പരിശുദ്ധ റസൂലിൻ്റെ ഓർമകൾ കേവലം ഒരു റബീഉൽ അവ്വലിൽ ഒതുങ്ങുന്നില്ല.എല്ലാം തികഞ്ഞ ഒരു സമ്പൂർണ്ണ മുഅമിനിന്റെ മനമുകതാരിൽ റസൂൽ എന്നും അവരോധിതരാണ്.അവിടുത്തെ ഓർമ എന്നും തൻ്റെ ജീവിതത്തിൻ്റെ നിഖില മേഖലകളിലും നവോന്മേഷം പകരുന്നതാണ്.അവിടുത്തെ കല്പനകൾ അണുവിടാതെ കൊണ്ട് നടക്കേണ്ടത് മുസ്ലിമിൻ്റെ നിലപാടുമാണ്.
അങ്ങ് ഉമ്മയാണ്.ഉപ്പയാണ്.അവിടുത്തെ പോലെ ഒന്നും ഞാൻ കണ്ടിട്ടേ ഇല്ല.ചെറിയ കുട്ടിയായ സൈദ് ബിൻ ഹാരിസ മക്കയിൽ ഉണ്ടെന്ന വിവരം കിട്ടിയ കുടുംബം സന്തോഷത്തോടെ മക്കയിലേക്ക് തിരിച്ചു.കൊള്ളക്കാർ തട്ടി കൊണ്ട് പോയതായിരുന്നു പൊന്നു മോനെ.അന്വേഷണം അൽ അമീനിൻ്റെ അടുത്ത് എത്തി.എട്ട് വയസ്സായ കുഞ്ഞു സൈദ് ഹൃദയം തൊട്ട് പറഞ്ഞു. ഞാനിവിടം സന്തോഷവാനാണ്.ഈ മണ്ണും ഈ മുഖവും വിട്ട് ഞാൻ എങ്ങോട്ടും ഇല്ല.നിങ്ങൾ പിരിഞ്ഞ് പൊയ്ക്കോളൂ.സ്നേഹിക്കാനും പരസ്പരം സ്നേഹം പകുത്തു നൽകാനുമാണ് പുണ്യ നബിയുടെ അധ്യാപനങ്ങൾ മുഴുക്കെയും. അധസ്ഥിതരും അധമരും കൊടും ജാഹിലിയ്യത്തിന്റെ എല്ലാ പരുക്കൻ സ്വഭാവവും കാണിച്ചിരുന്ന ഒരു കുലത്തെ കൊണ്ട് ഹിക്മത്തും ആത്മീയതയും പറയിപ്പിക്കാൻ പ്രവാചകർക്കേ കഴിയൂ.നിസാര കാര്യത്തിന് വേണ്ടി, വേണ്ട ഒരു കാര്യവും ഇല്ലതെ തന്നെ വർഷങ്ങളോളം രക്തചൊരിച്ചിൽ നടത്തിയ അപരിഷ്കൃതർക്ക് പരിശുദ്ധ ഖുർആനിൻ്റെ അധ്യാപനങ്ങൾ ഓതി കൊടുക്കാൻ പുണ്യ നബിക്ക് ഒട്ടുമേ താമസം വന്നില്ല.
ആർദ്രത ആയിരുന്നു നബി ജീവിതം മുച്ചൂടും.സഹനവും സഹിഷ്ണുതയും വിട്ടു വീഴ്ച്ചാ മനോഭാവമുമായിരുന്നു അവിടുത്തെ വേർതിരിച്ച ഘടകം.നജ്ദിൽ നിന്ന് നബിയും അനുചരരും മടങ്ങി വരുന്ന മദ്ധ്യേ വിശ്രമിക്കാൻ ഒരിടം കണ്ടു.എല്ലാവരും ഉറങ്ങി.തക്കം പാർത്തിരിക്കുന്ന ഗൗറസ് ബ്നു ഹാരിസ് പ്രവാചകരുടെ വാളെടുത്ത് ചോദിച്ചു. മുഹമ്മദ്, നീ എന്നെ പേടിക്കുന്നില്ലെ…ഇല്ല എനിക്ക് നിന്നെ പേടിയേ ഇല്ല. നബി തിരുമേനി പറഞ്ഞു.
എങ്കിൽ ഞാൻ നിന്നെ കൊല്ലുന്നു.നിന്നെ ഇപ്പൊൾ ആര് രക്ഷിക്കും.
നിസ്സങ്കോചം നബി തങ്ങൾ പറഞ്ഞു. എന്നെ അല്ലാഹു രക്ഷിക്കും.ഉടൻ അയാളുടെ കയ്യിൽ നിന്ന് പിടി വിട്ട് വാൾ നിലത്ത് വീണു.നബി തങ്ങൾ അതെടുത്ത് അതേ ചോദ്യം തിരിച്ചു ചോദിച്ചു.ഭയ വിഹ്വലനായി അയാൾ താണു.
