ഉമ്മുമുനദിര്‍(റ) സ്വര്‍ഗം കരഗതമാക്കിയ സൗഭാഗ്യ വനിത.

എം.ഇര്‍ശാദ് വേങ്ങര

ഉമ്മു മുന്‍ദിര്‍(റ) യുടെ യഥാര്‍ത്ഥത്ത നാമം  സലമ ബിന്‍ത്ത് ഖൈസ് എന്നാണ്.അറേബ്യന്‍ ഗോത്രങ്ങളക്കിടയില്‍ പണം കൊണ്ടും പ്രതാപം കൊണ്ടും പ്രസിദ്ധിനേടിയ ബനൂ നജ്ജാറിലെ പേരും പ്രശസ്തിയുമുള്ള അംഗമായിരുന്നു ഉമ്മുമുന്‍ദിര്‍(റ).പ്രവാചകന്‍ (സ്വ) ബനൂ നജ്ജാര്‍ ഗോത്രത്തെ വളരെയധികം സ്നേഹിക്കുകയും അവരുടെ സല്‍പ്രവര്‍ത്തനങ്ങളെ പുകഴ്ത്തുകയും ചെയ്തിട്ടുണ്ട്.

മക്ക വിട്ട് മദീനയിലേക്ക് പലയാനം ചെയ്ത പ്രവാചകന്നും സ്വഹാബത്തിന്നും അതിത്ഥ്യം  അരുളുന്നതിനെ അന്‍സ്വാറുകള്‍ മാത്സര്യബുദ്ധിയോടെ ഏറ്റെടുത്തപ്പോള്‍,അവരുടെ വീടുകളെ പ്രകീര്‍ത്തിച്ച് നബി(സ്വ) പറഞ്ഞു :’ അനസ്വാറുകളില്‍ വെച്ചേറ്റവും നല്ല വീട് ബനൂ നജ്ജാറിന്‍റേതാണ് .പിന്നീട് ബനു അബ്ദില്‍ അശ്ഹലിന്‍റേത്.പിന്നെ ബനൂ അബ്ദുല്‍ ഹാരിസ് ബിന്‍ ഖസ്റജിന്‍റേത്.പിന്നെ ബനൂ സാഇദയുടേതും.അന്‍സ്വാറുകളുടെ വീടുകളിലെല്ലാം ഖൈറുണ്ട്(മുസ്ലിം)

ബനൂ നജ്ജാറില്‍ പെട്ട ആരെങ്കിലും രോഗിയായെന്ന വിവരം ലഭിച്ചാലുടന്‍ പ്രവാചകന്‍(സ്വ) അവരെ സന്ദര്‍ശിക്കും.രോഗബാധിതനായ ബനുനജ്ജാര്‍ ഗോത്രത്തില്‍ പെട്ടയാളെ പ്രവാചകന്‍(സ്വ) സന്ദര്‍ശിച്ച് ശഹാദത്ത് കലിമ ചൊല്ലികൊടുത്ത സംഭവം ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.ഉമ്മുമുന്‍ദിര്‍ (റ) പ്രവാചകന്‍റെ അമ്മായി കൂടിയായിരുന്നു.

പ്രവാചകനോടൊപ്പം നിരവധി യുദ്ധങ്ങളില്‍ പങ്കെടുത്ത് വീരചരിതങ്ങള്‍ രചിച്ച സലീത്ത് ബിന്‍ ഖൈസ് (റ) സഹോദരനും ഉമ്മുസുലൈം(റ) ഉമ്മെറ (റ) എന്നിവര്‍ സഹോദരികളുമാണ്.ഇവരുടെ ഉമ്മ റഗീബത്ത് ബിന്‍ത്ത് സുറാറയും പിതാവ് ഖൈസ് ബിന്‍ അംറുമാണ്.

ഖൈസ് ബിന്‍ സഅ്സഅത്ത് ബിന്‍ വഹാബിനെ മഹതി വിവാഹം കഴിച്ചു.ഈ ദാമ്പത്യത്തിലാണ് മുന്‍ദിര്‍ എന്ന ആണ്‍ കുഞ്ഞ്ജനിക്കുന്നത്.പിന്നീട് മകന്‍റെ നാമത്തിനൊപ്പം മഹതി അറിയപ്പെടാന്‍ തുടങ്ങി.

