഞു. വൈജ്ഞാനിക കേരളത്തിന്‍റെ സാഹിത്യരചനാ രംഗത്ത് കെ.വി ഉസ്താദിന്‍റെ വിടവ് നികത്താനാവാത്തതാണ്. തൂലിക, ആദര്‍ശ മുന്നേറ്റ പ്രവര്‍ത്തനങ്ങളില്‍ നിറദീപമായി ജ്വലിച്ച് നിന്ന് ചുറ്റുവട്ടങ്ങളെ പ്രകാശ ദീപ്തമാക്കിയ കെ. വി  ഉസ്താദിന്‍റെ വിയോഗം മുസ്ലിം കേരളത്തിന്‍റെ ആദര്‍ശ വഴികളില്‍ തീര്‍ത്ത വിടവ് ഏറെ വലുതാണ്. ആ മഹത് ജീവിതം കാണിച്ചുതന്ന ആദര്‍ശ വഴികളിലൂടെ സഞ്ചരിക്കാന്‍ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ. ആമീന്‍

 

 

 

About Ahlussunna Online 1301 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*