ആഗോള മുസ്ലിംകള്‍; പ്രതിസന്ധിയും പരിഹാരവും

കെ കെ സിദ്ധീഖ് വേളം

Chandigarh: Indian Muslims offer prayers during Eid al- Adha outside the mosque in sector 20 in Chandigarh on Tuesday September 13, 2016.photo Dinesh Bhardwaj

ഏതെങ്കിലും ഭൂപ്രദേശത്തു നിന്ന് മുസ്ലിം സമൂഹം  പലായനം ചെയ്യുകയോ നാടുകടത്തപ്പെടുകയോ ചെയ്യുകയാണെങ്കില്‍ ഭൂമിയിലെ ആവാസ വ്യവസ്ഥക്ക് ഒരു താളഭംഗവും സംഭവിക്കുകയില്ല. ജനങ്ങള്‍ തിന്നും കുടിച്ചും കഴിഞ്ഞേക്കും. ജീവിത ചക്രം പതിവുപോലെ കറങ്ങുകയും ചെയതേക്കാം. പക്ഷേ അവിടെ മനുഷ്യ സമൂഹം ആത്മാവ് നഷ്ടപ്പെട്ട ജീവച്ഛവമായി മാറുമെന്നത് ഒരു പരമാര്‍ത്ഥമാണ്.

ലോക പ്രശസ്ത ഇന്ത്യന്‍ പണ്ഡിതന്‍ അബുല്‍ ഹസന്‍ അലി  നദ് വി  മുസ്ലിം ലോകം ചരിത്രവും വര്‍ത്തമാനവും എന്ന തന്‍റെ പുസ്തകത്തിലൊരിടത്ത് കുറിച്ചിട്ട വരികളാണിത്.  മുസ്ലിം ലോകം  വലിയ പ്രതിസന്ധികള്‍ നേരിടുകയും അവ പരിഹരിക്കാന്‍ മുസ്ലിം പക്ഷത്തു നിന്നും അനിവാര്യമായ ചലനങ്ങള്‍ ഉണ്ടാവാതെ പോവുകയും ചെയ്യുന്ന വര്‍ത്തമാനകാലത്ത് ഉദൃത വരികള്‍ക്ക് വലിയ പ്രസക്തിയാണുളളത്.

വിശുദ്ധ ഇസ്ലാം ഒരു ഭാഗത്ത് തഴച്ചുവളര്‍ന്നു കൊണ്ടിരിക്കുമ്പോള്‍ മറുഭാഗത്ത് മുസ്ലിം സമൂഹം അതിസങ്കീര്‍ണ്ണമായ പല പ്രതിസന്ധികളും നേരിട്ടു കൊണ്ടിരിക്കുന്ന ദുരന്തകാഴ്ചകളാണ് എങ്ങും കാണാന്‍ സാധിക്കുന്നത്. മുസ്ലിംകളുടെ തന്നെ പിടിപ്പു കേടിനാലോ ബാഹ്യശക്തികളുടെ ഇടപെടലിനാലോ ഉണ്ടായി തീര്‍ന്നിരിക്കുന്ന ആ പ്രതിസന്ധികള്‍ പുണ്യ ദീനിന്‍റെ സല്‍പ്പേരിനു തന്നെ കളങ്ക മേല്‍പ്പിച്ചിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ അഭിനവ മുസ്ലിം ലോകം നേരിടുന്ന മതപരവും രാഷ്ട്രീയപരവും സാമൂഹികവുമായ മുഴുവന്‍ പ്രശ്നങ്ങളെയും വെല്ലുവിളികളെയുംകുറിച്ച് ചര്‍വ്വിത ചര്‍വ്വണം നടത്തി ഉചിതമായ പരിഹാരം കാണേണ്ടത് അനിവാര്യമായി തീര്‍ന്നിരിക്കുകയാണ്.