كن خير آخذ.
എന്നെ വെറുതെ വിടണമെന്ന് ചുരുക്കം.നബി തങ്ങൾ ആ മനുഷ്യനെ വെറുതെ വിട്ടയച്ചു.മനുഷ്യൻ എന്ന് വിശേഷിപ്പിക്കാവുന്ന ഏറ്റവും നല്ല ഒരാളുടെ അടുത്ത് നിന്നാണ് ഞാൻ വരുന്നതെന്ന് ഗൗറസ് തൻ്റെ കൂട്ടാളികളോട് പറഞ്ഞു. لا يجزي السيئ بالسيئ ولكن يعغو و يصفح.
തിന്മയെ തിന്മ കൊണ്ടല്ല അവിടുന്ന് പ്രതികാരം തീർത്തത്.പൊറുത്ത് കൊടുത്തും വിട്ടു വീഴ്ച ചെയ്തും അങ്ങ് നന്മ പെയ്യിക്കുകയയിരുന്നു.
സൽസ്വഭാവത്തിൻ്റെ, ഉൽകൃഷ്ടതയുടെ സമ്പൂർണ്ണതക്ക് വേണ്ടിയാണ് ഞാൻ അയക്കപ്പെട്ടതെന്ന് പറഞ്ഞ പ്രവാചകർ അത് ജീവിതത്തിൽ കാണിച്ചു തരിക കൂടി ചെയ്തു. തൻ്റെ വാക്കുകളോ അധ്യാപനങ്ങളോ മാത്രമല്ല മറിച്ച് എന്റെ ജീവിതവും ചിട്ടകളും കൂടിയാണ് നിങ്ങൾക്ക് മാതൃകയെന്ന് മാലോകരോട് വിളിച്ചറിയിച്ചു.
പരുക്ക സ്വഭാവക്കാരനും ഹൃദയം കടുത്തവനും ആയിരുന്നു നിങ്ങളെങ്കിൽ അങ്ങിൽ നിന്നും ഈ ജനക്കൂട്ടം ഓടി ഒളിക്കുമായിരുന്നു.
ولو كنت فظا غليظ القلب لاانفضوا من حولك.
തങ്ങളോട് ഒപ്പമിരിക്കാനും ആ ഇരുത്തം ഏറെ നേരം ദീർഘമായി പോകാനുമായിരുന്നു സ്വഹാബാക്കൾക്കിഷ്ടം. ആരെങ്കിലും നബി തങ്ങൾക്ക് കൈ കൊടുത്താൽ അയാൾ കൈ തിരിച്ച് വലിക്കുന്നത് വരെ നബി തങ്ങൾ കൈ പിടിച്ചു കൊണ്ടിരിക്കും.ആദ്യം കൈ വലിക്കുന്നത് തങ്ങൾ ആകുമായിരുന്നില്ല. തൻ്റെ അനുചരരോട് കാണിച്ച വല്ലാത്ത സ്നേഹ പ്രകടനങ്ങൾ.എന്നോടാണ് പുണ്യ നബിക്ക് കൂടുതൽ ഇഷ്ട്ടമെന്നും എന്നെ വല്ലാതെ പരിഗണിക്കുന്നു എന്നും എല്ലാവർക്കും തോന്നുമായിരുന്നു.ആരെയും അവഗണിക്കാതെ, കൊടുക്കേണ്ട എല്ലാ അർഹതയും നൽകി പുണ്യ നബി എല്ലാ സ്വാഹാബക്കളുടെയും ഹ്രദയത്തിൽ സ്ഥിര പ്രതിഷ്ഠ നേടിയിരുന്നു. തൻ്റെ അനുയായികൾ മുഹമ്മദിന് നൽകുന്ന സ്നേഹം പോലെ മറ്റൊന്ന് കാണാനേ സാധിക്കില്ലെന്ന് ഇസ്ലാമിക വിരോധികൾ പോലും പറഞ്ഞത് ഇത്തരുണത്തിൽ വായിച്ചെടുക്കാം. തൻ്റെ അനുചരരായ സ്വഹാബക്കളിൽ നിന്നും താൻ ഒരു വിധേനയും വേർതിരിച്ചു കാണിക്കപ്പെടരുത് എന്ന നിഷ്കർശ സ്വഭാവം നബി തങ്ങൾ കാണിച്ചിരുന്നു.വസ്ത്ര ധാരണത്തിലോ ഇരിപ്പിടത്തിലോ പോലും അത് പ്രകടമായിരുന്നില്ല.വല്ല വിദേശിയും പുണ്യ നബിയെ കാണാനോ സംസാരിക്കാനോ വന്നാൽ സ്വഹാബാക്കളിൽ നിന്നും വേർതിരിച്ച് മനസ്സിലാകാൻ പ്രയാസമായിരുന്നു എന്ന് സീറകളുടെ കിതാബുകളിൽ കാണാം.താൻ വന്നാൽ എണീറ്റു നിൽക്കുന്നത് പോലും നബിക്ക് ഇഷ്ട്ടമില്ലെന്നും അങ്ങിനെ ചെയ്യരുതെന്ന് ഗുണ ദോഷിക്കുകയും ചെയ്തു പരിശുദ്ധ റസൂൽ.
