കടമേരിയിലെ വിശ്രുതമായ പണ്ഡിത കുടുംബമാണ് കീഴന കുടുംബം. കീഴന വലിയ ഓര്‍ എന്ന പേരിലറിയപ്പെട്ട വലിയും പണ്ഡിതനുമായിരുന്ന കീഴന കുഞ്ഞമ്മദ് കുട്ടി മുസ്ലിയാര്‍ (കുഞ്ഞേറ്റി മുസ്ലിയാര്‍) ഈ കുടുംബത്തിലെ കണ്ണിയാണ്. അദ്ദേഹത്തിന്‍റെ പുത്രന്മാരും പൗത്രന്മാരുമായി ഈ കുടുംബം വിവിധ പണ്ഡിത ധാരകളായി പിരിയുന്നു. പരസ്പരം ഏതെങ്കിലുമൊരു വിധത്തില്‍ കുടുംബ ബന്ധമോ വിവാഹ ബന്ധമോ പുലര്‍ത്തി കടമേരിയിലെ പണ്ഡിത കുടുംബങ്ങള്‍ ബന്ധപ്പെട്ട് കിടക്കുന്നത് അത് കൊണ്ടാണ്.
നാദാപുരത്തെ റമളാന്‍ ശൈഖ് മുഖേനയാണ് മഹിതമായ പണ്ഡിത സാനിധ്യം കടമേരിയിലെത്തുന്നത് എന്ന് കരുതപ്പെടുന്നു. കുഞ്ഞമ്മദ് കുട്ടി മുസ്ലിയാര്‍ക്ക് മൂന്ന് ആണ്‍മക്കളാണുണ്ടായിരുന്നത്. കുഞ്ഞബ്ദുള്ള മുസ്ലിയാര്‍,കുഞ്ഞഹമ്മദ് ഹാജി, ചിറക്കല്‍ അബ്ദു റഹ്മാന്‍ മുസ്ലിയാര്‍ എന്നിവരാണവര്‍. ഇവരില്‍ കുഞ്ഞബ്ദുള്ള മുസ്ലിയാര്‍ ചീക്കിലോട്ടോര്‍ എന്ന പേരിലും അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ ചിറക്കലോര്‍ എന്ന പേരിലും വിശ്രുതരായി. ചീക്കിലോട്ട് കുഞ്ഞബ്ദുല്ല മുസ്ലിയാര്‍, ബിയ്യാത്തു ദമ്പതികള്‍ക്ക് ഒരു ആണും ഏഴ് പെണ്‍മക്കളുമാണുള്ളത്. ആ ഏക ആണ്‍ മകനാണ് റഹ്മാനിയ്യ സ്ഥാപകന്‍ ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്ലിയാര്‍.
സഹോദരി ഫാത്വിമയും കുഞ്ഞമ്മദ് മുസ്ലിയാരും ഇരട്ടകളാണ്. 1925 ല്‍ ഫെബ്രുവരി 20 ന് ചീക്കിലോട്ട് തറവാട്ടിലായിരുന്നു കുഞ്ഞമ്മദ് മുസ്ലിയാരുടെ ജനനം. കീഴന കുഞ്ഞമ്മദ് ഹാജി ഫാത്വിമ ദമ്പതികളുടെ മകനാണ് പ്രമുഖ പണ്ഡിതനും കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്‍റുമായിരുന്ന കീഴന കുഞ്ഞബ്ദുല്ല മുസ്ലിയാര്‍. അന്ത്രു മുസ്ലിയാര്‍,കുഞ്ഞേറ്റി മുസ്ലിയാര്‍, മൊയ്തു മുസ്ലിയാര്‍, കുഞ്ഞാമി,ബിയ്യാത്തു, ഖദീജ, ഹലീമ എന്നിവരാണ് ഇവരുടെ മറ്റു മക്കള്‍. ചിറക്കല്‍ അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ ബിയ്യാത്തു ദമ്പതികള്‍ക്ക് ആറു ആണ്‍മക്കളും മൂന്ന് പെണ്‍മക്കളുമാണ് ഉള്ളത്.