 തീവ്രവാദവും ഭീകരവാദവും

ഇന്ന് മുസ്ലിം ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഭീകരവാദവും തീവ്രവാദവുമാണ്. മത ഭീകരവാദം, മതകീയ ലേബലിലുളള തീവ്രവാദം എന്നിങ്ങനെ രണ്ട് തരത്തിലുളള ഭീകരവാദ പ്രവര്‍ത്തനങ്ങളാണ് മുസ്ലിം ലോകത്തെ ഇന്ന് കുഴക്കിക്കൊണ്ടിരിക്കുന്നത്. ദീനിന്‍റെ മഹിതമായ ആശയങ്ങളില്‍ വെളളം ചേര്‍ത്ത് മതതീവ്രവാദത്തിന് മതകീയ പ്ലാറ്റ് ഫോം കണ്ടെത്തുകയും മുസ്ലിംകള്‍ നേരിടുന്ന പ്രശ്നങ്ങളെ ഹിംസാത്മമകമായി നേരിടുകയും ചെയ്യുന്ന രീതിയാണ് ഇതില്‍ മതതീവ്രവാദത്തിനുളളത്. ഇസ്ലാമിലെ ചില അവാന്തര വിഭാഗങ്ങള്‍ പ്രത്യേകിച്ച് വഹാബികള്‍ ഈ ആശയധാരയെ കൊണ്ടുനടക്കുന്നവരും പ്രയോഗവല്‍കരിക്കുന്നവരുമാണ്. ആഗോളജനതക്കൊന്നടങ്കം ഭീഷണിയായി മാറിയിരിക്കുന്ന ഐ.എസ്, താലിബാന്‍, അല്‍ ഖ്വായിദ പോലുളള ഭീകരവാദ സംഘടനകളുടെയൊക്കെ ആശയാടിത്തറ വഹാബിസത്തിലേക്ക് ചെന്ന് ചേരുന്നതാണെന്നതില്‍ സന്ദേഹമില്ല.

ഇസ്ലാം ഭീകരവാദത്തിന് എതിരാവുകയും മനുഷ്യരാശിയുടെ വിനാശത്തിന് കാരണമാകുന്ന അത്തരം നീചപ്രവൃത്തികള്‍ക്ക് പ്രത്യേക മതമില്ലാതിരിക്കുകയും ചെയ്യുമ്പോള്‍ തന്നെ ലോകത്ത് നടക്കുന്ന ഭീകരവാദ തീവ്രവാദ പ്രവര്‍ത്തനങ്ങളെ ഇസ്ലാമിക് ലേബലില്‍ പ്രചരിപ്പിക്കുന്ന ഒരു അനാരോഗ്യപ്രവണത ഇന്ന് സമൂഹത്തില്‍ ഏറിവന്നിട്ടുണ്ട്. ഏതാനും വര്‍ഷം മുമ്പ് ലണ്ടനില്‍ ജനങ്ങള്‍ക്ക് പ്രയാസം സൃഷ്ടിച്ച നായയെ വകവരുത്തിയ മുസ്ലിം യുവാവിനെ കുറിച്ച് പിറ്റേദിവസത്തെ പത്രത്തില്‍ വന്ന വാര്‍ത്തയുടെ തലക്കെട്ട് പോലും മുസ്ലിം ഭീകരവാദി നായയെ കൊന്നു എന്നതായിരുന്നു .ഇവിടെ സൂചിപ്പിച്ച രണ്ട് തരത്തിലുളള ഭീകരവാദ പ്രവര്‍ത്തനങ്ങളും ഇസ്ലാമിനെ ജനങ്ങള്‍ക്കിടയില്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടാന് കാരണമായിത്തീര്‍ന്നിട്ടുണ്ട്.

