മാനവ കുലത്തിന് സര്‍വ്വ ലോക സൃഷ്ടാവായ അല്ലാഹു തആല നല്‍കിയ ഉല്‍കൃഷ്ട വിശേഷണങ്ങളില്‍ ശോഭയേറിയതാണ് ഹൃദായന്തരത്തില്‍ നിന്നുത്ഭവിക്കുന്ന കരുണയെന്ന വികാരം.എന്നാല്‍,മനുഷ്യ മനസ്സുകളില്‍ ദയാ കണങ്ങള്‍ മാഞ്ഞുകൊണ്ടിരിക്കുകയാണെന്ന ഞെട്ടിക്കുന്ന വസ്തുതയിലേക്കാണ് നവ സാഹചര്യം വിരല്‍ ചൂണ്ടുന്നത്.ജാതിയുടെയും മതത്തിന്റെയും പേരില്‍ മാത്രമല്ല,ഇണക്കങ്ങളുടെയും പിണക്കങ്ങളുടെയും പേരില്‍,സ്‌നേഹം പോലും കഠാരയായി മാറുന്ന അന്ധകാര യുഗത്തിലേക്കുള്ള മടങ്ങിപ്പോക്കിന്റെ ലക്ഷണങ്ങള്‍ ദിനംപ്രതി ഉദിച്ചുയരുന്ന അതിദാരുണ കാഴ്ച്ചകള്‍ക്ക് ലോകം സാക്ഷിയായിക്കൊണ്ടിരിക്കുകയാണ്.ഇവിടെയാണ് ലോകത്തിനാകമാനം കാരുണ്യവാനായി അയക്കപ്പെട്ട അന്ത്യ ദൂതര്‍ മുഹമ്മദ് മുസ്ത്വഫ (സ്വ) എത്ര ദയയും കാരുണ്യവും നിറഞ്ഞവരായിരുന്നുവെന്ന്് മാലോകരൊക്കെയും അറിയേണ്ട ആവശ്യകത അനിവാര്യമാകുന്നത്.
ഇസ്‌ലാമിക പ്രബോധനത്തിന്റെ ആരംഭത്തില്‍ മക്കയുടെ നാല് ദിക്കില്‍ നിന്നും കഠിനമായ എതിര്‍പ്പും അവഗണനയും സഹിച്ച മുത്ത് നബി(സ്വ) സത്യസന്ധതയുടെയും കരുണയുടെയും പ്രതീകമായിരുന്നു.ഒരിക്കല്‍ വഴിയില്‍ വെച്ച് വിറക് ചുമക്കാന്‍ കഷ്ടപ്പെടുന്ന വൃദ്ധയെ അവിടുന്ന് കാണുകയുണ്ടായി.ഇത് കണ്ട് അലിവ് തോന്നി,ആ വിറകുകെട്ട് ശിരസ്സില്‍ വഹിച്ച് ആ വൃദ്ധയുടെ വീട്ടില്‍ എത്തിച്ചു കൊടുത്തു.തിരു നബിയുടെ സ്വഭാവവും പെരുമാറ്റവും മുതിര്‍വരോടുള്ള ബഹുമാനവും ദയയും കണ്ട് ഇഷ്ട്‌പ്പെട്ട് ആ സ്ത്രീ തന്റെ കൂടെ വന്നന യുവാവ് ആരാണെന്നറിയാതെ പറയുകയുണ്ടായി:’മോനെ,നിന്നെ പോലെ നന്മ നിറഞ്ഞവരെന്ന് കാണാന്‍ പ്രയാസമാണ്.അതിനാല്‍ ഈ ഉമ്മ ഒരു ഉപദേശം തരാം.മക്കയില്‍ മുഹമ്മദ് എന്ന് പേരുള്ള ഒരുവന്‍ നമ്മുടെ പിതാമഹന്മാരുടെ പൈതൃകവും പാരമ്പര്യവും അവഗണിക്കാനും നമ്മുടെ ദൈവങ്ങളെ കയ്യൊഴിയാനും ബിംബങ്ങള്‍ തകര്‍ക്കാനും നിര്‍ബന്ധിക്കുന്നുണ്ട്.മാത്രമല്ല,അവന്‍ ഏക ഇലാഹിന്റെ ദൂതനാണെന്നും നമ്മള്‍ ഏക ഇലാഹായ അല്ലാഹുവിനെ മാത്രമേ വിശ്വസിക്കാന്‍ പാടുള്ളൂ എന്നും പറയുന്നു.അവനെ കാണുകയാണെങ്കില്‍ അവന്റെ വാക്കുകളില്‍ നീ വീണു പോവരുത്’.ഇതു കേട്ട തിരു നബി(സ്വ) പുഞ്ചിരി തൂകിക്കൊണ്ട് സൗമ്യനായി മറുപടി നല്‍കി:’ഉമ്മാ നിങ്ങള്‍ പറഞ്ഞ ആ മുഹമ്മദ് ഞാനാണ്’.ഇതു കേള്‍ക്കേണ്ട താമസം പ്രവാചകരുടെ സ്വഭാവ വിശുദ്ധി മനസ്സിലാക്കിയ മഹതി ഇസ്‌ലാം സ്വീകരിക്കുകയാണ് ചെയ്തത്.