പ്രവാചകന്‍ (സ്വ) മദീനയിലെത്തിയതൊടെ അന്‍സ്വാറുകള്‍ കൂട്ടംകൂട്ടമായി ഇസ്ലാമിലേക്ക് കടന്നുവന്നു. മിസ്ഹബ് ബിന്‍ ഉമ്മെര്‍(റ) ന്‍റെ ക്ഷണം മുഖേനെയാണ് ഉമ്മുമുന്‍ദിര്‍ (റ) ഇസ്ലാം സ്വീകരിക്കുന്നത്.സ്ത്രീകള്‍ ഇസ്ലാം സ്വീകരിക്കാന്‍ പ്രവാചകസന്നിധിയിലെത്തുമ്പോള്‍ അവര്‍ക്ക് മുമ്പില്‍ ആറ് വ്യവസ്ഥകള്‍ പ്രവാചകന്‍ (സ്വ) പറയുമായിരുന്നു.ആരാധനക്കര്‍ഹനായി അല്ലാഹുവിന്‍റെ മാത്രം കാണുക,കളവ് നടത്താന്‍ പാടില്ല.വ്യഭിചാരം ചെയ്യരുത്,കുട്ടികളെ കൊല്ലരുത്,ഒരാള്‍ക്കെതിരെയും അപവാദം പ്രചരിപ്പിക്കരുത്,അല്ലാഹുവിന്‍റെ നിര്‍ദ്ദേശങ്ങളോട് വിമുഖത കാണിക്കരുത് തുടങ്ങിയ വ്യവസ്ഥകള്‍ അവര്‍ക്ക് മുമ്പില്‍ വെക്കും.

ഉമ്മുമുന്‍ദിര്‍ (റ) പറയുന്നു: ഞാനടക്കമുള്ള അന്‍സ്വാരി സത്രീകള്‍ ഇസ്ലാം സ്വീകരിക്കാന്‍ പ്രവാചകസന്നിധിയിലെത്തി.ഈ ആറ് കാര്യങ്ങളും പ്രവാചകനൊപ്പം ഞങ്ങളും മൊഴിഞ്ഞു.അവകള്‍ക്ക് പുറമെ ഭര്‍ത്താവിനെ ചതിക്കരുത് എന്ന നിര്‍ദ്ദേശം കൂടി പ്രവാചകന്‍ ഞങ്ങള്‍ക്ക് നല്‍കിയിരുന്നു.ഞാന്‍ മറ്റു അന്‍സ്വാരീ വനിതകളോട് പറഞ്ഞു :’ നിങ്ങള്‍ പ്രവാചകന്‍റെ അടുത്ത് പോയി എന്താണ് ഭര്‍ത്താക്കരോട് ചെയ്യുന്ന വഞ്ചന എന്ന് ചോദിക്കുക ‘.അവര്‍ പ്രവാചകനോട് ചോദിച്ചു. പ്രവാചകന്‍ പറഞ്ഞു : നിങ്ങള്‍ ഭര്‍ത്താവിന്‍റെ സമ്പത്ത് എടുക്കുകയും മറ്റുള്ളവരെ സ്നേഹിക്കുകയും ചെയ്യുക ( അഹ്മദ്).

ഖന്‍ദഖ് യുദ്ധത്തിന് ശേഷം ഹിജ്റ 5 ല്‍ ബനൂഖുറൈള യുദ്ധവും അരങ്ങേറി.ഖന്‍ദഖ് യുദ്ധവേളയില്‍ ബനൂ ഖുറൈളക്കാരുടെ ഭാഗത്ത് നിന്നുണ്ടായ കാരര്‍ലംഘനവും മുസ്ലിങ്ങള്‍ക്കെതിരെയുള്ള അതിക്രമവുമായിരുന്നു യുദ്ധത്തിലേക്ക് നയിച്ച കാരണങ്ങള്‍.ഇരുപതി അഞ്ച് ദിവസം ബനൂ ഖുറൈളക്കാരെ മുസ്ലിം സൈന്യം ഉപരോധിച്ചു.