لا تقوموا كما تقوم الأعاجم يعظم بعضهم بعضا.
അനറബികൾ ചെയ്യുന്ന പോലെ ബഹുമാനാർത്ഥം നിങൾ എണീറ്റു നൽകരുതെന്ന് റസൂൽ പറഞ്ഞു.എന്നാൽ ഇത് റസൂലിൻ്റെ മാന്യതയുടെയും അളവറ്റാത്ത താഴ്മ യുടേയും പ്രതിഫലനമായി വരുന്ന വാക്കുകൾ മാത്രമെന്ന് സ്വഹാബാക്കൾ മനസ്സിലാക്കി.അവർ പാടി.
قيامي للعزيز علي فرض…. وترك الفرض ما هو مستقيم….
എൻ്റെ സർവ്വവുമായ മുത്തിന് ബഹുമാന പുരസരം എണീറ്റു നിൽക്കുക എന്നത് എനിക്ക് നിർബന്ധ ബാധ്യതയാണ്. അത് ഒഴിവാക്കൽ ഭൂഷണമേ അല്ല.
ഖൈസ് ബ്നു സഅ്ദ് ഒരിക്കൽ നബി തങ്ങളുടെ കൂടെ യാത്ര ചെയ്യുന്നു.രണ്ടു പേർക്കും ഒരു വാഹനം മാത്രം. എൻ്റെ കൂടെ കയറി ഇരിക്കാൻ നബി തങ്ങൾ പറഞ്ഞപ്പോൾ ഇല്ലെന്ന് ഖൈസ് തിരിച്ചു പറഞ്ഞു.ഉടൻ നബി തങ്ങൾ,
اما ان تركب و اما ان تنصرف.
ഒന്നുകിൽ കൂടെ കയറാം, അല്ലെങ്കിൽ ഖൈസ് നിങ്ങൾക്ക് തിരിച്ചു പോകാം.
ഞാൻ വെറുതെ ഇരിക്കുകയും മറ്റുള്ളവർ പണിയെടുക്കുകയും ചെയ്യുക എന്നതും അവിടുന്ന് ഇഷ്ട്ടമേ ഇല്ലായിരുന്നു. ഖൻ ദക് യുദ്ധത്തിന് വേണ്ടി കിടങ്ങ് കുഴിക്കാൻ നബി തങ്ങൾ തന്നെ നേരിട്ടിറങ്ങിയതും ഭക്ഷണം തയാർ ചെയ്യാൻ വിറക് കൊണ്ട് വരാനുള്ള ഡ്യൂട്ടി ഞാൻ ഏറ്റെടുക്കാമെന്ന് പറഞ്ഞതും ഏത് അളവ് കോൽ വെച്ചാണ് നാം അളക്കേണ്ടത്. നബിയേ… അവിടുന്ന് കാണിച്ചു തന്ന മാതൃക അനിർവ്വചനീയം. വിശേഷണങ്ങൾക്കതീതം.
തൻ്റെ അനുചരരിൽ നിന്ന് നിരുത്സാഹപ്പെടുത്തപ്പെടേണ്ട വല്ലതുമുണ്ടായാൽ അവരുടെ പേര് പരാമർശിക്കാതെ അവർ ചെയ്യുന്ന വിഷയത്തെ മാത്രം എടുത്തുദ്ധരിച്ച് വിമർശിച്ചിരുന്നു.ചിലർ ഇങ്ങനെ ചെയ്യുന്നു എന്നും, ഇങ്ങനെ ചെയ്യുന്ന ഒരു കൂട്ടർ ഉണ്ടെന്നും തുടങ്ങിയ പദ പ്രയോഗങ്ങളിലൂടെ ആ വിഷയത്തിന്റെ ശരിയായ വശം കാണിച്ചു കൊടുക്കുന്നു.
ലോകം തന്നെ മാതൃകയാക്കാവുന്ന അമൂല്യമായ ചില സ്വഭാവ വൈശിഷടങ്ങൾ دراسة تحليلية عن شخصية محمد എന്ന ബ്രഹത്തായ ഗ്രന്ഥത്തിൽ നമുക്ക് വായിച്ചെടുക്കാം.