പഠനം
ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്ലിയാര്‍ അറിവിന്‍റെ വലിയ ഉയരങ്ങള്‍ കണ്ടവരല്ല. പക്ഷെ നിഷ്കപടമായ കര്‍മ്മങ്ങള്‍ കൊണ്ട് ജീവിതത്തോട് ചേര്‍ന്ന അറിവിനെ സമ്പൂര്‍ണമാക്കിയ സാത്വികനാണ്. ആധുനിക ഇംഗ്ലീഷ് മാതൃകയിലുള്ള വിദ്യാഭ്യാസ രീതി സര്‍വ്വ വ്യാപകമല്ലാതിരുന്ന അമ്പതുകളില്‍ ഓത്തുപള്ളികളും എഴുത്തു പള്ളികളുമാണല്ലോ ജ്ഞാന കേന്ദ്രങ്ങളായി നിലകൊണ്ടിരുന്നത്.
തന്‍റെ വീടിന്‍റെ തൊട്ടടുത്തുണ്ടായിരുന്ന ചിറക്കല്‍ ഓത്തു പള്ളിയില്‍ നിന്നും കുഞ്ഞമ്മദ് മുസ്ലിയാര്‍ പ്രാഥമിക പഠനം പൂര്‍ത്തിയാക്കി. തയ്യില്‍ കുഞ്ഞബ്ദുള്ള മുസ്ലിയാര്‍ ഓത്തു പള്ളിയിലേയും ചോയികണ്ടത്തില്‍ സൂപ്പി മുസ്ലിയാര്‍, ശങ്കരന്‍ കുരിക്കള്‍ എന്നിവര്‍ എഴുത്തു പള്ളിയിലേയും ഗുരുനാഥന്മാരായിരുന്നു.
പ്രാഥമിക പഠനത്തിന് ശേഷം ഉപ്പയുടെ സഹോദരന്‍ ചിറക്കല്‍ അബ്ദുറഹ്മാന്‍ മുസ്ലിയാരുടെ വില്യാപ്പള്ളി, തളിപ്പറമ്പ്, ദര്‍സുകളില്‍ ഏതാനും വര്‍ഷം ഓതിപ്പഠിച്ചു. 1945,46 കാലയളവിലാണ് കുഞ്ഞമ്മദ് മുസ്ലിയാര്‍ തളിപ്പറമ്പില്‍ ഓതുന്നത്. തുടര്‍ന്ന് കോട്ടുമല ഉസ്താതിന്‍റെ മലപ്പുറം ജില്ലയിലെ വേങ്ങരക്കടുത്തുള്ള കോട്ടുമല ദര്‍സില്‍ ചേര്‍ന്നു. 1943 ല്‍ വെല്ലൂര്‍ ബാഖിയാത്തില്‍ നിന്നും ബിരുദം നേടിയതിന് ശേഷം തുടങ്ങിയതായിരുന്നു പ്രസ്തുത ദര്‍സ്. അന്ന് കടമേരി , നാദാപുരം ഭാഗങ്ങളില്‍ നിന്നുള്ള ഒരു പാട് ആളുകള്‍ അവിടെ പഠിക്കാറുണ്ടായിരുന്നു. ഇ കെ ഹസന്‍ മുസ്ലിയാരും എം എം ബശീര്‍ മുസ്ലിയാരും അന്ന് അവിടെ ദര്‍സില്‍ ഉണ്ടായിരുന്നു. പാരമ്പര്യ സമൂഹത്തിന് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ പണ്ഡിത കേസരികളായണവര്‍.
സമുദായത്തിന്‍റെ പില്‍ക്കാല ദര്‍ശനങ്ങള്‍ക്ക വലിയ സംഭാവന നല്‍കിയ കേന്ദ്രമായി കോട്ടുമലയിലെ ദര്‍സ് മാറിയത് ഇത്തരം പണ്ഡിതന്മാരുടെ സൃഷ്ടിപ്പിലൂടെയായിരുന്നു. ബശീര്‍ മുസ്ലിയാരും കുഞ്ഞമ്മദ് മുസ്ലിയാരും മഹല്ലി, ശറഹു തഹ്സീബ് തുടങ്ങിയ പല കിതാബുകളും ഇവിടെ നിന്ന് ഒരുമിച്ചോതിയുട്ടുണ്ട്. കുഞ്ഞമ്മദ് മുസ്ലിയാരുടെ കോട്ടുമല ദര്‍സ് പഠനം ഏകദേശം രണ്ട് വര്‍ഷം മാത്രമേ നീണ്ടു നിന്നുള്ളൂ. ഉപ്പ രോഗ ബാധിതനായതോടെ കുടുംബ ബാധ്യത മുഴുവന്‍ ഏക മകനു മുകളില്‍ വന്ന് വീണപ്പോള്‍ പഠനം അവസാനിപ്പിച്ച് കുടുംബത്തിലേക്ക് മടങ്ങേണ്ടി വന്നു. പക്ഷെ ഒരു സമൂഹത്തിന് അറിവ് നല്‍കാനുള്ള ജീവിതത്തിന്‍റെ രാപ്പകലുകള്‍ക്കും തുടക്കമിടലായിരുന്നു ആ മടങ്ങല്‍ .