അന്‍പത് ദിവസമാണെന്നും അഭിപ്രായങ്ങളുണ്ട്.സൈനിക നേതാവായ സഅദ് ബിന്‍ മുആദ്(റ) അക്രമകാരികളെ കൊല്ലാനും സ്ത്രീകളെയും കുട്ടികളെയും ബന്ധികളായി പിടിക്കാനും അവരുടെ സമ്പത്ത് കണ്ടുകെട്ടാനും വിധിച്ചു.വിധി പുറ്പെടുവിക്കുമ്പോള്‍ പ്രവാചകന്‍റെ പള്ളിയുടെ അങ്കണത്തില്‍ കെട്ടിയുണ്ടാക്കിയ ടെന്‍റില്‍ ശരീരത്തിലേറ്റ മുറിവിനെ ശുശ്രൂഷിക്കുകയിരുന്നു മഹാന്‍. യുദ്ധത്തിന് ശേഷം ഈ മുറിവ് കാരണത്താല്‍ മഹാന്‍ വഫാത്തായി.

മുസ്ലിം സൈന്യം സഅദ് ബിന്‍ മുആദ്(റ) ന്‍റെ ആജ്ഞ നടപ്പിലാക്കി കൊണ്ടിരുന്നു.കരാര്‍ ലംഘിക്കുകയും അതിക്രമത്തിന് നേതൃത്വം നല്‍കിവരെയും മുസ്ലിം സൈന്യം കഠിന ശിക്ഷക്ക് വിധേയമാക്കി.ഖുറൈള ഗോത്രക്കാരനായ രിഫാഅത്ത് ബിന്‍ സിംവാല്‍ അപകടം മനസ്സിലാക്കി അഭയം ചോദിച്ച് ഉമ്മുമുന്‍ദിര്‍ (റ) യുടെ അടുക്കലെത്തി.അഭയം തരാന്‍ പ്രവാചകനോട് അപേക്ഷിക്കണമെന്നും ഈ ഉപകാരം ജീവിതത്തിലൊരിക്കലും മറക്കില്ലെന്നും അദ്ധേഹം ഉമ്മുമുന്‍ദിര്‍ (റ) നോട് പറഞ്ഞു. അദ്ധേഹത്തിന്‍റെ ആവശ്യപ്രകാരം പ്രവാചകനെ കണ്ട് അഭയം നലകാന്‍ മഹതി ആവശ്യപ്പെട്ടു.മഹതിയുടെ അപേക്ഷ പ്രവാചകന്‍(സ്വ) അംഗീകരിച്ചു കൊടുത്തു.അത് കാരണത്താല്‍ അദ്ധേഹത്തെ ആസന്നമായ മരണത്തില്‍ നിന്നും മഹതി സംരക്ഷിച്ചു.

മറ്റൊരിക്കല്‍ പ്രവാചകനോട് ഉമ്മുമുന്‍ദിര്‍ (റ) പറഞ്ഞു: ‘ രിഫാആത്ത് നിത്യമായി നിസ്ക്കരിക്കുന്നുണ്ട്’

പ്രവാചകന്‍ (സ്വ) മറുപടി കൊടുത്തു: ‘ നിസ്ക്കരിക്കുകയാണെങ്കില്‍ അവന്‍ നډയുള്ളവനാകും.അവന്‍ പഴയമത(യഹൂദമതം) ത്തില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണെങ്കില്‍ അത് അവന് ദോഷം വരുത്തും’

കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം രിഫാഅത്ത് ഇസ്ലാം ആശ്ലേഷിച്ച സന്തോഷവാര്‍ത്തയാണ് പ്രവാചകന്‍ (സ്വ) കേട്ടത്.അദ്ധേഹത്തിന്‍റെ ഇസ്ലാമിക സ്വീകരണത്തിന്‍റെ പ്രധാനനിമിത്തം ഉമ്മുമുന്‍ദിര്‍ (റ) യുടെ പ്രവര്‍ത്തനങ്ങളായിരുന്നു.