മുസ്‌ലിംകളുടെ അകാലചരമമടയലും അറബ് ലോകത്തെ എണ്ണക്കിണറുകളും ലക്ഷ്യമിട്ട് അമേരിക്കയടക്കമുളള സാമ്രാജ്യത്വ ശക്തികള്‍ പടച്ച് വിട്ട ബിന്‍ലാദډാരും മുല്ലാ ഉമറുമാരും ബഗ്ദാദിമാരും അറബ് ലോകത്ത് നിരന്തരം സഘര്‍ഷങ്ങളും അരക്ഷിതാവസ്ഥയും സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. വാസ്ഥവത്തില്‍ തങ്ങളുടെ സാമ്രാജ്യത്വ അജണ്ടകളെ പൂവണിയിക്കാന്‍ ഇംപേരിയലിസ്റ്റുകള്‍ ഒരുക്കിയ പദ്ധതിക്ക് മുസ്ലിംകളെ തന്നെ ഉപയോഗിക്കുന്ന രീതി വന്‍ വിജയമായി തീര്‍ന്നിട്ടുണ്ടെന്ന് പറയാതെ വയ്യ.പല അറബ് പ്രദേശങ്ങളിലും മുസ്ലിംകള്‍ വിവിധ ഗ്രൂപ്പുകളായി ത്തിരിഞ്ഞ് പരസ്പരം പോരടിച്ചു കൊണ്ടിരിക്കുബോള്‍സാമ്രാജ്യത്വ ശക്തികളുടെ ആഗ്രഹം പോലെ ഇസ്ലാമിന്‍റെ പേര് കളങ്കപ്പെടുന്നതോടൊപ്പം മുസ്ലിംകളുടെ നാശവും സമ്പൂര്‍ണ്ണമായിക്കൊണ്ടിരിക്കുകയാണ്.

ന്യൂനപക്ഷ-വംശീയ വെല്ലുവിളികള്‍

ലോകത്തിന്‍റെ ഉത്തര ദക്ഷിണ ധ്രുവങ്ങള്‍ക്കിടയിലുളള മനുഷ്യവാസമുളള മുഴുവന്‍ സ്ഥലങ്ങളിലും ഇന്ന് മുസ്ലിംകളുടെ പ്രാതിനിധ്യമുണ്ട്. ലോക ജനസംഖ്യയില്‍ 1.63 ബില്യനോളം വരുന്ന മുസ്ലിംകളില്‍ 1.3 ബില്യന്‍ ജനങ്ങള്‍ 49 ഔദ്യോഗിക ഇസ്ലാമിക രാഷ്ട്രങ്ങളില്‍ അധിവസിക്കുന്നവരാണ്. ബാക്കിയുളളവര്‍ വിവിധ രാഷ്ട്രങ്ങളില്‍ ന്യൂനപക്ഷ വിഭാഗമായി കഴിഞ്ഞുകൂടുന്നവരുമാണ്. ഇങ്ങനെ പല രാഷ്ട്രങ്ങളിലും ന്യൂനപക്ഷ വിഭാഗമായി കഴിയുന്ന മുസ്ലിം കള്‍ അടുത്തകാലത്തായി പലമനുഷ്യാവകാശ ലംഘനങ്ങളെയും വംശീയ ഉന്മൂ  ലനങ്ങളും നേരിട്ടുകൊണ്ടിരിക്കുകയാണ്ഇ. തിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മ്യാന്‍മര്‍ മുസ്ലിംകള്‍.

മ്യാന്‍മറിലെ പൗരന്മാരാ യി ഭരണകൂടം അംഗീകരിക്കാത്ത റോഹിഗ്യന്‍ മുസ്ലിംകള്‍ക്കു നേരെ മ്യാന്‍മര്‍ സൈന്യവും തീവ്രബുദ്ധിസ്റ്റുകളും മൃഗതുല്യമായ പീഢനമുറകളാണിന്ന് അഴിച്ചു വിട്ടുകൊണ്ടിരിക്കുന്നത്.അതിക്രമങ്ങള്‍ സഹിക്കവയ്യാതെ അവിടത്തെ മുസ്ലിം സഹോദരങ്ങളില്‍ പലരും എങ്ങോട്ടെന്നില്ലാതെ പലായനം ചെയ്തു കൊണ്ടിരിക്കുകയാണ്. 2016 ഏപ്രില്‍ മുതല്‍ 2017 ജൂലൈ വരെയുളള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഒരു ലക്ഷം റോഹിഗ്യകളാണ് ബംഗ്ലാദേശില്‍ അഭയാര്‍ത്ഥികളായി എത്തിയതെന്ന് Inter National Organization For Migration എന്ന സംഘടന വ്യക്തമാക്കുന്നു.