ശത്രുക്കളെ പോലും സ്വഭാവ മഹിമ കൊണ്ട് മിത്രങ്ങളാക്കി മാറ്റിയ റസൂലുല്ലാഹി(സ്വ) തന്നെ വേദനിപ്പിച്ചവരോട് വ്യക്തിപരമായ ഒരു പ്രതികാരത്തിനും ആഗ്രഹിച്ചിട്ടില്ല.ത്വാഇഫില്‍ വെച്ച് കല്‍ചൂളകള്‍ തുളച്ചുകയറി ചോര വാര്‍ന്നൊഴുകിയപ്പോഴും നബി(സ്വ)യുടെ കാരുണ്യം അവര്‍ക്ക് തുണയാവുകയായിരുന്നു.അപ്പുറത്ത് കാണുന്ന പര്‍വ്വതം ത്വഇഫുകാരുടെ മേല്‍ എറിയട്ടെ എന്ന് രണ്ടു മലക്കുകള്‍ വന്ന്് ചോദിച്ചപ്പോള്‍ ‘വേണ്ട ,അവരുടെ സന്താന പരമ്പരയില്‍ നിന്ന് ആരെങ്കിലും ഇസ്‌ലാം സ്വീകരിക്കുകയാണെങ്കില്‍ അതാണ് എനിക്ക് ഏറ്റവും പ്രിയം’ എന്നായിരുന്നു തിരുവാക്യം.തന്റെ കുട്ടിക്ക് മുലയൂട്ടാന്‍ പോയി വരട്ടെയെന്ന അപേക്ഷിച്ച മാനിന് വേണ്ടി വേടനു മുന്നില്‍ ജാമ്യം നിന്നതും കുട്ടികളെ ചുംബിക്കലും തലോടലും കാരുണ്യമാണെന്ന് പഠിപ്പിച്ചതും മുഹമ്മദ് നബി(സ്വ)യുടെ അനന്തമായ കൃപയെ വിളിച്ചോതുന്നു.യുദ്ധത്തിനയക്കുന്ന സൈന്യങ്ങളോടു പോലും കുട്ടികളെയും സ്ത്രീകളെയും വൃദ്ധരെയും ഉപദ്രവിക്കരുതെന്ന് ഓര്‍മ്മപ്പെടുത്താറുണ്ടായിരുന്നു തിരു നബി(സ്വ).മക്കം കീഴടക്കിയപ്പോള്‍ ലക്ഷക്കണക്കിന് വരുന്ന തന്റെ സ്വഹാബാക്കളെ കണ്ട് വീടുകളില്‍ മറഞ്ഞിരുന്ന-മക്കയില്‍ നിന്ന് തന്നെ ആട്ടിയോടിച്ച-അമുസ്‌ലിംകളായ മുശ്‌രിക്കുകളോട് അവിടെ ഒരുമിച്ചു കൂടിയ ആബാലവൃദ്ധം ജനങ്ങളെ സാക്ഷിയാക്കി ‘പുറത്തു വരൂ നിങ്ങള്‍ സ്വതന്ത്രരാണ്.നിങ്ങളോട് പ്രതികാരം ചെയ്യാനല്ല ഞങ്ങള്‍ വന്നത് എന്ന് വിളിച്ച് പറഞ്ഞ് അവരെ വെറുതെ വിട്ടതും ഒളിമങ്ങാത്ത കരുണയുടെ തിളക്കമാണെന്നതില്‍ സംശയമില്ല.