ബനൂ ഖുറൈള യുദ്ധത്തില്‍ നിരവധി സ്ത്രീകളെ ബന്ധികളായി മുസ്ലിം സൈന്യം പിടിച്ചിരുന്നു.അവരുടെ കൂട്ടത്തിലൊരുവളായിരുന്നു റൈഹാനത്ത് ബിന്‍ത്ത് സൈദ്.പ്രവാചകന്‍ (സ്വ) അവളെ ഇബ്നു സഅ് യത്തിന്‍റെ കരങ്ങളില്‍ ഏല്‍പ്പിച്ചു.അവളെ ഇസ്ലാമിലേക്ക് ക്ഷണിക്കാനും അദ്ധേഹത്തോട് പ്രവാചകന്‍ (സ്വ) ആവശ്യപ്പെട്ടു. അധികം വൈകാതെ റൈഹാനത്ത് ബിന്‍ത്ത് സൈദ് ഇസ്ലാം സ്വീകരിച്ചു.ശേഷം അവളെ ഉമ്മുമുന്‍ദിര്‍ (റ) യുടെ വീട്ടില്‍ താമസിപ്പിക്കാന്‍ പ്രവാചകന്‍ (സ്വ) പറഞ്ഞു. കൂലീനയും തറവാടിത്തമുള്ളവളുമായ റൈഹാനത്ത് ബിന്‍ത്ത് സൈദ്(റ) യെ വിവാഹം കഴിക്കാന്‍ പ്രവാചകന്‍ (സ്വ) താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം ഉമ്മുമുന്‍ദിര്‍ (റ) യുടെ വീട്ടില്‍ വെച്ച് നടത്തി.

റൈഹാനത്ത് ബിന്‍ത്ത് സൈദ് (റ) പറയുന്നു: ‘ ഞാന്‍ മുസ്ലിമായപ്പോള്‍ റസൂല്‍(സ്വ) എന്നെ അടിമത്ത്വത്തില്‍ നിന്ന് മോചിപ്പിക്കുകയും വിവാഹം കഴിക്കുകയും ചെയ്തു.മറ്റു ഭാര്യമാര്‍ക്ക് നല്‍കിയത് പോലെ മഹറും പ്രവാചകന്‍ (സ്വ) എനിക്ക് നല്‍കി.ഉമ്മുമുന്‍ദിര്‍ (റ) ന്‍റെ വീട്ടിലായിരുന്നു മധുവിധു നാളുകള്‍ കഴിച്ച്കൂട്ടിയത്.മറ്റു പത്നിമാര്‍ക്ക് ദിവസങ്ങള്‍ നിശ്ചയിച്ചത് പോലെ എനിക്കും പ്രവാചകന്‍ (സ്വ) ദിവസം നിശ്ചയിച്ചിരുന്നു’. ഹജ്ജത്തുല്‍ വിദാഇല്‍ പ്രവാചകന്‍ (സ്വ) പങ്കെടുത്ത് മടങ്ങി വന്ന സമയത്ത്  റൈഹാനത്ത് മരണപ്പെട്ടു. ജന്നത്തുല്‍ ബഖീഈല്‍ മഹതിയെ മറവ് ചെയ്തു. പ്രവാചകന്‍റെ വിവാഹസുദിനത്തിന് വേദിയകാന്‍ ഭാഗ്യം ലഭിച്ച വീടായിരുന്നു ഉമ്മുമുന്‍ദിര്‍(റ)യുടേത്.

ഉമ്മുമുന്‍ദിര്‍ (റ) ന്‍റെ വസതി പ്രവാചകന്‍ ഇടക്കിടെ സന്ദര്‍ശിക്കാറുണ്ടായിരുന്നു.പ്രവാചകന്ന് വേണ്ടി മഹതി സ്വാദിഷ്ടവിഭവങ്ങള്‍ ഉണ്ടാക്കി വെക്കും.പ്രത്യേകിച്ച് വെള്ളിയാഴ്ച്ചകളില്‍.പ്രവാചകന്‍ അനുചരരെ കൂട്ടി മഹതിയുടെ വീട്ടിലെത്തും.മഹതി പാചകം ചെയ്ത ഭക്ഷണം വളരെ ബറക്കത്തുള്ളതും ഉപകാരമുള്ളതുമാണെന്ന് റസൂല്‍(സ്വ) പറയുമായിരുന്നു.