മ്യാന്മ റിലെ റോഹിംഗ്യകളുടെതിന് സമാനമായ അക്രമങ്ങളും മനുഷ്യാവകാശ ലംഘനങ്ങളുമാണ് ചൈനയിലെ ഉഗ്യൂര്‍ മുസ്ലിം ന്യൂനപക്ഷങ്ങളും ഇന്ന് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. പരിസ്യമായി മതകീയ ആചാരങ്ങള്‍ നടത്തുന്നതിന് ചൈനീസ് ഭരണകൂടത്തില്‍ നിന്നും വിലക്കു നേരിടുന്ന അവര്‍ക്ക് പലപ്പോഴും മാനുഷിക ,അടിസ്ഥാന അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുകയാണ്. ഉഗ്യൂര്‍ വംശജരില്‍ പലരും തീവ്രവാദികളാണെന്നാണ് ചൈനീസ് ഭരണകൂടത്തിന്‍റെ ഭാഷ്യം. തത്വത്തില്‍ നിരന്തരം സൈനിക റെയ്ഡുകളും കരിനിയമങ്ങളും നേരിടേണ്ടി വരുന്ന അവരുടെ ജീവിതം ആകെ ദുസ്സഹമായി തീര്‍ന്നിരിക്കുകയാണ്. ഇത്തരത്തില്‍ ലോകത്തിന്‍റെ പലകോണുകളിലും അധിവസിക്കുന്ന മുസ്ലിം ന്യൂനപക്ഷ ജനത പലപ്രതിസന്ധികളിലൂടെയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.

ഇസ്ലാമോഫോബിയ 

ആഗോള മുസ്ലിം ലോകം ഇന്ന് നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നമാണ് ഇസ്ലാമോഫോബിയ വിശുദ്ധ ദീനിന്‍റെ അത്ഭുതാവഹമായ വളര്‍ച്ചയില്‍ അസൂയപൂണ്ട ഒരുപറ്റം ഇസ്ലാം വിരോധ സംഘങ്ങളാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഇസ്ലാമിനെ മറ്റുളളവര്‍ക്കു മുമ്പില്‍ ഭീകരസ്വത്ത്വമായി അവതരിപ്പിച്ച് സാധാരണക്കാരെ ഇസ്ലാമില്‍ നിന്നും അകറ്റാനുളള പൊറാട്ടു നാടകങ്ങളാണ് ജര്‍മനിയിലെ പെഗിഡ പോലുളള ഇസ്ലാം വിരുദ്ധ സംഘങ്ങള്‍ ഇന്നു നടത്തുന്നത്. അവരുടെ പ്രവര്‍ത്തനങ്ങള്‍ മാനവ സമൂഹത്തില്‍ വലിയ തോതിലുളള സ്വാധിന ഫലങ്ങള്‍ ഉണ്ടാക്കി കഴിഞ്ഞുവെന്നത് ഒരു ദുഃഖ സത്യമാണ്. ഇതരജനവിഭാഗങ്ങളില്‍ പലരും ഇന്ന് ഏറെ ഭീതിയോടെ യാണ് ഇസ്ലാമിനെ നോക്കികാണുന്നത്. അമേരിക്കയിലും യൂറോപ്പിലും സാര്‍വ്വത്രികമായി ക്കൊണ്ടിരിക്കുന്ന ബുര്‍ഖ അവഹേളനങ്ങളും പളളിയാക്രമണങ്ങളും മുസ്ലിം വംശീയ അധിക്ഷേപങ്ങളും ഇസ്ലാമോഫോബിയ എത്രത്തോളം ഭീകരമായിവളര്‍ന്നിരിക്കുന്നു എന്ന് കാണിക്കുന്നതുമാണ്.