ശരീരത്തിന്റെ നിറം നോക്കി മനുഷ്യരെ തരം തിരിച്ചിരുന്ന കാലത്ത് എല്ലാവരും ഏക ഇലാഹായ അല്ലാഹുവിന്റെ അടിമകളാണെന്നും തൊലി നിറത്തിനല്ല പ്രാധാന്യം മറിച്ച്,അമലുകള്‍(പ്രവര്‍ത്തികള്‍)ആണ് പ്രാധാന്യമെന്ന് പഠിപ്പിച്ച് മനുഷ്യരെയെല്ലാം ഏകോപിപ്പിച്ച തിരുദൂതര്‍ തന്നെയായിരുന്നു,ക്രൂരതയുടെ അങ്ങേയറ്റമായ പിഞ്ചു കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചു മൂടുന്നതില്‍ നിന്നും അറബികളെ പിന്തിരിപ്പിച്ചതും കുട്ടി പെണ്ണാണെങ്കിലും അവളോട് കരുണ കാണിക്കണമെന്നും അനന്തരത്തില്‍ നിന്ന് ആണിന്റെ പകുതി നല്‍കണമെന്നും കല്‍പ്പിച്ചത്.തന്റെ അടുക്കലേക്ക് ചോദിച്ചു വരുന്നവരെ അവിടന്ന് മടക്കി അയക്കാറുണ്ടായിരുന്നില്ല.ശത്രുക്കള്‍ പോലും അവിടുത്തെ പുഞ്ചിരിയില്‍ എല്ലാം മറന്ന് നില്‍ക്കാറുണ്ടായിരുന്നു എന്നതാണ് വാസ്തവം.അവിടുത്തെ കാരുണ്യം അവര്‍ പോലും അംഗീകരിച്ചിരുന്നു.അതുകൊണ്ടാണ് ഹിറക്കല്‍ രാജാവ് അവിടുത്തെ കുറിച്ച് ചോദിച്ചപ്പോള്‍ മുശ്‌രിക്കുകളുടെ നേതാവായിരുന്ന അബൂ സുഫ്‌യാന് ഒരു ന്യൂനത പോലും നബിയില്‍ കണ്ടെത്താനാവാതെ പോയത്.
ഇസ്‌ലാമിനെതിരെ ആധുനിക കാലത്ത് ഉയര്‍ന്നുവരുന്ന ഫാസിസ്റ്റ് ശക്തികളുടെ ഇസ്‌ലാം ഭീകര-തീവ്രവാദ പ്രയോഗങ്ങളുടെ മുനമ്പൊടിക്കാന്‍ തിരു ജീവിതത്തിലെ ഏതാനും ഏടുകള്‍ തന്നെ ധാരാളമാണ്.തിരുമൊഴികള്‍ വായിക്കുകയോ അറിയുകയോ ചെയ്ത കഠിന ഹൃദയരൊക്കെയും കരുണാര്‍ദ്രമായ മനസ്സിനുടമകളായി തിരു നബി(സ്വ) യുടെയും ഇസ്‌ലാമിന്റെയും പേരില്‍ നടത്തപ്പെടുന്ന ഇസ്‌ലാമിക നാമമായ സംഘടനകള്‍ ചെയ്തു കൂട്ടുന്ന നെറികേടുകള്‍ക്ക് കുരണയുടെ പര്യായമായ മുത്ത് ദൂതരുമായോ,അവിടുത്തെ ശരീഅത്തുമായോ ബന്ധമില്ല എന്നുള്ള വസ്തുത മാനവ സമൂഹം മനസ്സിലാക്കല്‍ അത്യന്താപേക്ഷിതമാണ്.
Be the first to comment