നബി തങ്ങൾ ആരെയെങ്കിലും ചീത്ത പറയുകയോ ശാപ വാക്കുകൾ ഉപയോഗിക്കുകയോ ചെയ്യുമായിരുന്നില്ല.ഒൻപത് വർഷം ഞാൻ നബി തങ്ങൾക്ക് സേവനം ചെയ്തിട്ടും എന്തേ അങ്ങിനെ ചെയ്തത്, ഇങ്ങനെ ചെയ്തില്ലല്ലോ എന്നോ മറ്റോ ഉള്ള ഒരു ചോദ്യവും എന്നോടു ചോദിച്ചില്ല എന്നും അനിഷ്ട്ടകരമായ വല്ലതും ഉണ്ടായെങ്കിൽ كذا قُضي ഇങ്ങനെ നടക്കലാണ് ദൈവഹിത മെന്ന് പറയുമായിരുന്നു എന്നും അനസ് (റ) പറഞ്ഞത് ഏറെ ആശ്ചര്യകരം.
പുണ്യ നബിയുടെ സംസാരം വളരെ ഹൃദ്യവും എല്ലാ തരക്കാർക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നതുമായിരുന്നു. ആഇശാ ബീവി പറയുമായിരുന്നു.നിങൾ സംസാരിക്കുന്ന ഇത്യാദി കാര്യങ്ങളൊക്കെ റസൂലും പറയുമായിരുന്നു.പക്ഷേ റസൂലിൻ്റെ സംസാരം അവ്യക്തത ഒട്ടുമേ ഇല്ലാത്തതും സുഗ്രാഹ്യവുമയിരുന്നു. തൻ്റെ വിശുദ്ധ ചുണ്ടിൽ പുഞ്ചിരി വിടർത്തി മാത്രമേ റസൂൽ സംസാരിക്കാറൊള്ളൂ.
വെറും ആത്മീയതയും ആഖിറതും മാത്രമായിരുന്നില്ല നബി തങ്ങൾ ഞങ്ങളോട് സംസാരിച്ചത് എന്നും ഞങ്ങൾ ഭക്ഷണത്തെ കുറിച്ച് സംസാരിക്കുന്നുവെങ്കിൽ നബി തങ്ങളും അതിൽ ഇടപെടാറുണ്ടെന്നും ദുനിയാവിലെ പല കാര്യങ്ങളും ഞങ്ങളുടെ സംസാര വിഷയമായി വരാറുണ്ടെന്നും സൈദ് ബ്ന് സാബിത്ത് (റ) സാക്ഷ്യപ്പെടുത്തുന്നുണ്ട്. പുണ്യ നബി നന്നായി തമാശ പറയാറുണ്ടെന്നും നല്ല പുഞ്ചിരി വിടർത്താറുണ്ടെന്നും കാണാൻ സാധിക്കും.ഞങ്ങളുടെ കൂട്ടത്തിൽ കുട്ടികളോട് ഏറ്റവും കൂടുതൽ സരസമായി പെരുമാറുന്നത് നബി തങ്ങൾ ആയിരുന്നു എന്ന് അനസ് (റ) ഉദ്ധരിച്ചിട്ടുണ്ട്.സർവ്വ ജനങ്ങളിൽ നിന്നും ഏറ്റവും ഉൽകൃഷ്ട സ്വഭാവത്തിനുടമയായ മുഹമ്മദ് നബി (സ) ജനങ്ങളിൽ ഒരുവനായി ജീവിച്ച് തൻ്റെ അനുയായികൾക്ക് അറിവും തത്വജ്ഞാനവും പകരുകയായിരുന്നു.
ഈ കേവല എഴുത്തുകൾ ഒന്നും അവിടുത്തെ ജീവിതത്തിൽ നിന്ന് ഒരു ഏട് പോലും ആയില്ലെന്ന് വ്യക്തം.
تاریخ اگر ڈھونڈےگی ثانئ محمد۔۔۔۔
ثانی تو بڑی چیز ہے سایہ نہ ملے گا
ചരിത്രം പരിശുദ്ധ മുഹമ്മദ് (സ) തങ്ങൾക്കൊരു രണ്ടാമനെ (സാനി) അന്വേഷിച്ചു പോയാൽ സാനി അല്ല സായ (നിഴൽ) പോലും ലഭിക്കില്ല.
അവിടുത്തെ യഥാവിധി മനസ്സിലാക്കാനും കൃത്യമായി അനുധാവനം ചെയ്യാനും അല്ലാഹു അനുഗ്രഹിക്കട്ടെ
Be the first to comment