ഖുദ്സ്-ഫലസ്തീന്‍ പ്രശ്നം

മുസ്ലിം ലോകം കാലങ്ങളായി അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന സുപ്രധാനമായ മറ്റൊരു പ്രശ്നമാണ് വിശുദ്ധ ഖുദ്സ് മോചനവും സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രവും. ഈ രണ്ട് ലക്ഷ്യങ്ങളെയും സാക്ഷാത്കരിക്കുന്നതിനായി ഫലസ്തീനികള്‍ നിരന്തരം പോരാടിക്കൊണ്ടിരിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ 50 വര്‍ഷമായി അറബ് രാഷ്ട്രങ്ങള്‍ ഇതിനെ തങ്ങളുടെ അഭ്യന്തര മുസ്ലിം പ്രശ്നമായി പോലും കണ്ടിരുന്നില്ല. അങ്ങനെ ഫസസ്തീന്‍ പ്രശ്നത്തെ തങ്ങളുടെയൊക്കെ അഭ്യന്തര പ്രശ്നമായി കണ്ടിരുന്നുവെങ്കില്‍ വിശുദ്ധ ഖുദ്സ് വിമോചനവും സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രവും പണ്ടേ യാഥാര്‍ത്ഥ്യമായേന.

കൂടാതെ, നാളിതുവരെ ഇസ്രായേല്‍ എന്നരാഷ്ട്രത്തെ തന്നെ അംഗീകരിക്കാതിരിക്കുന്ന ഹമാസു പോലും ഇപ്പോള്‍ ഇസ്രായേല്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്. പ്രമാഥമായ ആറ് ദിന യുദ്ധത്തിനു മുമ്പുളള അതിര്‍ത്തി പരിഗണിച്ച് സ്വതന്ത്ര ഫലസ്തീന്‍ വേണമെന്നാണ് ഇപ്പോള്‍ ഹമാസ് വാദിക്കുന്നത്. മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ്  ഒബാമ കൊണ്ടുന്ന ദ്വിരാഷ്ട്ര ഫോര്‍മുല ട്രംപ് വന്നതോടുകൂടി അസ്തമിച്ചിരിക്കുകയുമാണ്.ഫലത്തില്‍ ഖുദ്സ് വിമോചനവും സ്വതന്ത്ര ഫലസ്തീന്‍ രാജ്യവുമെന്ന ആഗോള മുസ്ലിം സ്വപ്നം ഇപ്പോഴും വിദൂരദിശയിലാണ്.