സാമൂഹ്യ സേവകന്‍
സേവന തല്‍പരത കുഞ്ഞമ്മദ് മുസ്ലിയാരുടെ ജൈവിക ഗുണമായിരുന്നു. നാടിന്‍റെ വിവധ ആവിശ്യങ്ങളുടെ കേന്ദ്രമയ കുടുംബത്തില്‍പെടുന്ന കുഞ്ഞമ്മദ് മുസ്ലിയാര്‍ മത രാഷ്ട്രീയ സാമൂഹിക വിദ്യാഭ്യാസ മേഘടകളില്‍ ഒരു പോലെ തന്‍റെ വ്യക്തിപ്രഭാവത്തിന്‍റെ മുദ്രപതിപ്പിച്ചു. റഹ്മാനിയ്യ ആരംഭിച്ചതോടെ മുഴുവന്‍ നേരവും അതിനോടൊപ്പമായി. അതിനു മുമ്പ് നാട്ടിലെ വിവധ സേവന് പ്രവര്‍ത്തനങ്ങളിലായിരുന്നു കുഞ്ഞമ്മദ് മുസ്ലിയാരുടെ ശ്രദ്ധ. ലീഗ് പ്രവര്‍ത്തകന്‍ ആയതോട് കൂടെ നാട്ടിലെ വിവിധ വിഷയങ്ങളില്‍ വ്യാപൃതനായിരുന്നു. തെരെഞ്ഞെടുപ്പ് വേളകളില്‍ ലീഗ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തനായി പ്രവര്‍ത്തിച്ചു. ലീഗ് രൊതുയോഗങ്ങളിലും നാട്ടിലെ കമ്മിറ്റി യോഗങ്ങളിലും പങ്കെടുക്കും. ചിലപ്പോള്‍ വീടുകളിലായിരിക്കും യോഗം കൂടുക.
കടമേരി പ്രദേശത്ത് ചന്ദ്രിക ദിനപത്രം പ്രചരിപ്പിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചു. കടമേരി പ്രദേശത്ത് ചന്ദ്രിക പത്രം ആദ്യം എത്തിക്കുന്നത് തന്നെ കുഞ്ഞമ്മദ് മുസ്ലിയാരായിരുന്നു. അനാഥ അഗതികളുടെ സംരക്ഷണവും പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹവും കുഞ്ഞമ്മദ് മുസ്ലിയാര്‍ ജീവിതത്തിലെ അനിവാര്യയായി ഏറ്റെടുത്തു.
പാവപ്പെട്ടവന് വീട് വെച്ച് കൊടുക്കാന്‍ മുന്നില്‍ നിന്നു. ദാരിദ്രത്തിന്‍റെയും പരാധീനതയുടെയും ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ക്ക് കാവല്‍ നിന്നു. ആ മനുഷ്യ സ്നേഹിയുടെ മനസ്സറിഞ്ഞുള്ള ഓരോ പ്രവര്‍ത്തനങ്ങളും ഒരു നാടിന്‍റെ പയ്യാരങ്ങള്‍ക്ക് പരിഹാരം കാണലായിരുന്നു. തന്‍റെ സാമ്പത്തിക ശേഷിക്കും നിലവാരത്തിനുമപ്പുറമായിരുന്നു ഓരോ സേവനങ്ങള്‍ക്കുമുള്ള കുഞ്ഞമ്മദ് മുസ്ലിയാരുടെ പിന്തുണ.
Be the first to comment