ഒരിക്കല്‍ അലി(റ) നെ കൂട്ടി പ്രവാചകന്‍ (സ്വ) മഹതിയുടെ വീട്ടില്‍ ചെന്നു.ഒരു രോഗത്തില്‍ നിന്നും അലി(റ) മുക്തമായ ഉടനെയായിരുന്നു പ്രവാചകന്‍റെ ഈ സന്ദര്‍ശനം.വീടിനകത്ത് കെട്ടിതൂക്കിയ ഈത്തപഴകുല അവരുടെ ശ്രദ്ധയില്‍ പെട്ടു.പ്രവാചകന്‍ (സ്വ) അതില്‍ നിന്നെടുത്ത് ഭക്ഷിക്കാന്‍ തുടങ്ങി. അത് കണ്ട അലി(റ) യും ഭക്ഷിക്കാന്‍ ആരംഭിച്ചപ്പോള്‍ പ്രവാചകന്‍ (സ്വ) അദ്ധേഹത്തെ തടഞ്ഞുനിര്‍ത്തി :’ അലി ! അത് ഭക്ഷിക്കരുത്.നിന്‍റെ അസുഖം ഭേദമായി വരുന്നേയൊള്ളൂ.’

ഉടനെ വേവിച്ച ബീറ്റ്റൂട്ടും ബാര്‍ലിയും ഉമ്മുമുന്‍ദിര്‍ (റ) അവരുടെ അടുക്കല്‍ കൊണ്ടുവെച്ചു.നബി(സ്വ) പറഞ്ഞു: ‘ ഇതില്‍ നിന്ന് നീ ഭക്ഷിക്കുക ! നിന്‍റെ അവസ്ഥയോട് ഏറ്റവും യോജിച്ചതാണ് ഈ വിഭവങ്ങള്‍.'(തിര്‍മിദി)

ഹുദൈബിയ സന്ധിയില്‍ പങ്കെടുത്ത നാന്നൂര്‍ പേരിലൊരാളായിരുന്നു ഉമ്മുമുന്‍ദിര്‍ (റ).അതില്‍ പങ്കെടുത്തവര്‍ക്കെല്ലാം  നരകമോചനം ലഭിച്ചവരാണെന്നും സ്വര്‍ഗാവകാശികളുമാണെന്നുമാണ് പ്രവാചകന്‍(സ്വ)യുടെ പ്രഖ്യാപനം.പ്രവാചകന്‍ (സ്വ) പറയുന്നു :’ഹുദൈബിയ സന്ധിയില്‍ പങ്കെടുത്തവരാരും സ്വര്‍ഗത്തില്‍ കടക്കുകയില്ല( തിര്‍മിദി).ഈ സൗഭാഗ്യ ഉദ്യമത്തില്‍ പങ്കാളിയാവാന്‍ ഉമ്മുമുന്‍ദിര്‍ (റ)ക്ക് അപൂര്‍വ്വഭാഗ്യം ലഭിച്ചു.

ജീവിതത്തില്‍ നിരവധി ഭാഗ്യങ്ങള്‍ കരഗതമാക്കാന്‍ ഉമ്മുമുന്‍ദിര്‍ (റ) സാധിച്ചു.നിസ്വാര്‍ത്ഥ കര്‍മ്മങ്ങളിലൂടെ സ്വര്‍ഗ്ഗീയാരമത്തിലേക്ക് മഹതി പറന്നുയര്‍ന്നു.അനുകരണീയ മാതൃകകള്‍ ജീവിതത്തിലൂടെ കാണിച്ച് മഹതി പരലോകത്തേക്ക് യാത്രയായി.

 

About Ahlussunna Online 1304 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*