സ്വതം നഷ്ട്പ്പെട്ടുപോയതിന്‍റെ കാരണങ്ങള്‍

ആഗോള മുസ്ലിം രാഷ്ട്രങ്ങള്‍ക്കിടയിലുളള മതപരവും രാഷ്ട്രീയ പരവുമായ അനൈക്യം ലോകത്തെ മുസ്ലിം പ്രശ്നങ്ങളെ അതിസങ്കീര്‍ണ്ണമാക്കി തീര്‍ത്തി ട്ടുണ്ടെന്നത് ഒരു പരമാര്‍ത്ഥമാണ്. തങ്ങള്‍ക്ക് സ്വന്തമായ നിലപാടുകളും നിയമ, ഭരണ സംവിധാനങ്ങളുമായാണ് ഇന്ന് ഓരോ മുസ്ലിം രാഷ്ട്രങ്ങളും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. മുസ്ലിം രാഷ്ട്രങ്ങള്‍ക്ക് പൊതുവായ നയരൂപീകരിണത്തിനും സഹകരണത്തിനും വേണ്ടിയുളള 57 രാഷ്ട്രങ്ങള്‍ ഉള്‍കൊളളുന്ന organization of the Islamic co- orporation (O.I.C) എന്ന കൂട്ടായ്മ ഉണ്ടെങ്കിലും പലരാഷ്ട്രളുടെയും താന്‍ പോരിമയും വിട്ടുവീഴ്ച ഇല്ലായ്മയും നിമിത്തം അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായിക്കൊണ്ടിരിക്കുയാണ്. ഖത്തര്‍ പ്രതിസന്ധിപോലുളള സങ്കീര്‍ണ്ണമായ മറ്റൊരു പ്രതിസന്ധിയിലേക്കാണ് അത്തരം പ്രശ്നങ്ങള്‍ വഴിമാറിക്കൊണ്ടിരിക്കുന്നത്. ചുരുക്കത്തില്‍ മുസ്ലിം ലോകം ചരിത്രത്തിലിതുവരെ നേരിട്ടിട്ടില്ലാത്ത പ്രതിസന്ധികളുടെ ദശാസന്ധിയിലൂടെയാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്.

ഭൗതികത അതിപ്രസരം നേടിക്കൊണ്ടിരിക്കുന്ന ആധുനിക യുഗത്തിന്‍റെ കണ്ണഞ്ചിപ്പിക്കുന്ന സുഖ സൗകര്യങ്ങളില്‍ മതിമറന്നുല്ലസിക്കുന്ന അഭിനവ മുസ്ലിംകളുടെ ഹൃത്തടത്തില്‍ നിന്നും ഈമാനികാവേശം ചോര്‍ന്നു പോയതാണ് ഇന്ന് മുസ്ലിം അനുഭവിക്കുന്ന പ്രശ്നങ്ങളുടെയൊക്കെ കാരണം. ഗതകാലങ്ങളില്‍ മുസ്ലിം ലോകം വല്ല പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ അതിനെ ഈമാനിക ഉള്‍കരുത്തിന്‍റെ പിന്‍ബലത്തില്‍ മുന്‍ഗാമികള്‍ക്ക് ചെറുത്തു തോല്‍പ്പിക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ ഇന്നാ ഈമാനികാവേശം നഷ്ടപ്പെട്ട് അത്മ വസ്മൃതിയുടെ കരിമ്പിടത്തില്‍ കിടന്നുറങ്ങുന്ന മുസ്ലിംകള്‍ക്ക് അതിനു സാധിക്കുന്നില്ല. എല്ലാം സഹിച്ചു കുഞ്ഞാടുകളായി ജീവിക്കേണ്ട അഴസ്ഥയാണവര്‍ക്കിന്നുളളത് . പ്രപിതാക്കളുടെ ഈമാനികാവേശം തിരിച്ചു പിടിക്കേണ്ടത് അനിവാര്യമായി തീര്‍ന്നിരിക്കുകയാണ്.

മുസ്ലിം ലോകത്തിന്‍റെ പ്രതിസന്ധികള്‍ക്ക് ഹേതുകമായി വര്‍ത്തിക്കുന്ന മറ്റൊരു പ്രധാന ഘടകം ശക്തമായ ഒരു നേതൃത്വത്തിന്‍റെ അഭാവവും പൊതു ശത്രുവിനെതിരെ മുസ്ലിം രാഷ്ട്രങ്ങള്‍ക്ക് ഒന്നിച്ചു നില്‍ക്കാന്‍ കഴിയാതെ പോവുന്നതുമാണ്. ഒന്നാം ലോക മഹായുദ്ധത്തോടെ തകര്‍ന്നു തരിപ്പണമായ ഒട്ടോമാന്‍ കാലഘട്ടം വരെ മുസ്ലിംകള്‍ക്ക് പൊതുവില്‍ ഒരു ഖലീഫ ഉണ്ടായിരുന്നു. പക്ഷേ ബ്രിട്ടന്‍ അവരെ തോല്‍പിച്ച് കീഴടക്കിയതോടെ അതിന് അന്ത്യം കുറിക്കപ്പെട്ടു.ശക്തമായ ഒരു മുസ്ലിം നേതൃനിര  മുസ്ലിം ലോകത്തുനിന്നു ഇനിയെങ്കിലും ഉയര്‍ന്നു വരേണ്ടതുണ്ട്.

മുസ്ലിം പൊതു പ്രശ്നങ്ങളില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ ഇന്ന് മുസ്ലിം രാഷ്ട്രങ്ങള്‍ ഒരുക്കമല്ല , മതപരവും രാഷ്ട്രീയ പരവുമായ ഭിന്നതകളുടെ പേരുപറഞ്ഞ് സാമുദായിക ഐക്യത്തില്‍ നിന്നും വിട്ടുനിന്ന് സാമ്രാജ്യത്വ ശക്തികളെ തങ്ങളുടെ കുടെക്കൂട്ടി  സ്വയം നശീകൃതരാവുകയാണിന്ന് അറബ് രാഷ്ട്രങ്ങള്‍ ചെയ്യുന്നത്. ഈ ഒരു പതിവു പല്ലവിയില്‍ നിന്നും അറബ് രാഷ്ട്രങ്ങള്‍ പിന്മാറി പൊതുശത്രുവിനെതിരെ ഒന്നിച്ചു നില്‍ക്കാന്‍ ഇനിയെങ്കിലും മനസ്സുകാട്ടേണ്ടതുണ്ട്   . അതിലൂടെ മാത്രമെ ഖുദ്സ് വിമോചനവും സ്വതന്ത്ര്യ ഫലസ്തീനും അറബ് ഐക്യവും സാക്ഷാത്കരിക്കുന്നതിനു വേണ്ടിണ്‍ കൂട്ടായ ശ്രമങ്ങള്‍ക്ക് തിരികൊളുത്താന്‍ സാധിക്കുകയുളളൂ.

അവസാനമായി, ഇന്ന് മുസ്ലിം ലോക അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് അത്യന്തികമായി നാം ചരിത്രത്തില്‍ നിന്നും പൂരണം കണേണ്‍ണ്ടതുണ്ട്.. മക്കയില്‍ ന്യൂനപക്ഷമായിരുന്ന മുസ്ലിം സമൂഹത്തിന് എത്ര മനുഷ്യത്വ രഹിതമായ മര്‍ദ്ദനമുറകളാണ് അഭിമുഖീകരിക്കേണ്‍ണ്ടി വന്നത്. ആ സന്ദര്‍ഭങ്ങളിലെല്ലാം തിരുനബി(സ്വ)ക്കും അനുയായികള്‍ക്കും ഖുര്‍ആന്‍ നല്‍കിയ ബോധനം നമുക്കും പാഠമാണ്. ഖുര്‍ആന്‍ പറഞ്ഞു യുക്തിയും സദുപദേശവും കൊണ്ട് ജനങ്ങളെ ദൈവിക സരണിയിലേക്ക് ക്ഷണിക്കുക. ഏറ്റവും മികവുറ്റത് കൊണ്ട് അവരുമായി സംവദിക്കുക(അന്നഹ്ല്:25) എന്തിനും ഏറ്റവും യുക്തമായ രീതി(ഹിക്മ) അവലംബിക്കക എന്നത് തന്നെയാണ് ഇന്ന് ഏറ്റവും പ്രസക്തമായിട്ടുളളത്. അതൊരിക്കലും ഹിംസയുടെ മാര്‍ഗമായിരിക്കയില്ല. ഇതുതന്നെയാണ് ആഗോള മുസ്ലിം പ്രിതിസന്ധികള്‍ക്കുളള പരിഹാരവും.

 

About Ahlussunna Online 1304 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*